2023 ജൂൺ 1
ആണ്ടുവട്ടത്തിലെ എട്ടാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ
രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിൻ—ഓർമ്മ

യേശു ശിഷ്യന്മാരോടും വലിയൊരു ജനക്കൂട്ടത്തോടുമൊപ്പം ജറീക്കോയിൽനിന്ന് പുറപ്പെടുമ്പോൾ, തിമേയൂസിന്റെ മകനായ ബർത്തിമേയൂസ് എന്ന അന്ധൻ വഴിയരികിൽ ഭിക്ഷ യാചിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. അത് നസറായനായ യേശുവാണെന്നു കേട്ടപ്പോൾ അവൻ നിലവിളിച്ചുപറയാൻ തുടങ്ങി: “ദാവീദിന്റെ പുത്രനായ യേശുവേ, എന്നിൽ കനിയണമേ.” മർക്കോസ് 10:46–47
നിങ്ങൾ എങ്ങനെയാണ് പ്രാർത്ഥിക്കുന്നത്? ആഴമായ ബോധ്യത്തോടും തീവ്രതയോടുംകൂടെ നിങ്ങൾ എപ്പോഴെങ്കിലും യേശുവിനോട് “നിലവിളിച്ചപേക്ഷിക്കാറുണ്ടോ”? നമ്മുടെ കർത്താവിനോട് നാം എങ്ങനെ പ്രാർത്ഥിക്കണം എന്നതിന് അന്ധനായ ബർത്തിമേയൂസ് നമുക്ക് അതിമനോഹരമായ ഒരു മാതൃക നൽകുന്നു. ഒന്നാമതായി, ആ അന്ധൻ സഹായം ആവശ്യമായ ഒരവസ്ഥയിലായിരുന്നു. അവന്റെ അന്ധത നിങ്ങളുടെ ജീവിതത്തിലെ ഓരോ ബലഹീനതയെയും ആവശ്യത്തെയും പ്രതീകപ്പെടുത്തുന്നു. അപ്പോൾ, ജീവിതത്തിൽ നിങ്ങൾ ഏറ്റവും കൂടുതൽ പോരാടുന്നത് എന്തിനോടാണ്? ശീലമായിത്തീർന്ന നിങ്ങളുടെ ഏറ്റവും വലിയ പാപം ഏതാണ്? അല്ലെങ്കിൽ നിങ്ങൾക്ക് ഏറ്റവും അധികം ദുഃഖമുണ്ടാക്കുന്നത് എന്താണ്?
നമ്മുടെ ബലഹീനത തിരിച്ചറിയുന്നതാണ് ആദ്യപടി. നമ്മുടെ ഏറ്റവും വലിയ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, ബർത്തിമേയൂസ് ചെയ്തതുപോലെ നാമും നമ്മുടെ കർത്താവിനോട് “നിലവിളിച്ചപേക്ഷിക്കണം.” അത് യേശുവാണെന്നു കേട്ടപ്പോൾ, തന്നെ സുഖപ്പെടുത്താൻ യേശു ആഗ്രഹിക്കുന്നുവെന്ന് ബർത്തിമേയൂസ് എങ്ങനെയോ തന്റെ ആത്മാവിൽ തിരിച്ചറിഞ്ഞു. അവൻ അത് എങ്ങനെയാണ് തിരിച്ചറിഞ്ഞത്? തന്റെ ഉള്ളിലെ ദൈവസ്വരം അവൻ ശ്രവിച്ചു. അതെ, യേശു കടന്നുപോകുമ്പോൾ അവിടുത്തെക്കുറിച്ച് അനേകർ സംസാരിക്കുന്ന ബഹളം അവൻ കേട്ടു. എന്നാൽ, നിലവിളിച്ചപേക്ഷിക്കാനും തനിക്ക് ആവശ്യമായ കരുണയുടെ ഉറവിടം യേശുവാണെന്ന് അറിയാനും അവനെ പ്രേരിപ്പിക്കാൻ അതുമാത്രം മതിയാകുമായിരുന്നില്ല. അവനെ പ്രേരിപ്പിച്ചത് തന്റെ ആത്മാവിനുള്ളിലെ വ്യക്തമായ ദൈവസ്വരമായിരുന്നു—പരിശുദ്ധാത്മാവിൽനിന്നുള്ള ഒരു പ്രചോദനം. തനിക്ക് യേശുവിനെ ആവശ്യമുണ്ടെന്നും തന്നെ സുഖപ്പെടുത്താൻ യേശു ആഗ്രഹിക്കുന്നുവെന്നും അത് അവനു വെളിപ്പെടുത്തിക്കൊടുത്തു.
ആദ്യം, ചുറ്റുമുണ്ടായിരുന്നവർ ബർത്തിമേയൂസിനെ ശകാരിക്കുകയും മിണ്ടാതിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ബർത്തിമേയൂസ് വിശ്വാസത്തിൽ ദുർബലനായിരുന്നെങ്കിൽ, അവൻ ജനക്കൂട്ടത്തെ അനുസരിച്ച് നിരാശയോടെ നിശ്ശബ്ദനായി ഇരുന്നുപോയേക്കുമായിരുന്നു. എന്നാൽ, അവൻ മറ്റുള്ളവരുടെ ശകാരം അവഗണിക്കുക മാത്രമല്ല, “കൂടുതൽ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ടേയിരുന്നു” എന്നതും വളരെ വ്യക്തമാണ്.
നമ്മുടെ കർത്താവിലേക്കു നാം എങ്ങനെ തിരിയണം എന്നതിന് ബർത്തിമേയൂസ് ഇവിടെ രണ്ടു വിധത്തിലുള്ള സാക്ഷ്യം നൽകുന്നു. ഒന്നാമതായി, നമ്മുടെ ആത്മാവിനുള്ളിൽ സൗമ്യവും എന്നാൽ വ്യക്തവുമായ അവിടുത്തെ സാന്നിധ്യം നാം തിരിച്ചറിയണം. അവിടുത്തെ സ്വരവും കൃപയാലുള്ള പ്രചോദനങ്ങളും നാം തിരിച്ചറിയണം. നമ്മെ സുഖപ്പെടുത്താൻ അവിടുന്ന് ആഗ്രഹിക്കുന്നു; നമ്മുടെ ജീവിതത്തിലെ അവിടുത്തെ സാന്നിധ്യം ഉള്ളിൽ നാം അനുഭവിച്ചറിയണം. രണ്ടാമതായി, ഉള്ളിലെ ആ സ്വരത്തിൽ നാം തീവ്രമായി ശ്രദ്ധയുറപ്പിക്കണം. നമ്മോടു സംസാരിക്കുന്ന ദൈവത്തോട് വിശ്വസ്തതയോടും തീക്ഷ്ണതയോടുംകൂടെ നിലവിളിച്ചപേക്ഷിക്കുന്നതിൽനിന്ന് നമ്മെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന, ജീവിതത്തിൽ നാം അനുഭവിക്കുന്ന അനേകം “സ്വരങ്ങളെയും” പ്രലോഭനങ്ങളെയുമാണ് ബർത്തിമേയൂസിനെ ശകാരിച്ച ജനക്കൂട്ടം പ്രതീകപ്പെടുത്തുന്നത്. നമ്മുടെ ആവശ്യവുമായി യേശുവിനെ വിളിച്ചപേക്ഷിക്കാനുള്ള പൂർണഹൃദയത്തോടെയുള്ള ദൃഢനിശ്ചയത്തിൽനിന്ന് ഒന്നും നമ്മെ പിന്തിരിപ്പിക്കരുത്.
ബർത്തിമേയൂസ് നിങ്ങളുടെതന്നെ ഒരു പ്രതിരൂപമാണെന്നതിനെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നമ്മുടെ കർത്താവിനെ അത്യന്തം ആവശ്യമുള്ള ഒരാളായി നിങ്ങളെത്തന്നെ കാണുകയും അവിടുത്തെ വ്യക്തമായ സ്വരത്തിനായി കാതോർക്കുകയും ചെയ്യുക. നിങ്ങൾ അവിടുത്തെ സ്വരം കേൾക്കുന്നുണ്ടോ? അവിടുന്ന് കടന്നുപോകുന്നത് നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? അങ്ങനെ തിരിച്ചറിയുമ്പോൾ, തീക്ഷ്ണതയോടും തീവ്രതയോടും ബോധ്യത്തോടുംകൂടെ അവിടുത്തോട് നിലവിളിച്ചപേക്ഷിക്കുക. നിങ്ങളുടെ പ്രാർത്ഥനയെയും വിശ്വാസത്തെയും നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്ന പ്രലോഭനങ്ങൾ ഉണ്ടെന്നു കണ്ടാൽ, കൂടുതൽ തീവ്രതയോടെ നമ്മുടെ കർത്താവിനോട് “ഇനിയും ഉച്ചത്തിൽ” നിലവിളിച്ചപേക്ഷിക്കുക. അവിടുന്ന് നിങ്ങളുടെ നിലവിളി കേൾക്കുകയും നിങ്ങളെ തന്റെ അടുക്കലേക്കു വിളിക്കുകയും നിങ്ങൾക്കു നൽകാൻ ആഗ്രഹിക്കുന്ന ആ കൃപ നൽകുകയും ചെയ്യും.
എന്റെ കരുണാമയനായ ഈശോയേ, അങ്ങ് നിരന്തരം എന്റെ സമീപത്തുകൂടി കടന്നുപോകുകയും അങ്ങയുടെ ദിവ്യസാന്നിധ്യത്താൽ എന്നെ അങ്ങയിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു. എന്റെ ആവശ്യം തിരിച്ചറിയാനും പൂർണ്ണഹൃദയത്തോടെ അങ്ങയെ വിളിച്ചപേക്ഷിക്കാനും വേണ്ട കൃപ എനിക്കു നൽകണമേ. പ്രിയ കർത്താവേ, തീക്ഷ്ണമായ ഈ പ്രാർത്ഥനയിൽനിന്ന് പിന്തിരിയാൻ ഒന്നും എനിക്ക് ഇടയാക്കാതിരിക്കട്ടെ; പ്രലോഭനം വരുമ്പോൾ ഞാൻ കൂടുതൽ തീക്ഷ്ണതയോടെ അങ്ങയെ വിളിച്ചപേക്ഷിക്കട്ടെ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിൻ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




