മലയാളം

ദുഷ്ടനെ തള്ളിക്കളയുക

മേയ് 24, 2023
ഉയിർപ്പുകാലം ഏഴാം ആഴ്ചയിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

“ഞാൻ അവർക്ക് അങ്ങയുടെ വചനം നൽകി. ഞാൻ ലോകത്തിന്റേതല്ലാത്തതുപോലെ അവരും ലോകത്തിന്റേതല്ലാത്തതിനാൽ ലോകം അവരെ വെറുത്തു. അവരെ ലോകത്തിൽനിന്ന് എടുക്കണമെന്നല്ല, ദുഷ്ടനിൽനിന്ന് അവരെ കാത്തുസൂക്ഷിക്കണമെന്നാണ് ഞാൻ അപേക്ഷിക്കുന്നത്.”  യോഹന്നാൻ 17:14–15

ദുഃഖകരമെന്നു പറയട്ടെ, ദുഷ്ടൻ യഥാർഥത്തിൽ ഉണ്ട്. സൃഷ്ടിക്കപ്പെട്ടപ്പോൾ ലഭിച്ച സ്വാഭാവികമായ ആത്മീയശക്തി ഇപ്പോഴും നിലനിർത്തുന്ന പതിതദൂതന്മാരിൽ ഏറ്റവും ഉന്നതനാണ് അവൻ. തന്റെ വിശുദ്ധ തിരുഹിതം നിറവേറ്റുന്നതിനായാണ് ദൈവം എല്ലാ മാലാഖമാരെയും സൃഷ്ടിച്ചത്. ഈ മാലാഖമാർ ഉൾപ്പെടുന്ന ഒൻപത് തലങ്ങൾ അഥവാ “വൃന്ദങ്ങൾ” ഉണ്ടെന്ന് വിശുദ്ധ ഗ്രന്ഥം വെളിപ്പെടുത്തുന്നു. പതിതദൂതന്മാരിൽ ഏറ്റവും ഉന്നതനായവൻ മറ്റുള്ളവരെ നയിക്കുന്നു. പാരമ്പര്യമായി അവനെ ലൂസിഫർ അഥവാ “പിശാച്” എന്നു വിളിക്കുന്നു.

ഈ പതിതദൂതന്മാർ ഇപ്പോഴും നിലനിർത്തുന്ന സ്വാഭാവികമായ ആത്മീയശക്തികളിലൊന്ന് നമ്മെ സ്വാധീനിക്കാനും മനസ്സിൽ ചിന്തകൾ ഉണർത്താനുമുള്ള കഴിവാണ്. ദൈവത്തിന്റെ സത്യം നമുക്ക് അറിയിക്കുന്ന സന്ദേശവാഹകരായിരിക്കാനാണ് അവർ സൃഷ്ടിക്കപ്പെട്ടത്. എന്നാൽ പതിതാവസ്ഥയിൽ, അതിനുപകരം ആശയക്കുഴപ്പവും അസത്യങ്ങളും പകരാനാണ് അവർ ശ്രമിക്കുന്നത്. അതിനാൽ, ദുഷ്ടനും മറ്റു പതിതദൂതന്മാരും നമ്മോട് എങ്ങനെ ആശയവിനിമയം നടത്തുന്നുവെന്നു മനസ്സിലാക്കുന്നത് വളരെ സഹായകരമാണ്. അങ്ങനെ അവരുടെ അസത്യങ്ങൾ തള്ളിക്കളയാനും ദൈവത്തിന്റെ സ്വരം മാത്രം ശ്രവിക്കാനും നമുക്കു കഴിയും.

ആത്മാക്കളെ വിവേചിച്ചറിയുന്നതിനുള്ള തന്റെ നിയമങ്ങളിൽ ലൊയോളയിലെ വിശുദ്ധ ഇഗ്നേഷ്യസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ഒരാൾ “മാരകപാപത്തിൽനിന്ന് മാരകപാപത്തിലേക്കു” പോകുമ്പോൾ, ദുഷ്ടനും മറ്റു പിശാചുക്കളും അയാളുടെ പാപത്തിൽനിന്നു ലഭിക്കുന്ന “സുഖമെന്നു തോന്നുന്നവയും” “ഇന്ദ്രിയാനന്ദങ്ങളും” അയാളുടെ ഭാവനയിൽ നിരന്തരം അവതരിപ്പിക്കുന്നു. ആ പാപത്തിന്റെ നിയന്ത്രണത്തിൽ അയാളെ ഉറപ്പിച്ചു നിർത്താനാണ് അവർ ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഒരാൾ “തന്റെ പാപങ്ങളിൽനിന്ന് തീക്ഷ്ണമായി ശുദ്ധീകരിക്കപ്പെടുകയും നന്മയിൽനിന്ന് കൂടുതൽ നന്മയിലേക്ക് ഉയരുകയും” ചെയ്യുമ്പോൾ, ദുഷ്ടനും മറ്റു പിശാചുക്കളും നേരെ വിപരീതമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. വിശുദ്ധിയിലേക്കുള്ള യാത്രയിൽ “മുന്നോട്ടു പോകാതിരിക്കാനായി അവർ കുത്തിനോവിക്കുകയും ദുഃഖിപ്പിക്കുകയും തടസ്സങ്ങൾ സൃഷ്ടിക്കുകയും തെറ്റായ കാരണങ്ങൾകൊണ്ട് അസ്വസ്ഥരാക്കുകയും ചെയ്യും.” ദൈവവും നല്ല മാലാഖമാരും ഇതിനു വിപരീതമായ രീതിയിലാണ് പ്രവർത്തിക്കുക. പാപത്തിൽ മുഴുകിയിരിക്കുന്നവരെ അതിൽനിന്ന് പിന്തിരിപ്പിക്കാൻ ദൈവവും നല്ല മാലാഖമാരും “വിപരീതമായ രീതി ഉപയോഗിച്ച്, യുക്തിചിന്തയിലൂടെ അവരുടെ മനസ്സാക്ഷിയെ കുത്തിനോവിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യും.” എന്നാൽ ഒരാൾ യഥാർഥത്തിൽ വിശുദ്ധിയിൽ വളരുമ്പോൾ, ദൈവവും നല്ല മാലാഖമാരും “ധൈര്യവും ശക്തിയും ആശ്വാസങ്ങളും കണ്ണീരും പ്രചോദനങ്ങളും ശാന്തതയും നൽകുകയും, എല്ലാ തടസ്സങ്ങളും ലഘൂകരിച്ച് നീക്കിക്കളയുകയും ചെയ്യും; അങ്ങനെ അയാൾക്ക് നന്മ ചെയ്യുന്നതിൽ മുന്നേറാൻ കഴിയും” (കാണുക mycatholic.life/ignatius).

ആത്മാക്കളെ വിവേചിച്ചറിയുന്നതിനെക്കുറിച്ചുള്ള ഈ ആത്മീയ പാഠങ്ങൾ ഏറെ വിലപ്പെട്ടവയാണ്. പാപത്തിനെതിരായ നിങ്ങളുടെ അനുദിന പോരാട്ടത്തിലും വിശുദ്ധിക്കായുള്ള അനുദിന പരിശ്രമത്തിലും അവ നിങ്ങളെ സഹായിക്കും. ദുഷ്ടന്റെ വഞ്ചനകൾ മനസ്സിലാക്കുന്നതും ദൈവം നൽകുന്ന കൃപയുടെ പ്രേരണകൾ വിവേചിച്ചറിയുന്നതും നമ്മുടെ അനുദിന ജീവിതത്തിനു വ്യക്തതയും നമ്മുടെ എല്ലാ പ്രവൃത്തികൾക്കും ദിശാബോധവും നൽകുന്നു. നമ്മുടെ കർത്താവ് ദുഷ്ടന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പൂർണ്ണമായി അറിയുന്നുവെന്നും നിങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടെന്നും നിങ്ങളുടെ ജീവിതത്തിലെ ഈ നുണകളെയും വഞ്ചനകളെയും ചെറുക്കാൻ നിങ്ങൾ പരിശ്രമിക്കുമ്പോൾ നിങ്ങളെ സഹായിക്കുമെന്നുമാണ് മുകളിൽ നൽകിയിരിക്കുന്ന വിശുദ്ധലിഖിതഭാഗം വെളിപ്പെടുത്തുന്ന സദ്വാർത്ത.

ദൈവത്തിന്റെ സ്വരവും ദുഷ്ടന്റെ അസത്യങ്ങളും വിവേചിച്ചറിയാൻ പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ദൈവത്തെ കൂടുതൽ വിശ്വസ്തതയോടെ അനുഗമിക്കാൻ കഴിയേണ്ടതിന് അവിടുത്തെ സ്വരം വിവേചിച്ചറിയാൻ പരിശ്രമിക്കുക. ദുഷ്ടന്റെ സ്വാധീനത്തിൽപ്പെടാതിരിക്കാനും അവനെ നേരിട്ട് തള്ളിക്കളയാനും കഴിയേണ്ടതിന് അവന്റെ അസത്യങ്ങളെ വിവേചിച്ചറിയാനും ശ്രമിക്കുക. നിങ്ങളുടെ ജീവിതത്തിലെ ഈ ആത്മീയാനുഭവങ്ങളെ കൂടുതൽ സൂക്ഷ്മമായി വിവേചിച്ചറിയാൻ സ്വയം സമർപ്പിക്കുക. യേശുവിന്റെ ഈ പ്രാർഥന അവിടുത്തെ വിശുദ്ധ തിരുഹിതത്തിലേക്കു നിങ്ങളെ നയിക്കട്ടെ.

സർവശക്തനായ എന്റെ കർത്താവേ, അങ്ങ് ദുഷ്ടനെ കീഴടക്കി; അവന്റെ അസത്യങ്ങളെയും വഞ്ചനകളെയും അതിജീവിക്കാൻ എനിക്കാവശ്യമായ എല്ലാ കൃപയും അങ്ങ് നൽകുന്നു. അങ്ങയുടെ സ്വരം വിവേചിച്ചറിയാൻ എന്റെ മനസ്സ് തുറക്കണമേ. ദുഷ്ടന്റെ സ്വരവും വ്യക്തമായി തിരിച്ചറിയാൻ എന്നെ സഹായിക്കണമേ. അങ്ങനെ പൂർണഹൃദയത്തോടെ അങ്ങയെ തിരഞ്ഞെടുക്കാനും ദുഷ്ടൻ എന്നോടു പറയാൻ ശ്രമിക്കുന്നതെല്ലാം തള്ളിക്കളയാനും എനിക്കു കഴിയട്ടെ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

പരിശുദ്ധാത്മാവിനോടുള്ള നൊവേന
പന്തക്കുസ്താത്തിരുനാളിനുള്ള ഒരുക്കമായി ചൊല്ലുന്നത്
ആറാം ദിവസം – ബുധനാഴ്ച, മേയ് 24

ഉയിർപ്പുതിരുനാൾ പ്രാർത്ഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: ക്രിസ്തുവിന്റെ പ്രലോഭനം; വരച്ചത്: ഫിലിപ്സ് അഗസ്റ്റൈൻ ഇമ്മൻറാറ്റ്, വിക്കിമീഡിയ കോമൺസ് വഴി