2024 നവംബർ 27
ആണ്ടുവട്ടത്തിലെ മുപ്പത്തിനാലാം ആഴ്ചയിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ
യേശുവിന്റെ വിചാരണ, പൊതുസഞ്ചയം, Wikimedia Commons വഴി
“ഓർക്കുക, നിങ്ങളുടെ പ്രതിവാദം മുൻകൂട്ടി തയ്യാറാക്കേണ്ടതില്ല. കാരണം, നിങ്ങളുടെ എതിരാളികൾക്കാർക്കും ചെറുത്തുനിൽക്കാനോ ഖണ്ഡിക്കാനോ കഴിയാത്ത വാക്ജ്ഞാനം ഞാൻതന്നെ നിങ്ങൾക്കു നൽകും.” ലൂക്കാ 21:14–15
തന്റെ അനുയായികൾ പീഡിപ്പിക്കപ്പെടുമെന്ന് യേശു വ്യക്തമാക്കുന്ന ഇന്നത്തെ സുവിശേഷഭാഗത്തിലാണ് ഈ വാക്കുകൾ ഉൾക്കൊള്ളുന്നത്. അവരിൽ പലരും പിടിക്കപ്പെടുകയും തടവിലാക്കപ്പെടുകയും വെറുക്കപ്പെടുകയും വധിക്കപ്പെടുകപോലും ചെയ്യും. ചിലർക്ക് സ്വന്തം കുടുംബാംഗങ്ങളിൽനിന്നുപോലും ഇതെല്ലാം അനുഭവിക്കേണ്ടിവരും. എന്നാൽ, അവരെ ഒരുക്കാനും ഈ പീഡനങ്ങൾ തനിക്കു സാക്ഷ്യം നൽകാൻ അവർക്കു വഴിയൊരുക്കുമെന്ന് അവരെ അറിയിക്കാനുമാണ് യേശു ഇതു പറയുന്നത്. അവർ അത് എങ്ങനെ ചെയ്യണമെന്ന് മുകളിലെ സുവിശേഷഭാഗം വിശദീകരിക്കുന്നു.
ഒന്നാമതായി, “സാക്ഷ്യം” നൽകുക എന്നതുകൊണ്ട് പ്രത്യേകമായി അർഥമാക്കുന്നത് അവർ ക്രിസ്തുവിനു സാക്ഷികളാകണമെന്നാണ്. അത്തരം സാക്ഷ്യം ഏറ്റവും നന്നായി നിറവേറുന്ന വഴികളിലൊന്ന് രക്തസാക്ഷിത്വത്തിന്റെ വിവിധ രൂപങ്ങളിലൂടെയാണ്. രക്തസാക്ഷിയാകുക എന്നാൽ സാക്ഷിയാകുക എന്നാണ്. ക്രിസ്തുവിനെപ്രതി പീഡനം സഹിക്കുകയും ആ പീഡനത്തോട് യേശുവിന്റെ ജ്ഞാനത്തിനും പ്രചോദനത്തിനും അനുസൃതമായി പ്രതികരിക്കുകയും ചെയ്യുന്നവരാണ് യഥാർഥ രക്തസാക്ഷികൾ. ഒരാൾ പീഡിപ്പിക്കപ്പെടുമ്പോൾ കോപത്തോടെ പ്രതികരിക്കുകയോ സ്വന്തം വിവേകശൂന്യമായ ഇച്ഛയ്ക്കനുസരിച്ച് അക്രമത്തിനു പകരം അക്രമം ചെയ്യുകയോ ചെയ്താൽ, ആ വ്യക്തി രക്തസാക്ഷിയല്ല എന്ന കാര്യം ശ്രദ്ധിക്കുന്നത് ഉപകാരപ്രദമാണ്. തനിക്കു ലഭിച്ചതിന്റെ അതേ രൂപത്തിലേക്ക് ആ വ്യക്തിയും മാറുന്നു. അങ്ങനെ അവർ കോപവും കയ്പും നിറഞ്ഞവരായിത്തീരുന്നു. രക്തസാക്ഷിയാകാൻ അന്യായമായ പെരുമാറ്റം സഹിക്കുന്നതോടൊപ്പം, ആ ദുഷ്പെരുമാറ്റത്തോടു ദൈവഹിതപ്രകാരം പ്രതികരിക്കുകയും വേണം. അതുകൊണ്ട്, പീഡനത്തിനു തുടക്കമിടുന്നത് ഒരിക്കലും ദൈവമല്ലെങ്കിലും, അവിടുന്ന് നിർദേശിക്കുന്നതുപോലെ പ്രതികരിച്ചുകൊണ്ട് ക്രിസ്തുവിനോടു കൂടുതൽ ആഴത്തിൽ അനുരൂപപ്പെടാനുള്ള അവസരം അത് ക്രൈസ്തവനു നൽകുന്നു.
പീഡനത്തോടു പ്രതികരിക്കുമ്പോൾ നാം മുൻകൂട്ടി പ്രതിവാദം തയ്യാറാക്കരുതെന്ന് യേശു പറയുന്നു. മറ്റൊരാളാൽ പീഡിപ്പിക്കപ്പെടുമ്പോൾ ശക്തമായ പ്രലോഭനം അനുഭവപ്പെടുന്നു എന്നതാണ് ഇതിന്റെ ഒരു കാരണം. ഏതെങ്കിലും വിധത്തിൽ പീഡനം അനുഭവിക്കുമ്പോൾ ഒരാൾക്ക് കോപം തോന്നുകയും സ്നേഹരഹിതവും അസ്വസ്ഥത കൂടുതൽ വഷളാക്കുന്നതുമായ രീതിയിൽ തിരിച്ചടിക്കാൻ പ്രലോഭനമുണ്ടാകുകയും ചെയ്യുന്നത് തികച്ചും മനസ്സിലാക്കാവുന്നതാണ്. ദൈവഹിതമനുസരിച്ച് പീഡനത്തോടു പ്രതികരിക്കാൻ പരിശുദ്ധാത്മാവിന്റെ പ്രേരണകളോടുള്ള ആഴമായ ശ്രദ്ധയും വലിയ എളിമയും പീഡിപ്പിക്കുന്ന വ്യക്തിയോടുള്ള അചഞ്ചലമായ ഉപവിയും ആവശ്യമാണ്. അതിനാൽ, അത്തരം സാഹചര്യങ്ങളിൽ താൻ നിങ്ങളോടൊപ്പമുണ്ടാകുമെന്നും “നിങ്ങളുടെ എതിരാളികൾക്കാർക്കും ചെറുത്തുനിൽക്കാനോ ഖണ്ഡിക്കാനോ കഴിയാത്ത വാക്ജ്ഞാനം” നിങ്ങൾക്കു നൽകുമെന്നും യേശു വാഗ്ദാനം ചെയ്യുന്നു. എത്ര വലിയ കൃപ! എന്നാൽ സ്വന്തം ക്രമരഹിതമായ വികാരാവേശങ്ങളിലും വികാരങ്ങളിലും ആശ്രയിക്കാതെ, പൂർണമായും ക്രിസ്തുവിൽ ആശ്രയിക്കുന്നവർക്കു മാത്രമേ ഈ കൃപ ലഭ്യമാകൂ.
യേശുവിന്റെ ഈ വാഗ്ദാനത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ചിലർക്ക് ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ചെറിയ തോതിലുള്ള പീഡനങ്ങളേ നേരിടേണ്ടിവരൂ. എന്നാൽ മറ്റുചിലർക്ക് സ്വന്തം കുടുംബത്തിൽനിന്നുപോലും പലവിധത്തിൽ കഠിനമായ പീഡനം നേരിടേണ്ടിവരും. മറ്റൊരാളിൽനിന്ന് നിങ്ങൾ അനുഭവിച്ചിട്ടുള്ള ഏതെങ്കിലും അന്യായമായ പെരുമാറ്റത്തെക്കുറിച്ച് ചിന്തിക്കുക; തുടർന്ന് അതിനോടുള്ള നിങ്ങളുടെ പ്രതികരണത്തെക്കുറിച്ചും ചിന്തിക്കുക. ഉടനെ ക്ഷമിക്കാൻ നിങ്ങൾക്കു കഴിഞ്ഞോ? നിങ്ങളുടെ കോപവും മുറിവേറ്റ അഭിമാനവും പ്രതികാരമോഹവും മാറ്റിവയ്ക്കാൻ നിങ്ങൾക്കു കഴിഞ്ഞോ? ക്രിസ്തുവിൽ ദൃഷ്ടിയുറപ്പിക്കാനും, യേശു സഹിച്ച പരിഹാസങ്ങളിലും പീഡനങ്ങളിലും സഹനങ്ങളിലും പങ്കുചേരാൻ നിങ്ങൾ യോഗ്യരായി കരുതപ്പെട്ടതിൽ ആനന്ദിക്കാനും നിങ്ങൾക്കു കഴിഞ്ഞോ? ദൈവത്തിന്റെ ജ്ഞാനത്തിനനുസരിച്ച് എല്ലാവരോടും എപ്പോഴും പ്രതികരിക്കാൻ കഴിയേണ്ടതിന്, യേശുവിന്റെ ഈ വാഗ്ദാനത്തിന്റെ കൃപ സ്വീകരിക്കാൻ നിങ്ങൾ സദാ തുറവുള്ളവരായിരിക്കട്ടെ എന്നു പ്രാർഥിക്കുക.
പീഡനങ്ങൾ സഹിച്ച എന്റെ കർത്താവേ, അങ്ങ് എല്ലാറ്റിലും പരിപൂർണനായിരുന്നിട്ടും ഭൂമിയിലെ ജീവിതത്തിൽ വളരെയേറെ ക്രൂരത സഹിച്ചു. അങ്ങ് സഹിച്ച അനീതി ഞങ്ങളുടെ ഗ്രഹണശക്തിക്ക് അതീതമാണ്. എന്നാൽ അത്തരം പീഡനങ്ങളോടുള്ള അങ്ങയുടെ പ്രതികരണം പരിപൂർണമായിരുന്നു. എല്ലാ ദുഷ്പെരുമാറ്റങ്ങളെയും കൃപയും കരുണയുമാക്കി മാറ്റി, പ്രത്യേകിച്ച് അങ്ങയോടു ദുഷ്പെരുമാറിയവർക്കുവേണ്ടി സമർപ്പിക്കാൻ അങ്ങേക്കു കഴിഞ്ഞു. അങ്ങയുടെ പരിപൂർണമായ പ്രതികരണം അനുകരിക്കാനും അങ്ങയുടെ ജ്ഞാനത്തിലും മാർഗനിർദേശത്തിലും മാത്രം എപ്പോഴും ആശ്രയിക്കാനും എനിക്ക് ആവശ്യമായ കൃപ നൽകണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഞങ്ങളുടെ ആഗമനകാല വിഭവങ്ങൾ കാണുക!
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയുടെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ



