സെപ്റ്റംബർ 7, 2023
സാധാരണകാലം ഇരുപത്തിരണ്ടാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

ഇതു കണ്ടപ്പോൾ ശിമയോൻ പത്രോസ് യേശുവിന്റെ കാൽക്കൽ വീണു പറഞ്ഞു: “കർത്താവേ, എന്നിൽനിന്ന് അകന്നുപോകണമേ; ഞാൻ ഒരു പാപിയാണ്.” ലൂക്കാ 5:8
ശിമയോൻ പത്രോസിന്റെ ഹൃദയസ്പർശിയായ ഈ പ്രവൃത്തിയെക്കുറിച്ച് ശ്രദ്ധാപൂർവം ചിന്തിക്കുക. യേശു തന്റെ പരസ്യശുശ്രൂഷ ആരംഭിച്ചതേയുണ്ടായിരുന്നുള്ളൂ. അവിടുത്തെ ആദ്യ അത്ഭുതങ്ങളിലൊന്ന് ശിമയോന്റെ അമ്മായിയമ്മയെ സുഖപ്പെടുത്തിയതായിരുന്നു. അതിനുശേഷം, യേശു മറ്റു പല രോഗികളെയും സുഖപ്പെടുത്തുന്നതിനും അനേകം പിശാചുക്കളെ പുറത്താക്കുന്നതിനും ശിമയോൻ സാക്ഷിയായി. ഈ ആദ്യ അത്ഭുതങ്ങൾക്കു തൊട്ടുപിന്നാലെ, യേശു ശിമയോന്റെ വള്ളത്തിൽ കയറി അവനോടു നിർദേശിച്ചു: “ആഴമുള്ളിടത്തേക്കു നീക്കി, മീൻപിടിക്കാനായി വലകൾ ഇറക്കുക.” ശിമയോൻ അനുസരിച്ച ഉടനെ, അവനു വളരെയധികം മീൻ ലഭിച്ചു; അവരെ സഹായിക്കാൻ മറ്റൊരു വള്ളംകൂടി വരേണ്ടിവന്നു. ഈ അത്ഭുതത്തോടുള്ള ശിമയോന്റെ പ്രതികരണമാണ് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ വചനഭാഗത്തിൽ മൂന്നു കാര്യങ്ങൾ സംഭവിക്കുന്നു. ഒന്നാമതായി, “ശിമയോൻ പത്രോസ് ഇതു കണ്ടപ്പോൾ…” അവൻ യഥാർഥത്തിൽ തന്റെ കണ്ണുകൾകൊണ്ടാണ് ഇതു കണ്ടതെങ്കിലും, അവന്റെ ഈ “കാണൽ” അതിലും ആഴമുള്ള ഒന്നായി നാം മനസ്സിലാക്കണം. മീൻപിടിത്തത്തിൽ തനിക്കുണ്ടായിട്ടുള്ള ഏറ്റവും മികച്ച ദിവസം മാത്രമല്ല ശിമയോൻ പത്രോസ് കണ്ടത്. യേശുവിലൂടെ ദൈവകൃപ പ്രവർത്തിക്കുന്നത് അവൻ കണ്ടു; ആ കാഴ്ച അവന്റെ ഉള്ളത്തെ ആഴത്തിൽ സ്പർശിച്ചു. ശിമയോൻ പത്രോസിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായ മീൻപിടിത്തം ഉപയോഗിച്ചാണ് യേശു തന്റെ ദൈവികശക്തി വെളിപ്പെടുത്തിയത്. ഒരർഥത്തിൽ, മീൻപിടിത്തത്തെ തന്റെ പാഠത്തിന്റെ ആധാരമാക്കി, യേശു ഈ പാഠം ശിമയോന് ഹൃദയത്തിൽ തൊടുന്നവിധം മനസ്സിലാക്കിക്കൊടുത്തു.
രണ്ടാമതായി, ശിമയോന്റെ പ്രതികരണം തികച്ചും ഉചിതമായിരുന്നു. ഈ ദൈവിക അത്ഭുതം അനുഭവിച്ചപ്പോൾത്തന്നെ ശിമയോൻ തന്റെ പാപത്തെക്കുറിച്ച് ബോധവാനായി. ശിമയോന്റെ പാപം എന്തായിരുന്നുവെന്ന് നമുക്കറിയില്ലെങ്കിലും, നമ്മുടെ കർത്താവുമായുള്ള ഈ കണ്ടുമുട്ടൽ, താൻ കുറ്റക്കാരനായിരുന്ന കാര്യങ്ങളെല്ലാം ഉടനടി ഓർക്കാൻ അവനെ പ്രേരിപ്പിച്ചുവെന്നത് വ്യക്തമാണ്. ഒരുപക്ഷേ, വർഷങ്ങളായി തുടർന്നുപോന്ന ഏതെങ്കിലും പാപശീലവുമായി അവൻ മല്ലിട്ടിട്ടുണ്ടാകാം. അല്ലെങ്കിൽ, അപ്പോഴും അവനെ അലട്ടിക്കൊണ്ടിരുന്ന ഗൗരവമേറിയ എന്തെങ്കിലും തെറ്റ് അവൻ ചെയ്തിട്ടുണ്ടാകാം. എന്നാൽ നമുക്കറിയാവുന്നത് ഇതുമാത്രമാണ്: അതീവ ശക്തവും വ്യക്തിപരവുമായ ഈ അത്ഭുതാനുഭവം തന്റെ പാപത്തെക്കുറിച്ചുള്ള ബോധ്യത്തിലേക്ക് ശിമയോനെ നയിച്ചു.
മൂന്നാമതായി, ശിമയോൻ യേശുവിന്റെ കാൽക്കൽ വീണ് തന്നിൽനിന്ന് അകന്നുപോകണമെന്ന് കർത്താവിനോടു പറയുന്നു. യേശുവിന്റെ കരുണ അത്ര വലിയതായതിനാൽ അവിടുന്ന് ഒരിക്കലും അവനിൽനിന്ന് അകന്നുപോകുകയില്ലെങ്കിലും, യേശുവിന്റെ സന്നിധിയിലായിരിക്കാൻ താൻ അയോഗ്യനാണെന്ന് ശിമയോൻ തിരിച്ചറിയുന്നു. മാത്രമല്ല, പശ്ചാത്താപത്തിന്റെ എളിയ പ്രവൃത്തിയിലൂടെ അവൻ ഈ ബോധ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
യേശു എന്താണ് ചെയ്യുന്നത്? അവിടുന്ന് പറഞ്ഞു: “ഭയപ്പെടേണ്ട…” ഈ പുതിയ ശിഷ്യന്മാർ കരയിലെത്തിയപ്പോൾ, “അവർ എല്ലാം ഉപേക്ഷിച്ച് അവനെ അനുഗമിച്ചു.”
നാമോരോരുത്തരും ഇതേ വിധത്തിൽ നമ്മുടെ കർത്താവിനെ കണ്ടുമുട്ടണം. നാം യേശുവിനെ കാണണം. അവിടുത്തെ കാര്യത്തിൽ നാം ആഴമായി ശ്രദ്ധയുള്ളവരാകണം. നമ്മുടെ ജീവിതത്തിൽ അവിടുത്തെ സാന്നിധ്യം തിരിച്ചറിയുകയും അവിടുത്തെ സ്വരം കേൾക്കുകയും അവിടുത്തെ പ്രവർത്തനം കാണുകയും വേണം. വിശ്വാസത്തോടെ ഇതു നന്നായി ചെയ്യുമ്പോൾ, നമ്മുടെ കർത്താവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടൽ, നാം പശ്ചാത്തപിക്കേണ്ട പാപത്തിന്മേൽ വെളിച്ചം വീശും. കുറ്റബോധത്തിലും ലജ്ജയിലും നാം തുടരാനല്ല ഇത്; മറിച്ച്, യേശുവിന്റെ മുമ്പിൽ നമ്മെത്തന്നെ എളിമപ്പെടുത്താനും നാം അവിടുത്തേക്ക് യോഗ്യരല്ലെന്ന് ഏറ്റുപറയാനും വേണ്ടിയാണ്. എളിമയോടെയുള്ള ഈ ഏറ്റുപറച്ചിൽ വേണ്ടവിധം നടത്തുമ്പോൾ, യേശു നമ്മോടും “ഭയപ്പെടേണ്ട” എന്നു പറയുമെന്ന് നമുക്ക് ഉറപ്പിക്കാം. നമ്മെ ആശ്വസിപ്പിക്കുന്ന അവിടുത്തെ വാക്കുകളോട്, ശിമയോനും മറ്റുള്ളവരും നടത്തിയ അതേ തിരഞ്ഞെടുപ്പിലൂടെ നാമും പ്രതികരിക്കണം. അവിടുത്തെ അനുഗമിക്കാൻ എല്ലാം ഉപേക്ഷിക്കാൻ നാം സന്നദ്ധരും മനസ്സുള്ളവരുമായിരിക്കണം.
യേശുവിന്റെ മുമ്പിൽ മുട്ടുകുത്തിനിൽക്കുന്ന ശിമയോൻ പത്രോസിന്റെ ഈ ദൃശ്യം ഇന്ന് ധ്യാനിക്കുക. അവന്റെ എളിമയും സത്യസന്ധതയും കാണുക. അവന്റെ ആത്മാർഥതയും ആന്തരികമായ ബോധ്യവും കാണുക. തന്റെ മുമ്പിൽ നിൽക്കുന്ന യേശുവിന്റെ ദൈവികശക്തിയെ അവൻ എങ്ങനെ തിരിച്ചറിയുന്നുവെന്നും കാണുക. നിങ്ങളും നമ്മുടെ കർത്താവിനെ കാണാനും, സ്വന്തം പാപത്തെക്കുറിച്ചുള്ള ബോധ്യം അനുഭവിക്കാനും, അവിടുത്തെ മുമ്പിൽ സ്വയം എളിമപ്പെടുത്താനും വേണ്ടി പ്രാർഥിക്കുക. അവിടുന്ന് എവിടേക്കു നയിച്ചാലും, സമൂലമായും പൂർണമായും അവിടുത്തെ അനുഗമിക്കാനുള്ള അവിടുത്തെ വിളി നിങ്ങൾ കേൾക്കാനും വേണ്ടി പ്രാർഥിക്കുക.
എനിക്ക് ആശ്വാസം പകരുന്ന കർത്താവേ, ശിമയോൻ പത്രോസിന്റെ സാധാരണ ദൈനംദിന പ്രവൃത്തിയിലൂടെ അങ്ങ് അങ്ങയുടെ സർവശക്തി അവനു വെളിപ്പെടുത്തി. അങ്ങയുടെ ദൈവികശക്തി പ്രവർത്തിക്കുന്നത് കാണാൻ അങ്ങ് അവനെ അനുവദിച്ചു. പ്രിയ കർത്താവേ, എന്റെ ജീവിതത്തിലും അങ്ങ് പ്രവർത്തിക്കുന്നത് കാണാൻ എന്നെ സഹായിക്കണമേ. അങ്ങയെ കാണുമ്പോൾ, എന്റെ അയോഗ്യത ഏറ്റുപറഞ്ഞ് അങ്ങയുടെ മുമ്പിൽ എന്നെത്തന്നെ എളിമപ്പെടുത്താൻ എന്നെ സഹായിക്കണമേ. ഞാൻ അങ്ങനെ ചെയ്യുമ്പോൾ, “ഭയപ്പെടേണ്ട” എന്ന് അങ്ങ് എന്നോടു പറയുന്നതും കേൾക്കാൻ ഇടയാകണമേ എന്ന് ഞാൻ പ്രാർഥിക്കുന്നു. അങ്ങനെ, അങ്ങ് എവിടേക്കു നയിച്ചാലും എഴുന്നേറ്റ് അങ്ങയെ അനുഗമിക്കാൻ എനിക്കു കഴിയുമല്ലോ. ഈശോയെ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
വ്യാകുലമാതാവിനോടുള്ള നൊവേന
പരമ്പരാഗതമായി സെപ്റ്റംബർ 7–15 തീയതികളിൽ ചൊല്ലുന്നു
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിലെ പ്രധാന ചിത്രം: അത്ഭുതകരമായ മീൻപിടിത്തം — രചന: കോൺറാഡ് വിറ്റ്സ്, വിക്കിമീഡിയ കോമൺസ് വഴി



