മലയാളം

ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ

ജൂൺ 16, 2024
ആണ്ടുവട്ടത്തിലെ പതിനൊന്നാം ഞായർ (വർഷം B)
ഇന്നത്തെ വായനകൾ

വീഡിയോ

അവർക്ക് ഗ്രഹിക്കാൻ കഴിയുന്നതനുസരിച്ച്, ഇത്തരത്തിലുള്ള അനേകം ഉപമകളിലൂടെ അവൻ അവരോട് വചനം പ്രസംഗിച്ചു. ഉപമകളിലൂടെയല്ലാതെ അവൻ അവരോട് സംസാരിച്ചില്ല. എന്നാൽ തന്റെ ശിഷ്യന്മാർക്ക് അവൻ എല്ലാം സ്വകാര്യമായി വിശദീകരിച്ചുകൊടുത്തു. മർക്കോസ് 4:33–34

നമ്മുടെ വിശ്വാസത്തിലെ ഏറ്റവും ആഴമേറിയ രഹസ്യങ്ങൾ മനസ്സിലാക്കാൻ ആഴമായ വിശ്വാസമുള്ള ഒരാൾക്കു മാത്രമേ കഴിയൂ. അവ ഗ്രഹിക്കാൻ കൂർമബുദ്ധി മാത്രം പോരാ; ദൈവത്തിന്റെ സ്വരത്തോടുള്ള ആന്തരിക ശ്രദ്ധയും പരിചയവും ആവശ്യമാണ്. അതുകൊണ്ടാണ് യേശു ജനക്കൂട്ടത്തോട് സംസാരിച്ചപ്പോൾ സ്വർഗ്ഗത്തിന്റെ രഹസ്യങ്ങളെക്കുറിച്ച് നേരിട്ട് പറയുന്നതിനുപകരം ഉപമകളും ആലങ്കാരിക പ്രയോഗങ്ങളും ഉപയോഗിച്ചത്.

ഒരു താരതമ്യം പറഞ്ഞാൽ, നിങ്ങൾ വളരെ വിശിഷ്ടമായ ഒരു വിരുന്നിൽ പങ്കെടുക്കുന്നുവെന്നും രുചികൾ നന്നായി തിരിച്ചറിയാൻ കഴിവുള്ള ആളാണെന്നും കരുതുക. അപ്പോൾ ഏറ്റവും നല്ല മാംസഭാഗം പാകത്തിന് പാകംചെയ്ത് ഒരു ഗ്ലാസ് മികച്ച വീഞ്ഞിനോടൊപ്പം വിളമ്പിക്കിട്ടുന്നത് നിങ്ങൾ ആസ്വദിച്ചേക്കാം. എന്നാൽ ഒരു കൊച്ചുകുട്ടിക്ക് അത്തരമൊരു ഭക്ഷണം അത്ര ആകർഷകമായി തോന്നണമെന്നില്ല. സംഗീതത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ജീവിതകാലം മുഴുവൻ സംഗീതം പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്ത ഒരു സംഗീതജ്ഞനാണ് നിങ്ങളെങ്കിൽ, ചിലതരം സംഗീതം കൂടുതൽ ആഴത്തിൽ ആസ്വദിക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കാം. മറ്റുള്ളവർ ചിലതരം സംഗീതത്തിലേക്ക് ആകർഷിക്കപ്പെടുന്നത് അതിന്റെ താളംകൊണ്ടോ പെട്ടെന്ന് മനസ്സിൽ പതിയുന്ന വരികൾകൊണ്ടോ മാത്രമായിരിക്കാം.

അതുപോലെ, അല്പം മാത്രം വിശ്വാസമുള്ള ഒരാൾക്ക് ദൈവത്തെക്കുറിച്ചുള്ള ഏറ്റവും ആഴമേറിയ നിഗൂഢസത്യങ്ങൾ നേരിട്ടും വ്യക്തമായും വിശദീകരിച്ചുകൊടുത്താൽ, ഉടനടി അവയോട് ആകർഷണം തോന്നണമെന്നില്ല. പകരം, പരിചിതമായ ദൃശ്യങ്ങളോ കഥകളോ ഉപയോഗിച്ച് ലളിതമായി അവതരിപ്പിക്കുന്ന സുവിശേഷസന്ദേശം അവരുടെ ശ്രദ്ധ പിടിച്ചുപറ്റാനും സന്ദേശം പകർന്നുനൽകാനും കൂടുതൽ സഹായകമാണെന്ന് അവർ കണ്ടെത്തിയേക്കാം.

ഇത് മനസ്സിലാക്കുന്നത് നമുക്കു നല്ലതാണ്. കാരണം, നമ്മുടെ വിശ്വാസത്തിന്റെയും ഗ്രാഹ്യശേഷിയുടെയും ആഴത്തിന് ഏറ്റവും അനുയോജ്യമായ രീതികളിലൂടെ ദൈവവുമായി സംവദിക്കാൻ ശ്രമിക്കുന്നത് നമുക്കു ഗുണകരമാണ്. യേശു ഉപമകൾ പറഞ്ഞുകൊടുത്ത ജനക്കൂട്ടത്തിലെ ഒരാളായി തങ്ങളെത്തന്നെ കാണുന്നത് മിക്കവർക്കും വളരെ ഉപകാരപ്രദമായിരിക്കും. പ്രത്യേകിച്ച് നമ്മുടെ വിശ്വാസയാത്ര ആരംഭിക്കുമ്പോൾ, നാം ആ ജനക്കൂട്ടത്തിന്റെ ഭാഗമാണെന്ന് കാണണം. എന്നാൽ വർഷങ്ങളോളം പ്രാർഥനയിലും ധ്യാനത്തിലും ഏറെ സമയം ചെലവഴിച്ച ഒരാളുടെ വിശ്വാസം ആഴപ്പെടാൻ തുടങ്ങുമ്പോൾ, ഉപമകളും കഥകളും മുമ്പത്തെപ്പോലെ പ്രചോദനം നൽകുന്നില്ലെന്ന് തോന്നിയേക്കാം. അവർക്ക് അതിലുമേറെ ആവശ്യമാണ്. ദൈവം തങ്ങളോട് കൂടുതൽ വ്യക്തമായും ആഴമായും സംസാരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു.

പ്രായോഗികമായി പറഞ്ഞാൽ, നിങ്ങളുടെ വിശ്വാസം വളരുമ്പോൾ ദൈവം നിങ്ങളോട് സംസാരിക്കുന്ന കൂടുതൽ ആഴമേറിയ വഴികൾ അന്വേഷിക്കുന്നത് നല്ലതാണ്. യേശു അപ്പസ്തോലന്മാരോട് ചെയ്തതുപോലെ, ദൈവം നിങ്ങളുടെ അടുക്കൽ വന്ന് തന്റെ ഹിതവും വിശ്വാസസത്യങ്ങളും കൂടുതൽ നേരിട്ട് വിശദീകരിച്ചുതരുന്നത് എങ്ങനെയാണ്? ഒരുപക്ഷേ വിശുദ്ധരുടെ ജീവിതചരിത്രങ്ങളോ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥമോ മറ്റേതെങ്കിലും ആത്മീയഗ്രന്ഥമോ വായിക്കുന്നത് നിങ്ങളെ കൂടുതൽ ആഴത്തിൽ സ്പർശിച്ചേക്കാം. കൂടാതെ, വിശ്വാസത്തിൽ വളരുമ്പോൾ ചില വിശുദ്ധഗ്രന്ഥഭാഗങ്ങൾ നിങ്ങൾക്ക് കൂടുതൽ ആത്മീയപോഷണം നൽകിയേക്കാം; ഉദാഹരണത്തിന്, യേശു തന്റെ ശിഷ്യന്മാരോട് കൂടുതൽ നേരിട്ട് സംസാരിക്കുന്ന ഭാഗങ്ങൾ.

നിങ്ങളുടെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ ദൈവത്തിന്റെ വിശുദ്ധ വചനത്തിൽനിന്ന് ഏറ്റവും സമൃദ്ധമായി പോഷണം ലഭിക്കുന്നത് ഏതു വിധത്തിലാണെന്ന് ഇന്ന് വിചിന്തനം ചെയ്യുക. അടുത്തകാലത്ത് നിങ്ങൾക്ക് ഏറ്റവും കൂടുതൽ ആശ്വാസവും പ്രചോദനവും നൽകിയത് എന്താണെന്ന് പരിഗണിക്കുന്നതാണ് ഇത് തിരിച്ചറിയാനുള്ള ഏറ്റവും നല്ല മാർഗം. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ദൈവവചനം നിങ്ങളുടെ ഉള്ളിൽ ഏറ്റവും ശക്തമായി പ്രതിധ്വനിച്ചത് എങ്ങനെയാണ്? അടുത്തകാലത്ത് ദൈവം നിങ്ങളോട് സംസാരിച്ച രീതി തിരിച്ചറിയുന്നതാണ്, നിങ്ങളുടെ വിശ്വാസയാത്രയുടെ ഈ ഘട്ടത്തിൽ അവിടുന്ന് നിങ്ങളെ പഠിപ്പിക്കാനും നിങ്ങൾക്ക് വെളിപ്പെടുത്താനും ആഗ്രഹിക്കുന്നതെല്ലാം അവിടുത്തെ പക്കൽനിന്ന് തുടർന്നും എങ്ങനെ സ്വീകരിക്കണമെന്ന് തീരുമാനിക്കാനുള്ള ഏറ്റവും നല്ല മാർഗം. ദൈവത്തിന്റെ സ്വരം തുടർന്നും അന്വേഷിക്കുക. അവിടുത്തെ രാജ്യത്തിന്റെ രഹസ്യങ്ങളിലെ മനോഹരമായ ആഴങ്ങളിലേക്ക് നിങ്ങളെ കൂടുതൽ കൂടുതൽ ആകർഷിച്ചുകൊണ്ടുപോകാൻ അവിടുത്തെ അനുവദിക്കുന്നതിനായി ഹൃദയം തുറന്നുവയ്ക്കുക.

മഹിമയുള്ള ദൈവവചനമേ, അങ്ങയുടെ ജനത്തോട് പലവിധത്തിൽ സംസാരിക്കാൻ അങ്ങ് തിരുമനസ്സാകുന്നു. ചിലരോട് അങ്ങ് ഉപമകളിലൂടെയും ആലങ്കാരിക പ്രയോഗങ്ങളിലൂടെയും സംസാരിക്കുന്നു. മറ്റുചിലരോട് അങ്ങയുടെ ഹൃദയത്തിന്റെ ആഴങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് കൂടുതൽ നേരിട്ടും ഉറ്റബന്ധത്തോടെയും സംസാരിക്കുന്നു. അങ്ങ് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്ന അനേകം രഹസ്യങ്ങളിലേക്കുള്ള എന്റെ യാത്ര തുടരാൻ കഴിയേണ്ടതിന്, എന്റെ വിശ്വാസത്തെ ആഴപ്പെടുത്തുന്ന വഴികളിലൂടെ എന്നോട് സംസാരിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ: വ്യാകുലമാതാ തീർഥാടനകേന്ദ്രത്തിലെ കപ്പേള (ബെൽവ്യൂ, ഒഹായോ) – വർണച്ചില്ലുചിത്രം, ആത്മാക്കൾക്കുവേണ്ടി തീക്ഷ്ണതയുള്ള യേശു – വിശദാംശം, വിക്കിമീഡിയ കോമൺസ് വഴി