2026 ഏപ്രിൽ 3
കർത്താവിന്റെ പീഡാനുഭവത്തിന്റെ ദുഃഖവെള്ളി
ഗെന്റ് – മരപ്പലകയിലെ ക്രൂശീകരണചിത്രം രചന: Renáta Sedmáková
വീഡിയോ
യേശുവിന്റെ കുരിശിനരികിൽ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലനമറിയവും നിന്നിരുന്നു. തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അവിടെ നിൽക്കുന്നതു കണ്ടപ്പോൾ യേശു അമ്മയോടു പറഞ്ഞു: “സ്ത്രീയേ, ഇതാ, നിന്റെ മകൻ.” പിന്നെ അവൻ ശിഷ്യനോടു പറഞ്ഞു: “ഇതാ, നിന്റെ അമ്മ.” ആ സമയം മുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ സ്വീകരിച്ചു. യോഹന്നാൻ 19:25–27
വിശുദ്ധഗ്രന്ഥത്തിലെ ഏതെങ്കിലും ഒരു നിമിഷത്തിൽ സന്നിഹിതനാകാനും അതു സ്വന്തം കണ്ണുകൾകൊണ്ടു കാണാനും കാതുകൾകൊണ്ടു കേൾക്കാനും ഹൃദയംകൊണ്ട് അനുഭവിക്കാനും ദൈവം നിങ്ങളെ ക്ഷണിച്ചാൽ, നിങ്ങൾ ഏതു നിമിഷമായിരിക്കും തിരഞ്ഞെടുക്കുക? തീർച്ചയായും, ഗബ്രിയേൽ മറിയത്തെ സന്ദേശം അറിയിച്ചതോ ക്രിസ്തുവിന്റെ ജനനമോ ഒരു അത്ഭുതമോ ഒരു പ്രബോധനമോ വിസ്മയഭരിതമാക്കുന്ന അനുഭവമായിരിക്കും. എന്നാൽ, നിർമ്മലവും പരിപൂർണ്ണവുമായ സ്നേഹം ഒരുപക്ഷേ ഏറ്റവും വ്യക്തമായി വെളിപ്പെടുന്നത്, യേശു കുരിശിൽ കിടന്ന മൂന്നു മണിക്കൂറുകളിൽ അമ്മയും മകനും തമ്മിൽ പങ്കുവെച്ച സ്നേഹത്തിലാണ്.
യേശുവിന്റെ ജീവിതത്തിലുടനീളം, മറ്റാർക്കും അറിയാൻ കഴിയാത്തവിധം അവനെ അറിയാനുള്ള അതുല്യമായ അനുഗ്രഹം അവന്റെ അമ്മയ്ക്കുണ്ടായിരുന്നു. അവൾ അവനെ ഉദരത്തിൽ വഹിച്ചു, മുലയൂട്ടി, കുഞ്ഞായിരുന്നപ്പോൾ കുളിപ്പിച്ചു, ഭക്ഷണം നൽകി, അവൻ വളരുന്നതു നോക്കിക്കണ്ടു, അവന്റെ ഓരോ പുണ്യവും ശ്രദ്ധിച്ചു. അവന്റെ ശുശ്രൂഷ വലിയ ശ്രദ്ധയും കടുത്ത വിമർശനവും ഒരുപോലെ ആകർഷിച്ചപ്പോഴും, അവളുടെ വിമലവും മാതൃസ്നേഹം നിറഞ്ഞതുമായ ഹൃദയം അവനിലും അവന്റെ ദൗത്യത്തിലും പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
പെസഹാ ആഴ്ചയിൽ സംഘർഷങ്ങൾ വർധിച്ചപ്പോൾ, അവളുടെ മാതൃസഹജമായ ഉൾബോധം അവളുടെ വിമലഹൃദയത്തെ സങ്കൽപ്പിക്കാവുന്നതിൽ വച്ച് ഏറ്റവും പരിശുദ്ധമായ സ്നേഹവും ദുഃഖവും ഇഴചേർന്ന ഒരനുഭവത്താൽ നിറച്ചു. യേശു അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ, ഏതൊരു മനുഷ്യഹൃദയവും അതുവരെ അനുഭവിച്ചിട്ടുള്ളതിനെക്കാൾ ആഴമേറിയതായിരുന്നു അവളുടെ വേദന. മകന്റെ പീഡാനുഭവവേളയിൽ അവനോടൊപ്പം ഉണ്ടായിരിക്കണമെന്ന അവളുടെ ദൃഢനിശ്ചയത്തെ തടയാൻ ഒരു ഭൗമിക ശക്തിക്കും കഴിയുമായിരുന്നില്ല. യാതൊരു ഭയത്തിനോ ഭീഷണിക്കോ ദുഃഖത്തിനോ തന്റെ മകനെ അവസാനംവരെ അനുഗമിക്കുന്നതിൽനിന്ന് അവളെ തടയാൻ കഴിഞ്ഞില്ല. ദൈവഹിതത്തോടുള്ള പരിപൂർണ്ണമായ ഐക്യത്തിൽ, മറിയത്തിന്റെ സ്നേഹം അചഞ്ചലമായിരുന്നു. കുരിശിൻചുവട്ടിലെ അവളുടെ നിശ്ശബ്ദ സാന്നിധ്യം മാതൃസ്നേഹത്തിന്റെ അതിരുകളില്ലാത്ത ശക്തിക്കു സാക്ഷ്യമായി. യേശുവിന്റെ ജനനവേളയിലെ ആനന്ദത്തിൽ അവനെ ചേർത്തുപിടിച്ചതുപോലെ, ഇപ്പോൾ അവന്റെ പീഡാനുഭവവേളയിൽ അവൾ അവനെ ഹൃദയത്തിൽ ചേർത്തുപിടിച്ചു; വീണ്ടെടുപ്പിന്റെ പ്രവർത്തനത്തിൽ സാക്ഷിയും പങ്കാളിയുമായി അവൾ നിലകൊണ്ടു.
താൻ തൂങ്ങിക്കിടന്ന കുരിശിൽനിന്ന് യേശു താഴേക്ക് അവളെ നോക്കിയപ്പോൾ, അമ്മയുടെ നോട്ടത്തിൽനിന്നു ലഭിച്ച മാനുഷികമായ ആശ്വാസം മാത്രമേ അവന് ആവശ്യമുണ്ടായിരുന്നുള്ളൂ. അവളുടെ സ്നേഹവും വാത്സല്യവും മാത്രമായിരുന്നു ഭൂമിയിൽ അവന് അവശേഷിച്ച സമ്പത്ത്. വസ്ത്രങ്ങൾ ഉരിഞ്ഞുമാറ്റപ്പെട്ട്, കുരിശിൽ ആണികളാൽ തറയ്ക്കപ്പെട്ട്, ശ്വാസംമുട്ടിക്കിടന്ന അവനിൽനിന്ന് അമ്മയുടെ സ്നേഹം എടുത്തുമാറ്റാൻ ആർക്കും കഴിയുമായിരുന്നില്ല. എന്നാൽ, സ്നേഹത്താൽ എല്ലാം നൽകാനാണ് യേശു വന്നത്—തന്റെ അമ്മ ഉൾപ്പെടെ തനിക്കുള്ളതെല്ലാം. സ്നേഹത്താൽ യേശു അവളെ പ്രിയശിഷ്യനായ യോഹന്നാനെയും—അവനിലൂടെ നമ്മെയെല്ലാവരെയും—ഏൽപ്പിച്ചു; അവളെ നമ്മുടെ സ്വന്തം അമ്മയായി നാം സ്വീകരിക്കേണ്ടതിനായിരുന്നു അത്.
രണ്ടുപേർക്കിടയിൽ പങ്കുവെക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അഗാധമായ സ്നേഹത്തോടെ അവളെ നോക്കിക്കൊണ്ട് അവൻ അവളെ “സ്ത്രീയേ” എന്നു വിളിച്ചു—“സ്ത്രീയേ, ഇതാ, നിന്റെ മകൻ.” അവളെ “സ്ത്രീയേ” എന്നു വിളിച്ചതിലൂടെ, രക്ഷാചരിത്രത്തിൽ അവളുടെ വ്യക്തിത്വം അതിന്റെ പൂർണ്ണതയിലെത്തുന്നതു യേശു വെളിപ്പെടുത്തി. ഉല്പത്തി പുസ്തകത്തിൽ മുൻകൂട്ടി അറിയിക്കപ്പെട്ട സ്ത്രീയും വെളിപാട് പുസ്തകത്തിലെ ദർശനത്തിൽ വെളിപ്പെടുത്തപ്പെട്ട സ്ത്രീയും അവളായിരുന്നു. ആകാശങ്ങൾ പിളർക്കപ്പെടുകയും ലോകത്തിന്മേൽ കൃപ വർഷിക്കപ്പെടുകയും ചെയ്ത ആ നിമിഷത്തിൽ, പുതിയ ഹവ്വയായും ജീവനുള്ള എല്ലാവരുടെയും പുതിയ അമ്മയായുമുള്ള തന്റെ ദൗത്യം യേശുവിന്റെ അമ്മ നിറവേറ്റി. ദൈവത്തിന്റെ എല്ലാ മക്കളുടെയും അമ്മയും സംരക്ഷകയുമായി അവൾ മാറി; അതുല്യമായ സ്നേഹത്തോടെ അവർക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുകയും ദൈവകൃപയുടെ മധ്യസ്ഥതയിൽ പങ്കുചേരുകയും ചെയ്തു. അവളുടെ അരികിൽ നിന്നിരുന്ന യോഹന്നാനോടു യേശു പറഞ്ഞു: “ഇതാ, നിന്റെ അമ്മ.” അതിനുശേഷം അവന് ദാഹിച്ചു; ഈസോപ്പിന്റെ ഒരു ചെറുകൊമ്പിൽ നൽകിയ കയ്പുള്ള വീഞ്ഞ് അവൻ കുടിച്ചു; “എല്ലാം പൂർത്തിയായി!” എന്ന് വിളിച്ചുപറഞ്ഞു; തല ചായ്ച്ച് ആത്മാവിനെ സമർപ്പിച്ചു.
ഈ ദുഃഖവെള്ളി നാം ആചരിക്കുമ്പോൾ, ദൈവിക സ്നേഹത്തോടു ചേർന്ന മാനുഷിക സ്നേഹം ഏറ്റവും പവിത്രമായ വിധത്തിൽ ലോകത്തിനു വെളിപ്പെട്ട ആ നിമിഷത്തിലേക്ക് നിങ്ങളുടെ ദൃഷ്ടി ഉറപ്പിക്കുക. ഈ അമ്മയും മകനും തമ്മിലുള്ള സ്നേഹവും, തന്റെ അമ്മയും പുതിയ ഹവ്വയുമായവളെ നമുക്കെല്ലാവർക്കും ദാനമായി നൽകിയതും, ദൈവിക സ്നേഹത്തിന്റെ നിസ്വാർത്ഥ സ്വഭാവം മൂർത്തമാക്കുന്നു. ഈ രഹസ്യത്തെക്കുറിച്ചു ധ്യാനിക്കുക. ആത്മീയമായി ആ നിമിഷത്തിലേക്ക് നിങ്ങൾ ആകർഷിക്കപ്പെടാൻ പ്രാർഥിക്കുക. അവരുടെ സ്നേഹത്തിലേക്കു നോക്കുക; ദൈവപുത്രനായ മിശിഹാ നിങ്ങളോടു പറയുന്നതു കേൾക്കുക: “ഇതാ, നിന്റെ അമ്മ.” ആ വാക്കുകൾ കേൾക്കുകയും വിശ്വസിക്കുകയും അവയോടു പ്രതികരിക്കുകയും ചെയ്യുമ്പോൾ, സ്നേഹം പരിപൂർണ്ണതയിലെത്തുകയും ലോകത്തിന്മേൽ രക്ഷ വർഷിക്കപ്പെടുകയും ചെയ്ത ആ നിമിഷത്തിൽ നിങ്ങൾ സന്നിഹിതരാകുന്നു.
മഹാമഹിമയുള്ള കർത്താവേ, അങ്ങയുടെ അമ്മയല്ലാതെ ഈ ലോകത്തിൽ മറ്റൊന്നും അവശേഷിക്കാതെ അങ്ങ് കുരിശിൽ പീഡയനുഭവിച്ചപ്പോൾ, അങ്ങും അമ്മയും പങ്കുവെച്ച സ്നേഹത്തിൽ ഞങ്ങൾക്കും പങ്കുചേരാൻ കഴിയേണ്ടതിന്, ഞങ്ങളുടെ അമ്മയായിരിക്കുവാൻ അങ്ങ് അമ്മയെ ഞങ്ങൾക്ക് ഏല്പിച്ചുതന്നു. ഞാൻ അമ്മയെ എന്റെ അമ്മയായും അങ്ങയെ എന്റെ രാജാവും ദൈവവുമായും കാണുന്നു. അങ്ങ് എനിക്കു നൽകിയ അളന്നറിയാനാവാത്ത ദാനത്തിനായി ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കുകയും അങ്ങേക്കു നന്ദി പറയുകയും ചെയ്യുന്നു. ഈശോയെ, ഞാൻ അങ്ങയിൽ ശരണം വയ്ക്കുന്നു.
മുപ്പത്തൊൻപതാം ദിവസം ധ്യാനചിന്തകൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശരികിൽ 40 ദിനങ്ങൾ
ഒന്നാം ദിവസം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്കനൊവേന
ദൈവകരുണയുടെ നൊവേനയുടെ ആദ്യദിവസമാണ് ദുഃഖവെള്ളി
കർത്താവിന്റെ പീഡാനുഭവത്തിന്റെ ദുഃഖവെള്ളി
ദുഃഖവെള്ളിക്കായുള്ള പ്രാർത്ഥനാധ്യാനം
ജപമാല – ദുഃഖത്തിന്റെ രഹസ്യങ്ങൾ (വിശുദ്ധഗ്രന്ഥ വചനങ്ങളോടെ)
ഇന്നു നീ എന്നോടുകൂടെ ആയിരിക്കും
വിശുദ്ധവാര കവിത
എഫേസോസിലെ കർഷകന്റെ പ്രാർത്ഥന
വിശുദ്ധവാര കവിത
ക്രൂശിതരൂപത്തിനു മുമ്പിലുള്ള പ്രാർത്ഥന
പൂർണ സമർപ്പണത്തിന്റെ പ്രാർത്ഥന
ശുദ്ധീകരണസ്ഥലത്തിലുള്ളവർക്കുവേണ്ടിയുള്ള പ്രാർത്ഥന
ദൈവത്തോടുള്ള കൂടുതൽ ആഴമായ സ്നേഹം
മറ്റൊരാളോടു ക്ഷമിക്കാനുള്ള കരുണയ്ക്കായി ഒരു ചെറിയ ജപമാല
ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന വിചിന്തനങ്ങൾ
വിശുദ്ധ ഫൗസ്റ്റീനയുടെ ദൈവകരുണയുടെ ലുത്തിനിയ
കരുണയുടെ വർഷത്തിനായുള്ള പ്രാർഥന
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ





