മലയാളം

യഥാർഥ സ്നേഹം

ജൂലൈ 17, 2023
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ആഴ്ചയിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

“എന്നെക്കാൾ അധികമായി പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവൻ എനിക്കു യോഗ്യനല്ല. എന്നെക്കാൾ അധികമായി മകനെയോ മകളെയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല. സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവൻ എനിക്കു യോഗ്യനല്ല.” മത്തായി 10:37–38

ആദ്യവായനയിൽ നമ്മുടെ കർത്താവിന്റെ ഈ പ്രബോധനം പ്രയാസകരമായി തോന്നാം. എന്നാൽ ശരിയായി മനസ്സിലാക്കുമ്പോൾ, ദൈവത്തോടും കുടുംബത്തോടുമുള്ള നമ്മുടെ ബന്ധങ്ങൾ സ്നേഹത്തിലും സത്യത്തിലും ശരിയായ ക്രമത്തിൽ നിലനിർത്താൻ ഇതു സഹായിക്കുന്നുവെന്നു വ്യക്തമാകും. ഈ കല്പന അനുസരിക്കുന്നതുമൂലം കുടുംബത്തോടുള്ള സ്നേഹം ഒരിക്കലും കുറയുകയില്ല; മറിച്ച്, ക്രിസ്തുവിന്റെ ഹൃദയത്തോടെ മാത്രം സ്നേഹിക്കാൻ ഇതു നമ്മെ സഹായിക്കും.

യേശുവിന്റെ ഈ പ്രബോധനം നമ്മിൽനിന്ന് എന്താണ് ആവശ്യപ്പെടുന്നത്? ലളിതമായി പറഞ്ഞാൽ, ഒരു കുടുംബാംഗമോ മറ്റാരെങ്കിലുമോ ദൈവഹിതത്തിനു വിരുദ്ധമായ പ്രതീക്ഷകൾ നമ്മുടെമേൽ അടിച്ചേൽപ്പിക്കുന്നുവെങ്കിൽ, ആ പ്രതീക്ഷകളെക്കാൾ ഉപരിയായി നാം ദൈവഹിതം തിരഞ്ഞെടുക്കണം. ഇത് കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ, ദൈവത്തെക്കാൾ അധികമായി “പിതാവിനെയോ മാതാവിനെയോ” അല്ലെങ്കിൽ “മകനെയോ മകളെയോ” സ്നേഹിക്കാൻ ഒരാൾ എങ്ങനെ തീരുമാനിച്ചേക്കാമെന്നു ചിന്തിക്കുക. ഉദാഹരണത്തിന്, ഒരു മകനോ മകളോ ധാർമികജീവിതത്തിലോ വിശ്വാസജീവിതത്തിലോ വഴിതെറ്റാൻ തീരുമാനിക്കുകയും, തന്റെ പാപത്തിൽ മാതാപിതാക്കൾ പിന്തുണ നൽകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു എന്നു കരുതുക. എന്നാൽ മാതാപിതാക്കൾ തങ്ങളുടെ ധാർമികബോധ്യങ്ങളിൽ ഉറച്ചുനിൽക്കുകയും, സ്നേഹത്തെപ്രതി, തങ്ങളുടെ മകനോ മകളോ തിരഞ്ഞെടുത്ത അധാർമിക ജീവിതരീതിക്കു പിന്തുണ നൽകാതിരിക്കുകയും ചെയ്യുന്നു. മാതാപിതാക്കൾ വിധിക്കുന്നവരാണെന്നും അവർക്കു സ്നേഹമില്ലെന്നും ആരോപിച്ചുകൊണ്ട് മകനോ മകളോ കോപിക്കുകയും അവരെ വിമർശിക്കുകയും ചെയ്താൽ, ഇത് മാതാപിതാക്കൾക്ക് പ്രത്യേകിച്ച് പ്രയാസകരമാകും. യഥാർഥത്തിൽ ആ മകനോ മകളോ ആവശ്യപ്പെടുന്നത് ഇതാണ്: “അമ്മേ, അപ്പാ, ദൈവത്തെക്കാളും അവിടുത്തെ നിയമങ്ങളെക്കാളും അധികമായി നിങ്ങൾ എന്നെ സ്നേഹിക്കണം.” മാതാപിതാക്കൾ മകന്റെയോ മകളുടെയോ വഴിതെറ്റിയ ജീവിതരീതിയെ പിന്തുണയ്ക്കാതിരുന്നാൽ, ആ ബന്ധത്തിന് ആഴത്തിൽ മുറിവേറ്റേക്കാം. ഒരുപക്ഷേ, ഈ കല്പനയ്ക്കു പിന്നാലെ “സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവൻ എനിക്കു യോഗ്യനല്ല” എന്ന് യേശു പറഞ്ഞതിന്റെ കാരണങ്ങളിലൊന്ന് ഇതായിരിക്കാം. സ്നേഹത്തിൽ എപ്പോഴും കുരിശുണ്ട്. ചിലപ്പോൾ അത് വ്യക്തിപരമായ ത്യാഗത്തിന്റെയും സ്വയം സമർപ്പണത്തിന്റെയും കുരിശാണ്. മറ്റു ചിലപ്പോൾ, നമ്മുടെ സ്നേഹം തെറ്റിദ്ധരിക്കപ്പെടുകയും നാം ഏറ്റവുമധികം സ്നേഹിക്കുന്നവർതന്നെ നമ്മെ “സ്നേഹമില്ലാത്തവരായി” കണക്കാക്കുകയും ചെയ്യുന്ന കുരിശാണത്. മാതാപിതാക്കൾ തങ്ങളുടെ മകനെയോ മകളെയോ യഥാർഥമായി സ്നേഹിക്കുമ്പോൾ, ആ മകന്റെയോ മകളുടെയോ നിത്യരക്ഷയ്ക്കും ധാർമികജീവിതത്തിനുമായിരിക്കും അവർ സർവോപരി പരിഗണന നൽകുക. സത്യത്തെക്കാൾ ഉപരിയായി മകനോടോ മകളോടോ ഉള്ള “സൗഹൃദം” അവർ തിരഞ്ഞെടുക്കുകയില്ല.

തീർച്ചയായും, ഇതേ സത്യം നമുക്കുണ്ടാകുന്ന എല്ലാ ബന്ധങ്ങൾക്കും, സമൂഹത്തോടു മൊത്തത്തിലുള്ള നമ്മുടെ “ബന്ധത്തിനു” പോലും ബാധകമാണ്. വസ്തുനിഷ്ഠമായി ക്രമവിരുദ്ധവും ദൈവഹിതത്തിനു വിരുദ്ധവുമായ തങ്ങളുടെ പെരുമാറ്റങ്ങളിൽ നാമെല്ലാവരും തങ്ങളെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുന്നവർ കൂടിവരുന്നു. ചിലർ നടത്തുന്ന ഇത്തരം തിരഞ്ഞെടുപ്പുകളെ നാം എതിർത്താൽ, നാം മറ്റുള്ളവരെ വിധിക്കുന്നവരും വിദ്വേഷമുള്ളവരുമാണെന്ന് നമ്മോടു പറയുന്നു. എന്നാൽ ഈശോ സംസാരിക്കുന്നത് കൃത്യമായും ഇതിനെക്കുറിച്ചാണ്. ദൈവത്തെയും അവിടുത്തെ പരിശുദ്ധ ഹിതത്തെയുംകാൾ അധികമായി മറ്റുള്ളവരെ “സ്നേഹിക്കാൻ” നാം തീരുമാനിച്ചാൽ, അതായത്, ആളുകൾ എടുക്കുന്ന അധാർമികവും ആശയക്കുഴപ്പം നിറഞ്ഞതുമായ തീരുമാനങ്ങളിൽ തങ്ങൾക്കു പിന്തുണ ലഭിക്കുന്നുവെന്ന “തോന്നൽ” അവരിൽ ഉളവാക്കുന്നതിനാണ് നാം പ്രഥമ പരിഗണന നൽകുന്നതെങ്കിൽ, നാം യഥാർഥത്തിൽ അവരെ സ്നേഹിക്കുന്നതേയില്ല. കുറഞ്ഞപക്ഷം, ദൈവത്തിന്റെ സ്നേഹത്തോടെയല്ല അവരെ സ്നേഹിക്കുന്നത്. പകരം, സ്വതന്ത്രരാകാനും സത്യത്തിന്റെ ദൈവവുമായി യഥാർഥമായ സ്നേഹബന്ധത്തിലേക്കു പ്രവേശിക്കാനും അവർ ഏറെ ആഴത്തിൽ അറിയേണ്ട സത്യത്തെക്കാൾ അവരുടെ പാപത്തിനാണ് നാം മുൻഗണന നൽകുന്നത്.

യഥാർഥ സ്നേഹത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ദൈവത്തിലും അവിടുന്ന് നൽകിയിട്ടുള്ള എല്ലാ ധാർമികനിയമങ്ങളിലും അടിയുറച്ച്, അവയെ കേന്ദ്രമാക്കുമ്പോൾ മാത്രമേ സ്നേഹം യഥാർഥ സ്നേഹമാകൂ. നിങ്ങളുടെ സ്വന്തം ബന്ധങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് കുടുംബാംഗങ്ങളോടും നിങ്ങൾക്ക് ഏറ്റവും അടുപ്പമുള്ളവരോടുമുള്ള ബന്ധങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യുക. ദൈവത്തിന്റെ നിർമലമായ സ്നേഹത്തോടെയാണോ നിങ്ങൾ അവരെ സ്നേഹിക്കുന്നത്? നിങ്ങളുടെ സ്നേഹം ദൈവഹിതത്തിൽ ഉറച്ചു വേരൂന്നി നിൽക്കുന്നുണ്ടോ? അതോ, മറ്റുള്ളവരുടെ വഴിതെറ്റിയ പ്രതീക്ഷകളെ തൃപ്തിപ്പെടുത്താൻ ചിലപ്പോഴെങ്കിലും വിശ്വാസത്തിന്റെയും ധാർമികതയുടെയും സത്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ നിങ്ങൾ തീരുമാനിക്കുന്നുണ്ടോ? ദയയും സൗമ്യതയും കാരുണ്യവും എപ്പോഴും ഉണ്ടായിരിക്കണം. എന്നാൽ ധാർമികസത്യവും അതുപോലെതന്നെ ഉണ്ടായിരിക്കണം; എല്ലാവരുമായുള്ള നമ്മുടെ ബന്ധങ്ങളിൽ നാം പ്രാവർത്തികമാക്കുന്ന ഓരോ പുണ്യത്തിന്റെയും അടിത്തറ അതായിരിക്കണം. ദൈവത്തിന്റെ മനസ്സോടും ഹൃദയത്തോടുംകൂടി മാത്രം മറ്റുള്ളവരെ സ്നേഹിക്കാൻ ഭയപ്പെടരുത്. നിങ്ങളുടെ ജീവിതത്തിലുള്ള എല്ലാവരുടെയും ആത്മാക്കളുടെ രക്ഷയ്ക്കു സഹായകമാകുന്ന വിധത്തിൽ അവരോട് യഥാർഥ സ്നേഹം പുലർത്താനുള്ള ഏകമാർഗം അതാണ്.

എല്ലാവരുടെയും കർത്താവേ, പൂർണമനസ്സോടും പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണശക്തിയോടുംകൂടെ അങ്ങയെ സ്നേഹിക്കാൻ അങ്ങ് എല്ലാ മനുഷ്യരെയും വിളിക്കുന്നു. അങ്ങ് അരുളിച്ചെയ്ത ഓരോ സത്യത്തിലും ഉറച്ചുനിൽക്കാൻ അങ്ങ് ഞങ്ങളെയെല്ലാവരെയും വിളിക്കുന്നു. എല്ലാറ്റിനുമുപരിയായി അങ്ങയെ സ്നേഹിക്കാൻ മാത്രമല്ല, അങ്ങയുടെ സ്നേഹത്താൽ മാത്രം മറ്റുള്ളവരെ സ്നേഹിക്കാനും എനിക്കാവശ്യമായ ധൈര്യവും സ്നേഹവും നൽകണമേ. ഇതു പ്രയാസകരമാകുമ്പോൾ അങ്ങയുടെ കുരിശ് സ്വീകരിക്കാൻ എന്നെ സഹായിക്കണമേ. അങ്ങനെ, എല്ലാവരോടുമുള്ള അങ്ങയുടെ സ്നേഹത്തിന്റെ കൂടുതൽ നല്ലൊരു ഉപകരണമാകാൻ എനിക്കു കഴിയട്ടെ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രം:  അപ്പസ്തോലന്മാർക്കുള്ള പ്രബോധനം — ജെയിംസ് ടിസോട്ട് വരച്ചത്, വിക്കിമീഡിയ കോമൺസ് വഴി