ഒക്ടോബർ 27, 2026
സാധാരണകാലം മുപ്പതാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ
കടുകുമണിയുടെ ഉപമ, രചന: Lawrence OP, CC BY-NC-ND 2.0.
യേശു പറഞ്ഞു: “ദൈവരാജ്യം എന്തിനോടു സദൃശമാണ്? ഞാൻ അതിനെ എന്തിനോട് ഉപമിക്കും? അത് ഒരുവൻ എടുത്ത് തോട്ടത്തിൽ നട്ട ഒരു കടുകുമണിക്കു സദൃശമാണ്. പൂർണമായി വളർന്നപ്പോൾ അതൊരു വലിയ കുറ്റിച്ചെടിയായി; ആകാശത്തിലെ പക്ഷികൾ അതിന്റെ ശാഖകളിൽ വസിച്ചു.” ലൂക്കാ 13:18–19
സുവിശേഷത്തിന്റെ എളിയതും മറഞ്ഞിരിക്കുന്നതുമായ തുടക്കങ്ങളെയാണ് കടുകുമണി പ്രതീകപ്പെടുത്തുന്നത്. ക്രിസ്തുതന്നെ ഒരു പുൽത്തൊട്ടിയിൽ ജനിക്കുകയും ഒരു കുറ്റവാളിയെപ്പോലെ ക്രൂശിക്കപ്പെടുകയും ചെയ്തു. ആത്മീയമായി പറഞ്ഞാൽ, കടുകുമണി എന്ന പ്രതീകത്തിന്റെ ഏറ്റവും ഉത്തമമായ സാക്ഷാത്കാരമാണ് അവിടുന്ന്. അതുപോലെതന്നെ, ദൈവിക വിതക്കാരന്റെ കരങ്ങളാൽ വിതയ്ക്കപ്പെട്ട, സാധാരണക്കാരും ഏറെയും കാര്യമായ പഠിപ്പില്ലാത്തവരുമായ ഒരുപിടി മനുഷ്യരിലൂടെയാണ് സഭ ആരംഭിച്ചത്.
ഇന്ന് സുവിശേഷം പല രീതികളിൽ പ്രഘോഷിക്കപ്പെടുന്നു. ചിലപ്പോൾ അത് ഊർജസ്വലമായ പ്രസംഗങ്ങളിലൂടെയും കണ്ണഞ്ചിപ്പിക്കുന്ന അവതരണരീതികളിലൂടെയും ആകർഷകമായ വാഗ്ദാനങ്ങളിലൂടെയും നമ്മിലേക്കെത്തുന്നു. എന്നാൽ യഥാർഥ സുവിശേഷത്തിന് ശബ്ദപ്രഭാവങ്ങളോ ദൃശ്യവിസ്മയങ്ങളോ ആവശ്യമില്ല. നമ്മെ യഥാർഥത്തിൽ രൂപാന്തരപ്പെടുത്തുന്ന സുവിശേഷം, വാസ്തവത്തിൽ, നമ്മുടെ ഹൃദയമാകുന്ന ഫലഭൂയിഷ്ഠമായ മണ്ണിൽ നിശ്ശബ്ദമായി വിതയ്ക്കപ്പെടുന്ന ആ ചെറിയ കടുകുമണിപോലെയാണ്. അങ്ങനെ സംഭവിക്കുമ്പോൾ ദൈവരാജ്യം നമ്മുടെ ഉള്ളിൽ വളരാൻ തുടങ്ങുന്നു.
സാങ്കേതികവിദ്യയുടെയും സാമൂഹികമാധ്യമങ്ങളുടെയും വളർച്ചയോടെ, സുവിശേഷം പങ്കുവയ്ക്കാൻ ഹോളിവുഡ് ശൈലിയിലുള്ള സമീപനങ്ങൾ സ്വീകരിച്ചേ മതിയാകൂ എന്നു നമുക്കു തോന്നിയേക്കാം. സാങ്കേതികവിദ്യ, കല, സംഗീതം, വീഡിയോ, കണ്ണാകർഷിക്കുന്ന അവതരണരീതികൾ എന്നിവയ്ക്ക് ചിലപ്പോഴൊക്കെ സുവിശേഷവത്കരണത്തെ സഹായിക്കാൻ കഴിയും—പ്രത്യേകിച്ച് നിരന്തരം ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്ന ഒരു ലോകത്തിൽ മുഴുകിക്കഴിയുന്നവരിലേക്കെത്തുമ്പോൾ. എങ്കിലും, ദൈവരാജ്യം കെട്ടിപ്പടുക്കാൻ നിർമലവും ലളിതവും എളിമയുള്ളതുമായ സുവിശേഷം എല്ലായ്പ്പോഴും പര്യാപ്തമാണെന്നു മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
യേശുവിന്റെ സുവിശേഷസന്ദേശത്തിലെ ഏറ്റവും പ്രധാനപ്പെട്ട വശം പരിഗണിക്കുക: അവിടുത്തെ പീഡാനുഭവവും മരണവും ഉത്ഥാനവും. മാനുഷിക മാനദണ്ഡമനുസരിച്ച് ഗംഭീരമോ മഹത്വപൂർണമോ ആയ ഒരു പ്രകടനത്തിലല്ല സുവിശേഷം അതിന്റെ പാരമ്യത്തിലെത്തിയത്. കാഹളനാദങ്ങളുടെ മധ്യത്തിൽ ഒരു സ്വർണസിംഹാസനത്തിലിരുന്നല്ല യേശു തന്റെ അവസാനത്തെ പ്രഭാഷണം നടത്തിയത്. ലോകം കാൺകെ നഗ്നനായി, അപമാനിതനായി, അടിയേറ്റ്, ക്രൂശിക്കപ്പെട്ട് താൻ തൂങ്ങിക്കിടന്ന കുരിശെന്ന മരണോപകരണത്തിൽനിന്നാണ് അവിടുന്ന് അത് നടത്തിയത്. ലോകത്തിന്റെ മാനദണ്ഡമനുസരിച്ച് അവിടുത്തെ ജീവിതം ലജ്ജയിലും അപമാനത്തിലും അവസാനിച്ചു. ദൈവത്തിന്റെ മാനദണ്ഡമനുസരിച്ചാകട്ടെ, അവിടുന്ന് അന്ത്യശ്വാസം വലിച്ചപ്പോൾ അവിടുത്തെ തിരുഹൃദയത്തിൽനിന്ന് കൃപയുടെ വിത്തുകൾ സമൃദ്ധമായി ഒഴുകിയിറങ്ങി.
ഉത്ഥാനംപോലും അനേകരുടെ കണ്ണുകളിൽനിന്ന്, പ്രത്യേകിച്ച് അവിടുത്തെ എതിരാളികളുടെ കണ്ണുകളിൽനിന്ന്, മറഞ്ഞിരുന്നു. മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം, പ്രധാനപുരോഹിതന്മാരെയും നിയമജ്ഞരെയും ഫരിസേയരെയും ജനപ്രമാണികളെയും നിശ്ശബ്ദരാക്കാൻ മഹത്വവും പ്രതാപവും പ്രസരിപ്പിച്ചുകൊണ്ട് അവിടുന്ന് ദേവാലയത്തിൽ പ്രത്യക്ഷപ്പെട്ടില്ല. പകരം, വിശ്വാസമുള്ളവർക്ക് ശാന്തമായും സ്നേഹപൂർവമായും സൂക്ഷ്മവും വ്യക്തിപരവുമായ രീതികളിൽ അവിടുന്ന് പ്രത്യക്ഷപ്പെട്ടു. ഹൃദയം കഠിനമായവരുടെ മുമ്പിൽ തന്നെത്തന്നെ തെളിയിക്കാൻ അവിടുന്ന് ശ്രമിച്ചില്ല; മറിച്ച്, തന്നെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തവരുടെ വിശ്വാസത്തെ അവിടുന്ന് പരിപോഷിപ്പിച്ചു.
സഭയുടെ തുടക്കവും അപമാനത്തിന്റെ നടുവിലായിരുന്നു. പെന്തക്കുസ്തയ്ക്കു പിന്നാലെതന്നെ പീഡനവും രക്തസാക്ഷിത്വവും വന്നെത്തി. തങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞുകൊണ്ട് ആദിമ ക്രൈസ്തവർ രഹസ്യമായി, പലപ്പോഴും വീടുകളിലോ മറഞ്ഞിരിക്കുന്ന ഇടങ്ങളിലോ, ആരാധന നടത്തി. സുവിശേഷപ്രഘോഷകരിൽ ഏറ്റവും മഹാനായ വിശുദ്ധ പൗലോസ്, തന്റെ ശുശ്രൂഷയിലുടനീളം ചാട്ടവാറടികളും തടവുകളും കപ്പൽച്ചേതങ്ങളും വിശപ്പും തിരസ്കരണവും നിരന്തരമായ പീഡനവും സഹിച്ചുകൊണ്ട് അത്യധികം കഷ്ടതയനുഭവിച്ചു. അദ്ദേഹം പരിഹസിക്കപ്പെട്ടു, മർദിക്കപ്പെട്ടു, കല്ലെറിയപ്പെട്ടു, മരിച്ചെന്നു കരുതി ഉപേക്ഷിക്കപ്പെട്ടു. മറ്റുള്ളവരുടെ ഹൃദയങ്ങളിൽ സത്യത്തിന്റെ ആ അതിസൂക്ഷ്മമായ കടുകുമണി വിതയ്ക്കുന്നതിനുവേണ്ടിയായിരുന്നു ഇതെല്ലാം. എങ്കിലും, വിശ്വസ്തതയോടെയുള്ള അദ്ദേഹത്തിന്റെ സഹനസ്ഥൈര്യത്തിലൂടെ സഭ നഗരത്തിൽനിന്ന് നഗരത്തിലേക്കു വ്യാപിക്കുകയും വിജാതീയലോകത്തിൽ വേരുറപ്പിക്കുകയും ചെയ്തു.
ബേത്ലെഹെമിലെ ഒരു ഗുഹയിൽ ജനിച്ച്, പ്രവാസത്തിലേക്കയയ്ക്കപ്പെട്ട്, അധികമാരും അറിയാത്ത നസറത്ത് പട്ടണത്തിൽ വളർന്ന്, മറ്റുള്ളവരുടെ ഔദാര്യത്തെ ആശ്രയിച്ചു ജീവിക്കുന്ന ദരിദ്രനായ ഒരു സഞ്ചാരപ്രഘോഷകനായിത്തീർന്ന ആ എളിയ തച്ചനെ, നൂറ്റാണ്ടുകളിലുടനീളം അസംഖ്യം ആത്മാക്കൾ അറിയുകയും സ്നേഹിക്കുകയും ചെയ്തിട്ടുണ്ട്. അവിടുന്ന് ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുകയും പാപത്തെ വേരോടെ പിഴുതെറിയുകയും ചെയ്തിട്ടുണ്ട്; പാപികളുടെ ഇടയിൽനിന്ന് തന്റെ രാജ്യം കെട്ടിപ്പടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിനെല്ലാം കാരണം, അവിടുത്തെ ജീവിതമാകുന്ന എളിയ വിത്ത് തുറവിയുള്ള ഹൃദയങ്ങളിൽ വീണ്ടും വീണ്ടും വിതയ്ക്കപ്പെട്ടിരിക്കുന്നു എന്നതാണ്.
നിങ്ങളുടെ ജീവിതത്തിൽ ദൈവകൃപ പ്രവർത്തിക്കുന്ന മറഞ്ഞിരിക്കുന്ന വഴികളെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങളുടെ വിശ്വാസം ചെറുതാണെന്നു തോന്നിയാലോ സുവിശേഷവത്കരണത്തിനായുള്ള നിങ്ങളുടെ ശ്രമങ്ങൾ ആരും ശ്രദ്ധിക്കുന്നില്ലെന്നു തോന്നിയാലോ നിരുത്സാഹപ്പെടരുത്. എളിമയോടെ സ്വീകരിക്കുകയും നിശ്ശബ്ദമായി ജീവിക്കുകയും ചെയ്യുന്ന യഥാർഥ സുവിശേഷത്തിന് വളരാനും സമൃദ്ധമായി ഫലം പുറപ്പെടുവിക്കാനും ശക്തിയുണ്ടെന്നു വിശ്വസിക്കുക. ദൈവവചനത്തിന്റെ വിത്ത് നിങ്ങളുടെ ആത്മാവാകുന്ന മണ്ണിൽ ആഴത്തിൽ വേരുറപ്പിക്കാൻ അനുവദിക്കുക; പ്രാർഥനയും വിശ്വസ്തതയും സ്നേഹവുംകൊണ്ട് ക്ഷമാപൂർവം അതിനെ പരിപോഷിപ്പിക്കുക. ദൈവത്തിന്റെ ഏറ്റവും ഉചിതമായ സമയത്ത്, ആ വിത്ത് നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുന്നതിനെക്കാൾ ഏറെ വലുതായി വളർന്ന് അനേകർക്ക് ആത്മീയ അഭയവും പോഷണവും നൽകും.
മഹത്വപൂർണനായ എന്റെ രാജാവേ, അങ്ങയുടെ രാജ്യം ഈ ലോകത്തിന്റേതല്ല. ഒരു കടുകുമണിപോലെ അത് എളിമയുള്ളതും ലളിതവുമാണ്; എങ്കിലും ഫലഭൂയിഷ്ഠമായ ഹൃദയങ്ങളിൽ വിതയ്ക്കപ്പെടുമ്പോൾ അത് വിശാലമായി പടർന്നു വളരുകയും ഞങ്ങളുടെ ആത്മാക്കളെ വിശാലമാക്കുകയും അങ്ങയുടെ നിത്യരാജ്യത്തിലെ അംഗങ്ങളായി ഞങ്ങളെ മാറ്റുകയും ചെയ്യുന്നു. അങ്ങയുടെ രക്ഷാകരമായ സുവിശേഷത്തിന് ഞാൻ എപ്പോഴും എന്റെ ഹൃദയം തുറക്കുകയും എളിയ ആ വിത്തിനെ പ്രാർഥനയാൽ പരിപോഷിപ്പിക്കുകയും ചെയ്യുമാറാകട്ടെ; അങ്ങനെ അങ്ങയുടെ കൃപയാൽ എന്റെ ജീവിതം രൂപാന്തരപ്പെടട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
വിശുദ്ധ യൂദാശ്ലീഹായോടുള്ള നൊവേന
നിരാശാജനകമായ സാഹചര്യങ്ങൾക്കും പ്രതീക്ഷയറ്റ കാര്യങ്ങൾക്കും വേണ്ടി
വർഷത്തിൽ എപ്പോൾ വേണമെങ്കിലും പ്രാർത്ഥിക്കാം, പ്രത്യേകിച്ച് ഒക്ടോബർ 19–27
ഒക്ടോബർ വിശുദ്ധ ജപമാലയുടെ മാസമാണ്
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ



