2026 മാർച്ച് 18
നോമ്പുകാലത്തിലെ നാലാം ആഴ്ചയിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ
ജറുസലെമിലെ വിശുദ്ധ സിറിൽ, മെത്രാനും വേദപാരംഗതനും—ഐച്ഛിക അനുസ്മരണം
Rijksmuseum, CC0, Wikimedia Commons വഴി
യേശു യഹൂദരോട് ഉത്തരം പറഞ്ഞു: “എന്റെ പിതാവ് ഇതുവരെയും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു.” ഇക്കാരണത്താൽ അവർ അവനെ കൊല്ലാൻ കൂടുതൽ ശ്രമിച്ചു. കാരണം, അവൻ സാബത്ത് ലംഘിക്കുക മാത്രമല്ല, ദൈവത്തെ സ്വന്തം പിതാവെന്ന് വിളിച്ചുകൊണ്ട് തന്നെത്തന്നെ ദൈവത്തിന് തുല്യനാക്കുകയും ചെയ്തു. യോഹന്നാൻ 5:17–18
ഇന്നത്തെ സുവിശേഷത്തിന്റെ പശ്ചാത്തലം പ്രധാനമാണ്. ബെഥ്സഥാ കുളത്തിനരികിൽവച്ച് യേശു തളർവാതരോഗിയെ സുഖപ്പെടുത്തുന്ന സംഭവത്തിന്റെ അവസാനത്തിലാണ് മുകളിലെ വാക്കുകൾ വരുന്നത്. ആ മനുഷ്യൻ മുപ്പത്തെട്ടു വർഷമായി തളർവാതം ബാധിച്ചവനായിരുന്നു. “എഴുന്നേറ്റ് നിന്റെ കിടക്കയെടുത്ത് നടക്കുക” (യോഹന്നാൻ 5:8) എന്നു പറഞ്ഞുകൊണ്ട് യേശു അവനെ സുഖപ്പെടുത്തി. ആ അത്ഭുതം വിസ്മയജനകമായിരുന്നെങ്കിലും, കടുംപിടിത്തക്കാരായ ഫരിസേയർ കിടക്ക ചുമന്നതിന്റെ പേരിൽ ഉടൻതന്നെ ആ മനുഷ്യനെ ശാസിച്ചു. സാബത്ത് നിയമത്തിന്റെ ലംഘനമായിട്ടാണ് അവർ അതിനെ കണ്ടത്.
“സാബത്തുദിനം ഓർക്കുകയും അത് വിശുദ്ധമായി ആചരിക്കുകയും ചെയ്യുക” (പുറപ്പാട് 20:8) എന്നു ദൈവം മോശയിലൂടെ കല്പിച്ചെങ്കിലും, ആ കല്പനയ്ക്ക് ദീർഘവും വിശദവുമായ വ്യാഖ്യാനങ്ങൾ ചമച്ചത് ഫരിസേയരായിരുന്നു. കിടക്ക ചുമക്കുന്നതുൾപ്പെടെ പലതരം ജോലികൾ നിഷിദ്ധമാണെന്ന് അവർ കരുതുകയും അവയെ പ്രത്യേകം നിർവചിക്കുകയും ചെയ്തു.
യേശു ആ മനുഷ്യനെ സുഖപ്പെടുത്തുകയും എഴുന്നേറ്റ് കിടക്കയെടുക്കാൻ അവനോടു പറയുകയും ചെയ്തപ്പോൾ, രണ്ടു വിധത്തിൽ യേശു മോശയുടെ നിയമം ലംഘിച്ചുവെന്ന് ഫരിസേയർ കരുതി. ഒന്നാമതായി, സുഖപ്പെടുത്തൽതന്നെ ഒരുതരം ജോലിയാണെന്നും അതിനാൽ അത് സാബത്തിന്റെ ലംഘനമാണെന്നും അവർ വാദിച്ചു. രണ്ടാമതായി, കിടക്കയെടുക്കാൻ ആ മനുഷ്യനോടു യേശു നിർദേശിച്ചത് ജോലി ചെയ്യുന്നതിനുള്ള വിലക്കിനെ അവഗണിക്കുന്നതായും സാബത്ത് ലംഘിക്കാൻ അവനെ പ്രേരിപ്പിക്കുന്നതായും അവർ കണ്ടു.
ഈ കുറ്റവിധികൾ അതിരുകടന്നതും നിയമത്തിന്റെ അക്ഷരത്തിൽ കടിച്ചുതൂങ്ങുന്നതുമായി നമുക്കു തോന്നിയേക്കാം. എന്നാൽ ഫരിസേയരുടെ കാഴ്ചപ്പാടിൽ യേശു നിയമവിരുദ്ധമായി പ്രവർത്തിക്കുകയായിരുന്നു; അതിനാൽ അവർ അവിടുത്തെ പീഡിപ്പിക്കാൻ തുടങ്ങി.
വിമർശനത്തോട് യേശു പ്രതികരിച്ച വിധം ധ്യാനിക്കുന്നത് പ്രയോജനകരമാണ്. ആരെങ്കിലും നമ്മെ വിമർശിക്കുമ്പോൾ, നാം സ്വയം ന്യായീകരിക്കാൻ തുനിഞ്ഞേക്കാം, തിരിച്ച് വിമർശിച്ചേക്കാം, അല്ലെങ്കിൽ നമ്മുടെ പ്രവൃത്തികളിൽനിന്നു പിന്മാറുകപോലും ചെയ്തേക്കാം. വിമർശനവും പീഡനവും ഭയത്തിനു വഴങ്ങാൻ നമ്മെ പ്രലോഭിപ്പിക്കാം. പ്രത്യാഘാതങ്ങൾ ഒഴിവാക്കാനായി മറ്റുള്ളവരുടെ ഇഷ്ടത്തിനു വഴങ്ങാൻ ആ ഭയം നമ്മെ നിർബന്ധിച്ചേക്കാം. എന്നാൽ യേശു ഈ സമീപനം സ്വീകരിച്ചില്ല.
പകരം, സാബത്തിൽ കാരുണ്യപ്രവൃത്തികൾ ചെയ്യാനുള്ള തന്റെ ദൈവിക അധികാരം യേശു വീണ്ടും ഉറപ്പിക്കുകയും താൻ സാബത്തിന്റെ നാഥനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. “എന്റെ പിതാവ് ഇതുവരെയും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു” എന്ന് അവിടുന്ന് പറയുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തന്റെ സൗഖ്യദാനപ്രവൃത്തിയെ നിയമത്തിന്റെ ഉറവിടമായ പിതാവിന്റെ നിരന്തരമായ പ്രവർത്തനവുമായി യേശു ബന്ധിപ്പിക്കുന്നു. അവിടുത്തെ സൗഖ്യദാനപ്രവൃത്തി പത്തുകല്പനകൾ നൽകിയ പിതാവിൽനിന്നാണ് വന്നതെങ്കിൽ, ആ സൗഖ്യദാനം നിയമലംഘനമാകാൻ കഴിയില്ല.
ഇന്നത്തെ സുവിശേഷത്തിന്റെ ശേഷിക്കുന്ന ഭാഗം ഈ വിഷയത്തെക്കുറിച്ചുള്ള ദീർഘമായ ഒരു പ്രബോധനമാണ്: “പുത്രന് സ്വമേധയാ ഒന്നും ചെയ്യാൻ കഴിയില്ല; പിതാവ് ചെയ്തുകാണുന്നതു മാത്രമേ ചെയ്യാൻ കഴിയൂ. എന്തെന്നാൽ, പിതാവ് ചെയ്യുന്നതുതന്നെ പുത്രനും ചെയ്യും.” പിതാവുമായുള്ള തന്റെ ഏകത്വം യേശു പ്രഖ്യാപിക്കുകയും സത്തയിലും പ്രവർത്തനത്തിലുമുള്ള അവരുടെ പരിപൂർണമായ ഐക്യം വെളിപ്പെടുത്തുകയും ചെയ്യുന്നു. ഇരുവർക്കും പൊതുവായ ദൈവിക സ്വഭാവത്തിൽ വേരൂന്നിയ ഈ ഐക്യം, സമസത്തയുള്ളവരും സത്തയിൽ നിത്യമായി ഒന്നുമായ പിതാവും പുത്രനും പരിശുദ്ധാത്മാവുമാകുന്ന പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിന്റെ കേന്ദ്രമാണ്.
ഫരിസേയരുടെ വിമർശനത്തിനെതിരെ സ്വയം ന്യായീകരിക്കുകയോ സംഘർഷം പരിഹരിക്കുകയോ ആയിരുന്നില്ല യേശുവിന്റെ ലക്ഷ്യം. ഫരിസേയരെ കൂടുതൽ പ്രകോപിപ്പിക്കുമെങ്കിലും സത്യം പ്രഘോഷിക്കുക എന്നതായിരുന്നു അവിടുത്തെ ലക്ഷ്യം. അവരുടെ വിധിയെ അവിടുന്ന് ഭയപ്പെട്ടില്ല; അവരുടെ കുറ്റവിധിക്കു മുന്നിൽ പതറിയില്ല; നിയമത്തിന്റെ അക്ഷരത്തിലുള്ള അവരുടെ കടുംപിടിത്തം തന്നെ തടയാൻ അനുവദിച്ചതുമില്ല. പകരം, അവിടുന്ന് സ്നേഹത്തോടെ, വ്യക്തമായും തുറന്നും അവരോടു സത്യം സംസാരിച്ചു.
എടുത്തുചാടിയുള്ള വിധിതീർപ്പുകളെയും വിമർശനത്തെയും വ്യാജാരോപണങ്ങളെയും നിങ്ങൾ എങ്ങനെ നേരിടുന്നു എന്ന് ഇന്ന് ചിന്തിക്കുക. വിമർശനം നിങ്ങളെ ഭയത്തിലേക്കോ ഉത്കണ്ഠയിലേക്കോ നയിക്കാൻ നിങ്ങൾ അനുവദിക്കുന്നുണ്ടോ? കോപത്തോടെ പ്രതികരിക്കുകയാണോ, അതോ സ്വയം ന്യായീകരിക്കാൻ ശ്രമിക്കുകയാണോ ചെയ്യുന്നത്? അതോ സ്നേഹത്തോടും ആത്മവിശ്വാസത്തോടുംകൂടെ സത്യം പങ്കുവച്ചുകൊണ്ട്, തെറ്റുകളെ സത്യത്താൽ നേരിടുകയാണോ ചെയ്യുന്നത്? ഭയവും കോപവും പല രൂപങ്ങളിൽ വരുന്നു; മറ്റുള്ളവരുമായി നാം ഇടപെടുന്ന രീതിയെ അവ ആഴത്തിൽ ബാധിക്കുകയും ചെയ്യാം. വ്യത്യസ്തമായ വികാരങ്ങളാണെങ്കിലും, അവ പലപ്പോഴും പരസ്പരം ഇഴചേർന്ന് നമ്മുടെ ഹൃദയങ്ങളിൽ ഒരുമിച്ച് ഉയർന്നുവരുന്നു. എല്ലാ ഭയവും അകറ്റി, കോപത്തിന്റെ സ്ഥാനത്ത് ധൈര്യവും സത്യവും നൽകണമേ എന്ന് ദൈവത്തോടു പ്രാർഥിക്കുക. യേശുവിനെപ്പോലെ, പിതാവിന്റെ തിരുഹിതത്തോട് ഐക്യപ്പെട്ട് നാം സംസാരിക്കുകയും പ്രവർത്തിക്കുകയും വേണം; നമ്മെ വ്യാജമായി കുറ്റപ്പെടുത്തുന്നവർ നമ്മെ ഭയപ്പെടുത്തി നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ തള്ളിക്കളയുകയും വേണം.
സ്വർഗസ്ഥനായ പരമപരിശുദ്ധ പിതാവേ, ഞങ്ങളുടെ ഇടയിൽ വസിക്കാനും ഞങ്ങളുടെ രക്ഷകനാകാനും അങ്ങ് അങ്ങയുടെ ദൈവിക പുത്രനെ ഞങ്ങളുടെ അടുത്തേക്ക് അയച്ചുവല്ലോ. അങ്ങയുടെ പുത്രൻ ചെയ്തതെല്ലാം അങ്ങയോട് ഐക്യപ്പെട്ടുകൊണ്ട്, അങ്ങയുടെ മഹത്വപൂർണമായ പ്രവൃത്തികൾ നിറവേറ്റിക്കൊണ്ടായിരുന്നു. എന്നെയും അങ്ങയുടെ മകനായി സ്വീകരിക്കണമേ; അങ്ങനെ ഞാനും അങ്ങയുടെ തിരുഹിതം നിറവേറ്റുകയും ലോകത്തിൽ അങ്ങയുടെ പ്രവൃത്തികൾക്കായി കൂടുതൽ ഫലപ്രദമായ ഒരു ഉപകരണമാവുകയും ചെയ്യട്ടെ. പരമപരിശുദ്ധ ത്രിത്വമേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന. മാർച്ച് 10-18 വരെ പ്രാർഥിക്കുന്നു.
ഇരുപത്തിയഞ്ചാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻചുവട്ടിൽ 40 ദിനങ്ങൾ
ജറുസലെമിലെ വിശുദ്ധ സിറിൽ, മെത്രാനും വേദപാരംഗതനും
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ





