മലയാളം

സ്നേഹം സ്വീകരിക്കലും പ്രകടിപ്പിക്കലും

ജൂൺ 28, 2026
ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർ (വർഷം A)
ഇന്നത്തെ വായനകൾ

ചിത്രം എടുത്തത് form PxHere, CC0

വീഡിയോ

യേശു തന്റെ അപ്പസ്തോലന്മാരോട് പറഞ്ഞു: “എന്നെക്കാൾ അധികമായി പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവൻ എനിക്കു യോഗ്യനല്ല. എന്നെക്കാൾ അധികമായി മകനെയോ മകളെയോ സ്നേഹിക്കുന്നവൻ എനിക്കു യോഗ്യനല്ല; സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല.” മത്തായി 10:37–38

ഒരു നിയമജ്ഞൻ യേശുവിനെ സമീപിച്ച് കൽപനകളിൽ ഏറ്റവും വലിയതേതെന്ന് ചോദിച്ചപ്പോൾ അവിടുന്ന് മറുപടി പറഞ്ഞു: “‘നിന്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടും പൂർണശക്തിയോടുംകൂടെ സ്നേഹിക്കണം.’ രണ്ടാമത്തേത് ഇതാണ്: ‘നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം.’ ഇവയെക്കാൾ വലിയ മറ്റൊരു കൽപനയുമില്ല” (മർക്കോസ് 12:30–31).

ഇന്നത്തെ സുവിശേഷവും സമാനമായ ഒരു പ്രബോധനം നൽകുന്നു: മറ്റെല്ലാറ്റിനുമുപരിയായി നാം ദൈവത്തെ സ്നേഹിക്കണം—പിതാവിനെയും മാതാവിനെയും മകനെയും മകളെയുംകാൾ അധികമായി. ദൈവത്തോടുള്ള സ്നേഹത്തെ കുടുംബത്തോടുള്ള സ്നേഹവുമായി താരതമ്യം ചെയ്യുന്നതിലൂടെ യേശു കുടുംബസ്നേഹത്തിന്റെ വില കുറയ്ക്കുകയല്ല; മറിച്ച്, മറ്റുള്ളവരെ യഥാർഥമായി സ്നേഹിക്കാനുള്ള ഏക മാർഗം ആദ്യം ദൈവത്തെ സ്നേഹിക്കുകയാണെന്ന് വെളിപ്പെടുത്തുകയാണ്.

വിശുദ്ധ തോമസ് അക്വിനാസ് പഠിപ്പിക്കുന്നു: “ഉപവിയുടെ അടിസ്ഥാനത്തിൽ ദൈവത്തെ എല്ലാറ്റിനുമുപരിയായും മറ്റെല്ലാവർക്കും മുമ്പായും സ്നേഹിക്കണം. കാരണം, സന്തോഷത്തിന്റെ ഉറവിടമായിട്ടാണ് നാം അവിടുത്തെ സ്നേഹിക്കുന്നത്; എന്നാൽ നമ്മോടൊപ്പം ആ സന്തോഷത്തിൽ പങ്കുചേരുന്ന ഒരാളായിട്ടാണ് നാം അയൽക്കാരനെ സ്നേഹിക്കുന്നത്” (സുമ്മ തെയോളജിയേ II-II, Q.26, A.2). മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവത്തെയാണ് നാം ആദ്യം സ്നേഹിക്കേണ്ടത്. കാരണം, സൗഭാഗ്യത്തിന്റെ—യഥാർഥ സന്തോഷത്തിന്റെ ഏക രൂപത്തിന്റെ—ആത്യന്തിക കാരണവും ഉറവിടവും അവിടുന്നാണ്. നമ്മുടെ കുടുംബാംഗങ്ങളെയും അയൽക്കാരെയും സ്നേഹിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെങ്കിലും, ദൈവവുമായുള്ള ബന്ധത്തിൽ—ദൈവിക സന്തോഷം നമ്മോടൊപ്പം സ്വീകരിക്കുന്നവരായി—അവരെ സ്നേഹിക്കണമെന്നാണ് ക്രൈസ്തവ സ്നേഹം ആവശ്യപ്പെടുന്നത്.

ഈ സുവിശേഷം നമുക്ക് വെല്ലുവിളിയാകുന്നതിന്റെ ഒരു കാരണം ഇതാണ്: നമ്മുടെ സ്വാഭാവിക സ്നേഹബന്ധങ്ങൾ നല്ലതാണെങ്കിലും, ദൈവിക സ്നേഹത്താൽ അവ രൂപാന്തരപ്പെടേണ്ടതുണ്ട്. നമ്മുടെ മാതാപിതാക്കളെയും മക്കളെയും സ്നേഹിക്കുന്നത് സ്വാഭാവികമാണ്—ഈ സ്നേഹവികാരങ്ങളോടെയാണ് ദൈവം നമ്മെ സൃഷ്ടിച്ചത്. മൃഗങ്ങൾപോലും സ്വാഭാവിക പ്രേരണയാൽ തങ്ങളുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നു. എന്നാൽ യേശു അതിലും ഉന്നതമായ ഒന്നിലേക്കാണ് നമ്മെ വിളിക്കുന്നത്: കേവലമായ വൈകാരിക അടുപ്പത്തിനും കടമയ്ക്കും അതീതമായി, ദൈവിക സ്നേഹത്താൽ പൂർണതയിലെത്തുന്ന ഒരു സ്നേഹത്തിലേക്ക്. അവിടുത്തെ പ്രബോധനം സ്വാഭാവിക സ്നേഹത്തെ നിഷേധിക്കുന്നില്ല; മറിച്ച്, അതിനെ ശുദ്ധീകരിക്കുകയും ഉയർത്തുകയും പരമനന്മയായ ദൈവത്തിലേക്കുതന്നെ നയിക്കുകയും ചെയ്യുന്നു.

തന്നെക്കാൾ അധികമായി “പിതാവിനെയോ മാതാവിനെയോ”, “മകനെയോ മകളെയോ” സ്നേഹിക്കുന്നതിനെക്കുറിച്ച് യേശു സംസാരിക്കുമ്പോൾ, നമ്മുടെ വികാരങ്ങളിൽ ചിലപ്പോഴൊക്കെ അനുഭവപ്പെടുന്ന ആന്തരിക സംഘർഷത്തെയാണ് അവിടുന്ന് അഭിസംബോധന ചെയ്യുന്നത്. സ്വാഭാവിക സ്നേഹം ആത്മീയ സ്നേഹത്താൽ രൂപാന്തരപ്പെടാതിരിക്കുമ്പോൾ, നാം മറ്റൊരാൾക്ക് നൽകുന്ന സ്നേഹം നന്മയെക്കാൾ കൂടുതൽ തിന്മ വരുത്തിയേക്കാം. ശരിയായ ക്രമത്തിലല്ലാത്ത സ്നേഹം പരമനന്മയായ ദൈവത്തിന്റെ സ്ഥാനത്ത്, അതിലും താഴ്ന്ന നന്മകളായ വൈകാരിക അടുപ്പത്തെയും മാനുഷിക ആശ്വാസത്തെയും പ്രതിഷ്ഠിക്കുന്നു. നമ്മുടെ പ്രിയപ്പെട്ടവർ ദൈവഹിതത്തിൽനിന്ന് അകന്നുപോകുമ്പോൾ, വഴിതെറ്റിയ സ്നേഹത്താൽ അവരുടെ തെറ്റിനെ നാം പിന്തുണയ്ക്കുകയും, അങ്ങനെ യഥാർഥ സൗഭാഗ്യമില്ലാത്ത അവസ്ഥയിൽ അവരെ ഉറപ്പിച്ചുനിർത്തുകയും ചെയ്യുന്നതിലാണ് യഥാർഥ അപകടം.

യഥാർഥ സ്നേഹത്തിന്റെ അടിസ്ഥാനം ഇതാണ്: നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും പൂർണമായ സന്തോഷത്തിന്റെ ഉറവിടം ദൈവം മാത്രമാണ്. ദൈവത്തിലുള്ള നമ്മുടെ വിശ്വാസം മറ്റുള്ളവരെ നാം സ്നേഹിക്കുന്ന രീതിയെ രൂപാന്തരപ്പെടുത്തുന്നു. അവരുടെ ഭൗതിക സുഖമോ വൈകാരിക ക്ഷേമമോ മാത്രം തേടുന്നതിൽ നാം ഒതുങ്ങുന്നില്ല; മറിച്ച്, എല്ലാ അഭിലാഷങ്ങളും നിറവേറ്റുന്ന ഏക നിത്യനന്മയായ ദൈവത്തിലേക്കുതന്നെ നാം അവരെ നയിക്കുന്നു.

നാം ആദ്യം ദൈവത്തെ സ്നേഹിക്കുമ്പോൾ നമ്മുടെ എല്ലാ ബന്ധങ്ങളും ശുദ്ധീകരിക്കപ്പെടുന്നു. മാനുഷിക വാത്സല്യത്താൽ മാത്രം മറ്റുള്ളവരെ സ്നേഹിക്കുന്നതിനുപകരം, ദൈവത്തിന്റെതന്നെ സ്നേഹത്താൽ നാം അവരെ സ്നേഹിക്കുകയും അവരുടെ ആത്യന്തിക നന്മയായ അവിടുത്തിലുള്ള നിത്യജീവൻ തേടുകയും ചെയ്യുന്നു. ശുദ്ധീകരിക്കപ്പെട്ട ഈ സ്നേഹം മാനുഷിക വാത്സല്യത്തെ ഒഴിവാക്കുന്നില്ല; മറിച്ച്, അതിനെ ഉയർത്തുകയും നയിക്കുകയും ചെയ്യുന്നു. അങ്ങനെ നമ്മുടെ സ്നേഹം കേവലം വികാരപരമായ ഒന്നാകാതെ, ദൈവിക സ്നേഹത്തിലൂടെ യഥാർഥമായ രൂപാന്തരം വരുത്തുന്നതാണെന്ന് ഉറപ്പാക്കുന്നു.

നിങ്ങളോട് ഏറ്റവും അടുത്തവരെക്കുറിച്ച് ഇന്ന് ചിന്തിക്കുക—സ്നേഹത്തിന്റെ ഏറ്റവും ഉന്നതമായ രൂപത്തിൽ സ്നേഹിക്കാൻ ദൈവം നിങ്ങളെ വിളിക്കുന്നവരെക്കുറിച്ച്. നിങ്ങളുടെ സ്നേഹബന്ധങ്ങൾ ശരിയായ ക്രമത്തിലാണോ? അതോ ദൈവം നിങ്ങളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന സ്നേഹത്തോട് അവ ചിലപ്പോഴെങ്കിലും മത്സരിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങളുടെ ഹൃദയം ദൈവത്തിലേക്ക് തിരിക്കുക. മറ്റെല്ലാറ്റിനുമുപരിയായി അവിടുത്തെ സ്നേഹിക്കാൻ പരിശ്രമിക്കുക. നിങ്ങളുടെ ഏറ്റവും ആഴമായ സ്നേഹവും അഭിലാഷവും അവിടുത്തിൽ കേന്ദ്രീകരിക്കട്ടെ. ദൈവത്തിന് ഒന്നാം സ്ഥാനം നൽകുമ്പോൾ അവിടുത്തെ സ്നേഹം നിങ്ങളെ ഉള്ളിൽനിന്ന് രൂപാന്തരപ്പെടുത്തും. അങ്ങനെ, സ്വാഭാവിക വാത്സല്യത്താൽ മാത്രമല്ല, ക്രിസ്തുവിന്റെതന്നെ സ്നേഹത്താൽ മറ്റുള്ളവരെ സ്നേഹിക്കാനും, അവിടുത്തോടുള്ള ഐക്യത്തിന്റെ നിത്യാനന്ദത്തിലേക്ക് അവരെ നയിക്കാനും നിങ്ങൾക്കു കഴിയും.

പരിപൂർണ സ്നേഹത്തിന്റെ കർത്താവേ, അങ്ങയുടെ സ്നേഹം നിർമലവും വിശുദ്ധവും എല്ലാ ഗ്രാഹ്യശക്തിക്കും അതീതവുമാണ്—അത്ര വിശാലവും എല്ലാറ്റിനെയും ഉൾക്കൊള്ളുന്നതുമായ അതിന്റെ ആഴം എനിക്കൊരിക്കലും പൂർണമായി ഗ്രഹിക്കാനാവില്ല. കർത്താവേ, എല്ലാറ്റിനുമുപരിയായി അങ്ങയെ സ്നേഹിക്കാൻ കഴിയേണ്ടതിന് ഈ സ്നേഹത്തിലേക്ക് എന്നെ ആകർഷിക്കണമേ. ആ സ്നേഹത്തിൽനിന്ന്, അങ്ങയുടെ തിരുഹൃദയത്തിലെ സ്നേഹം എന്നിലൂടെ മറ്റുള്ളവരിലേക്ക് ഒഴുകട്ടെ. അങ്ങനെ അവരെ സ്നേഹിക്കുമ്പോൾ ഞാൻ അങ്ങയെ സ്നേഹിക്കട്ടെ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ഇന്നത്തെ വിശുദ്ധർ – വിശുദ്ധ ഇരണേവൂസ്, മെത്രാനും രക്തസാക്ഷിയും
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനാക്രമത്തിലെ ഓർമയായി ആഘോഷിക്കുന്നില്ല

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.