മലയാളം

ദൈവകൃപയിലുള്ള രൂപാന്തരം

2025 ജനുവരി 31

വൈദികനായ വിശുദ്ധ ജോൺ ബോസ്കോയുടെ ഓർമ്മ

ഇന്നത്തെ വായനകൾ
ആണ്ടുവട്ടക്കാലത്തിലെ മൂന്നാം വാരത്തിലെ വെള്ളിയാഴ്ചയിലെ വായനകൾ 

ഴാൻ-ഫ്രാൻസ്വാ മില്ലെ, പൊതുസഞ്ചയം, Wikimedia Commons വഴി

വീഡിയോ

യേശു ജനക്കൂട്ടത്തോടു പറഞ്ഞു: “ദൈവരാജ്യം ഇപ്രകാരമാണ്: ഒരുവൻ നിലത്തു വിത്തു വിതയ്ക്കുന്നു. അവൻ രാത്രിയിൽ ഉറങ്ങുകയും പകൽ എഴുന്നേൽക്കുകയും ചെയ്യുന്നു. വിത്താകട്ടെ മുളച്ചു വളരുന്നു; എങ്ങനെയെന്ന് അവൻ അറിയുന്നില്ല.  മർക്കോസ് 4:26–27

ദൈവവചനം മനുഷ്യരുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നു ധ്യാനിക്കുന്നത് എത്ര മനോഹരമാണ്. മുകളിൽ നൽകിയിരിക്കുന്ന ചെറിയ വചനഭാഗം ദൈവവചനം പങ്കുവയ്ക്കുന്നതിനെ വിത്തു വിതയ്ക്കുന്നതിനോട് ഉപമിക്കുന്നു. വിതക്കാരൻ പുറപ്പെട്ട് നിലത്തു വിത്തു വിതയ്ക്കുന്നു; പിന്നീട് ആ വിത്ത് വളർന്ന് ഫലം കായ്ക്കുന്ന ചെടിയാകുന്നത് നിരീക്ഷിക്കുന്നു. “എങ്ങനെയെന്ന് അവൻ അറിയുന്നില്ല” എന്ന വാക്യം ആ രഹസ്യം സൂചിപ്പിക്കുന്നു.

ദൈവവചനത്തിന്റെ കാര്യവും അങ്ങനെതന്നെയാണ്. മറ്റൊരാൾ ആ വചനം സ്വീകരിക്കുമ്പോൾ, അത് ആ വ്യക്തിയുടെ ജീവിതത്തിൽ വേരുറച്ച് രൂപാന്തരം വരുത്തുന്നത് മാറിനിന്നു കാണാൻ കഴിയുന്നത് നമുക്കു ലഭിക്കുന്ന അനുഗ്രഹമാണ്. തീർച്ചയായും, ചിലപ്പോൾ നാം വചനം വിതച്ചാലും അത് വേരുറയ്ക്കുകയില്ല. ആ വ്യക്തിയുടെ ഹൃദയകാഠിന്യമോ നാം വിതയ്ക്കുന്ന രീതിയോ ആകാം അതിനു കാരണം. എന്നാൽ ദൈവവചനത്തിന്റെ വിത്ത് വേരുറയ്ക്കുമ്പോൾ, ആ ആത്മാവിൽ ദൈവം പ്രവർത്തിക്കുന്ന വിധം കണ്ട് നാം വിസ്മയാദരപൂർവം നിൽക്കണം.

നിങ്ങളുടെ സ്വന്തം ജീവിതത്തിലെ ഈ യാഥാർഥ്യത്തെക്കുറിച്ചു ചിന്തിക്കുക. ദൈവവചനത്തിന്റെ നല്ല വിത്ത് നിങ്ങൾ ആദ്യം സ്വീകരിച്ചത് എങ്ങനെയാണ്? ഒരുപക്ഷേ ഒരു പ്രസംഗത്തിലൂടെയോ ധ്യാനത്തിലൂടെയോ വിശുദ്ധഗ്രന്ഥവായനയിലൂടെയോ ഒരു പുസ്തകത്തിലൂടെയോ മറ്റൊരാളുടെ സാക്ഷ്യത്തിലൂടെയോ ആയിരിക്കാം. നിങ്ങളുടെ ജീവിതത്തിലേക്ക് ആദ്യമായി ദൈവവചനം സ്വീകരിച്ചത് എങ്ങനെയെന്നും അത് നിങ്ങളിൽ എന്തു ഫലമുളവാക്കിയെന്നും ചിന്തിക്കുക.

ദൈവവചനം ഒരു ആത്മാവിൽ വേരുറച്ചുകഴിഞ്ഞാൽ, ഈ വിത്ത് വളരുന്നത് നിരീക്ഷിക്കാൻ “രാത്രിയും പകലും എഴുന്നേൽക്കുന്നത്” ഒരു വിശുദ്ധ അഭ്യാസമാണ്. പ്രത്യേകിച്ച്, ഒരു ജീവിതം—അത് സ്വന്തം ജീവിതമാകട്ടെ, മറ്റൊരാളുടേതാകട്ടെ—മാറ്റപ്പെടുന്ന നിഗൂഢമായ രീതി കണ്ട് വിസ്മയിക്കാൻ നാം മനസ്സുതുറക്കണം. ഒരു വ്യക്തിയുടെ ആത്മാവ് പാപത്തെ വേരോടെ പിഴുതെറിയാനും പുണ്യം തേടാനും പ്രാർഥനാജീവിതം കെട്ടിപ്പടുക്കാനും ദൈവസ്നേഹത്തിൽ വളരാനും തുടങ്ങുന്നത് കാണുന്നത് പ്രചോദനമേകുന്നു.

ഇത് സ്വന്തം അനുഭവവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കാൻ നിങ്ങൾക്കു പ്രയാസമുണ്ടെങ്കിൽ, ഒരുപക്ഷേ ദൈവവചനത്തിന്റെ ആ വിത്ത് നിങ്ങളുടെ ആത്മാവിന്റെ ഫലഭൂയിഷ്ഠമായ മണ്ണിലേക്ക് മൃദുവായും ആഴമായും പതിക്കാൻ അനുവദിക്കേണ്ട സമയമായിരിക്കാം ഇത്. അല്ലെങ്കിൽ, മറ്റൊരാളുടെ ഹൃദയത്തിൽ ആ വിത്തു വിതയ്ക്കാൻ ദൈവം നിങ്ങളെ എങ്ങനെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു എന്നു പ്രാർഥനാപൂർവം അന്വേഷിക്കേണ്ട സമയമായിരിക്കാം. രണ്ടാമത്തേതു ചെയ്യാൻ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തോട് ഏറെ തുറവുള്ളവരായിരിക്കണം. സുവിശേഷവത്കരണത്തിൽ ദൈവത്തിന്റെ കരത്തോടു ചേർന്ന് എങ്ങനെ പ്രവർത്തിക്കാമെന്ന് അറിയാൻ, അവിടുന്ന് നമുക്കു പ്രചോദനം നൽകുന്നതിന് നാം മനസ്സു തുറക്കണം.

മാറ്റത്തിന്റെയും ആത്മീയവളർച്ചയുടെയും ഈ പ്രക്രിയയിലൂടെ കടന്നുപോകുന്ന ഒരു ആത്മാവിന്റെ “രഹസ്യത്തെക്കുറിച്ച്” ഇന്ന് ധ്യാനിക്കുക. ധ്യാനിക്കാനായി അത്തരമൊരു ഉദാഹരണം കണ്ടെത്താൻ നിങ്ങൾക്കു പ്രയാസമുണ്ടെങ്കിൽ, വിശുദ്ധരുടെ ജീവിതത്തിലേക്കു തിരിയുക. ദൈവവചനം തങ്ങളുടെ ജീവിതത്തിൽ ആഴത്തിൽ പതിക്കാൻ അനുവദിക്കുകയും അങ്ങനെ ദൈവകൃപയാൽ രൂപാന്തരപ്പെട്ട് പുതിയ സൃഷ്ടികളായിത്തീരുകയും ചെയ്തവരുടെ ഏറ്റവും വലിയ സാക്ഷികളിൽ വിശുദ്ധരുമുണ്ട്. രൂപാന്തരപ്പെടുത്തുന്ന ഈ സാക്ഷ്യത്തെക്കുറിച്ചു ധ്യാനിക്കുക; അങ്ങനെ ചെയ്യുമ്പോൾ കൃതജ്ഞതയിലേക്കും വിസ്മയത്തിലേക്കും ആകർഷിക്കപ്പെടാൻ സ്വയം അനുവദിക്കുക.

എന്നെ രൂപാന്തരപ്പെടുത്തുന്ന എന്റെ കർത്താവേ, അങ്ങയുടെ വിശുദ്ധ വചനത്തിന്റെ വിത്ത് എന്റെ ജീവിതത്തിൽ വിതച്ചതിനായി ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങ് എന്നെ മാറ്റുകയും പാപത്തിൽനിന്ന് മോചിപ്പിക്കുകയും വിശുദ്ധിയിലേക്കുള്ള വഴിയിൽ നയിക്കുകയും ചെയ്തതിനായി ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. പ്രിയ കർത്താവേ, മറ്റുള്ളവരുടെ ജീവിതങ്ങളിൽ ആ വിത്ത് വിതയ്ക്കാൻ എന്നെ ഉപയോഗിക്കണമേ. അങ്ങയുടെ കരുണാർദ്രമായ കരം പ്രവർത്തിക്കുന്നത് കാണുമ്പോൾ എന്നെ വിസ്മയവും ഭയഭക്തിയുംകൊണ്ട് നിറയ്ക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വിശുദ്ധ ജോൺ ബോസ്കോ, വൈദികൻ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.