2025 ജനുവരി 7
കർത്താവിന്റെ പ്രത്യക്ഷീകരണ തിരുനാളിനു ശേഷമുള്ള ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ
പെന്യാഫോർട്ടിലെ വിശുദ്ധ റെയ്മണ്ട്, വൈദികൻ—ഐച്ഛിക അനുസ്മരണം
കാസ്തെൽനോ-ദെസ്ത്രെതെഫോം വിശുദ്ധ മാർട്ടിൻ ദേവാലയം, CC BY-SA 4.0, വിക്കിമീഡിയ കോമൺസ് വഴി
വീഡിയോ
വലിയ ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശുവിന്റെ ഹൃദയം അവരോട് അനുകമ്പയാൽ നിറഞ്ഞു; കാരണം, അവർ ഇടയനില്ലാത്ത ആടുകളെപ്പോലെയായിരുന്നു. അവൻ അവരെ പല കാര്യങ്ങളും പഠിപ്പിക്കാൻ തുടങ്ങി. മർക്കോസ് 6:34
എന്താണ് അനുകമ്പ? മറ്റൊരാളുടെ സഹനം കണ്ട് അയാളോട് യഥാർഥമായ സഹാനുഭൂതി അനുഭവിക്കാൻ ഒരാളെ പ്രാപ്തനാക്കുന്ന ഗുണമാണത്. ഈ സഹാനുഭൂതി, സഹിക്കുന്ന വ്യക്തിയുടെ അടുത്തെത്താനും അയാളുടെ സഹനത്തിൽ പങ്കുചേരാനും അയാൾ കടന്നുപോകുന്ന ഏതു സാഹചര്യവും സഹിച്ചുനിൽക്കാൻ സഹായിക്കാനും പ്രേരിപ്പിക്കുന്നു. ഈ വലിയ ജനക്കൂട്ടത്തെ നോക്കിയപ്പോൾ യേശു തന്റെ തിരുഹൃദയത്തിൽ അനുഭവിച്ചത് ഇതുതന്നെയാണ്.
അഞ്ച് അപ്പവും രണ്ടു മീനും മാത്രം കൊണ്ട് അയ്യായിരം പേരെ ഭക്ഷിപ്പിച്ച സുപരിചിതമായ അത്ഭുതത്തിന് ആമുഖമാണ് മുകളിലെ തിരുവചനഭാഗം. ആ അത്ഭുതം തന്നെ ധ്യാനിക്കാൻ ഏറെ കാര്യങ്ങൾ നൽകുന്നുണ്ടെങ്കിലും, ഈ അത്ഭുതം പ്രവർത്തിക്കാൻ നമ്മുടെ കർത്താവിനെ പ്രേരിപ്പിച്ചതെന്തെന്നു ചിന്തിക്കാൻ ഈ ആമുഖവാക്യവും നമുക്ക് ഏറെ കാര്യങ്ങൾ നൽകുന്നു.
വലിയ ജനക്കൂട്ടത്തെ നോക്കിയപ്പോൾ, വഴിതെറ്റിയവരെപ്പോലെ കാണപ്പെട്ട, എന്തോ അന്വേഷിച്ചുകൊണ്ടിരുന്ന, ആത്മീയമായി വിശന്നിരുന്ന ഒരു കൂട്ടം ആളുകളെയാണ് യേശു കണ്ടത്. തങ്ങളുടെ ജീവിതത്തിന് ദിശാബോധം ലഭിക്കാൻ അവർ ആഗ്രഹിച്ചു; അതുകൊണ്ടാണ് അവർ യേശുവിന്റെ അടുത്തേക്കു വന്നുകൊണ്ടിരുന്നത്. എന്നാൽ, നാം ധ്യാനിക്കുന്നത് ഏറെ പ്രയോജനകരമായ ഒന്നാണ് യേശുവിന്റെ ഹൃദയം. അവരുടെ നിർബന്ധം അവനെ അസ്വസ്ഥനാക്കിയില്ല; അവർ അവന് ഒരു ഭാരമായിരുന്നില്ല. മറിച്ച്, അവരുടെ ആത്മീയ ദാരിദ്ര്യവും വിശപ്പും അവന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. ഇത് അവന്റെ ഹൃദയത്തിൽ “അലിവ്” ഉണർത്തി; ആത്മാർഥമായ അനുകമ്പയുടെ ഒരു രൂപമാണത്. അതുകൊണ്ട് അവൻ അവരെ “പല കാര്യങ്ങളും” പഠിപ്പിച്ചു.
ശ്രദ്ധേയമായ കാര്യം, ആ അത്ഭുതം ഒരു അധിക അനുഗ്രഹം മാത്രമായിരുന്നു എന്നതാണ്; അനുകമ്പ നിറഞ്ഞ തന്റെ ഹൃദയത്താൽ പ്രേരിതനായി യേശു ചെയ്ത പ്രഥമ കാര്യം അതായിരുന്നില്ല. സർവപ്രധാനമായി, അവന്റെ അനുകമ്പ അവരെ പഠിപ്പിക്കാനാണ് അവനെ പ്രേരിപ്പിച്ചത്.
അതേ അനുകമ്പയോടെയാണ് യേശു നമ്മിൽ ഓരോരുത്തരെയും നോക്കുന്നത്. നിങ്ങൾ ആശയക്കുഴപ്പത്തിലാകുമ്പോഴെല്ലാം, ജീവിതത്തിൽ ദിശാബോധം ഇല്ലാതാകുമ്പോഴെല്ലാം, ആത്മീയമായി വിശക്കുമ്പോഴെല്ലാം, ഈ വലിയ ജനക്കൂട്ടത്തെ നോക്കിയ അതേ നോട്ടത്തോടെയാണ് യേശു നിങ്ങളെയും നോക്കുന്നത്. നിങ്ങളുടെ ആവശ്യങ്ങൾക്കുള്ള അവന്റെ പരിഹാരം നിങ്ങളെയും പഠിപ്പിക്കുക എന്നതാണ്. തിരുവചനം പഠിച്ചും ദിവസേന പ്രാർഥിച്ചും ധ്യാനിച്ചും വിശുദ്ധരുടെ ജീവിതങ്ങൾ വായിച്ചും നമ്മുടെ സഭയുടെ മഹത്തായ അനേകം പ്രബോധനങ്ങൾ പഠിച്ചും നിങ്ങൾ തന്നിൽനിന്ന് പഠിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. വഴിതെറ്റി അലയുന്ന ഓരോ ഹൃദയത്തിനും ആത്മീയ സംതൃപ്തിക്കായി ആവശ്യമുള്ള ആഹാരം ഇതാണ്.
നമ്മുടെ ദിവ്യനാഥന്റെ അനുകമ്പ നിറഞ്ഞ ഹൃദയത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. അത്യധികമായ സ്നേഹത്തോടെ അവൻ നിങ്ങളെ നോക്കുന്നത് കാണാൻ മനസ്സുതുറക്കുക. നിങ്ങളോടു സംസാരിക്കാനും നിങ്ങളെ പഠിപ്പിക്കാനും നിങ്ങളെ തന്നിലേക്കു നയിക്കാനും അവനെ പ്രേരിപ്പിക്കുന്ന നോട്ടമാണതെന്ന് അറിയുക. നമ്മുടെ കർത്താവിന്റെ അനുകമ്പ നിറഞ്ഞ ഈ ഹൃദയത്തിൽ വിശ്വസിക്കുക; സ്നേഹത്തോടെ നിങ്ങളുടെ അടുത്തേക്കു വരാൻ അവനെ അനുവദിക്കുക.
കർത്താവേ, ഹൃദയം നിറഞ്ഞ സ്നേഹത്തോടും അനുകമ്പയോടുംകൂടെ അങ്ങ് എന്നെ നോക്കുമ്പോൾ അങ്ങയെ കാണാൻ എന്നെ സഹായിക്കണമേ. എന്റെ ഓരോ പോരാട്ടവും ഓരോ ആവശ്യവും അങ്ങ് അറിയുന്നുവെന്ന് എനിക്കറിയാം. അങ്ങ് എന്റെ യഥാർഥ ഇടയനായിത്തീരേണ്ടതിന്, അങ്ങേക്കും അങ്ങയുടെ കരുണയ്ക്കും എന്നെത്തന്നെ തുറന്നുകൊടുക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഇന്നത്തെ വിശുദ്ധൻ – പെന്യാഫോർട്ടിലെ വിശുദ്ധ റെയ്മണ്ട്, വൈദികൻ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയ്ക്കുള്ള വായനകളുടെ തിരഞ്ഞെടുപ്പുകൾ





