2026 ഒക്ടോബർ 1
കന്യകയും വേദപാരംഗതയുമായ ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യയുടെ ഓർമ്മദിനം
ഇന്നത്തെ വായനകൾ
ആണ്ടുവട്ടത്തിലെ ഇരുപത്തിയാറാം ആഴ്ചയിലെ വ്യാഴാഴ്ചയിലെ വായനകൾ
ശിഷ്യന്മാരെ അയയ്ക്കുന്നു, രചന: Lawrence OP, CC BY-NC-ND 2.0.
വീഡിയോ
യേശു മറ്റു എഴുപത്തിരണ്ട് ശിഷ്യന്മാരെ നിയോഗിച്ച്, താൻ സന്ദർശിക്കാൻ ഉദ്ദേശിച്ചിരുന്ന എല്ലാ പട്ടണങ്ങളിലേക്കും സ്ഥലങ്ങളിലേക്കും തനിക്കു മുമ്പായി ഈരണ്ടുപേരായി അയച്ചു. അവൻ അവരോടു പറഞ്ഞു: “വിളവു സമൃദ്ധമാണ്; വേലക്കാരോ ചുരുക്കവും. അതിനാൽ, തന്റെ വിളവെടുപ്പിനു വേലക്കാരെ അയയ്ക്കാൻ വിളവിന്റെ നാഥനോടു പ്രാർഥിക്കുവിൻ. നിങ്ങൾ പോകുവിൻ; ഇതാ, ചെന്നായ്ക്കളുടെ ഇടയിലേക്ക് ആട്ടിൻകുട്ടികളെ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു.” ലൂക്കാ 10:1–3
ക്രൈസ്തവ കടമയുടെ ആധികാരികതയും സമഗ്രതയും ഉറപ്പാക്കാനുള്ള ഏറ്റവും വ്യക്തമായ സംരക്ഷണമാർഗങ്ങളിലൊന്ന് മറ്റുള്ളവരുമായുള്ള കൂട്ടായ്മയിൽ സുവിശേഷം പ്രഘോഷിക്കുക എന്നതാണ്. ക്രിസ്തുശിഷ്യൻ ഒരിക്കലും ഒറ്റയ്ക്കു പ്രവർത്തിക്കുന്നവനല്ല. വ്യക്തിപരമായ പ്രചോദനത്തിന്റെയോ ഒറ്റപ്പെട്ട ഉൾക്കാഴ്ചയുടെയോ അടിസ്ഥാനത്തിലല്ല, മറിച്ച് സഭയോടു ചേർന്നുനിന്നുകൊണ്ടാണ് നാം ക്രിസ്തുവിന്റെ ദൗത്യം നിർവഹിക്കുന്നത്. നാം പ്രസംഗിക്കുന്ന സുവിശേഷം നമ്മുടെ സ്വന്തമല്ല. അത് ദൈവത്തിൽനിന്ന് ഉത്ഭവിക്കുന്നു, വിശുദ്ധ പാരമ്പര്യത്തിലൂടെ കൈമാറപ്പെടുന്നു, സഭയ്ക്കു മുഴുവനുമായി ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നു.
ഈശോ എഴുപത്തിരണ്ടു ശിഷ്യന്മാരെ അയച്ചപ്പോൾ അവരെ ഈരണ്ടുപേരായിട്ടാണ് അയച്ചത്. ഇതിന് ആഴമായ ദൈവശാസ്ത്രപരവും വിശുദ്ധഗ്രന്ഥപരവുമായ പ്രാധാന്യമുണ്ടായിരുന്നു. മോശയുടെ നിയമമനുസരിച്ച്, സത്യം സ്ഥാപിക്കാൻ രണ്ടോ മൂന്നോ സാക്ഷികളുടെ സാക്ഷ്യം ആവശ്യമായിരുന്നു (കാണുക: നിയമാവർത്തനം 19:15). യഹൂദ സംസ്കാരത്തിൽ സുപരിചിതമായിരുന്ന ഈ മാനദണ്ഡം പരമ്പരാഗതമായി നിയമവ്യവഹാരങ്ങളിൽ പ്രയോഗിച്ചിരുന്നു. എന്നാൽ സുവിശേഷവത്കരണത്തിന്റെ വിശ്വാസ്യത ശക്തിപ്പെടുത്താൻ ഈശോ അതിനെ കൂടുതൽ ഉയർന്ന തലത്തിലേക്കു കൊണ്ടുവന്നു. സുവിശേഷത്തിന്റെ സത്യത്തിന് ഒരുമിച്ചു സാക്ഷ്യം നൽകുന്ന രണ്ടു ശിഷ്യന്മാർ, ഈ പുരാതന പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന ഒരുതരം ധാർമ്മികവും ആത്മീയവുമായ അധികാരത്തോടെ സംസാരിക്കുമായിരുന്നു. മാത്രമല്ല, നാം സഭയോട് ഐക്യത്തിൽ സംസാരിക്കുകയും വിശ്വസ്തരായ മറ്റു സാക്ഷികളോടൊത്തു പ്രവർത്തിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ കൂട്ടായ സുവിശേഷവത്കരണപ്രവർത്തനം വികലമാകാൻ ഇടയുള്ള ഒറ്റപ്പെട്ട ശബ്ദമായിരിക്കാതെ, ദൈവവചനത്തിന്റെ സ്വരച്ചേർച്ചയുള്ള പ്രതിധ്വനിയായി മാറുന്നു.
നമ്മുടെ കർത്താവുതന്നെയും ഈ തത്ത്വത്തെ മാനിച്ചിരുന്നു. സ്വന്തം അധികാരത്തിൽ സംസാരിക്കുന്നതിനെച്ചൊല്ലി ഫരിസേയർ ഈശോയെ ചോദ്യം ചെയ്തപ്പോൾ അവിടുന്ന് മറുപടി നൽകി: “ഞാൻ എനിക്കുവേണ്ടിത്തന്നെ സാക്ഷ്യം നൽകിയാലും എന്റെ സാക്ഷ്യം സ്ഥിരീകരിക്കാനാകും… ഞാൻ എനിക്കുവേണ്ടി സാക്ഷ്യം നൽകുന്നു; എന്നെ അയച്ച പിതാവും എനിക്കുവേണ്ടി സാക്ഷ്യം നൽകുന്നു” (കാണുക: യോഹന്നാൻ 8:14, 18). താൻ ഒറ്റയ്ക്കല്ല സംസാരിക്കുന്നതെന്ന് ഈശോ വ്യക്തമാക്കുന്നു; പിതാവ് അവിടുത്തേക്കുവേണ്ടി സാക്ഷ്യം നൽകുന്നു. അങ്ങനെ പുത്രൻപോലും തന്റെ ഭൗമികദൗത്യത്തിൽ, ഒരുമിച്ചു സാക്ഷ്യം നൽകുന്നതിലെ വിനയത്തിന് മാതൃകയാകുന്നു.
സുവിശേഷത്തിന്റെ സത്യത്തിന് സാക്ഷ്യം നൽകാനുള്ള നിങ്ങളുടെ സ്വന്തം കടമയെക്കുറിച്ചു ചിന്തിക്കുക. ഈശോ നേരത്തേ അയച്ച പന്ത്രണ്ടുപേർ സഭയിലെ മെത്രാന്മാരെ പ്രതിനിധീകരിക്കുന്നു. അപ്പസ്തോലിക പിന്തുടർച്ചയിലുള്ള പങ്കാളിത്തത്തിലൂടെ അവർ ക്രിസ്തുവിന്റെ ദൗത്യത്തിന് അടിത്തറയാകുന്നു. ഇന്നത്തെ സുവിശേഷത്തിലെ എഴുപത്തിരണ്ടുപേർ, ഇന്നു ജീവിക്കുന്ന നമ്മിൽ ഓരോരുത്തരും ഉൾപ്പെടെ, ക്രിസ്തുവിന്റെ എല്ലാ ശിഷ്യന്മാരെയും പ്രതിനിധീകരിക്കുന്നു. ഈശോയോടും അവിടുത്തെ പ്രബോധനങ്ങളോടുമുള്ള വ്യക്തിപരമായ ഭക്തിയിലൂടെ അവിടുത്തെ അനുഗമിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ശിഷ്യത്വം; അത് അതിലുമേറെയാണ്. അവിടുന്ന് അയയ്ക്കുന്നവരാകുക എന്നതും അതിൽ ഉൾപ്പെടുന്നു. നാം സുവിശേഷം സ്വീകരിക്കുകയും സജീവമായ വിശ്വാസത്തിലൂടെയും പ്രാർഥനയിലൂടെയും അത് ഹൃദയത്തിൽ ഉൾക്കൊള്ളുകയും ചെയ്തുകഴിയുമ്പോൾ, നമുക്കു ലഭിച്ച സത്യത്തിന് സാക്ഷ്യം നൽകാൻ പുറപ്പെടേണ്ടതിന് ക്രിസ്തു നമ്മെ അയയ്ക്കും. ഇത് വേണമെങ്കിൽ മാത്രം തിരഞ്ഞെടുക്കാവുന്ന ഒന്നല്ല; അനിവാര്യമായ കാര്യമാണ്.
നിങ്ങൾ എത്ര നന്നായി ഇതു ചെയ്യുന്നുണ്ട്? നമ്മുടെ വിശ്വാസം നമുക്കുമാത്രമായി സൂക്ഷിക്കേണ്ട വ്യക്തിപരമായ ഒന്നാണെന്ന ചിന്തയുടെ കെണിയിൽ ചിലപ്പോൾ നാം വീണുപോകാം. എന്നാൽ അത് അങ്ങനെയല്ല. വിശ്വാസം പങ്കുവയ്ക്കപ്പെടണം; നാം ശിഷ്യന്മാരാണെങ്കിൽ സുവിശേഷപ്രഘോഷകരുമാണ്.
സുവിശേഷപ്രഘോഷകരാകുക എന്നതുകൊണ്ട്, പട്ടണങ്ങളിൽനിന്നു പട്ടണങ്ങളിലേക്കു സഞ്ചരിച്ച് പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു മുഴുവൻസമയ പ്രേഷിതശുശ്രൂഷയിൽ നാം പ്രവേശിക്കണമെന്നില്ല. മിക്കവരുടെയും ജീവിതത്തിൽ സുവിശേഷവത്കരണം നടക്കുന്നത് സാധാരണ ജീവിതത്തിന്റെ താളങ്ങളിലാണ്—നമ്മുടെ കുടുംബങ്ങളിലും തൊഴിലിടങ്ങളിലും അയൽപക്കങ്ങളിലും സാമൂഹിക സാഹചര്യങ്ങളിലും. നമ്മുടെ വിശ്വാസം ആധികാരികമായി ജീവിക്കുക, സ്നേഹത്തോടെ സത്യം സംസാരിക്കുക, വാക്കുകളിലൂടെയെന്നപോലെ പ്രവൃത്തികളിലൂടെയും ക്രിസ്തുവിനെ പ്രകാശിപ്പിക്കുക എന്നിവയാണ് അതിനർഥം. സുവിശേഷത്തിനു സാക്ഷ്യം നൽകുന്നത് അസൗകര്യമുണ്ടാക്കുമ്പോഴും ജനസമ്മതം ലഭിക്കാതിരിക്കുമ്പോഴും നിരസിക്കപ്പെടുമ്പോഴും അതിനു സന്നദ്ധരായിരിക്കുക, വിശ്വാസത്തിൽ മറ്റുള്ളവരോടു ചേർന്ന് അങ്ങനെ ചെയ്യുക എന്നിവയും അതിനർഥമാണ്.
ദൈവം നിങ്ങളോട് ആവശ്യപ്പെടുന്ന വിധത്തിലാണോ നിങ്ങൾ സത്യത്തിനു സാക്ഷ്യം നൽകുന്നതെന്ന് ഇന്ന് വിചിന്തനം ചെയ്യുക. അയയ്ക്കപ്പെടുന്നതിന്റെ പദവിയും ഉത്തരവാദിത്വവും ഒരുപോലെ നിങ്ങൾ സ്വീകരിച്ചിട്ടുണ്ടോ? ചെന്നായ്ക്കളുടെ നടുവിലുള്ള കുഞ്ഞാടിന്റെ ധൈര്യത്തോടെ മുന്നോട്ടുപോകാൻ ദൃഢനിശ്ചയം ചെയ്യുക. ഒരിക്കലും ഒറ്റയ്ക്കല്ല, മറിച്ച് എപ്പോഴും ക്രിസ്തുവിനോടും അവിടുത്തെ സഭയോടുമുള്ള കൂട്ടായ്മയിൽ, സമീപിച്ചിരിക്കുന്ന രാജ്യത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടായിരിക്കട്ടെ നിങ്ങളുടെ യാത്ര. അങ്ങനെ ചെയ്യുന്നത് മറ്റുള്ളവർക്ക് അനുഗ്രഹങ്ങൾ പകരുക മാത്രമല്ല, നിങ്ങളുടെ വിശ്വാസവും ദൈവവുമായുള്ള കൂട്ടായ്മയും ആഴപ്പെടുത്തുകയും ചെയ്യും.
എന്റെ കർത്താവും ജീവിക്കുന്ന വചനവുമായവനേ, അങ്ങയുടെ മൗതികശരീരമായ സഭയിലെ അംഗങ്ങളിലൂടെ അനേകരെ അങ്ങയിലേക്കാകർഷിച്ചുകൊണ്ട്, അങ്ങയുടെ സ്വരം ഭൂമിയുടെ അതിർത്തികളോളം എത്തണം. പ്രിയ കർത്താവേ, എന്നെ അങ്ങയോടു ചേർത്തണയ്ക്കണമേ. ഞാൻ ഒരുങ്ങിക്കഴിയുമ്പോൾ, അങ്ങയുടെ രക്ഷാകരമായ വചനത്തിന്റെ സത്യത്തിന് സാക്ഷ്യം നൽകാൻ മറ്റുള്ളവരോടൊപ്പം എന്നെയും അയയ്ക്കണമേ. അങ്ങയുടെ കൃപയുടെ ഉപകരണമായി എന്നെ ഉപയോഗിക്കണമേ; എന്റെ സാക്ഷ്യത്തിലൂടെ അനേകം ആത്മാക്കളെ അങ്ങയുടെ നിത്യരാജ്യത്തിന്റെ മഹത്ത്വത്തിലേക്ക് അങ്ങ് ആകർഷിക്കുമാറാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഇന്നത്തെ വിശുദ്ധ – കന്യകയും വേദപാരംഗതയുമായ ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യ—ഓർമ്മദിനം
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ






