2024 ജൂലൈ 23
സാധാരണകാലത്തിലെ പതിനാറാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ
സ്വീഡനിലെ വിശുദ്ധ ബ്രിജിത്ത, സന്യാസിനി—ഐച്ഛിക അനുസ്മരണം

“ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരന്മാർ?” ശിഷ്യന്മാരുടെ നേരെ കൈ നീട്ടിക്കൊണ്ട് അവൻ പറഞ്ഞു: “ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും. സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.” മത്തായി 12:48–50
താൻ പഠിപ്പിച്ചുകൊണ്ടിരുന്ന വീടിനുള്ളിൽ കൂടിയിരുന്ന ജനങ്ങളോടാണ് യേശു ഈ ചോദ്യങ്ങൾ ചോദിച്ചത്. അവിടുത്തെ അമ്മയും സഹോദരന്മാരും അവിടുത്തോടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് പുറത്ത് എത്തിയിരുന്നു. ഒന്നാമതായി, പുരാതന ഹീബ്രു, അരമായ തുടങ്ങിയ ഭാഷകളിൽ “സഹോദരന്മാർ” എന്ന പദം ഒരേ മാതാപിതാക്കളുടെ മക്കളെ മാത്രമല്ല സൂചിപ്പിച്ചിരുന്നത് എന്നത് ശ്രദ്ധിക്കണം. ഒരേ വിശാലകുടുംബത്തിൽപ്പെട്ട ആരെയും, ഉദാഹരണത്തിന് മാതാപിതാക്കളുടെ സഹോദരങ്ങളുടെ മക്കളെയും, സൂചിപ്പിക്കാൻ അതേ പദം ഉപയോഗിച്ചിരുന്നു. അതിനാൽ, യേശുവിന്റെ അമ്മയും പുരുഷന്മാരായ മറ്റു ചില ബന്ധുക്കളുമാണ് അവിടുത്തെ കാണാൻ വന്നതെന്ന് വ്യക്തമാണ്.
ദൈവത്തിന്റെ കുടുംബത്തെക്കുറിച്ച് ജനക്കൂട്ടത്തെ തുടർന്നും പഠിപ്പിക്കാൻ യേശു ആ അവസരം ഉപയോഗിക്കുന്നു. സ്വർഗസ്ഥനായ പിതാവിന്റെ ഇഷ്ടം അനുസരിക്കുന്നതിലൂടെ നാം തന്റെ കുടുംബത്തിലെ അംഗങ്ങളായിത്തീരുന്നുവെന്ന് അവിടുന്ന് വ്യക്തമായി പറയുന്നു. അങ്ങനെ, കുടുംബത്തെക്കുറിച്ചുള്ള യേശുവിന്റെ നിർവചനം രക്തബന്ധങ്ങൾക്കപ്പുറത്തേക്കു വ്യാപിക്കുന്നു. സ്വന്തം ഇഷ്ടങ്ങളെ പിതാവിന്റെ ഇഷ്ടത്തോടു യോജിപ്പിക്കുന്നതിലൂടെ അവിടുത്തോട് ആത്മീയമായി ഐക്യപ്പെട്ടിരിക്കുന്ന എല്ലാവരെയും അത് ഉൾക്കൊള്ളുന്നു.
ഇത് മനസ്സിലാക്കുന്നത് ഏറെ സഹായകരമാകുന്നതിന്റെ ഒരു കാരണം, നാം ആരാണെന്ന് ഇത് നമുക്കു വെളിപ്പെടുത്തിത്തരുന്നു എന്നതാണ്. നാം തന്റെ കുടുംബത്തിൽ ഉൾപ്പെട്ടവരായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ആരായിത്തീരാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് നാം മനസ്സിലാക്കണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു. പിതാവിന്റെ മക്കളും ക്രിസ്തുവിന്റെ സഹോദരീസഹോദരന്മാരും, ആത്മീയമായ അർഥത്തിൽ നമ്മുടെ കർത്താവിന്റെ അമ്മമാരും പിതാക്കന്മാരും പോലുമായിത്തീരാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. പിതാവിന്റെ ഇഷ്ടത്തോടുള്ള അനുസരണത്തിലൂടെ നാം അവിടുത്തെ ഈ ലോകത്തിലേക്കു കൊണ്ടുവരുന്നു എന്ന അർഥത്തിലാണ് നാം അവിടുത്തെ അമ്മമാരും പിതാക്കന്മാരുമായിത്തീരുന്നത്.
വളരെ ചെറുപ്പംമുതൽതന്നെ കുട്ടികൾ ഏതെങ്കിലും കൂട്ടായ്മയുടെ ഭാഗമായിരിക്കാൻ ആഗ്രഹിക്കുന്നു. അവർക്ക് സുഹൃത്തുക്കളെ വേണം; തങ്ങളെയും ഉൾപ്പെടുത്തണമെന്ന് അവർ ആഗ്രഹിക്കുന്നു; മറ്റുള്ളവരുമായി ബന്ധങ്ങൾ പുലർത്താൻ അവർ ആഗ്രഹിക്കുന്നു. സ്വാഭാവികമായ ഈ ആഗ്രഹം നമ്മുടെ സൃഷ്ടിയുടെ നിമിഷംമുതൽ നമ്മിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു; നാം ആരാണെന്നതിന്റെ കാതലായ ഭാഗവുമാണത്. ദൈവത്തിന്റെ കുടുംബത്തിൽ ആത്മീയമായി അംഗങ്ങളാകുന്നതിലൂടെ മാത്രമേ ആ ആഗ്രഹം പൂർണമായി നിറവേറുകയുള്ളൂ.
സൗഹൃദത്തിനായുള്ള നിങ്ങളുടെ സ്വന്തം ആഗ്രഹത്തെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കുക. രണ്ടു പേർ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരിക്കുമ്പോൾ, പലപ്പോഴും അവർ പരസ്പരം സഹോദരനെന്നോ സഹോദരിയെന്നോ വിളിക്കാറുണ്ട്. സൗഹൃദബന്ധം ആഴമായ സംതൃപ്തി നൽകുന്നു; കാരണം, അതിനായിട്ടാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ യഥാർഥ സൗഹൃദവും യഥാർഥ ആത്മീയ കുടുംബബന്ധങ്ങളും ഏറ്റവും നിർമ്മലമായ രൂപത്തിൽ സംതൃപ്തി നൽകുന്നത്, പിതാവിന്റെ തിരുഹിതത്തോടുള്ള നമ്മുടെ ഐക്യത്തിൽനിന്ന് ഉരുത്തിരിയുന്ന ബന്ധങ്ങളാകുമ്പോൾ മാത്രമാണ്. നിങ്ങൾ പിതാവിന്റെ തിരുഹിതത്തോട് ഐക്യപ്പെട്ടിരിക്കുകയും മറ്റൊരാളും പിതാവിന്റെ തിരുഹിതത്തോട് ഐക്യപ്പെട്ടിരിക്കുകയും ചെയ്യുമ്പോൾ, അത് ഏറ്റവും ആഴമായ തലത്തിൽ സംതൃപ്തി നൽകുന്ന ഒരു കുടുംബബന്ധം സൃഷ്ടിക്കുന്നു. ആ ബന്ധം നമ്മെ മറ്റു ക്രൈസ്തവരുമായി മാത്രമല്ല, ഈ സുവിശേഷഭാഗത്ത് ഈശോ പറയുന്നതുപോലെ, അവിടുത്തോടും ആഴത്തിൽ ഐക്യപ്പെടുത്തുന്നു.
യേശുവിന്റെ ഈ വാക്കുകൾ നിങ്ങൾക്കു നൽകപ്പെട്ട ഒരു ക്ഷണമെന്നപോലെ ഇന്ന് ധ്യാനിക്കുക. അവിടുന്ന് നിങ്ങളെ തന്റെ കുടുംബത്തിലേക്കു ക്ഷണിക്കുകയാണ്. നിങ്ങൾ ആ കുടുംബത്തിൽ ഉൾപ്പെട്ടവരായിരിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. നിങ്ങൾ ആരാണെന്ന ബോധം അവിടുന്നിൽ കണ്ടെത്തണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. പിതാവിന്റെ ഇഷ്ടത്തോടുള്ള പൂർണമായ അനുസരണത്തിലേക്കു പ്രവേശിക്കാൻ നിങ്ങൾ പരിശ്രമിക്കുമ്പോൾ, പിതാവിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കാൻ പരിശ്രമിക്കുന്ന മറ്റുള്ളവരുമായുള്ള നിങ്ങളുടെ ബന്ധങ്ങളിൽ അത് ചെലുത്തുന്ന സ്വാധീനവും പരിഗണിക്കുക. ദൈവത്തോടുള്ള നിങ്ങളുടെ പരസ്പരമുള്ള അനുസരണം സൃഷ്ടിക്കുന്ന ബന്ധത്തിൽ ആനന്ദിക്കുകയും ആ ബന്ധങ്ങളുടെ മാധുര്യം ഏറെ നന്ദിയോടെ ആസ്വദിക്കുകയും ചെയ്യുക.
എന്റെ സ്നേഹനാഥാ, ഐക്യത്തിനും സ്നേഹത്തിനുമായി അങ്ങ് മനുഷ്യകുടുംബത്തെ സ്ഥാപിച്ചു. സ്നേഹത്തിൽ അങ്ങയുടെ കുടുംബത്തിൽ പങ്കുചേരാൻ അങ്ങ് എല്ലാ മനുഷ്യരെയും ക്ഷണിക്കുന്നു. പ്രിയനാഥാ, അങ്ങയുടെ വിശുദ്ധമായ ക്ഷണം ഞാൻ സ്വീകരിക്കുകയും സ്വർഗസ്ഥനായ പിതാവിന്റെ തിരുഹിതത്തോട് പൂർണഹൃദയത്തോടെയുള്ള അനുസരണം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുമ്പോൾ, അങ്ങയോടും അങ്ങയോട് ഐക്യപ്പെട്ടിരിക്കുന്ന എല്ലാവരോടുമുള്ള ബന്ധം കൂടുതൽ ആഴപ്പെടുന്ന പ്രതിഫലത്തിൽ ഞാൻ ആനന്ദിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണം വയ്ക്കുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധ – സന്ന്യാസിനിയായ സ്വീഡനിലെ വിശുദ്ധ ബ്രിജിത്ത്
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




