മലയാളം

യഥാർഥ സ്നേഹം

2024 മേയ് 17
ഈസ്റ്റർകാലത്തിലെ ഏഴാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

“സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു: നീ ചെറുപ്പമായിരുന്നപ്പോൾ സ്വയം വസ്ത്രം ധരിക്കുകയും ഇഷ്ടമുള്ളിടത്തേക്കു പോവുകയും ചെയ്തിരുന്നു; എന്നാൽ വയസ്സാകുമ്പോൾ നീ കൈകൾ നീട്ടുകയും മറ്റൊരാൾ നിന്നെ വസ്ത്രം ധരിപ്പിച്ച് നീ പോകാൻ ആഗ്രഹിക്കാത്തിടത്തേക്കു നയിക്കുകയും ചെയ്യും.” ഏതു വിധത്തിലുള്ള മരണത്താൽ അവൻ ദൈവത്തെ മഹത്വപ്പെടുത്തുമെന്ന് സൂചിപ്പിക്കാനാണ് യേശു ഇതു പറഞ്ഞത്. ഇതു പറഞ്ഞശേഷം അവിടുന്ന് അവനോടു പറഞ്ഞു: “എന്നെ അനുഗമിക്കുക.” യോഹന്നാൻ 21:18–19

യേശു ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ട ഈ മൂന്നാമത്തെ അവസരത്തിൽ, അവിടുന്ന് പത്രോസുമായി മൂന്നു ഘട്ടങ്ങളിലായി ഒരു സംഭാഷണത്തിൽ ഏർപ്പെടുന്നു. തന്നെ സ്നേഹിക്കുന്നുണ്ടോ എന്നു യേശു ചോദിക്കുന്ന ഓരോ തവണയും, താൻ സ്നേഹിക്കുന്നുണ്ടെന്നു പത്രോസ് മറുപടി പറയുന്നു. ഓരോ തവണയും യേശു യഥാക്രമം ഇങ്ങനെ മറുപടി നൽകുന്നു: “എന്റെ കുഞ്ഞാടുകളെ മേയിക്കുക,” “എന്റെ ആടുകളെ പരിപാലിക്കുക,” “എന്റെ ആടുകളെ മേയിക്കുക.” മുകളിൽ ഉദ്ധരിച്ച ഭാഗം വളരെ ശക്തമായ വാക്കുകളോടെ പത്രോസുമായുള്ള യേശുവിന്റെ സംഭാഷണം അവസാനിപ്പിക്കുന്നു. പത്രോസിനു വയസ്സാകുമ്പോൾ, “മറ്റൊരാൾ നിന്നെ വസ്ത്രം ധരിപ്പിച്ച് നീ പോകാൻ ആഗ്രഹിക്കാത്തിടത്തേക്കു നയിക്കും” എന്നു യേശു അവനോടു പറയുന്നു. ഒടുവിൽ തനിക്കുവേണ്ടി മരിച്ചുകൊണ്ട് പത്രോസ് തന്നോടുള്ള സ്നേഹം പ്രകടിപ്പിക്കുമെന്ന് യേശു അവനോടു പറയുകയായിരുന്നു. നമുക്കറിയാവുന്നതുപോലെ, പത്രോസ് ഒടുവിൽ കുരിശിലേറ്റപ്പെട്ടു എന്നാണ് പാരമ്പര്യം പറയുന്നത്. യേശു മരിച്ച അതേ രീതിയിൽ മരിക്കാൻ താൻ അയോഗ്യനാണെന്നു തോന്നിയതിനാൽ, പത്രോസിന്റെ അഭ്യർഥനപ്രകാരം അദ്ദേഹത്തെ തലകീഴായി കുരിശിലേറ്റി.

യേശുവും പത്രോസും തമ്മിലുള്ള ഈ സംഭാഷണം പരിഗണിക്കുമ്പോൾ, സ്നേഹത്തെക്കുറിച്ചുള്ള യേശുവിന്റെ ധാരണയും ഇന്ന് മറ്റു പലരും അതിനെ മനസ്സിലാക്കുന്ന രീതിയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നു വ്യക്തമാണ്. പത്രോസ് തനിക്കുവേണ്ടി മരിക്കുമെന്ന് യേശു പറയുക മാത്രമായിരുന്നില്ല; പത്രോസ് ഒരുനാൾ അർപ്പിക്കാനിരിക്കുന്ന ഈ സ്നേഹപ്രവൃത്തിക്ക് അവിടുന്ന് വ്യക്തമായി അംഗീകാരം നൽകുകയും ചെയ്യുകയായിരുന്നു. സാധാരണയായി, നാം ഒരാളെ സ്നേഹിക്കുമ്പോൾ അത്തരമൊരു ഗതിയിൽനിന്ന് ആ വ്യക്തിയെ രക്ഷിക്കാൻ നമ്മാൽ കഴിയുന്നതെല്ലാം ചെയ്യും. വാസ്തവത്തിൽ, പ്രിയപ്പെട്ട ഒരാൾ കഷ്ടപ്പെടുമ്പോൾ ആ സഹനത്തിൽനിന്ന് അവരെ മോചിപ്പിക്കാനുള്ള വഴി കണ്ടെത്താൻ നാം പലപ്പോഴും നമ്മാൽ കഴിയുന്നതെല്ലാം ചെയ്യും. അപ്പോൾ ഏതു സമീപനത്തിലാണ് ഏറ്റവും കൂടുതൽ സ്നേഹമുള്ളത്?

തീർച്ചയായും, നമ്മിൽ മിക്കവരും കാണുന്നതിൽനിന്നു വ്യത്യസ്തമായാണ് യേശു സഹനത്തെ കാണുന്നത്. ഉന്നതമായ ഒരു ലക്ഷ്യത്തിനുവേണ്ടി സഹനം സ്വമനസ്സാലെ ഏറ്റെടുക്കുമ്പോൾ, യേശുവിന്റെ കാഴ്ചപ്പാടിൽ അത് സ്നേഹത്തിനു വിരുദ്ധമല്ല. സഹനത്തിന് അതിൽത്തന്നെ മൂല്യമില്ല. എന്നാൽ മറ്റൊരാളോടുള്ള സ്നേഹത്തെപ്രതി ത്യാഗപൂർവം സഹനം ഏറ്റെടുക്കുമ്പോൾ, അതിനു വലിയ ശക്തി കൈവരിക്കാൻ കഴിയും. ഒരുനാൾ തന്നോടുള്ള സ്നേഹത്തെപ്രതി മരിക്കാനിരിക്കുന്ന പത്രോസിനു യേശു വ്യക്തമായ പിന്തുണ നൽകിയപ്പോൾ, പത്രോസിന്റെ കുരിശിലൂടെ നേടാനിരിക്കുന്ന നിത്യമായ പുണ്യത്തിലായിരുന്നു യേശുവിന്റെ ശ്രദ്ധ. പത്രോസിനെ ഭാവിയിൽ കാത്തിരുന്ന ത്യാഗപൂർണമായ സഹനത്തിൽനിന്ന് യേശു ഒഴിഞ്ഞുമാറിയില്ല എന്നത്, പത്രോസിനോടുള്ള യേശുവിന്റെ കൂടുതൽ പൂർണമായ സ്നേഹത്തിന്റെ ഏറ്റവും വ്യക്തമായ അടയാളങ്ങളിലൊന്നാണ്.

നിങ്ങളുടെ പ്രിയപ്പെട്ടവർ അനുഭവിക്കുന്ന സഹനങ്ങളോടുള്ള നിങ്ങളുടെ മനോഭാവത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുക. അവരുടെ സഹനങ്ങൾ ഇല്ലാതാക്കുക എന്നതാണോ നിങ്ങളുടെ പ്രധാന ലക്ഷ്യം? അതോ അവരുടെ സഹനങ്ങൾപോലും അവരുടെതന്നെ വിശുദ്ധിയുടെ ഉറവിടമായും മറ്റുള്ളവർക്കു കൃപയുടെ ഉറവിടമായും മാറാൻ കഴിയുമെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? യേശു സഹനത്തെ കാണുന്നതുപോലെ അതിനെ കാണാൻ പരിശ്രമിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവർ തങ്ങളുടെ സഹനങ്ങളെ ക്രിസ്തുവിന്റെ കുരിശോടു ചേർക്കുമ്പോൾ സാധ്യമാകുന്ന ത്യാഗപൂർണമായ സ്നേഹത്തെ നോക്കിക്കാണുക. സ്നേഹത്തിന്റെ ആ വിശുദ്ധദാനം സ്വീകരിക്കാൻ അവരെ സഹായിക്കുന്ന ദൗത്യത്തിനായി സ്വയം സമർപ്പിക്കാൻ ശ്രമിക്കുക.

ഏറ്റവും കരുണയുള്ള എന്റെ ഈശോയേ, ഞങ്ങളോടെല്ലാവരോടുമുള്ള അങ്ങയുടെ മഹത്തായ സ്നേഹത്താൽ, സകല സഹനങ്ങളും അങ്ങയുടെ വീണ്ടെടുപ്പിന്റെ സ്നേഹത്തിൽ പങ്കുചേരുന്നതിനായി ഞങ്ങളുടെ സഹനങ്ങളെ അങ്ങയുടെ കുരിശിനോടു ചേർത്തുവയ്ക്കാൻ അങ്ങ് ആഗ്രഹിക്കുന്നു. അങ്ങയോടുള്ള സ്നേഹത്തെപ്രതി എന്റെ ജീവിതത്തിലെ സഹനങ്ങളെ സ്വീകരിക്കാൻ മാത്രമല്ല, ഞാൻ സ്നേഹിക്കുന്നവർ സ്നേഹത്തെപ്രതി വഹിക്കുന്ന കുരിശുകളെ സ്വീകരിച്ചുകൊണ്ട് ത്യാഗപൂർവം ജീവിക്കാൻ അവരെ സഹായിക്കാനും എനിക്ക് ആവശ്യമായ കൃപ നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

പരിശുദ്ധാത്മാവിനോടുള്ള നൊവേന
പന്തക്കുസ്തായ്ക്കുള്ള ഒരുക്കമായി ചൊല്ലുന്നത്
മേയ് 10, വെള്ളിയാഴ്ച – മേയ് 18, ശനിയാഴ്ച

ഉയിർപ്പുതിരുനാൾ പ്രാർത്ഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ: വിശുദ്ധ പത്രോസിനെ കുരിശിലേറ്റൽ — രചന: ലൂക്കാ ജോർദാനോ, വിക്കിമീഡിയ കോമൺസ് വഴി