2024 മാർച്ച് 12
നോമ്പുകാലത്തിലെ നാലാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

മുപ്പത്തിയെട്ടു വർഷമായി രോഗബാധിതനായിരുന്ന ഒരാൾ അവിടെ ഉണ്ടായിരുന്നു. അവൻ അവിടെ കിടക്കുന്നതു കണ്ട്, ഏറെക്കാലമായി അവൻ രോഗിയാണെന്ന് അറിഞ്ഞ യേശു അവനോടു ചോദിച്ചു: “നിനക്കു സുഖം പ്രാപിക്കണമെന്നുണ്ടോ?” യോഹന്നാൻ 5:5–6
അനേകവർഷങ്ങളായി ശാരീരിക വൈകല്യം അനുഭവിച്ചിട്ടുള്ളവർക്കു മാത്രമേ ഈ മനുഷ്യൻ ജീവിതത്തിൽ സഹിച്ചതെന്തെന്നു മനസ്സിലാക്കാൻ കഴിയൂ. മുപ്പത്തിയെട്ടു വർഷമായി അയാൾ ശാരീരിക വൈകല്യം മൂലം നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അയാൾ കിടന്നിരുന്ന സ്ഥലത്തിനടുത്തുള്ള കുളത്തിന് രോഗശാന്തി നൽകാനുള്ള ശക്തിയുണ്ടെന്നു വിശ്വസിക്കപ്പെട്ടിരുന്നു. അതിനാൽ, രോഗികളും ശാരീരിക വൈകല്യമുള്ളവരുമായ അനേകർ കുളത്തിനരികിൽ ഇരിക്കുകയും വെള്ളം ഇളകുമ്പോൾ ആദ്യം അതിൽ ഇറങ്ങാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇടയ്ക്കൊക്കെ ആ വ്യക്തിക്കു രോഗശാന്തി ലഭിച്ചതായി പറയപ്പെട്ടിരുന്നു.
യേശു ഈ മനുഷ്യനെ കാണുകയും ഇത്രയും വർഷങ്ങൾക്കുശേഷവും അവനിലുള്ള രോഗശാന്തിക്കായുള്ള ആഗ്രഹം വ്യക്തമായി തിരിച്ചറിയുകയും ചെയ്യുന്നു. മിക്കവാറും, രോഗശാന്തിക്കായുള്ള ആഗ്രഹമായിരുന്നിരിക്കണം അവന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഗ്രഹം. നടക്കാൻ കഴിയാത്തതിനാൽ ജോലി ചെയ്ത് ഉപജീവനം നടത്താൻ അവനു കഴിഞ്ഞിരുന്നില്ല. ഭിക്ഷയെയും മറ്റുള്ളവരുടെ ഉദാരതയെയും ആശ്രയിച്ചായിരിക്കണം അവൻ കഴിഞ്ഞിരുന്നത്. ഈ മനുഷ്യനെയും അവന്റെ സഹനങ്ങളെയും ഈ കുളത്തിൽനിന്നു രോഗശാന്തി നേടാനുള്ള അവന്റെ നിരന്തരശ്രമങ്ങളെയും കുറിച്ച് ചിന്തിക്കുന്നത് ഏതൊരു ഹൃദയത്തിലും അനുകമ്പ ഉണർത്തേണ്ടതാണ്. യേശുവിന്റെ ഹൃദയം അനുകമ്പ നിറഞ്ഞതായിരുന്നതിനാൽ, ഈ മനുഷ്യൻ അത്രയധികം ആഗ്രഹിച്ച രോഗശാന്തി മാത്രമല്ല, അതിലുമേറെ അവനു നൽകാൻ യേശു പ്രേരിതനായി.
ഈ മനുഷ്യന്റെ ഹൃദയത്തിൽ ഉണ്ടായിരുന്ന, യേശുവിൽ പ്രത്യേകമായി അനുകമ്പ ഉണർത്തിയിരിക്കാവുന്ന ഒരു പുണ്യമാണ് ക്ഷമാപൂർവമായ സഹനം. നീണ്ടുനിൽക്കുന്ന ഏതെങ്കിലും പരീക്ഷണത്തിനിടയിലും പ്രത്യാശ നിലനിർത്താനുള്ള കഴിവാണ് ഈ പുണ്യം. ഇതിനെ “ദീർഘസഹനം” എന്നും “ദീർഘക്ഷമ” എന്നും വിളിക്കാറുണ്ട്. സാധാരണയായി, ഒരാൾ ഒരു പ്രയാസം നേരിടുമ്പോൾ, അതിൽനിന്നു പുറത്തുകടക്കാനുള്ള വഴി തേടുക എന്നതാണ് ആദ്യപ്രതികരണം. കാലം കടന്നുപോയിട്ടും ആ പ്രയാസം മാറുന്നില്ലെങ്കിൽ, മനസ്സു തളരാനും നിരാശയിൽപ്പോലും വീഴാനും എളുപ്പമാണ്. ഈ പ്രലോഭനത്തിനുള്ള പ്രതിവിധിയാണ് ക്ഷമാപൂർവമായ സഹനം. ജീവിതത്തിൽ അനുഭവിക്കുന്ന എന്തും ഏതും ക്ഷമയോടെ സഹിക്കാൻ ഒരാൾക്കു കഴിയുമ്പോൾ, അയാളുടെ ഉള്ളിൽ പലവിധത്തിൽ പ്രയോജനപ്പെടുന്ന ഒരു ആത്മീയശക്തി ഉണ്ടായിരിക്കും. മറ്റു ചെറിയ വെല്ലുവിളികൾ കൂടുതൽ എളുപ്പത്തിൽ സഹിക്കാനാകും. അയാളുടെ ഉള്ളിൽ ശക്തമായ പ്രത്യാശ ജനിക്കുന്നു. പോരാട്ടം തുടരുമ്പോഴും ഈ പുണ്യത്തോടൊപ്പം സന്തോഷവും വന്നുചേരുന്നു.
ഈ മനുഷ്യനിൽ ഈ പുണ്യം സജീവമായി നിലനിൽക്കുന്നതു കണ്ടപ്പോൾ, അവനെ സമീപിച്ച് സുഖപ്പെടുത്താൻ യേശു പ്രേരിതനായി. യേശു ഈ മനുഷ്യനെ സുഖപ്പെടുത്തിയതിന്റെ പ്രധാന കാരണം ശാരീരികമായി അവനെ സഹായിക്കുക എന്നതു മാത്രമായിരുന്നില്ല; മറിച്ച്, അവൻ യേശുവിൽ വിശ്വസിക്കുകയും അവിടുത്തെ അനുഗമിക്കുകയും ചെയ്യണമെന്നതായിരുന്നു.
ക്ഷമാപൂർവമായ സഹനം എന്ന ഈ മനോഹരമായ പുണ്യത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ജീവിതത്തിലെ പരീക്ഷണങ്ങളെ നിഷേധാത്മകമായി കാണാതെ, ക്ഷമാപൂർവം സഹിക്കാനുള്ള ക്ഷണമായി കാണുന്നതാണ് ഉത്തമം. സ്വന്തം പരീക്ഷണങ്ങളെ നിങ്ങൾ എങ്ങനെ സഹിക്കുന്നുവെന്നു ചിന്തിക്കുക. ആഴമേറിയതും നിലനിൽക്കുന്നതുമായ ക്ഷമയോടും പ്രത്യാശയോടും സന്തോഷത്തോടും കൂടിയാണോ? അതോ കോപത്തോടും മനസ്സിലെ കയ്പോടും നിരാശയോടും കൂടിയോ? ഈ പുണ്യം ദാനമായി ലഭിക്കാൻ പ്രാർഥിക്കുകയും അംഗവൈകല്യമുള്ള ഈ മനുഷ്യനെ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
സകല പ്രത്യാശയുടെയും നാഥനായ എന്റെ കർത്താവേ, അങ്ങ് ജീവിതത്തിൽ വളരെയേറെ സഹിക്കുകയും അവയിലൂടെയെല്ലാം പിതാവിന്റെ തിരുഹിതത്തോടുള്ള പരിപൂർണ അനുസരണത്തിൽ നിലനിൽക്കുകയും ചെയ്തു. ജീവിതത്തിലെ പരീക്ഷണങ്ങൾക്കിടയിൽ എനിക്കു ശക്തി നൽകണമേ; ആ ശക്തിയോടൊപ്പം വരുന്ന പ്രത്യാശയിലും സന്തോഷത്തിലും കരുത്തോടെ വളരാൻ എനിക്കു കഴിയട്ടെ. പാപത്തിൽനിന്ന് അകന്ന്, പൂർണമായ ആശ്രയത്തോടെ ഞാൻ അങ്ങയിലേക്കു തിരിയട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഇരുപത്തിനാലാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻചുവട്ടിൽ 40 ദിനങ്ങൾ
വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന. മാർച്ച് 10-18 വരെ പ്രാർഥിക്കുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




