മലയാളം

ഉള്ളിലുള്ളത്

2025 ഫെബ്രുവരി 12
ആണ്ടുവട്ടക്കാലത്തിലെ അഞ്ചാം ആഴ്ചയിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

റെംബ്രാന്റ്, പൊതുസഞ്ചയം, വിക്കിമീഡിയ കോമൺസ് വഴി

വീഡിയോ

യേശു ജനക്കൂട്ടത്തെ വീണ്ടും വിളിച്ച് അവരോടു പറഞ്ഞു: “നിങ്ങൾ എല്ലാവരും എന്റെ വാക്കു കേട്ടു മനസ്സിലാക്കുവിൻ. പുറത്തുനിന്ന് ഒരാളുടെ ഉള്ളിലേക്കു കടക്കുന്നതൊന്നിനും അയാളെ അശുദ്ധനാക്കാൻ കഴിയില്ല; എന്നാൽ ഉള്ളിൽനിന്നു പുറപ്പെടുന്നവയാണ് അയാളെ അശുദ്ധനാക്കുന്നത്.” മർക്കോസ് 7:14–15

നിങ്ങളുടെ ഉള്ളിൽ എന്താണുള്ളത്? നിങ്ങളുടെ ഹൃദയത്തിൽ എന്താണുള്ളത്? ദുഃഖകരമെന്നു പറയട്ടെ, ഉള്ളിൽനിന്നു പുറപ്പെടുന്ന ദുഷ്പ്രവണതകളുടെ ഒരു പട്ടികയോടെയാണ് ഇന്നത്തെ സുവിശേഷം അവസാനിക്കുന്നത്: “ദുഷ്ചിന്തകൾ, അശുദ്ധപ്രവൃത്തികൾ, മോഷണം, കൊലപാതകം, വ്യഭിചാരം, അത്യാഗ്രഹം, ദുഷ്ടത, വഞ്ചന, ദുർവൃത്തി, അസൂയ, ദൈവദൂഷണം, അഹങ്കാരം, മൂഢത.” തീർച്ചയായും, വസ്തുനിഷ്ഠമായി നോക്കുമ്പോൾ ഈ ദുഷ്പ്രവണതകളിലൊന്നും അഭിലഷണീയമല്ല. അവയെല്ലാം തികച്ചും വെറുപ്പുളവാക്കുന്നവയാണ്. എന്നിട്ടും, ആളുകൾ തങ്ങളുടെ അനുദിനജീവിതത്തിൽ ഏറിയോ കുറഞ്ഞോ അളവിൽ നേരിടുന്ന പാപങ്ങളാണ് പലപ്പോഴും ഇവ.

ഉദാഹരണത്തിന്, അത്യാഗ്രഹമെടുക്കാം. അത് എന്താണെന്നു വ്യക്തമായി മനസ്സിലാക്കുമ്പോൾ, അത്യാഗ്രഹിയെന്ന് അറിയപ്പെടാൻ ആരും ആഗ്രഹിക്കുകയില്ല. അത് ലജ്ജാകരമായ ഒരു സ്വഭാവമാണ്. എന്നാൽ അത്യാഗ്രഹത്തെ അത്യാഗ്രഹമായി കാണാതിരിക്കുമ്പോൾ, അതിന് അടിമയായി ജീവിക്കുന്ന കെണിയിൽ വീഴാൻ എളുപ്പമാണ്. അത്യാഗ്രഹിയായ ഒരാൾ അതുമിതുമെല്ലാം അമിതമായ അളവിൽ ആഗ്രഹിക്കുന്നു. കൂടുതൽ പണം, കൂടുതൽ നല്ലൊരു വീട്, കൂടുതൽ ആകർഷകമായൊരു കാർ, കൂടുതൽ ആഡംബരപൂർണമായ അവധിക്കാലങ്ങൾ തുടങ്ങിയവ. അങ്ങനെ, ഒരാൾ അത്യാഗ്രഹത്തോടെ പെരുമാറുമ്പോൾ, അത്യാഗ്രഹം അനഭിലഷണീയമായി തോന്നുന്നില്ല. അത്യാഗ്രഹത്തെ വസ്തുനിഷ്ഠമായി നോക്കുമ്പോൾ മാത്രമാണ് അത് യഥാർഥത്തിൽ എന്താണെന്നു മനസ്സിലാകുന്നത്.

ഈ സുവിശേഷത്തിൽ ദുഷ്പ്രവണതകളുടെ ഈ നീണ്ട പട്ടിക എടുത്തുപറഞ്ഞുകൊണ്ട് യേശു നമ്മോട് അത്ഭുതകരമായ ഒരു കാരുണ്യപ്രവൃത്തിയാണ് ചെയ്യുന്നത്. അവിടുന്ന് നമ്മെ ഉലച്ചുണർത്തുകയും, ഒരു പടി പിന്നോട്ടുനിന്ന് പാപത്തെ അതിന്റെ യഥാർഥ സ്വഭാവത്തിൽ കാണാൻ നമ്മെ വിളിക്കുകയും ചെയ്യുന്നു. ഈ ദുഷ്പ്രവണതകളിൽ ഒന്നോ അതിലധികമോ നിങ്ങളുടെ ജീവിതത്തിൽ പുലർത്തുമ്പോൾ നിങ്ങൾ അശുദ്ധരായിത്തീരുന്നുവെന്നും യേശു വ്യക്തമാക്കുന്നു. നിങ്ങൾ അത്യാഗ്രഹിയും നുണയനും ക്രൂരനും പരദൂഷകനും വിദ്വേഷിയും അഹങ്കാരിയും മറ്റുമായി മാറുന്നു. വസ്തുനിഷ്ഠമായി പറഞ്ഞാൽ, ആരും ഇത് ആഗ്രഹിക്കുന്നില്ല.

ദുഷ്പ്രവണതകളുടെ ആ പട്ടികയിൽ ഏതിനോടാണ് നിങ്ങൾ ഏറ്റവും കൂടുതൽ പോരാടുന്നത്? നിങ്ങളുടെ സ്വന്തം ഹൃദയത്തിനുള്ളിൽ നിങ്ങൾ എന്താണു കാണുന്നത്? ദൈവസന്നിധിയിൽ നിങ്ങളോടുതന്നെ സത്യസന്ധരായിരിക്കുക. ഇവയിൽനിന്നും മറ്റെല്ലാ മാലിന്യങ്ങളിൽനിന്നും മോചിതമായി നിങ്ങളുടെ ഹൃദയം നിർമലവും വിശുദ്ധവുമായിരിക്കണമെന്ന് യേശു ആഗ്രഹിക്കുന്നു. എന്നാൽ സ്വന്തം ഹൃദയത്തെ സത്യസന്ധമായി നോക്കിക്കാണാൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിൽ, നിങ്ങൾ പോരാടുന്ന പാപത്തെ ഉപേക്ഷിക്കുക പ്രയാസമായിരിക്കും.

നമ്മുടെ കർത്താവ് ചൂണ്ടിക്കാണിച്ച പാപങ്ങളുടെ ഈ പട്ടികയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ഓരോന്നും പരിഗണിക്കുകയും ഓരോ പാപത്തെയും അതിന്റെ യഥാർഥ സ്വഭാവത്തിൽ കാണാൻ മനസ്സു തുറക്കുകയും ചെയ്യുക. വിശുദ്ധമായ രോഷത്തോടെ ഈ പാപങ്ങളെ വെറുക്കാൻ നിങ്ങളെത്തന്നെ അനുവദിക്കുക; തുടർന്ന് നിങ്ങൾ ഏറ്റവും കൂടുതൽ പോരാടുന്ന പാപത്തിലേക്കു ദൃഷ്ടി തിരിക്കുക. ആ പാപത്തെ ബോധപൂർവം തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുമ്പോൾ, നമ്മുടെ കർത്താവ് നിങ്ങളെ ശക്തിപ്പെടുത്താനും നിങ്ങളുടെ ഹൃദയം ശുദ്ധീകരിക്കാനും തുടങ്ങുമെന്ന് അറിയുക. അങ്ങനെ നിങ്ങൾ ആ അശുദ്ധിയിൽനിന്നു മോചിതരാകുകയും, പകരം, നിങ്ങൾ ആയിത്തീരേണ്ടതിനായി സൃഷ്ടിക്കപ്പെട്ട ദൈവത്തിന്റെ മനോഹരമായ പൈതലായിത്തീരുകയും ചെയ്യും.

എന്റെ കരുണാമയനായ കർത്താവേ, പാപത്തിന്റെ യഥാർഥ സ്വഭാവം കാണാൻ എന്നെ സഹായിക്കണമേ. പ്രത്യേകിച്ച്, അങ്ങയുടെ പ്രിയമകനായ എന്നെ അശുദ്ധനാക്കുന്ന, എന്റെ സ്വന്തം ഹൃദയത്തിലുള്ള പാപം കാണാൻ എന്നെ സഹായിക്കണമേ. എന്റെ പാപം ഞാൻ തിരിച്ചറിയുമ്പോൾ, അതിനെ തള്ളിക്കളയാനും പൂർണഹൃദയത്തോടെ അങ്ങയിലേക്കു തിരിയാനും ആവശ്യമായ കൃപ എനിക്കു നൽകണമേ. അങ്ങനെ അങ്ങയുടെ കൃപയിലും കരുണയിലും എനിക്ക് ഒരു പുതിയ സൃഷ്ടിയായിത്തീരാൻ കഴിയുമല്ലോ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു!

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയ്ക്കായി തിരഞ്ഞെടുക്കാവുന്ന വായനകൾ


  Subscribe to our YouTube channel  
  to be notified about new content.