ഡിസംബർ 15, 2024
ആഗമനകാലത്തിലെ മൂന്നാം ഞായർ (വർഷം C)
ഇന്നത്തെ വായനകൾ
“മാനസാന്തരപ്പെടുവിൻ, സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു!” സ്വർഗസ്ഥനായ അങ്ങ് — സൃഷ്ടിച്ചത്: Lawrence OP, അനുമതിപത്രം CC BY-NC-ND 2.0.
ജനക്കൂട്ടം സ്നാപക യോഹന്നാനോട് ചോദിച്ചു: “ഞങ്ങൾ എന്തു ചെയ്യണം?” ലൂക്കാ 3:10
വിശുദ്ധ സ്നാപക യോഹന്നാനോട് ഈ ചോദ്യം ചോദിച്ച ജനക്കൂട്ടത്തിൽ ചുങ്കക്കാരും പടയാളികളും സാധാരണക്കാരും ഉണ്ടായിരുന്നു. അവർക്കെല്ലാം യോഹന്നാൻ മറുപടി നൽകി. അവർ ഏറ്റവും അധികം പോരാടിക്കൊണ്ടിരുന്ന പാപങ്ങളിൽനിന്ന് പിന്തിരിയാനാണ് അദ്ദേഹം ആദ്യം അവരോടു പറഞ്ഞത്. പാപം പല രൂപങ്ങൾ സ്വീകരിക്കുന്നു; പലപ്പോഴും അത് നമ്മുടെ ദൈനംദിന ജീവിതത്തിലെ കടമകളുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. ചില പാപങ്ങൾ മനഃപൂർവമായ പ്രവൃത്തികളിലൂടെ നാം ചെയ്യുന്നവയാണ്. മറ്റു ചിലത് ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതിലൂടെ സംഭവിക്കുന്ന പാപങ്ങളാണ്; അതായത്, ചില സദ്ഗുണങ്ങളുടെ അഭാവമോ നാം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നതിലെ വീഴ്ചയോ ആണ്.
ജനക്കൂട്ടത്തിലുള്ളവർ പോരാടിക്കൊണ്ടിരുന്ന പ്രത്യേക പാപങ്ങളെക്കുറിച്ചു സംസാരിച്ചശേഷം, യോഹന്നാൻ അവരുടെ ശ്രദ്ധ ക്രിസ്തുവിലേക്കു തിരിക്കുന്നു. “എന്നെക്കാൾ ശക്തനായ ഒരുവൻ വരുന്നു” എന്നും “അവൻ നിങ്ങളെ പരിശുദ്ധാത്മാവിനാലും അഗ്നിയാലും സ്നാനപ്പെടുത്തും” എന്നും അദ്ദേഹം അവരോടു പറയുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, യോഹന്നാൻ ജനങ്ങൾക്ക് രണ്ടു കാര്യങ്ങളാണ് നിർദേശിച്ചത്. ഒന്നാമതായി, പാപത്തെ അതിജീവിക്കാൻ പരിശ്രമിക്കുക. രണ്ടാമതായി, നിങ്ങളുടെ അടുത്തേക്കു വരുന്നവനിലേക്കു ദൃഷ്ടി തിരിക്കുക. പാപത്തെക്കുറിച്ചു പശ്ചാത്തപിച്ച് അതിൽനിന്നു പിന്തിരിഞ്ഞാൽ മാത്രം പോരാ. അങ്ങനെ പിന്തിരിഞ്ഞശേഷം, നമ്മുടെ ആത്മാവിലെ ശൂന്യത ക്രിസ്തുവിന്റെ സാന്നിധ്യത്താൽ നിറയ്ക്കണം.
നോമ്പുകാലംപോലെതന്നെ, ഈ സന്ദേശങ്ങൾക്കു ചെവികൊടുക്കാനുള്ള പ്രധാനപ്പെട്ട ഒരു സമയമാണ് നമ്മുടെ ആരാധനാക്രമവർഷത്തിലെ ആഗമനകാലം. വർഷത്തിലെ എല്ലാ ദിവസവും പാപത്തെ അതിജീവിക്കാനും ക്രിസ്തുവിലേക്കു തിരിയാനും നാം പരിശ്രമിക്കണം എന്നതു സത്യമാണ്. എങ്കിലും, ഈ ആത്മീയ പരിശ്രമങ്ങൾക്കായി നാം ഏകാഗ്രതയോടെ പ്രയത്നിക്കുന്ന ഒരു പ്രത്യേക സമയം ഓരോ വർഷവും നമുക്ക് ആവശ്യമാണെന്ന് ദൈവത്തിനറിയാം. അതിനാൽ, ആഗമനകാലം കടന്നുപോകുന്നതിനുമുമ്പ്, സ്നാപകന്റെ വാക്കുകൾക്കു ചെവികൊടുക്കുകയും നിങ്ങളുടെ മനസ്സാക്ഷി സമഗ്രമായി പരിശോധിക്കാൻ കുറച്ചു സമയം മാറ്റിവയ്ക്കുകയും ചെയ്യുക. പത്തു കല്പനകളുടെയോ ഏഴ് മുഖ്യപാപങ്ങളുടെയോ വിശദമായ ഒരു പട്ടിക ഇതിനായി ഉപയോഗിക്കാവുന്നതാണ്. അതു ചെയ്തശേഷം, അനുരഞ്ജന കൂദാശ സ്വീകരിക്കാനുള്ള അവസരം തേടുക. ഫലപ്രദമായ ഒരു ആഗമനകാലത്തിന് ഇത് അത്യാവശ്യമാണ്.
ഇപ്പോൾ നിങ്ങൾ ഏറ്റവും അധികം പോരാടിക്കൊണ്ടിരിക്കുന്ന പാപങ്ങളെക്കുറിച്ച് ആഴമായി പശ്ചാത്തപിച്ച് അവയിൽനിന്നു പിന്തിരിഞ്ഞശേഷം, ഈ ആഗമനകാലത്ത് മനുഷ്യാവതാരമെന്ന അത്ഭുതത്തിന് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് ലോകരക്ഷകനിലേക്കു തിരിയുക. ഒരു കൊച്ചുകുഞ്ഞിന്റെ രൂപത്തിൽ നമ്മുടെ അടുത്തേക്കു വന്ന ദൈവത്തെ ആരാധിക്കാൻ സമയം ചെലവഴിക്കുക. ഈ ദാനത്തെക്കുറിച്ചു ധ്യാനിക്കുക. ഒരു തിരുപ്പിറവി ദൃശ്യത്തിലേക്കു പ്രാർഥനാപൂർവം നോക്കുക. ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള വിശുദ്ധഗ്രന്ഥഭാഗങ്ങൾ വായിക്കുക. കണ്ണുകളടച്ച്, അവിടുത്തെ ജനനവേളയിൽ നിങ്ങളും അവിടെയുണ്ടെന്ന് സങ്കല്പിക്കുക.
യോഹന്നാന്റെ ഈ രണ്ടു കാര്യങ്ങളടങ്ങിയ ഉദ്ബോധനത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുകയും നിങ്ങളുടെ ആഗമനകാല ഒരുക്കങ്ങളിൽ അതു പ്രാവർത്തികമാക്കുകയും ചെയ്യുക. ഈ ആഗമനകാലത്ത് സവിശേഷമായ രീതിയിൽ എല്ലാ പാപങ്ങളിൽനിന്നും നിങ്ങളുടെ ആത്മാവിനെ ശുദ്ധീകരിക്കുക. അതിനുശേഷം, നാം ആഘോഷിക്കാൻ ഒരുങ്ങുന്ന യാഥാർഥ്യത്തെക്കുറിച്ച് പ്രാർഥനാപൂർവം ചിന്തിക്കുകയും ധ്യാനിക്കുകയും ചെയ്യുക. ഈ ആഗമനകാലത്ത് കൂടുതൽ ആഴപ്പെടുന്ന നിങ്ങളുടെ ഭക്തിയിലൂടെയും പ്രാർഥനയിലൂടെയും, യോഹന്നാൻ പറയുന്നതുപോലെ, ഉണ്ണീശോ നിങ്ങളെ യഥാർഥത്തിൽ “പരിശുദ്ധാത്മാവിനാലും അഗ്നിയാലും സ്നാനപ്പെടുത്താൻ” അനുവദിക്കുക.
എന്റെ പ്രിയ ഈശോയെ, അങ്ങ് എന്റെ പാപങ്ങളെ കാണുന്നതുപോലെ അവയെ കാണാൻ എന്നെ സഹായിക്കണമേ. ഞാൻ ചെയ്യുന്ന ഓരോ പാപപ്രവൃത്തിയും, ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതിലൂടെ സംഭവിക്കുന്ന ചെറിയ പാപങ്ങൾപോലും തിരിച്ചറിയാൻ എന്നെ സഹായിക്കണമേ. എന്റെ പാപത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, അങ്ങയുടെ കരുണയിലേക്കും കൃപയിലേക്കും എന്നെ ആകർഷിക്കണമേ. അങ്ങനെ, ഈ ആഗമനകാലത്ത് അങ്ങയെ കാണുന്നതിനായി എന്റെ ആത്മാവിന്റെ കണ്ണുകൾ കൂടുതൽ ആഴത്തിൽ തുറക്കാനും അങ്ങയെ കൂടുതൽ പൂർണമായി ആരാധിക്കാനും എനിക്കു കഴിയട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന
പരമ്പരാഗതമായി നവംബർ 30 മുതൽ ക്രിസ്മസ് തലേന്ന് വരെ ദിവസവും 15 തവണ ചൊല്ലുന്ന പ്രാർത്ഥന.
ആഗമനകാലത്തിനായുള്ള ഞങ്ങളുടെ എല്ലാ വിഭവങ്ങളും കാണുക
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആഗമനകാലത്തിനായുള്ള തിരുവചന ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ





