മലയാളം

അതിമഹത്തായ പരസ്നേഹത്തിന്റെ ഒരു പ്രവൃത്തി

2025 ജനുവരി 17

ആശ്രമാധിപനായ വിശുദ്ധ അന്തോണീസിന്റെ ഓർമ്മ

ഇന്നത്തെ വായനകൾ
ആണ്ടുവട്ടത്തിലെ ഒന്നാം ആഴ്ചയിലെ വെള്ളിയാഴ്ചയിലെ വായനകൾ

ഉൽപത്തി മുതൽ വെളിപാട് വരെയുള്ള ബൈബിളിന്റെ കഥ, പൊതുസഞ്ചയത്തിലുള്ളത്, വിക്കിമീഡിയ കോമൺസ് വഴി

വീഡിയോ

നാലുപേർ ചുമന്നുകൊണ്ടുവന്ന ഒരു തളർവാതരോഗിയെ അവർ അവന്റെ അടുക്കൽ കൊണ്ടുവന്നു. ജനക്കൂട്ടം നിമിത്തം യേശുവിന്റെ അടുത്തെത്താൻ കഴിയാതെ വന്നപ്പോൾ, അവൻ ഇരുന്ന സ്ഥലത്തിനു മുകളിലുള്ള മേൽക്കൂര അവർ തുറന്നു. മേൽക്കൂര പൊളിച്ചശേഷം, തളർവാതരോഗി കിടന്നിരുന്ന പായ അവർ താഴേക്കിറക്കി. മർക്കോസ് 2:3–4

സ്വന്തം പരിശ്രമത്താൽ നമ്മുടെ കർത്താവിലേക്കു തിരിയാൻ കഴിവില്ലാത്തവരെന്നു തോന്നുന്ന, നമ്മുടെ ജീവിതത്തിലുള്ള ചില വ്യക്തികളുടെ പ്രതീകമാണ് ഈ തളർവാതരോഗി. അയാൾ സൗഖ്യം ആഗ്രഹിച്ചിരുന്നു എന്നതു വ്യക്തമാണ്. എന്നാൽ സ്വന്തം പരിശ്രമത്താൽ നമ്മുടെ കർത്താവിന്റെ അടുക്കൽ വരാൻ അയാൾക്കു കഴിഞ്ഞില്ല. അതിനാൽ ഈ തളർവാതരോഗിയുടെ സുഹൃത്തുക്കൾ അയാളെ യേശുവിന്റെ അടുക്കൽ ചുമന്നുകൊണ്ടുവന്നു. ജനക്കൂട്ടം അത്ര വലുതായിരുന്നതിനാൽ അവർ മേൽക്കൂര തുറന്ന് അയാളെ യേശുവിന്റെ മുമ്പിലേക്കു താഴ്ത്തിയിറക്കി.

ഈ മനുഷ്യന്റെ പക്ഷാഘാതം ഒരു പ്രത്യേകതരം പാപത്തിന്റെ പ്രതീകമാണ്. ക്ഷമ ലഭിക്കാൻ ആഗ്രഹമുണ്ടെങ്കിലും സ്വന്തം പരിശ്രമത്താൽ നമ്മുടെ കർത്താവിലേക്കു തിരിയാൻ കഴിയാത്ത അവസ്ഥയിലാക്കുന്ന പാപമാണത്. ഉദാഹരണത്തിന്, ഗുരുതരമായ ഒരു ആസക്തി ഒരാളുടെ ജീവിതത്തെ സ്വന്തം പരിശ്രമത്താൽ അതിനെ അതിജീവിക്കാൻ കഴിയാത്തവിധം കീഴടക്കിയേക്കാം. സഹായത്തിനായി നമ്മുടെ കർത്താവിലേക്കു തിരിയാൻപോലും അവർക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമാണ്.

നാമോരോരുത്തരും ഈ തളർവാതരോഗിയുടെ സുഹൃത്തുക്കളുടെ സ്ഥാനത്ത് നമ്മെത്തന്നെ കാണണം. പാപജീവിതത്തിൽ കുടുങ്ങിക്കിടക്കുന്ന ഒരാളെ കാണുമ്പോൾ, പലപ്പോഴും നാം അയാളെ വിധിച്ചുകൊണ്ട് അകന്നുപോകുന്നു. എന്നാൽ മറ്റൊരാൾക്കുവേണ്ടി നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ പരസ്നേഹപ്രവൃത്തികളിലൊന്ന്, സ്വന്തം പാപത്തെ അതിജീവിക്കാൻ ആവശ്യമായ മാർഗങ്ങൾ അയാൾക്കു ലഭിക്കാൻ സഹായിക്കുക എന്നതാണ്. നമ്മുടെ ഉപദേശം, പതറാത്ത അനുകമ്പ, ശ്രദ്ധയോടെ കേൾക്കാനുള്ള സന്നദ്ധത എന്നിവയിലൂടെയും, ആവശ്യങ്ങളുടെയും നിരാശയുടെയും സമയത്ത് ആ വ്യക്തിയോടു വിശ്വസ്തത പുലർത്തുന്ന ഏതൊരു പ്രവൃത്തിയിലൂടെയും നമുക്ക് ഇതു ചെയ്യാം.

പ്രകടമായ പാപത്തിന്റെ ആവർത്തനത്തിൽ അകപ്പെട്ടിരിക്കുന്നവരോട് നിങ്ങൾ എങ്ങനെയാണു പെരുമാറുന്നത്? അവജ്ഞയോടെ കണ്ണുരുട്ടി നിങ്ങൾ അവരിൽനിന്ന് അകന്നുപോകാറുണ്ടോ? അതോ, സ്വന്തം പാപത്തെ അതിജീവിക്കാനാകുമെന്ന പ്രത്യാശ ജീവിതത്തിൽ തീരെ കുറവായിരിക്കുമ്പോഴോ ഒട്ടുമില്ലാതിരിക്കുമ്പോഴോ, അവർക്കു പ്രത്യാശ നൽകാനും അവരെ സഹായിക്കാനും ഒപ്പമുണ്ടാകുമെന്ന് നിങ്ങൾ ഉറച്ച തീരുമാനമെടുക്കുന്നുണ്ടോ? നമ്മുടെ കർത്താവിലേക്കു പൂർണ്ണമായി തിരിയാൻ സഹായിച്ചുകൊണ്ട് അവർക്കൊപ്പം നിലകൊള്ളുന്നതിലൂടെ നൽകുന്ന പ്രത്യാശയുടെ ദാനം, നിങ്ങൾക്കു മറ്റൊരാൾക്കു നൽകാവുന്ന ഏറ്റവും മഹത്തായ ദാനങ്ങളിലൊന്നാണ്.

പാപത്തിന്റെ ആവർത്തനത്തിൽ അകപ്പെട്ടിരിക്കുക മാത്രമല്ല, ആ പാപത്തെ അതിജീവിക്കാമെന്ന പ്രത്യാശയും നഷ്ടപ്പെട്ടതായി തോന്നുന്ന, നിങ്ങൾക്കറിയാവുന്ന ഒരു വ്യക്തിയെക്കുറിച്ച് ഇന്നു ചിന്തിക്കുക. പ്രാർഥനാപൂർവ്വം നിങ്ങളെത്തന്നെ നമ്മുടെ കർത്താവിനു സമർപ്പിക്കുക. നമ്മുടെ ദിവ്യനാഥനിലേക്കു പൂർണ്ണമായി തിരിയാൻ ആ വ്യക്തിയെ സഹായിക്കുന്നതിനായി, നിങ്ങൾക്കു കഴിയുന്ന എന്തും ഏതും ചെയ്യുക എന്ന പരസ്നേഹപ്രവൃത്തിക്കായി നിങ്ങളെത്തന്നെ സമർപ്പിക്കുക.

എന്റെ പ്രിയപ്പെട്ട ഈശോയേ, അങ്ങയെ ഏറ്റവും അധികം ആവശ്യമുള്ളവരും, എന്നാൽ അങ്ങയിൽനിന്ന് തങ്ങളെ അകറ്റിനിർത്തുന്ന പാപത്തെ ജീവിതത്തിൽ അതിജീവിക്കാൻ കഴിവില്ലാത്തവരായി കാണപ്പെടുന്നവരുമായ ആളുകളോടുള്ള ഉപവിയാൽ എന്റെ ഹൃദയം നിറയ്ക്കണമേ. അവരോടുള്ള എന്റെ അചഞ്ചലമായ പ്രതിബദ്ധത, സ്വന്തം ജീവിതം അങ്ങേക്കു സമർപ്പിക്കാൻ അവർക്കാവശ്യമായ പ്രത്യാശ പകരുന്ന ഒരു ഉപവിപ്രവൃത്തിയാകട്ടെ. പ്രിയ കർത്താവേ, എന്നെ അങ്ങയുടെ ഉപകരണമാക്കണമേ. എന്റെ ജീവിതം അങ്ങയുടെ കരങ്ങളിലാണ്. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ജീവനുവേണ്ടിയുള്ള ഒൻപതു ദിവസത്തെ നൊവേന

കാട്ടുതീ ബാധിതർക്കുവേണ്ടിയുള്ള പ്രാർഥന

ഇന്നത്തെ വിശുദ്ധൻ – ഈജിപ്തിലെ ആശ്രമാധിപനായ വിശുദ്ധ അന്തോണീസ്—ഓർമ്മദിനം

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.