2024 മേയ് 29
ആണ്ടുവട്ടത്തിലെ എട്ടാം ആഴ്ചയിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ പോൾ ആറാമൻ മാർപാപ്പ—ഐച്ഛിക അനുസ്മരണം

അപ്പോൾ സെബദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനും യേശുവിന്റെ അടുക്കൽ വന്നു പറഞ്ഞു: “ഗുരോ, ഞങ്ങൾ അങ്ങയോട് ആവശ്യപ്പെടുന്നതെന്തും ഞങ്ങൾക്കു ചെയ്തുതരണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.” അവൻ അവരോടു ചോദിച്ചു: “ഞാൻ നിങ്ങൾക്ക് എന്തു ചെയ്തുതരണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” അവർ അവനോടു പറഞ്ഞു: “അങ്ങയുടെ മഹത്ത്വത്തിൽ ഞങ്ങളിൽ ഒരാൾ അങ്ങയുടെ വലത്തും മറ്റെയാൾ ഇടത്തും ഇരിക്കാൻ അനുവദിക്കണമേ.” മർക്കോസ് 10:35–37
യാക്കോബിനും യോഹന്നാനും നല്ല ധൈര്യം തോന്നിയിരുന്നു. യേശുവിന്റെ നന്മ അവർക്ക് ഏറെ പരിചിതമായിത്തീർന്നിരുന്നു എന്നതാകാം അവരുടെ ഈ ധൈര്യത്തിന് ഒരു കാരണം. അവൻ മറ്റാരെയും പോലെയായിരുന്നില്ല; അവന്റെ ആത്മാർഥത അവർക്ക് വളരെ വ്യക്തവുമായിരുന്നു. അതുകൊണ്ട്, തങ്ങളുടെ സ്വാർഥമായ ഒരു ആഗ്രഹം സാധിച്ചുതരാൻ കർത്താവിനോട് ആവശ്യപ്പെട്ടുകൊണ്ട്, യേശുവിന്റെ നന്മയെ നിസ്സാരമായി കാണുന്ന കെണിയിലേക്ക് അവർ വഴുതിവീണു. യേശുവിന്റെ മറുപടി സൗമ്യവും ചിന്താപൂർവകവുമാണ്. ഒടുവിൽ, അവരുടെ അഭ്യർഥനയിൽ മറ്റു ശിഷ്യന്മാർ “അമർഷം” പ്രകടിപ്പിച്ചപ്പോൾ, ഈ സ്വാർഥമായ ആഗ്രഹം സാധിച്ചെടുക്കാനുള്ള ശ്രമം യാക്കോബിനെയും യോഹന്നാനെയും ഒരളവോളം വിനയാന്വിതരാക്കി.
ഈ ശിഷ്യന്മാർക്കുള്ള തന്റെ മറുപടി യേശു ഇങ്ങനെ സംഗ്രഹിക്കുന്നു: “…നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം; നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും അടിമയായിരിക്കണം.” തീർച്ചയായും, യേശു ഇവിടെ പ്രത്യേകിച്ച് തന്നെക്കുറിച്ചുതന്നെയായിരുന്നു സംസാരിച്ചത്. അവനായിരുന്നു അവരിൽ ഏറ്റവും വലിയവനും ഒന്നാമനും. അതുകൊണ്ടുതന്നെ, അവരുടെ ശുശ്രൂഷകനും “എല്ലാവരുടെയും അടിമയും” ആയിത്തീർന്നുകൊണ്ട് യേശു തന്നെത്തന്നെ താഴ്ത്തി. സാധാരണയായി, അടിമയായിരിക്കുക എന്ന ആശയത്തിന് വളരെ നിഷേധാത്മകമായ അർഥതലങ്ങളുണ്ട്. അടിമത്തം മറ്റൊരാളുടെ അന്തസ്സിനെ ലംഘിക്കുന്നതാണ്. വ്യക്തിയുടെ അന്തസ്സിനെ തള്ളിക്കളയുന്ന ഒരു രീതിയാണത്. എന്നിരുന്നാലും, യഥാർഥത്തിൽ വലിയവനാകാനുള്ള ഏറ്റവും ഉത്തമമായ വഴി എല്ലാവരുടെയും അടിമയാകുക എന്നതാണെന്ന് യേശു പറയുന്നു.
യഥാർഥ അടിമത്തം മറ്റൊരാളുടെമേൽ അടിച്ചേൽപ്പിക്കുന്നത് ഗുരുതരമായ ഒരു പീഡനമാണ്. എന്നാൽ, വിശുദ്ധമായ അടിമത്തത്തിന്റെ മറ്റൊരു രൂപത്തെക്കുറിച്ചാണ് യേശു സംസാരിക്കുന്നത്. യേശുവിനെ സംബന്ധിച്ചിടത്തോളം, സ്നേഹത്താൽ പ്രേരിതരായി ത്യാഗപൂർവം നമ്മെത്തന്നെ മറ്റൊരാൾക്കു നൽകുന്നതാണ് വിശുദ്ധമായ അടിമത്തം. ഇതാണ് യേശു പരിപൂർണമായി ചെയ്തത്. കുരിശിലെ അവന്റെ മരണം യഥാർഥമായ ശാരീരിക മരണമായിരുന്നു. അത് അവന്റെ ഭൗമികജീവിതത്തിന്റെ ബലിയർപ്പണമായിരുന്നു; എന്നാൽ, അവൻ അതു ചെയ്തത് സ്വമനസ്സാലെയും മറ്റുള്ളവരെ സ്വതന്ത്രരാക്കുക എന്ന ലക്ഷ്യത്തോടെയുമായിരുന്നു. തന്നെക്കുറിച്ചു പരാമർശിച്ചുകൊണ്ട്, തന്റെ വിശുദ്ധമായ “അടിമത്തം” യേശു ഇങ്ങനെ വിശദീകരിക്കുന്നു: “കാരണം, മനുഷ്യപുത്രൻ വന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനദ്രവ്യമായി നൽകാനുമാണ്.”
യേശുവിന്റെ മഹത്ത്വം ഒന്നാമതായി അടങ്ങിയിരിക്കുന്നത് അവൻ ദൈവമാണ് എന്ന ലളിതമായ വസ്തുതയിലാണ്. എന്നാൽ, “അനേകർക്കുവേണ്ടി മോചനദ്രവ്യമായി” തന്റെ ജീവൻ നൽകുമ്പോഴാണ് അവന്റെ മഹത്ത്വം അവന്റെ മനുഷ്യസ്വഭാവത്തിൽ ഏറ്റവും വ്യക്തമായി വെളിപ്പെടുന്നത്. ഇതുവരെ അറിയപ്പെട്ടിട്ടുള്ളതിൽവച്ച് സ്നേഹപൂർവമായ ശുശ്രൂഷയുടെ ഏറ്റവും മഹത്തായ പ്രവൃത്തിയായി മാറുന്നത് കുരിശാണ്. അവന്റെ നിസ്വാർഥമായ ബലിയർപ്പണത്തിന്റെ ഫലം അവനിലേക്കു തിരിയുന്ന എല്ലാവരുടെയും രക്ഷയാണ്. അങ്ങനെ, അടിമത്തത്തെയും മരണത്തെയും ഇതുവരെ അറിയപ്പെട്ടിട്ടുള്ളതിൽവച്ച് സ്നേഹത്തിന്റെ ഏറ്റവും മഹത്തായ പ്രവൃത്തിയായി യേശു മാറ്റുന്നു.
വിശുദ്ധമായ അടിമത്തത്തിന്റെ ജീവിതം നയിക്കാനുള്ള നിങ്ങളുടെ സ്വന്തം വിളിയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. സ്നേഹത്താൽ പ്രേരിതരായി ത്യാഗപൂർവം നിങ്ങളെത്തന്നെ മറ്റുള്ളവർക്കു നൽകാൻ ദൈവം നിങ്ങളെ എങ്ങനെയാണ് വിളിക്കുന്നത്? തികച്ചും മാനുഷികമായ കാഴ്ചപ്പാടിൽ, ത്യാഗം, ദാസ്യം, വിശുദ്ധമായ അടിമത്തം എന്നിവയുടെ ആശയംപോലും ഗ്രഹിക്കാൻ പ്രയാസമാണ്. എന്നാൽ, യേശുവിനെ മാതൃകയാക്കുമ്പോൾ അത് ഏറെ വ്യക്തമാകുന്നു. നിസ്വാർഥമായി നിങ്ങളെത്തന്നെ മറ്റുള്ളവർക്കു നൽകാനുള്ള വഴികൾ തേടുക. ഈ വിശുദ്ധമായ പരിശ്രമത്തിൽ നമ്മുടെ കർത്താവിനെ എത്രത്തോളം അനുകരിക്കാൻ നിങ്ങൾക്കു കഴിയുന്നുവോ, അത്രത്തോളം നിങ്ങളുടെ ജീവിതം മഹത്തായിത്തീരും എന്ന് അറിയുക.
സകല വിശുദ്ധിയുടെയും നാഥാ, വീണ്ടെടുപ്പിനായി അവിടുത്തെ പക്കലേക്കു തിരിയുന്നവരുടെ പാപങ്ങൾക്കുവേണ്ടി മരിക്കാൻ അവിടുന്ന് സ്വമനസ്സാലെ തിരഞ്ഞെടുത്തപ്പോൾ, ആ പരിപൂർണ ദാസ്യശുശ്രൂഷയിലൂടെ അവിടുത്തെ മഹത്ത്വം അവിടുത്തെ മനുഷ്യസ്വഭാവത്തിൽ വെളിപ്പെട്ടു. എല്ലാവരും സ്വതന്ത്രരാക്കപ്പെടേണ്ടതിന് അവിടുന്ന് ദാസന്റെ രൂപം സ്വീകരിച്ച് സ്വയം താഴ്ത്തി. അവിടുത്തെ മഹത്തായ സ്നേഹത്തിൽ എപ്പോഴും ആശ്രയിക്കാനും, അവിടുന്ന് നൽകുന്ന വീണ്ടെടുപ്പിന്റെ ദാനം സ്വീകരിക്കാൻ എന്നെത്തന്നെ നിരന്തരം തുറന്നുകൊടുക്കാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
തിരുഹൃദയ നൊവേന
നൊവേന തീയതികൾ: മേയ് 29 – ജൂൺ 6, 2024
2024 ജൂൺ 7: തിരുഹൃദയത്തിന്റെ മഹോത്സവം
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ പോൾ ആറാമൻ മാർപാപ്പ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിലെ മുഖ്യചിത്രം: ഗലീലി കടലിൽ യേശുവും ശിഷ്യന്മാരും. ചിത്രകാരൻ: കാൾ ഓസ്റ്റർലി, വിക്കിമീഡിയ കോമൺസ്





