മലയാളം

ചെറിയ കാര്യങ്ങൾ നന്നായി ചെയ്യുക

നവംബർ 19, 2023
സാധാരണകാലത്തിലെ മുപ്പത്തിമൂന്നാം ഞായർ (വർഷം A)
ഇന്നത്തെ വായനകൾ

വീഡിയോ

യേശു ശിഷ്യന്മാരോട് ഈ ഉപമ പറഞ്ഞു: “യാത്ര പുറപ്പെടാനിരുന്ന ഒരാൾ തന്റെ ദാസന്മാരെ വിളിച്ച് തന്റെ സമ്പത്ത് അവരെ ഏൽപ്പിച്ചു. ഓരോരുത്തന്റെയും കഴിവനുസരിച്ച് ഒരുവന് അഞ്ചു താലന്തും മറ്റൊരുവന് രണ്ടും മൂന്നാമനു ഒന്നും കൊടുത്തു. പിന്നെ അവൻ യാത്ര പുറപ്പെട്ടു.” മത്തായി 25:14–15

ഈ ജീവിതത്തിൽ വലിയ കാര്യങ്ങൾ ചെയ്യണമെന്ന് അനേകർ സ്വപ്നം കാണുന്നു. കായികതാരങ്ങൾ കിരീടം നേടുന്നതു സ്വപ്നം കാണുന്നു. വ്യാപാരരംഗത്തുള്ളവർ തങ്ങളുടെ വ്യാപാരം വളർത്തുന്നതു സ്വപ്നം കാണുന്നു. കലാകാരന്മാരും അഭിനേതാക്കളും പ്രശസ്തരാകുന്നതു സ്വപ്നം കാണുന്നു. നാം ചെയ്യുന്ന മിക്കവാറും എല്ലാ കാര്യങ്ങളിലും മികവു പുലർത്തണമെന്ന് നാം സ്വപ്നം കാണുന്നു. ഈ പ്രേരണ ദൈവം നമുക്കു നൽകിയ സ്വാഭാവികമായ അഭിലാഷങ്ങളുടെ ഭാഗമാണ്.

നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലയിലും നാം മികവു പുലർത്താൻ പരിശ്രമിക്കണം. നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മേഖല ഏതാണ്? ദൈവഹിതം നിറവേറ്റാൻ നമുക്കു ലഭിച്ചിരിക്കുന്ന വിളിയാണത്. അതിനാൽ, മികവിനായുള്ള നമ്മുടെ സ്വാഭാവികമായ ആഗ്രഹത്തെ വിശ്വാസത്തോടു ചേർത്തുനിർത്താൻ നാം പരിശ്രമിക്കണം. അങ്ങനെ, ദൈവം നമ്മിൽ ഓരോരുത്തരെയും ഏൽപ്പിച്ചിരിക്കുന്ന മഹത്തായ ദൗത്യം നിറവേറ്റാൻ നമുക്കു പ്രചോദനം ലഭിക്കും.

നമുക്കുള്ള ഓരോ സ്വാഭാവിക കഴിവിനെയും ദൈവത്തിന്റെ ഒരു ദാനമായി കാണണം. അവിടുത്തെ മഹത്വപ്പെടുത്താനും ഭൂമിയിൽ അവിടുത്തെ രാജ്യം വളർത്താനുമായിട്ടാണ് അവ നമുക്കു നൽകിയിരിക്കുന്നത്. ഇന്നത്തെ ഉപമയിൽ, യാത്ര പുറപ്പെട്ട മനുഷ്യൻ തന്റെ ഓരോ ദാസനെയും ഒരു വലിയ തുക ഏൽപ്പിച്ചു. ഒരുവനെ അഞ്ചു താലന്തും മറ്റൊരുവനെ രണ്ടും മൂന്നാമനെ ഒന്നും ഏൽപ്പിച്ചു. വെള്ളി, സ്വർണം തുടങ്ങിയ വിലയേറിയ ലോഹങ്ങൾ അളക്കുന്നതിനുള്ള ഒരു ഏകകമായിരുന്നു താലന്ത്. ഇന്നത്തെ മൂല്യമനുസരിച്ച് ഒരു താലന്ത് വെള്ളിക്ക് ഏകദേശം $30,000 USD വിലവരും. ഈ ദാസന്മാരിൽ ഓരോരുത്തരെയും ഏൽപ്പിച്ചത് വലിയൊരു തുക തന്നെയായിരുന്നു. എന്നാൽ, യജമാനൻ മടങ്ങിവന്നപ്പോൾ, ഓരോരുത്തർക്കും ആദ്യം നൽകിയ ഈ ദാനത്തെ ചെറിയൊരു തുകയെന്നാണ് വിശേഷിപ്പിച്ചത്. തുടർന്ന്, താലന്തുകൾ നന്നായി വിനിയോഗിച്ച രണ്ടു ദാസന്മാരെയും വലിയൊരു തുക ഏൽപ്പിക്കുമെന്ന് അവൻ വാഗ്ദാനം ചെയ്തു.

മാനുഷികമായ കാഴ്ചപ്പാടിൽ, ദൈവം നമുക്കു നൽകിയിരിക്കുന്ന സ്വാഭാവിക ദാനങ്ങളെ വലിയൊരു സമ്പത്തായി നാം കാണണം. ദൈവികമായ കാഴ്ചപ്പാടിലാകട്ടെ, ദൈവത്തിൽനിന്നുള്ള ഓരോ സ്വാഭാവിക ദാനത്തെയും ഒരു തുടക്കം മാത്രമായി നാം കാണണം. നമുക്കു നൽകാൻ ദൈവം ആഗ്രഹിക്കുന്ന എത്രയോ വലിയ ദാനങ്ങൾ ഇനിയും ഉണ്ട്. കൃപയുടെ ആ സമ്പത്ത് ലഭിക്കാൻ, നമുക്കു നൽകിയിട്ടുള്ളവ ആദ്യം ദൈവമഹത്വത്തിനും അവിടുത്തെ രാജ്യത്തിന്റെ വളർച്ചയ്ക്കുമായി നന്നായി വിനിയോഗിക്കണം.

നമ്മുടെ കർത്താവ് നിങ്ങളെ എന്താണ് ഏൽപ്പിച്ചിരിക്കുന്നത്? എന്തെല്ലാം ദാനങ്ങളും കഴിവുകളുമാണ് നിങ്ങൾക്കുള്ളത്? നിങ്ങളുടെ സ്വാഭാവിക കഴിവുകളെക്കുറിച്ചു ചിന്തിക്കുമ്പോൾ, ദൈവസേവനത്തിനായി അവ എത്ര നന്നായി ഉപയോഗിക്കുന്നുവെന്നും പരിചിന്തിക്കുക. നിങ്ങളുടെ സ്വാഭാവിക കഴിവുകൾ നിങ്ങൾക്കുവേണ്ടി മാത്രം ഉപയോഗിക്കുന്നത് അവ ദൈവത്തിനായി ഉപയോഗിക്കാൻ വിസമ്മതിക്കുന്നതിനു തുല്യമാണ്. ഒരു താലന്ത് ഏൽപ്പിക്കപ്പെട്ടിട്ടും അതുകൊണ്ട് ഒന്നും ചെയ്യാതിരുന്നവനോട് യജമാനൻ പറഞ്ഞു: “ദുഷ്ടനും അലസനുമായ ദാസാ!” തുടർന്ന് അവൻ ആ ഒരു താലന്ത് എടുത്ത്, യജമാനന്റെ പണം ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്ത് പത്തു താലന്ത് കൈവശമുണ്ടായിരുന്നവനു നൽകി. അതുപോലെ, നമ്മുടെ ജീവിതത്തിലും സ്വാഭാവിക കഴിവുകൾ ദൈവസേവനത്തിനായി സമർപ്പിക്കുന്നതിൽ നാം വീഴ്ച വരുത്തിയാൽ, നമുക്കുള്ള അൽപ്പംപോലും നഷ്ടപ്പെടും. എന്നാൽ, മഹത്വത്തിനായുള്ള നമ്മുടെ സ്വാഭാവിക ആഗ്രഹത്തെ ദൈവഹിതം നിറവേറ്റാനുള്ള വിളിയോടു ചേർത്തുനിർത്തിയാൽ, ദൈവം നൽകുന്ന കൃപയുടെ സമ്പത്തിനു പരിധിയുണ്ടാകില്ല.

നിങ്ങളുടെ ജീവിതത്തിൽ ദൈവഹിതം നിറവേറ്റാനുള്ള പരിശ്രമത്തിൽ നിങ്ങൾ എത്രമാത്രം ശുഷ്കാന്തിയുള്ളവരാണെന്ന് ഇന്ന് വിചിന്തനം ചെയ്യുക. കാര്യമായ മാറ്റമൊന്നും വരുത്താൻ നിങ്ങൾക്കു കഴിയില്ലെന്നു തോന്നുന്നുവെങ്കിൽ, ആ ചിന്ത അകറ്റാൻ ശ്രമിക്കുക. ചെറിയ കാര്യങ്ങൾ നന്നായി ചെയ്യാൻ പരിശ്രമിക്കുക. അനുദിന ജീവിതത്തിൽ നിങ്ങളുടെ സ്നേഹം പൂർണ്ണതയിലെത്തിക്കാൻ യത്നിക്കുക. ദിവസേന പ്രാർഥിക്കാൻ പ്രതിജ്ഞാബദ്ധരാകുക. നിങ്ങളുടെ ജീവിതത്തിൽനിന്ന് എല്ലാ പാപങ്ങളും വേരോടെ നീക്കാൻ പരിശ്രമിക്കുക. ചെറിയ കാര്യങ്ങൾ നന്നായി ചെയ്യുക; ഈ ചെറിയ സമർപ്പണങ്ങളിൽ ദൈവം പ്രസാദിക്കുകയും അവയെ കൃപയുടെ അതിസമൃദ്ധിയായി രൂപാന്തരപ്പെടുത്തുകയും ചെയ്യും.

അത്യുദാരനായ കർത്താവേ, ജീവിതത്തിൽ ഒരു പ്രത്യേക ദൗത്യം അങ്ങ് എന്നെ ഏൽപ്പിച്ചിരിക്കുന്നു. അത് ചെറുതും നിസ്സാരവുമായി തോന്നിയാലും, ആ ദൗത്യത്തിൽ മികവു പുലർത്താൻ ഞാൻ പരിശ്രമിക്കുമാറാകട്ടെ. അങ്ങനെ പരിശ്രമിക്കുമ്പോൾ, അങ്ങയുടെ കൃപയുടെ സമൃദ്ധമായ അനുഗ്രഹങ്ങൾ എന്റെമേൽ ചൊരിയണമേ. അങ്ങനെ, എനിക്കു സാധ്യമാകുന്ന ഏറ്റവും വലിയ മഹത്വം അങ്ങേക്കു നൽകുന്നതിൽ ഞാൻ മികവു പുലർത്തുകയും, ഭൂമിയിൽ അങ്ങയുടെ രാജ്യം വരുന്നതിനുള്ള കൂടുതൽ ഫലപ്രദമായ ഉപകരണമായിത്തീരുകയും ചെയ്യട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ക്രിസ്തുരാജനോടുള്ള നൊവേന
നവംബർ 17–25, 2023

സമാധാനത്തിനായുള്ള പ്രാർഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ: കെൻസിങ്ടൺ ഹൈ സ്ട്രീറ്റിലെ സെന്റ് മേരി അബോട്ട്സ് ദേവാലയത്തിലെ വർണച്ചില്ലിൽ ചിത്രീകരിച്ചിരിക്കുന്ന താലന്തുകളുടെ ഉപമ.