മലയാളം

ദൈവഭവനത്തിൽ പ്രവേശിക്കുകയും ദൈവഭവനമായി മാറുകയും ചെയ്യുക

ജൂലൈ 28, 2026
ആണ്ടുവട്ടത്തിലെ പതിനേഴാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ


അപ്പസ്തോലന്മാരോടു വിടപറയുന്ന ക്രിസ്തു, രചന: ദൂച്ചോ ദി ബുവൊനിൻസെഞ്ഞ

വീഡിയോ

യേശു ജനക്കൂട്ടത്തെ പറഞ്ഞയച്ചശേഷം വീട്ടിലേക്കു പോയി. ശിഷ്യന്മാർ അവനെ സമീപിച്ചു പറഞ്ഞു: “വയലിലെ കളകളുടെ ഉപമ ഞങ്ങൾക്കു വിശദീകരിച്ചുതരണമേ.” മത്തായി 13:36

സൂക്ഷ്മമെങ്കിലും പ്രാധാന്യമുള്ള ഒരു വിശദാംശത്തോടെയാണ് ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത്: “യേശു ജനക്കൂട്ടത്തെ പറഞ്ഞയച്ചശേഷം വീട്ടിലേക്കു പോയി.” പൊതുവേദിയിൽനിന്ന് സ്വകാര്യതയിലേക്കുള്ള ഈ മാറ്റം സുവിശേഷങ്ങളിൽ ആവർത്തിച്ചു കാണുന്ന ഒരു രീതിയെ പ്രതിഫലിപ്പിക്കുന്നു: നമ്മുടെ കർത്താവ് രാജ്യത്തിന്റെ രഹസ്യങ്ങൾ മറച്ചുവച്ചുകൊണ്ട് ജനക്കൂട്ടത്തെ ഉപമകളിലൂടെ പഠിപ്പിക്കുന്നു; എന്നാൽ അവയുടെ കൂടുതൽ പൂർണമായ വിശദീകരണം വീടിന്റെ ശാന്തവും അടുപ്പമുള്ളതുമായ അന്തരീക്ഷത്തിൽ ശിഷ്യന്മാർക്കായി മാറ്റിവയ്ക്കുന്നു. ഈ പശ്ചാത്തലത്തിൽ വീട് സഭയുടെ പ്രതീകമായി മാറുന്നു—ബാഹ്യമായി മാത്രമല്ല, എളിയ വിശ്വാസത്തോടും ആത്മീയമായ വിശപ്പോടുംകൂടെ തന്നെ അനുഗമിക്കുന്നവർക്ക് ക്രിസ്തു തന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ആന്തരിക വിശുദ്ധസ്ഥലം.

ഗോതമ്പിനിടയിലെ കളകളുടെ ഉപമ യേശു കൃത്യമായി വിശദീകരിച്ച ആ നിമിഷം അവനോടൊപ്പം പങ്കിടാനുള്ള സവിശേഷ ഭാഗ്യം ശിഷ്യന്മാർക്ക്—സാധ്യതയനുസരിച്ച് പന്ത്രണ്ട് അപ്പസ്തോലന്മാർക്ക്—ലഭിച്ചെങ്കിലും, ഈ വിശുദ്ധ ഇടം നമുക്ക് അടഞ്ഞുകിടക്കുന്നില്ല. സഭാജീവിതത്തിലൂടെ ഈ “ഭവന”ത്തിലേക്ക് നമ്മിൽ ഓരോരുത്തരും ക്ഷണിക്കപ്പെട്ടിരിക്കുന്നു. നമ്മെ എല്ലാവരെയുംപോലെ അപ്പസ്തോലന്മാരും ദുർബലരും പാപികളുമായിരുന്നെങ്കിലും, ആദ്യത്തെ മെത്രാന്മാരാകാൻ അവർ തിരഞ്ഞെടുക്കപ്പെട്ടു—ക്രിസ്തുവിന്റെ സ്വർഗാരോഹണത്തിനുശേഷം അവന്റെ ദൗത്യം തുടരേണ്ട ദൃശ്യരായ ഇടയന്മാർ. അവരുടെ വിശ്വസ്തതയിലൂടെ ദൈവവചനം ഭൂമിയുടെ അതിർത്തികൾവരെ എത്തി; അവരുടെ പിൻഗാമികളിലൂടെ ആ പ്രഘോഷണം ഇന്നും തുടരുന്നു.

മാമ്മോദീസ സ്വീകരിച്ച ഓരോരുത്തരും തങ്ങളുടെ വിളിക്കും ദൗത്യത്തിനും അനുസൃതമായി സുവിശേഷം പ്രഘോഷിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെങ്കിലും, മെത്രാന്മാരും അവരുടെ സഹപ്രവർത്തകരായ വൈദികരും സവിശേഷമായ രീതിയിൽ ആ ആത്മീയ ഭവനത്തിനു രൂപം നൽകുന്നു; അവരിലൂടെ ക്രിസ്തു വ്യക്തതയോടെ സംസാരിക്കുന്നത് തുടരുന്നു. അവരുടെ പ്രസംഗത്തിലൂടെയും ഭരണനിർവഹണത്തിലൂടെയും കൂദാശാശുശ്രൂഷയിലൂടെയും ക്രിസ്തുവിന്റെ പ്രബോധനത്തിലെ നിഗൂഢരഹസ്യങ്ങൾ നിരന്തരം വെളിപ്പെടുത്തപ്പെടുന്നു. ഇത് അവരുടെ വ്യക്തിപരമായ യോഗ്യതകൊണ്ടല്ല, മറിച്ച് അപ്പസ്തോലിക പിന്തുടർച്ചയിലൂടെ ക്രിസ്തു അവരെ ഏല്പിച്ച വിശുദ്ധ പദവിമൂലമാണ്. യേശു തന്റെ ശുശ്രൂഷ തുടരുന്ന ആത്മീയ ദൈവഭവനമായ സഭയുടെ അടിത്തറയായി അവർ മാറി.

ഈ സുവിശേഷരംഗത്തിൽ നിങ്ങളെത്തന്നെ കാണുക. ക്രിസ്തുവിനെ സമീപിക്കാനും അവനോടൊപ്പം വീട്ടിൽ പ്രവേശിക്കാനും ഒരു ശിഷ്യന്റെ ഹൃദയത്തോടെ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാനും നിങ്ങളും വിളിക്കപ്പെട്ടിരിക്കുന്നു. വിശ്വാസത്തിന്റെ ഈ ഭവനമായ സഭയിൽ, കേൾക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗുരു ഇന്നും പ്രബോധനം നൽകുന്നു, ഇന്നും വിശദീകരിച്ചുകൊടുക്കുന്നു, ഇന്നും രാജ്യത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു.

പ്രാർഥനാപൂർവം ഈ രംഗത്തിൽ നിങ്ങളെത്തന്നെ കാണുമ്പോൾ, നിങ്ങളുടെ ഇടവകപ്പള്ളിയിലും ദൈവം നിങ്ങളോടു സംസാരിക്കുകയും നിങ്ങളെ പോഷിപ്പിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്ത മറ്റു വിശുദ്ധസ്ഥലങ്ങളിലും നിങ്ങൾക്കുണ്ടായ അനുഭവങ്ങളുമായി ഇതിനെ ചേർത്തുവയ്ക്കുക. സുവിശേഷം നമ്മെ മാറ്റുകയും കൂദാശകൾ നമ്മെ പോഷിപ്പിക്കുകയും സഭ നമ്മെ നയിക്കുകയും ചെയ്യുമ്പോൾ, പഠിപ്പിക്കുന്നതും പോഷിപ്പിക്കുന്നതും നയിക്കുന്നതും എല്ലായ്പ്പോഴും ക്രിസ്തുതന്നെയാണ്. അതിനാൽ, ശുശ്രൂഷകനോ കെട്ടിടത്തിനോ അപ്പുറം കാണാൻ നാം പഠിക്കണം; തന്റെ സഭയിലൂടെ നമ്മോടു സംസാരിക്കുകയും നമ്മെ വിശുദ്ധീകരിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്റെ സാന്നിധ്യം നാം തിരിച്ചറിയണം.

ഭൂമിയിലെ ദൈവരാജ്യത്തിന്റെ ദൃശ്യസാന്നിധ്യമായ സഭ ക്രിസ്തുവിനെ കണ്ടുമുട്ടാനുള്ള സവിശേഷ ഇടമാണെങ്കിലും, നമ്മിൽ ഓരോരുത്തരും അവരവരുടേതായ തനതായ രീതിയിൽ മറ്റുള്ളവർക്കായി ഈ “ഭവനം” ആകാനും വിളിക്കപ്പെട്ടിരിക്കുന്നു. ദൈവം നമ്മിൽ വസിക്കുന്നതിനാൽ, അവന്റെ രാജ്യം നമ്മുടെ ആത്മാക്കളിൽ സന്നിഹിതമാണ്. അതിനാൽ, ഈ സുവിശേഷരംഗം ഭവനത്തിൽ പ്രവേശിക്കുന്നതിനെക്കുറിച്ചു മാത്രമല്ല—ആ ഭവനമായി മാറാനുള്ള ക്ഷണംകൂടിയാണ്: നമ്മുടെ ഉപവിയുടെ സാക്ഷ്യത്തിലൂടെ മറ്റുള്ളവർക്ക് ക്രിസ്തുവിനെ കണ്ടുമുട്ടാനും അവന്റെ വചനം കേൾക്കാനും അവന്റെ കരുണ സ്വീകരിക്കാനും അവന്റെ സ്നേഹത്തിലേക്ക് ആകർഷിക്കപ്പെടാനും കഴിയുന്ന ഒരു വാസസ്ഥലമായി മാറാനുള്ള ക്ഷണം.

ഈ ഭവനത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ആദ്യം, ക്രിസ്തു നിങ്ങളോട് ഏറ്റവും വ്യക്തമായി സംസാരിക്കുന്ന ഭവനമായി സഭയെ കാണുക. ഈ വിശുദ്ധ ദൈവഭവനത്തിൽ നമ്മുടെ കർത്താവ് പലവിധത്തിൽ നിങ്ങളോടു സംസാരിക്കുകയും നിങ്ങളെ പോഷിപ്പിക്കുകയും ചെയ്തതിനായി നന്ദി പറയുക. ദൈവത്തിന്റെ വാസസ്ഥലമെന്ന നിലയിൽ നിങ്ങളുടെ സ്വന്തം ആത്മാവിനെക്കുറിച്ചും വിചിന്തനം ചെയ്യുക. നിങ്ങളുടെ ആത്മാവിൽ വസിച്ചുകൊണ്ട് മറ്റുള്ളവരെ തന്റെ സന്നിധിയിലേക്കു കൊണ്ടുവരാൻ നിങ്ങളെ ഉപയോഗിക്കാൻ ക്രിസ്തു ആഗ്രഹിക്കുന്നുവെന്ന് വിശ്വസിക്കുക. ഈ ദാനത്തിനായി നന്ദി പറയുക. ഭവനത്തിനുള്ളിലെ വിശ്വസ്ത ശിഷ്യനാകാനും, മറ്റുള്ളവർക്ക് പ്രവേശിച്ച് നമ്മുടെ കർത്താവായ ക്രിസ്തുവിനെ കണ്ടുമുട്ടാൻ കഴിയുന്ന, കൃപയാൽ പ്രകാശിക്കുന്ന ഒരു ഭവനമാകാനും നിങ്ങൾക്കു കഴിയേണ്ടതിന് പ്രാർഥിക്കുക.

എന്നോട് ഏറ്റവും ആത്മബന്ധം പുലർത്തുന്ന കർത്താവേ, അങ്ങയുടെ കൃപയുടെ രാജ്യത്തിലെ അഗാധവും ഗഹനവുമായ രഹസ്യങ്ങൾ എനിക്കും അങ്ങയുടെ എല്ലാ മക്കൾക്കും വെളിപ്പെടുത്താൻ അങ്ങ് ആഗ്രഹിക്കുന്നുവല്ലോ. അങ്ങയിലേക്കും അങ്ങയുടെ വിശുദ്ധ സഭയ്ക്കുള്ളിൽ നിലകൊള്ളുന്ന കൃപയുടെയും കരുണയുടെയും ഭവനത്തിലേക്കും എന്നെ ആകർഷിക്കണമേ. എന്നെ പഠിപ്പിക്കുകയും വിശുദ്ധീകരിക്കുകയും അങ്ങയുടെ തിരുഹിതത്തിനനുസരിച്ച് രൂപപ്പെടുത്തുകയും ചെയ്യണമേ. അങ്ങ് എന്നിൽ വാസമുറപ്പിക്കുമ്പോൾ, മറ്റുള്ളവർക്ക് അങ്ങയെ കണ്ടുമുട്ടാനും അങ്ങയുടെ വചനം കേൾക്കാനും അങ്ങയുടെ കൃപ സ്വീകരിക്കാനും കഴിയുന്ന ഒരിടമായി എന്റെ ആത്മാവിനെ മാറ്റണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.