ജൂൺ 2, 2023
സാധാരണകാലത്തിലെ എട്ടാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ
രക്തസാക്ഷികളായ വിശുദ്ധ മർസെല്ലിനൂസും പത്രോസും—ഐച്ഛിക അനുസ്മരണം

പിറ്റേന്ന് അവർ ബഥാനിയായിൽനിന്ന് പുറപ്പെടുമ്പോൾ അവന് വിശന്നു. അകലെ തളിരിലകളുള്ള ഒരു അത്തിവൃക്ഷം കണ്ട്, അതിൽ എന്തെങ്കിലും കിട്ടുമോ എന്നറിയാൻ അവൻ അടുത്തുചെന്നു. എന്നാൽ, അടുത്തെത്തിയപ്പോൾ ഇലകളല്ലാതെ ഒന്നും കണ്ടില്ല; അത് അത്തിപ്പഴങ്ങളുടെ കാലമല്ലായിരുന്നു. അവൻ അതിനോടു പറഞ്ഞു: “ഇനിയൊരിക്കലും ആരും നിന്റെ ഫലം ഭക്ഷിക്കാതിരിക്കട്ടെ!” അവന്റെ ശിഷ്യന്മാർ അതു കേട്ടു. മർക്കോസ് 11:12–14
ഇത് ഏറെ സവിശേഷവും കൗതുകകരവുമായ ഒരു സംഭവമാണ്. യേശു പൂർണ്ണമനുഷ്യനായിരുന്നു എന്നതാണ് ഇതു നമ്മോടു പറയുന്ന ആദ്യത്തെ കാര്യം. മനുഷ്യനെന്ന നിലയിൽ അവിടുത്തേക്കു വിശന്നു. എന്നാൽ യേശുവിനു വിശന്നു എന്ന ലളിതമായ വസ്തുതയെക്കാൾ ഏറെ കാര്യങ്ങൾ ഈ സംഭവം നമ്മോടു പറയുന്നു. അത് അത്തിപ്പഴങ്ങൾ ഉണ്ടാകുന്ന കാലമല്ലെന്ന് അവിടുത്തേക്ക് അറിയാമായിരുന്നിരിക്കണം. എങ്കിലും ഒരു അത്തിപ്പഴം അന്വേഷിക്കാൻ അവിടുന്ന് തീരുമാനിച്ചു. ഒന്നും കണ്ടെത്താതിരുന്നപ്പോൾ അവിടുന്ന് ആ അത്തിവൃക്ഷത്തെ ശപിച്ചു. ഈ അധ്യായത്തിൽ പിന്നീട് നാം വായിക്കുന്നതുപോലെ, ആ വൃക്ഷം ഉണങ്ങിപ്പോയി. ഇത് അവിടുത്തെ ശിഷ്യന്മാർക്കുവേണ്ടിയുള്ള ഒരു പ്രതീകാത്മക പ്രവൃത്തിയായിരുന്നു. കാരണം, അവിടുന്ന് ആ വൃക്ഷത്തെ ശപിക്കുന്നത് അവർ കേൾക്കുകയും പിന്നീട് അത് ഉണങ്ങിപ്പോയതായി കാണുകയും ചെയ്തു.
യേശുവിന്റെ ഈ പ്രവൃത്തിക്ക് ഒരു ആലങ്കാരിക ഉദ്ദേശ്യമുണ്ടായിരുന്നുവെന്ന് ആദിമ സഭാപിതാവായ വിശുദ്ധ ബീഡ് നമ്മോടു പറയുന്നു. ജീവിതത്തിൽ നല്ല ഫലങ്ങൾ പുറപ്പെടുവിക്കാതിരുന്ന അനേകം ആളുകളെ ഈ വൃക്ഷം പ്രതിനിധീകരിക്കുന്നു. യേശു അത്തരക്കാരെ കണ്ടുമുട്ടിയിരുന്നു; ഇന്നും കണ്ടുമുട്ടിക്കൊണ്ടിരിക്കുന്നു. ബാഹ്യമായ രീതിയിൽ മാത്രം വിശ്വാസം അനുഷ്ഠിച്ചിരുന്ന ഫരിസേയരും മറ്റുള്ളവരുമായിരുന്നു അവർ. ഇലകൾ വിശ്വാസത്തിന്റെ ബാഹ്യപ്രകടനങ്ങളെ സൂചിപ്പിച്ചിരുന്നുവെന്നും ഫലമില്ലായ്മ, വിശുദ്ധിയുടെയും സത്പ്രവൃത്തികളുടെയും ആന്തരിക ഫലങ്ങൾ ഇല്ലാതിരുന്നതിന്റെ പ്രതീകമായിരുന്നുവെന്നും വിശുദ്ധ ബീഡ് പറയുന്നു. യേശു നമ്മിൽനിന്ന് ഏറെ ആവശ്യപ്പെടുന്നുവെന്ന് ഈ പാഠം നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ കണ്ടെത്താൻ അവിടുന്ന് ദൃഢനിശ്ചയമുള്ളവനാണ്. നാം യഥാർഥത്തിൽ വിശുദ്ധരാകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. ബാഹ്യപ്രകടനങ്ങൾ മാത്രമാണ് അവിടുന്ന് കണ്ടെത്തുന്നതെങ്കിൽ, അവപോലും എടുത്തുമാറ്റിക്കൊണ്ട് സ്നേഹപൂർവം അവിടുന്ന് നമ്മെ ശാസിക്കും.
നിങ്ങളുടെ ജീവിതത്തിൽ എന്തെല്ലാം നല്ല ഫലങ്ങളാണ് നമ്മുടെ കർത്താവ് കണ്ടെത്താൻ ആഗ്രഹിക്കുന്നത്? നിങ്ങളുടെ വിശുദ്ധിയിലുള്ള വളർച്ച ഏതു വിധത്തിൽ പ്രകടമാകണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്? വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും ഏതാനും പ്രാർഥനകൾ ചൊല്ലുകയും ചെയ്തുകൊണ്ട് വെറും ചടങ്ങുകൾ നിർവഹിക്കുകയാണോ നിങ്ങൾ ചെയ്യുന്നത്? എന്നാൽ സദ്ഗുണവും സഹാനുഭൂതിയും കരുണയും നന്മയും സമൃദ്ധമായി പുറപ്പെടുവിക്കുന്നതിൽ നിങ്ങൾ പരാജയപ്പെടുന്നുണ്ടോ? നമ്മുടെ കർത്താവിൽ വിശ്വസിക്കുന്നുവെന്ന് പറയുമ്പോഴും വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും വിശുദ്ധ സുവിശേഷം പ്രഘോഷിക്കുന്നതിൽ നിങ്ങൾ വീഴ്ച വരുത്തുന്നുണ്ടോ? ഈ അത്തിവൃക്ഷത്തിന്റെ അടുത്തേക്കു വന്നതുപോലെ നമ്മുടെ കർത്താവ് നിങ്ങളുടെ അടുത്തേക്കു വന്നാൽ, അവിടുന്ന് എന്താകും കണ്ടെത്തുക?
ക്രിസ്ത്യാനിയായിരിക്കുക എന്നത് നിങ്ങളും ദൈവവും തമ്മിൽ മാത്രമുള്ള ഒരു കാര്യമല്ല. ദൈവത്തിന് നിങ്ങളിലൂടെ അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നവിധം ദൈവത്തിന്റെയും മറ്റുള്ളവരുടെയും സേവനത്തിനായി നിങ്ങൾ സ്വയം പൂർണ്ണമായി സമർപ്പിക്കണമെന്നാണ് ക്രിസ്ത്യാനിയായിരിക്കുക എന്നതുകൊണ്ട് അർഥമാക്കുന്നത്. ക്രിസ്തീയ വിശ്വാസം നിങ്ങളുടെ ജീവിതത്തിലും നിങ്ങളിലൂടെ മറ്റുള്ളവരുടെ ജീവിതങ്ങളിലും നല്ല ഫലങ്ങൾ പുറപ്പെടുവിക്കണം. അത് സമൃദ്ധമായി ഫലം പുറപ്പെടുവിക്കുകയും വേണം.
ഈ അത്തിമരത്തിന്റെ അടുത്തേക്കു നടന്ന്, അതിൽ ഒരു അത്തിപ്പഴമുണ്ടോ എന്നു പരിശോധിക്കുന്ന ഈശോയുടെ വിശുദ്ധമായ ദൃശ്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ഈ വൃക്ഷത്തെ നിങ്ങളുടെ ആത്മാവിന്റെ പ്രതിരൂപമായി കാണുക; നമ്മുടെ കർത്താവിന്റെ ഹൃദയത്തിലെ വിശപ്പും കാണുക. അവിടുന്ന് നിങ്ങളെയും നിങ്ങളുടെ ജീവിതത്തെയും നോക്കുമ്പോൾ അവിടുത്തേക്കു തൃപ്തിയാകുമോ? അവിടുന്ന് വിശുദ്ധിയും പ്രകടമായ സൽപ്രവൃത്തികളും കണ്ടെത്തുമോ? അതോ, നിങ്ങൾ ഒരു ക്രൈസ്തവനാണെന്ന ബാഹ്യമായ അവകാശവാദങ്ങൾക്കപ്പുറം കാര്യമായി ഒന്നും കണ്ടെത്താതിരിക്കുമോ? യഥാർഥവും പ്രകടവുമായ വിശുദ്ധിയിൽ സമൃദ്ധമായി വളരാൻ സ്വയം സമർപ്പിക്കുക; അപ്പോൾ നമ്മുടെ കർത്താവിന്റെ വിശപ്പ് ശമിക്കും.
എന്നിൽനിന്ന് ഏറെ ആവശ്യപ്പെടുന്ന എന്റെ കർത്താവേ, ജീവിതത്തിൽ പ്രാവർത്തികമാക്കപ്പെടുന്നതും രൂപാന്തരപ്പെടുത്തുന്നതും പ്രകടമാകുന്നതും അങ്ങയുടെ രാജ്യത്തിനുവേണ്ടി ഫലം പുറപ്പെടുവിക്കുന്നതുമായ വിശുദ്ധിയിലേക്കാണ് അങ്ങ് അങ്ങയുടെ എല്ലാ അനുയായികളെയും വിളിക്കുന്നത്. പേരിൽ മാത്രമല്ല, വിശേഷിച്ച് പ്രവൃത്തിയിലും ക്രിസ്ത്യാനിയായിരിക്കാൻ എന്നെ സഹായിക്കണമേ. എന്റെ ജീവിതം യഥാർഥത്തിൽ വിശുദ്ധിയുടെ നല്ല ഫലങ്ങൾ പുറപ്പെടുവിക്കട്ടെ. ആ വിശുദ്ധി അങ്ങയുടെ ജനത്തിന്റെ ആത്മീയവിശപ്പ് ശമിപ്പിക്കാൻ അങ്ങ് ഉപയോഗിക്കുന്ന ഒരു മാർഗമായി മാറട്ടെ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ മർസെല്ലിനൂസും പത്രോസും
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




