മലയാളം

പുതിയ മോശ

2024 മാർച്ച് 15
നോമ്പുകാലത്തിലെ നാലാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

യേശു ഗലീലിയിൽ സഞ്ചരിച്ചു; യഹൂദർ അവനെ കൊല്ലാൻ ശ്രമിച്ചിരുന്നതിനാൽ യൂദയായിൽ സഞ്ചരിക്കാൻ അവൻ ആഗ്രഹിച്ചില്ല. യഹൂദരുടെ കൂടാരത്തിരുനാൾ അടുത്തിരുന്നു. അവന്റെ സഹോദരന്മാർ തിരുനാളിനു പോയിക്കഴിഞ്ഞപ്പോൾ അവനും പോയി; പരസ്യമായിട്ടല്ല, രഹസ്യമായിട്ടെന്നപോലെ. യോഹന്നാൻ 7:1–2; 10

തങ്ങളുടെ ജീവിതത്തിലെ ദൈവത്തിന്റെ രക്ഷാകരമായ പ്രവൃത്തിയെ അനുസ്മരിക്കാൻ ജനങ്ങൾ ജറുസലെം ദേവാലയത്തിലേക്കു തീർഥാടനം നടത്തിയിരുന്ന മൂന്നു വലിയ തിരുനാളുകളിൽ ഒന്നായിരുന്നു യഹൂദരുടെ കൂടാരത്തിരുനാൾ. മോശയുടെ നേതൃത്വത്തിൽ ഇസ്രായേൽക്കാർ മരുഭൂമിയിലൂടെ അലഞ്ഞുനടക്കുകയും കൂടാരങ്ങളിൽ അഥവാ പന്തലുകളിൽ വസിക്കുകയും ചെയ്ത 40 വർഷങ്ങളെ അനുസ്മരിക്കാനായിരുന്നു ഈ തിരുനാൾ. അതിനാൽ ഈ തിരുനാൾ “പന്തലുകളുടെ തിരുനാൾ” എന്നും അറിയപ്പെടുന്നു. ഈ തിരുനാളിന്റെ ഏഴു ദിവസങ്ങളിൽ, തങ്ങളുടെ പൂർവികരുടെ യാത്രയെ അനുസ്മരിക്കാൻ ജനങ്ങൾ ദേവാലയപരിസരത്ത് കൂടാരങ്ങൾ (പന്തലുകൾ) കെട്ടി അവയിൽ താമസിക്കുമായിരുന്നു.

മുകളിൽ ഉദ്ധരിച്ച സുവിശേഷഭാഗത്ത്, യേശു രഹസ്യമായി തിരുനാളിനു പോയെന്നു നാം വായിക്കുന്നു. യേശു അവിടെ സന്നിഹിതനായിരുന്നെങ്കിലും അവിടുത്തെ ദൈവിക വ്യക്തിത്വത്തിന്റെ പൂർണമായ വെളിപ്പെടുത്തൽ അനേകരിൽനിന്നു മറഞ്ഞിരുന്നു എന്നാണ് ഇതിന്റെ അർഥമെന്ന് വിശുദ്ധ അഗസ്തീനോസ് വിശദീകരിക്കുന്നു. അവിടുന്ന് ശാരീരികമായി അവിടെയുണ്ടായിരുന്നു; എന്നാൽ അവിടുന്ന് ആരാണെന്ന് അനേകർക്കും അറിയില്ലായിരുന്നു.

ആ വർഷം തിരുനാൾ പകുതിയായപ്പോൾ യേശു ദേവാലയപരിസരത്ത് പ്രത്യക്ഷപ്പെട്ട് പഠിപ്പിക്കാൻ തുടങ്ങി. അവിടുത്തെ വാക്കുകൾ കേട്ട് അനേകർ വിസ്മയിച്ചു; മറ്റുചിലരാകട്ടെ അവിടുത്തേക്കു പിശാചുബാധയുണ്ടെന്നു കരുതി. അവിടുന്ന് ജനങ്ങളെ പഠിപ്പിച്ചതിനുശേഷം, നമ്മുടെ കർത്താവ് ആരാണെന്നതിനെച്ചൊല്ലി അവർക്കിടയിൽ വലിയ അഭിപ്രായഭിന്നതയുണ്ടായി. യേശു അവരോടു പറഞ്ഞു: “നിങ്ങൾക്ക് എന്നെ അറിയാം; ഞാൻ എവിടെനിന്നാണെന്നും അറിയാം. എങ്കിലും ഞാൻ സ്വമേധയാ വന്നതല്ല; എന്നെ അയച്ചവൻ സത്യവാനാണ്. അവനെ നിങ്ങൾ അറിയുന്നില്ല. ഞാൻ അവനെ അറിയുന്നു; കാരണം, ഞാൻ അവനിൽനിന്നുള്ളവനാണ്; അവനാണ് എന്നെ അയച്ചത്.” തന്നെ ശ്രവിച്ചിരുന്നവരിൽ ചിലർ തന്നിൽ വിശ്വസിക്കുകയും താൻ മിശിഹായാണെന്ന യഥാർഥ വ്യക്തിത്വം തിരിച്ചറിയുകയും ചെയ്തിരുന്നു; മറ്റുചിലരാകട്ടെ വിശ്വാസമെന്ന ദാനം ഇല്ലാത്തതിനാൽ തന്നെ തിരിച്ചറിയാനാകാതെ അന്ധരായി തുടർന്നു—യേശു ആ പ്രസ്താവനയിലൂടെ അടിസ്ഥാനപരമായി പറഞ്ഞത് ഇതായിരുന്നു. അവർക്ക് അവിടുത്തെ ദൈവിക സത്ത രഹസ്യമായിത്തന്നെ തുടർന്നു.

കൂടാരത്തിരുനാളിലെ യേശുവിന്റെ സാന്നിധ്യം പ്രതീകാത്മകമായി അവിടുത്തെ പുതിയ മോശയായി വെളിപ്പെടുത്തുന്നു. ജനങ്ങൾ കൂടാരങ്ങളിൽ വസിച്ചിരുന്നപ്പോൾ, 40 വർഷം മരുഭൂമിയിലൂടെ വാഗ്ദത്തദേശത്തേക്കു അവരെ നയിച്ചത് മോശയായിരുന്നു. ഇപ്പോൾ നമ്മുടെ കർത്താവ് ദേവാലയത്തിൽ പ്രത്യക്ഷപ്പെട്ട്, യഥാർഥ വാഗ്ദത്തദേശമായ സ്വർഗത്തിലേക്കു ജനങ്ങളുടെ ശ്രദ്ധ തിരിച്ചതിലൂടെ, ഈ 40 വർഷത്തെ യാത്ര അനുസ്മരിച്ചിരുന്ന ജനത്തെ നയിക്കുന്ന ആ ദൗത്യം ഏറ്റെടുത്തു.

ഇന്നും നമ്മുടെ കർത്താവ് നമ്മെ പഠിപ്പിക്കാനും തന്റെ ദൈവിക സാന്നിധ്യം വെളിപ്പെടുത്താനും നമ്മിൽ ഓരോരുത്തരുടെയും അടുത്തേക്കു വന്നുകൊണ്ട്, ജീവിതയാത്രയിൽ തന്റെ ജനത്തെ നയിച്ചുകൊണ്ടിരിക്കുന്നു. ചിലർ ശ്രവിക്കുകയും വിശ്വസിക്കുകയും യാത്ര തുടരുകയും ചെയ്യുന്നു. അവർക്ക് നമ്മുടെ കർത്താവിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തപ്പെടുന്നു. മറ്റുള്ളവർ വിശ്വസിക്കുന്നില്ല; അവരുടെ വിശ്വാസമില്ലായ്മയുടെ ഫലമായി, തങ്ങൾക്കു ചുറ്റുമെങ്ങുമുള്ള നമ്മുടെ കർത്താവിന്റെ മറഞ്ഞിരിക്കുന്ന സാന്നിധ്യം കണ്ടെത്താൻ അവർക്കു കഴിയുന്നില്ല.

ഈ ജീവിതമാകുന്ന മരുഭൂമിയിലൂടെയുള്ള നിങ്ങളുടെ ദീർഘയാത്രയിൽ യേശു നിങ്ങളുടെ അടുത്തേക്കു വരുന്ന ദൃശ്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. തന്റെ യഥാർഥ സത്ത മറച്ചുവച്ചുകൊണ്ട് രഹസ്യമായാണ് അവിടുന്ന് ആദ്യം നിങ്ങളുടെ അടുത്തേക്കു വരുന്നത്. നിങ്ങളെ പഠിപ്പിക്കുമ്പോൾ, ആ മറ നീക്കി തന്റെ യഥാർഥ മഹത്ത്വം നിങ്ങൾക്കു വെളിപ്പെടുത്താൻ അവിടുന്ന് ആഗ്രഹിക്കുന്നു. പ്രാർഥനയിലൂടെ നിങ്ങൾ തന്നോടുകൂടെ വസിക്കണമെന്നും തന്റെ വചനത്തിൽ ശ്രദ്ധയുള്ളവരായിരിക്കണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു. നമ്മുടെ കർത്താവിനെ ഉറ്റുനോക്കുമ്പോൾ, ഓരോ ദിവസവും അവിടുന്ന് സംസാരിക്കുന്നത് നിങ്ങൾ എത്ര വ്യക്തമായി കേൾക്കുന്നു എന്ന ചോദ്യത്തെക്കുറിച്ച് ചിന്തിക്കുക. അവിടുന്ന് ഇവിടെയുണ്ട്, എപ്പോഴും നിങ്ങളോടുകൂടെ. എന്നാൽ നിങ്ങൾ അവിടുത്തോടുകൂടെയാണോ? നിങ്ങൾ അവിടുത്തെ ശ്രവിക്കുകയും അവിടുത്തിൽ വിശ്വസിക്കുകയും അവിടുത്തെ അനുഗമിക്കുകയും സേവിക്കുകയും ചെയ്യുന്നുണ്ടോ? നവജീവനെക്കുറിച്ചുള്ള തന്റെ വാഗ്ദാനങ്ങളിലേക്ക് ഓരോ ദിവസവും നിങ്ങളെ നയിക്കാൻ നിങ്ങൾ അവിടുത്തെ അനുവദിക്കുന്നുണ്ടോ? നിങ്ങളുടെ കൂടാരത്തിനരികെ സ്വന്തം കൂടാരം സ്ഥാപിക്കാൻ നമ്മുടെ കർത്താവിനെ അനുവദിക്കുക. അങ്ങനെ നിങ്ങൾ ദിവസവും അവിടുത്തെ പ്രബോധനത്തിൽ ശ്രദ്ധയുള്ളവരാകുകയും അവിടുന്ന് നിങ്ങളെ സ്വർഗീയ മഹിമകളിലേക്കു നയിക്കുകയും ചെയ്യും.

മറഞ്ഞിരിക്കുന്ന എന്റെ കർത്താവേ, അങ്ങയുടെ ജ്വലിക്കുന്ന സ്നേഹവും നിത്യജീവനിലേക്കുള്ള ക്ഷണവും സകല മനുഷ്യർക്കും വെളിപ്പെടുത്താനാണ് അങ്ങ് വന്നത്. എന്റെ ജീവിതയാത്രയിൽ അങ്ങ് വന്ന് എന്നോടുകൂടെ വസിക്കണമേ; അങ്ങ് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നതെല്ലാം സ്വീകരിക്കാൻ എന്റെ മനസ്സും ഹൃദയവും തുറക്കണമേ. അങ്ങയെ പൂർണമായി അറിയാനും സ്വർഗമാകുന്ന വാഗ്ദത്തദേശത്തേക്ക് അങ്ങയെ അനുഗമിക്കാനും എനിക്കിടയാകട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഇരുപത്തിയേഴാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിവസങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിവസങ്ങൾ

വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന. മാർച്ച് 10-18 വരെ പ്രാർഥിക്കുന്നു.

നോമ്പുകാലത്തിനുള്ള വിഭവങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ: ജെയിംസ് ടിസ്സോയുടെ ‘എന്നാൽ ആരും അവനെ പിടികൂടിയില്ല’, വിക്കിമീഡിയ കോമൺസ് വഴി