മലയാളം

വിശ്വാസത്താൽ രൂപാന്തരപ്പെടുന്ന ഭയം

2025 ഫെബ്രുവരി 4
സാധാരണകാലത്തിലെ നാലാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

ഗബ്രിയേൽ ഫോൻ മാക്സ്, CC0, വിക്കിമീഡിയ കോമൺസ് മുഖേന

വീഡിയോ

അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ സിനഗോഗധികാരിയുടെ വീട്ടിൽനിന്ന് ചിലർ വന്നു പറഞ്ഞു: “അങ്ങയുടെ മകൾ മരിച്ചുപോയി; ഇനി എന്തിനു ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നു?” അറിയിക്കപ്പെട്ട സന്ദേശം വകവയ്ക്കാതെ യേശു സിനഗോഗധികാരിയോടു പറഞ്ഞു: “ഭയപ്പെടേണ്ടാ; വിശ്വസിക്കുക മാത്രം ചെയ്യുക.” മർക്കോസ് 5:35–36

ഈ ചെറിയ വാക്യം ഓരോ ദിവസവും ധ്യാനിക്കേണ്ട ഒന്നാണ്. “ഭയപ്പെടേണ്ടാ; വിശ്വസിക്കുക മാത്രം ചെയ്യുക.” ജീവിതത്തിലുടനീളം നാം അനുഭവിക്കുന്ന പല സാഹചര്യങ്ങൾക്കും ഈ വാക്കുകൾ ബാധകമാണ്. നമ്മുടെ കർത്താവിന്റെ സ്നേഹപൂർവമായ ഒരു കല്പനയാണിത്. നാമെല്ലാവരും കേൾക്കേണ്ട ഒരു കല്പനയാണിത്, പ്രത്യേകിച്ച് ക്ലേശങ്ങൾ നമ്മുടെ വഴിയിൽ വരുമ്പോൾ.

ആദ്യം ശ്രദ്ധിക്കേണ്ടത്, അതിതീവ്രമായ വികാരങ്ങളും ഭയത്തിനു വഴങ്ങാനുള്ള പ്രലോഭനങ്ങളും സ്വാഭാവികമായി മനസ്സിലാക്കാവുന്ന ഒരു ഗുരുതര സാഹചര്യമായിരുന്നു ഇത് എന്നതാണ്. ഈ സംഭവത്തിലെ പിതാവിന്റെ ഇളയ മകൾ മരണാസന്നയായിരുന്നു. അവളെ സുഖപ്പെടുത്തണമെന്ന് യേശുവിനോട് അപേക്ഷിക്കാനാണ് അദ്ദേഹം വന്നത്. യേശു സമ്മതിച്ചു. എന്നാൽ അവർ വഴിയിലായിരിക്കുമ്പോൾ, മകൾ മരിച്ചുപോയെന്ന ഹൃദയഭേദകമായ വാർത്ത യേശുവിനും ആ പിതാവിനും ലഭിച്ചു. ഏതൊരു മാതാവിനും പിതാവിനും മനസ്സിലാകുന്നതുപോലെ, ഈ വാർത്ത കേൾക്കുന്നത് അദ്ദേഹത്തിന് അത്യന്തം ദുഷ്കരമായിരുന്നിരിക്കണം. അതിനാൽ, ഈ പിതാവ് അനുഭവിച്ചുകൊണ്ടിരുന്ന ദുഃഖം മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ട് തുടങ്ങുക. തകർത്തുകളയുന്ന ഈ വാർത്ത കേട്ട ആ നിമിഷത്തിലെ അദ്ദേഹത്തിന്റെ ദുഃഖം പ്രത്യേകിച്ച് മനസ്സിലാക്കാൻ ശ്രമിക്കുക.

അദ്ദേഹത്തിന്റെ ദുഃഖത്തെക്കുറിച്ചു ധ്യാനിക്കുമ്പോൾ, യേശുവിന്റെ ഹൃദയം, ചിന്തകൾ, വികാരങ്ങൾ, വാക്കുകൾ എന്നിവയെക്കുറിച്ചും ധ്യാനിക്കാൻ ശ്രമിക്കുക. യേശുവിന് ഭയമൊന്നും ഉണ്ടായിരുന്നില്ല. ഇതിന്റെ അവസാനം വളരെ നല്ലതായിരിക്കുമെന്ന് അവിടുത്തേക്ക് അറിയാമായിരുന്നു. എന്നാൽ ദുഃഖിതനായ ഈ പിതാവിനോട് ആഴമായ സഹാനുഭൂതിയും സ്നേഹവും ഉണ്ടായിരുന്നതിനാൽ, അദ്ദേഹത്തിനു പ്രത്യാശ നൽകാൻ യേശു അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞു. ജീവിതത്തിലെ അത്യന്തം ദുഷ്കരവും വേദനാജനകവുമായ ഒരനുഭവത്തിന്റെ നടുവിൽ പ്രത്യാശ കണ്ടെത്തുക എളുപ്പമല്ല. ദുഃഖത്തെ അഭിമുഖീകരിക്കുമ്പോൾ നിരാശയ്ക്കു വഴങ്ങാനുള്ള ശക്തമായ പ്രലോഭനം ഉണ്ടാകാം. പ്രത്യാശ പൂർണമായി നഷ്ടപ്പെടുന്നതാണ് നിരാശ. നിരാശ നമ്മെ ദൈവത്തിൽനിന്ന് അകറ്റിനിർത്തുകയും നമ്മുടെ വിശ്വാസം കവർന്നെടുക്കുകയും ചെയ്യുന്നു. എന്നാൽ യേശുവിന്റെ സ്നേഹപൂർവമായ കല്പന അനുസരിച്ചാൽ നമുക്ക് എപ്പോഴും നിരാശ ഒഴിവാക്കാനാകും. “ഭയപ്പെടേണ്ടാ; വിശ്വസിക്കുക മാത്രം ചെയ്യുക.”

ജീവിതത്തിൽ ഭയത്തിനു വഴങ്ങാൻ നിങ്ങളെ പ്രലോഭിപ്പിക്കുന്നത് എന്താണ്? പ്രത്യാശ നഷ്ടപ്പെടുത്താൻ നിങ്ങളെ പ്രലോഭിപ്പിക്കുന്നത് എന്താണ്? ഒരുപക്ഷേ, പ്രിയപ്പെട്ട ഒരാളുടെ മരണം താങ്ങാൻ നിങ്ങൾ പാടുപെടുന്നുണ്ടാകാം; അത് നിങ്ങൾക്ക് ഏറെ ദുഷ്കരമായി അനുഭവപ്പെടുന്നുണ്ടാകാം. ഒരുപക്ഷേ, നിങ്ങളുടെ ദുഃഖത്തിനു പിന്നിൽ ചെറിയ കാരണങ്ങളായിരിക്കാം; ഇപ്പോൾ അത് നിസ്സാരമായിരിക്കാം. നാമെല്ലാവരും ഓരോ ദിവസവും പ്രത്യാശ നഷ്ടപ്പെടുത്താനുള്ള ചെറിയ പ്രലോഭനങ്ങൾ അനുഭവിക്കും എന്നതാണ് സത്യം. മിക്കവരും ഏതെങ്കിലും അവസരത്തിൽ കഠിനമായ പ്രലോഭനങ്ങളും അനുഭവിക്കും. ഈ കാരണങ്ങളാൽ, നാമെല്ലാവരും യേശുവിന്റെ വാക്കുകൾ നിരന്തരം ശ്രവിക്കുകയും ജീവിതത്തിലെ എല്ലാ ഭയങ്ങളും അകറ്റാൻ പരിശ്രമിക്കുകയും വേണം. ഒപ്പം, നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയിലുള്ള അചഞ്ചലമായ വിശ്വാസത്തിൽനിന്നു ജനിക്കുന്ന പ്രത്യാശയുടെ ദാനം നമുക്കു നൽകണമേ എന്നു ദൈവത്തോട് അപേക്ഷിക്കുകയും വേണം.

ജീവിതത്തിൽ നിരാശയോടോ ഭയത്തോടോ ഉത്കണ്ഠയോടോ നിങ്ങൾ നടത്തുന്ന ഏതൊരു പോരാട്ടത്തെക്കുറിച്ചും ഇന്ന് ധ്യാനിക്കുക. അങ്ങനെ ചെയ്യുമ്പോൾ, വിശ്വാസത്തോടെ ദൈവത്തിലേക്കു തിരിയുമ്പോൾ എല്ലാം സാധ്യമാണെന്ന് അറിയുക. വിശ്വാസം ജീവിതത്തിലെ ക്ലേശങ്ങളെ നീക്കണമെന്നില്ല; അതിലും മെച്ചപ്പെട്ട ഒന്നാണ് അതു ചെയ്യുന്നത്. കൃപയോടും സന്തോഷത്തോടും അതിസ്വാഭാവികമായ പ്രത്യാശയോടുംകൂടെ ക്ലേശങ്ങൾ സഹിക്കാൻ കഴിയുന്നവിധം വിശ്വാസം അവയെ രൂപാന്തരപ്പെടുത്തുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ, ജീവിതത്തിലെ എല്ലാം നമ്മുടെ നന്മയ്ക്കായി ഉപയോഗിക്കാൻ ദൈവത്തിനു കഴിയും. നാം ചെയ്യേണ്ടത് ഭയത്തെ നിരന്തരം തള്ളിക്കളഞ്ഞ് “വിശ്വസിക്കുക മാത്രം ചെയ്യുക” എന്നതാണ്.

കരുണാമയനായ എന്റെ കർത്താവേ, ദുഃഖിതനായ ഈ പിതാവിനെ അങ്ങ് ആശ്വസിപ്പിക്കുകയും വിശ്വാസത്തിന്റെയും പ്രത്യാശയുടെയും ദാനങ്ങൾ അദ്ദേഹത്തിന്റെ ഉള്ളിൽ നിറയ്ക്കുകയും ചെയ്തുവല്ലോ. ജീവിതത്തിൽ എന്തിനോടു പോരാടേണ്ടിവന്നാലും അങ്ങയിൽ ആശ്രയിക്കാൻ എന്നെ വിളിച്ചുകൊണ്ട്, അങ്ങയുടെ സ്നേഹപൂർവമായ കല്പന എന്നോടും അരുളിച്ചെയ്യണമേ. ഞാൻ എപ്പോഴും അങ്ങയിൽ വിശ്വസിക്കുകയും ഒരിക്കലും നിരാശയിലോ ഭയത്തിലോ വീഴാതിരിക്കുകയും ചെയ്യട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയ്ക്കായി തിരഞ്ഞെടുക്കാവുന്ന വായനകൾ


  Subscribe to our YouTube channel  
  to be notified about new content.