മലയാളം

ശുദ്ധനാകുക

ജനുവരി 11, 2024
ആണ്ടുവട്ടത്തിലെ ഒന്നാം വാരത്തിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

ഒരു കുഷ്ഠരോഗി അവന്റെ അടുത്തുവന്ന് മുട്ടുകുത്തി അപേക്ഷിച്ചു: “അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും.” അനുകമ്പ തോന്നിയ അവൻ കൈ നീട്ടി കുഷ്ഠരോഗിയെ സ്പർശിച്ചുകൊണ്ട് പറഞ്ഞു: “എനിക്കു മനസ്സുണ്ട്. നീ ശുദ്ധനാകുക.” മർക്കോസ് 1:40–41

നാം വിശ്വാസത്തോടെ നമ്മുടെ ദൈവമായ കർത്താവിന്റെ അടുക്കൽ വന്ന്, അവിടുത്തെ മുമ്പിൽ മുട്ടുകുത്തി, നമ്മുടെ ആവശ്യം അവിടുത്തെ സമർപ്പിച്ചാൽ, ഈ കുഷ്ഠരോഗിക്കു ലഭിച്ച അതേ മറുപടി നമുക്കും ലഭിക്കും: “എനിക്കു മനസ്സുണ്ട്. നീ ശുദ്ധനാകുക.” ജീവിതത്തിലെ ഏതു വെല്ലുവിളിയുടെ നടുവിലും ഈ വാക്കുകൾ നമുക്കു പ്രത്യാശ നൽകണം.

നമ്മുടെ കർത്താവ് നിങ്ങൾക്കായി എന്താണ് ആഗ്രഹിക്കുന്നത്? നിങ്ങളുടെ ജീവിതത്തിൽ എന്തിനെയാണ് ശുദ്ധീകരിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നത്? കുഷ്ഠരോഗി യേശുവിന്റെ അടുക്കൽ വരുന്ന ഈ സംഭവം, നാം അവിടുത്തെ മുമ്പിൽ സമർപ്പിക്കുന്ന എല്ലാ അപേക്ഷകളും നമ്മുടെ കർത്താവ് നിറവേറ്റിത്തരുമെന്ന് അർഥമാക്കുന്നില്ല. മറിച്ച്, നമ്മെ ഏറ്റവും അധികം പീഡിപ്പിക്കുന്നതിൽനിന്ന് നമ്മെ ശുദ്ധീകരിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നുവെന്നാണ് ഇതു വെളിപ്പെടുത്തുന്നത്. ഈ സംഭവത്തിലെ കുഷ്ഠരോഗത്തെ നിങ്ങളുടെ ആത്മാവിനെ പീഡിപ്പിക്കുന്ന ആത്മീയ രോഗങ്ങളുടെ പ്രതീകമായി കാണണം. സർവോപരി, നിങ്ങളുടെ ജീവിതത്തിൽ ശീലമായിത്തീർന്ന്, ക്രമേണ നിങ്ങളുടെ ആത്മാവിനു വലിയ ഹാനി വരുത്തുന്ന പാപത്തിന്റെ പ്രതീകമായി അതിനെ കാണണം.

അക്കാലത്ത് കുഷ്ഠരോഗം ഒരാളുടെ ശരീരത്തിനു ഗുരുതരമായ ഹാനി വരുത്തുക മാത്രമല്ല, അയാളെ സമൂഹത്തിൽനിന്ന് ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു. രോഗമില്ലാത്ത മറ്റുള്ളവരിൽനിന്ന് അകന്നുകഴിയാൻ അവർ നിർബന്ധിതരായിരുന്നു; മറ്റുള്ളവരുടെ അടുത്തേക്ക് വന്നാൽ, ആളുകൾ തങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കാനായി, ചില ബാഹ്യ അടയാളങ്ങളിലൂടെ തങ്ങൾ കുഷ്ഠരോഗികളാണെന്ന് അവർ അറിയിക്കേണ്ടിയിരുന്നു. അങ്ങനെ, കുഷ്ഠരോഗത്തിന് വ്യക്തിപരവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടായിരുന്നു.

ശീലമായിത്തീർന്ന പല പാപങ്ങളുടെ കാര്യത്തിലും ഇതു സത്യമാണ്. പാപം നമ്മുടെ ആത്മാവിനു ഹാനി വരുത്തുന്നു; അതോടൊപ്പം നമ്മുടെ ബന്ധങ്ങളെയും ബാധിക്കുന്നു. ഉദാഹരണത്തിന്, പതിവായി പരുഷമായി പെരുമാറുകയോ മറ്റുള്ളവരെ വിധിക്കുകയോ പരിഹസിക്കുകയോ മറ്റോ ചെയ്യുന്ന ഒരാൾ, ഈ പാപങ്ങളുടെ ദോഷഫലങ്ങൾ സ്വന്തം ബന്ധങ്ങളിൽ അനുഭവിക്കും.

മുകളിൽ പറഞ്ഞ യേശുവിന്റെ വാക്കുകളിലേക്കു മടങ്ങിവന്ന്, നിങ്ങളുടെ ആത്മാവിനെ ഏറ്റവും അധികം ബാധിക്കുക മാത്രമല്ല, നിങ്ങളുടെ ബന്ധങ്ങളെയും ബാധിക്കുന്ന ആ പാപത്തെക്കുറിച്ചു ചിന്തിക്കുക. ആ പാപത്തിന്റെ കാര്യത്തിൽ, “നീ ശുദ്ധനാകുക” എന്നു നിങ്ങളോടു പറയാൻ യേശു ആഗ്രഹിക്കുന്നു. നിങ്ങളുടെ ആത്മാവിനുള്ളിലെ പാപം ശുദ്ധീകരിച്ചുകൊണ്ട് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്താൻ അവിടുന്ന് ആഗ്രഹിക്കുന്നു. അവിടുന്ന് അതു ചെയ്യാൻ വേണ്ടത് ഇത്രമാത്രമാണ്: നിങ്ങൾ മുട്ടുകുത്തി അവിടുത്തെ സമീപിക്കുകയും നിങ്ങളുടെ പാപം അവിടുത്തെ സമർപ്പിക്കുകയും ചെയ്യുക. അനുരഞ്ജന കൂദാശയിൽ ഇതു പ്രത്യേകമാംവിധം സത്യമാണ്.

ഇന്ന്, നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും അടുത്ത ബന്ധങ്ങളെക്കുറിച്ചു ധ്യാനിക്കുക. തുടർന്ന്, നിങ്ങളുടെ ഏതൊക്കെ പാപങ്ങളാണ് ആ ബന്ധങ്ങളെ ഏറ്റവും നേരിട്ടു മുറിപ്പെടുത്തുന്നതെന്നു ചിന്തിക്കുക. മനസ്സിൽ വരുന്നത് എന്തുതന്നെയായാലും, നിങ്ങളുടെ ആത്മാവിനുള്ളിലെ ആ ആത്മീയ കുഷ്ഠരോഗത്തിൽനിന്ന് നിങ്ങളെ മോചിപ്പിക്കാൻ യേശു ആഗ്രഹിക്കുന്നുവെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം.

ദിവ്യനായ എന്റെ കർത്താവേ, മറ്റുള്ളവരുമായുള്ള എന്റെ ബന്ധങ്ങൾക്ക് ഏറ്റവുമധികം ദോഷം ചെയ്യുന്നവ എന്റെ ഉള്ളിൽ എന്തെല്ലാമാണെന്ന് കാണാൻ എന്നെ സഹായിക്കണമേ. ഒറ്റപ്പെടലിനും വേദനയ്ക്കും കാരണമാകുന്നവ തിരിച്ചറിയാൻ എന്നെ സഹായിക്കണമേ. ഇത് തിരിച്ചറിയാനുള്ള വിനയവും, ഇത് ഏറ്റുപറഞ്ഞ് അങ്ങയുടെ സൗഖ്യം തേടുന്നതിനായി അങ്ങയിലേക്കു തിരിയാൻ ആവശ്യമായ ശരണവും എനിക്കു നൽകണമേ. അങ്ങേക്ക്, അങ്ങേക്കു മാത്രമേ എന്റെ പാപത്തിൽനിന്ന് എന്നെ മോചിപ്പിക്കാൻ കഴിയൂ. അതിനാൽ ആത്മവിശ്വാസത്തോടും സമർപ്പണത്തോടുംകൂടെ ഞാൻ അങ്ങയിലേക്കു തിരിയുന്നു. “എനിക്കു മനസ്സുണ്ട്. ശുദ്ധനാകുക” എന്ന അങ്ങയുടെ സൗഖ്യദായകമായ വാക്കുകൾക്കായി വിശ്വാസത്തോടെ ഞാൻ കാത്തിരിക്കുകയും ചെയ്യുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

പരിചയപ്പെടുത്തുന്ന പുസ്തകം:

ആണ്ടുവട്ടക്കാലം: 1–17 ആഴ്ചകൾ
ആണ്ടുവട്ടക്കാലം ജനുവരി 9-ന് ആരംഭിച്ചു

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിലെ പ്രധാന ചിത്രം: ക്രിസ്തു കുഷ്ഠരോഗിയെ ശുദ്ധനാക്കുന്നു — Sibeaster, Wikimedia Commons വഴി