മലയാളം

അത്യാഗ്രഹത്തിന്റെ യാഥാർഥ്യം

ഒക്ടോബർ 20, 2025
സാധാരണകാലത്തിലെ ഇരുപത്തൊൻപതാം ആഴ്ചയിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ

കുരിശിന്റെ വിശുദ്ധ പൗലോസ്, വൈദികൻ—അമേരിക്കൻ ഐക്യനാടുകളിൽ: ഐച്ഛിക അനുസ്മരണം
അമേരിക്കൻ ഐക്യനാടുകൾക്കു പുറത്ത് ഒക്ടോബർ 19

ചിത്രം Adobe Stock വഴി

വീഡിയോ

ജനക്കൂട്ടത്തിൽ ഒരാൾ യേശുവിനോടു പറഞ്ഞു: “ഗുരോ, പിതൃസ്വത്ത് എന്നോടു പങ്കിടാൻ എന്റെ സഹോദരനോടു പറയണമേ.” അവൻ അയാളോടു മറുപടി പറഞ്ഞു: “സുഹൃത്തേ, എന്നെ നിങ്ങളുടെ ന്യായാധിപനും മധ്യസ്ഥനുമായി നിയമിച്ചത് ആരാണ്?” തുടർന്ന് അവൻ ജനക്കൂട്ടത്തോടു പറഞ്ഞു: “എല്ലാവിധ അത്യാഗ്രഹത്തിലും അകപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തുവിൻ. ഒരുവൻ സമ്പന്നനായിരുന്നാലും അവന്റെ ജീവിതം സ്വത്തുസമ്പത്തിൽ അധിഷ്ഠിതമല്ല.” ലൂക്കാ 12:13–15

യേശുവിന്റെ ഈ പ്രസ്താവനയിലെ ശ്രദ്ധേയമായ കാര്യം ഇതാണ്: ഭൂമിയിൽ ഇതുവരെ ജീവിച്ചിട്ടുള്ള എല്ലാവരിലും, ഒരു അനീതിയുടെ കാര്യത്തിൽ “ന്യായാധിപനും മധ്യസ്ഥനും” ആകാൻ യേശുവിനെക്കാൾ യോഗ്യനായി ആരുമില്ല. എന്നിട്ടും അവൻ ഇടപെടാൻ വിസമ്മതിക്കുന്നു. എന്തുകൊണ്ടാണത്? ആ വ്യക്തിയുടെ അപേക്ഷ ന്യായമാണെന്നു തോന്നുന്നു. എന്നാൽ ഇടപെടുന്നതിനുപകരം യേശു അത്യാഗ്രഹത്തെക്കുറിച്ച് ഒരു ഉപമ പറയുന്നു.

ഭൗതികസ്വത്തുക്കൾ നമ്മെ വളരെയധികം വശീകരിച്ചേക്കാം. അതൊരു വസ്തുതയാണ്. എന്നിട്ടും സ്വത്തിനോടും പണത്തോടുമുള്ള തങ്ങളുടെ മമത സമ്മതിക്കാൻ പലർക്കും വലിയ ബുദ്ധിമുട്ടാണ്. തങ്ങൾ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും കൈവശമുള്ളതെല്ലാം സമ്പാദിച്ചിട്ടുണ്ടെന്നും അതിനാൽ അല്പം സുഖിക്കാനുള്ള അവകാശമുണ്ടെന്നും പറഞ്ഞ് അവർ സ്വയം ന്യായീകരിക്കുന്നു. ധാരാളം സ്വത്തുള്ള ചില സന്മനസ്സുകൾ തങ്ങൾക്കുള്ളതിൽനിന്ന് ഒരു ചെറിയ പങ്ക് ജീവകാരുണ്യപ്രവർത്തനങ്ങൾക്കു നൽകി മനസ്സാക്ഷിയെ സമാധാനിപ്പിക്കുന്നു. ബാക്കിയുള്ളതെല്ലാം തങ്ങൾക്കായി സൂക്ഷിക്കാമെന്ന് അവർ നിഗമനത്തിലെത്തുകയും ചെയ്യുന്നു. എന്നാൽ യേശു അതിനെക്കുറിച്ച് എന്താണു കരുതുന്നത്?

ഭൗതികസ്വത്തുക്കൾ സ്വതവേ നല്ലതോ ചീത്തയോ അല്ല. അത്യാഗ്രഹമെന്ന പാപമാണ് പ്രശ്നം. ദൈവത്തോടും അവിടുത്തെ വിശുദ്ധ ഹിതത്തോടും ഉള്ളതിനെക്കാൾ കൂടുതൽ മമത ഈ ലോകത്തിലെ കടന്നുപോകുന്ന വസ്തുക്കളോടു പുലർത്താൻ ഒരാളെ നയിക്കുന്ന ആന്തരിക മനോഭാവമാണ് അത്യാഗ്രഹം. ധാരാളം സ്വത്തുണ്ടായിരിക്കുമ്പോഴും ആന്തരികമായി അവയോടു മമതയില്ലാതെ കഴിയാൻ സാധിച്ചേക്കാമെങ്കിലും, അത് വളരെ പ്രയാസമാണ്. എന്നാൽ സ്വത്തുണ്ടായിരിക്കുക എന്നതല്ല അടിസ്ഥാന പ്രശ്നം. സ്വത്തിനുവേണ്ടി മോഹിക്കുന്നതാണ് യഥാർഥ പ്രശ്നം. അതിനാൽ, വളരെ കുറച്ചുമാത്രം ഉള്ളവർക്കുപോലും തങ്ങൾക്കില്ലാത്തവയോടു മമത പുലർത്തുകയും കൂടുതൽ നേടിയാൽ സംതൃപ്തി ലഭിക്കുമെന്നു വിശ്വസിക്കുകയും ചെയ്യുന്നതിലൂടെ അതേ കെണിയിൽ വീഴാം.

ഈ സാഹചര്യത്തിൽ “ന്യായാധിപനും മധ്യസ്ഥനും” ആയി പ്രവർത്തിക്കാൻ യേശു വിസമ്മതിച്ചത്, അപേക്ഷയുമായി വന്ന വ്യക്തി അത്യാഗ്രഹവുമായി മല്ലിടുകയാണെന്ന് അവനു വ്യക്തമായിരുന്നതുകൊണ്ടാണ്. പിതൃസ്വത്ത് ശരിയായി പങ്കുവയ്ക്കപ്പെടുന്നതിനെക്കാൾ വളരെയേറെ യേശു ശ്രദ്ധിച്ചത് ആ വ്യക്തിയുടെ ആന്തരിക മമതകളെയാണ്. നിത്യതയുടെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ ഭൗമിക നീതിക്കു വളരെ ചെറിയ പ്രാധാന്യമേയുള്ളൂ. പലർക്കും ഇത് മനസ്സിലാക്കാനും അംഗീകരിക്കാനും പ്രയാസമായേക്കാം. നീതി ന്യായമായ പെരുമാറ്റം ആവശ്യപ്പെടുന്നില്ലേ? തന്നോടു ന്യായമായി പെരുമാറണമെന്ന ആഗ്രഹം അത്യാഗ്രഹംപോലുള്ള ഏതെങ്കിലും പാപത്തിൽ അധിഷ്ഠിതമാണെങ്കിൽ അങ്ങനെയല്ല. അത്തരം സാഹചര്യത്തിൽ, ന്യായമായ ഓഹരി ലഭിക്കുന്നതിനെക്കാൾ, വഞ്ചനയിലൂടെ പിതൃസ്വത്ത് നഷ്ടപ്പെടുന്നതാണ് ആ വ്യക്തിയുടെ ആത്മാവിനു കൂടുതൽ നല്ലത്. വാസ്തവത്തിൽ, ഒരാൾ അത്യാഗ്രഹവുമായി മല്ലിടുന്നുണ്ടെങ്കിൽ, വഞ്ചിക്കപ്പെട്ട് സ്വന്തം സ്വത്തുക്കൾ നഷ്ടപ്പെടുന്നത് അയാളുടെ ആത്മാവിനു സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നായിരിക്കാം. ഭൗതികസമ്പത്തിനെക്കാൾ അനന്തമായി ശ്രേഷ്ഠമാണ് ആത്മീയസമ്പത്തെന്നു തിരിച്ചറിയുമ്പോഴേ ഇത് മനസ്സിലാകൂ.

ഇന്ന് നിങ്ങളുടെ ആന്തരിക ആഗ്രഹങ്ങളെക്കുറിച്ചു വിചിന്തനം ചെയ്യുക. സത്യസന്ധമായി അവയെ നോക്കിക്കാണുക. ജീവിതത്തിൽ നിങ്ങൾ ഏറ്റവും അധികം ആഗ്രഹിക്കുന്നത് എന്താണ്? സമ്പന്നരാകുന്നതിനെക്കുറിച്ച് നിങ്ങൾ സ്വപ്നം കാണാറുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങളുടെ ചിന്തകളിൽ ഏറിയ പങ്കും ആ ആഗ്രഹമാണോ നിറഞ്ഞുനിൽക്കുന്നത്? നിങ്ങൾക്കു വളരെ വലിയൊരു പിതൃസ്വത്ത് ലഭിക്കേണ്ടതായിരുന്നു, എന്നാൽ വഞ്ചനയിലൂടെ അതു നഷ്ടപ്പെട്ടു എന്നൊരു സാഹചര്യം ചിന്തിച്ചുനോക്കുക. നിങ്ങൾ എങ്ങനെ പ്രതികരിക്കും? വഞ്ചിക്കപ്പെട്ടതിനെക്കുറിച്ച് ആകുലപ്പെടുന്നതിനെക്കാൾ നിങ്ങളെ വഞ്ചിച്ച വ്യക്തിയുടെ ആത്മാവിനെക്കുറിച്ച് കൂടുതൽ കരുതലുണ്ടാകുന്നതായിരിക്കും ശരിയായ പ്രതികരണം. ഭൗതികസ്വത്തുക്കളോടുള്ള മമതയിൽനിന്നു പൂർണമായി സ്വതന്ത്രനായ ഒരാൾ, അത്തരമൊരു പിതൃസ്വത്ത് നഷ്ടപ്പെടുന്നതിനോ ലഭിക്കുന്നതിനോ വലിയ പ്രാധാന്യം നൽകുകയില്ല. അതു യഥാർഥത്തിൽ ഒരു പ്രധാന കാര്യമായിരിക്കുകയില്ല. ഇത് അംഗീകരിക്കാൻ പ്രയാസമാണെങ്കിൽ, നിങ്ങളുടെ ആത്മാവിന് ഈ ലോകത്തിലെ വസ്തുക്കളോടു വളരെയധികം മമതയുണ്ടെന്നതിന്റെ അടയാളമാണിതെന്ന് അറിയുക. എല്ലാ അത്യാഗ്രഹത്തിൽനിന്നും മോചനം ലഭിക്കാൻ പ്രാർഥിക്കുക. ദൈവത്തിന്റെ യഥാർഥ സമ്പത്ത് നേടാനുള്ള ഏകമാർഗം അതാണ്.

അത്യുദാരനായ കർത്താവേ, അങ്ങ് കാരുണ്യം സമൃദ്ധമായി ചൊരിയുന്നു. അങ്ങയുടെ കൃപയും സ്നേഹവും മാത്രമാണ് ജീവിതത്തിൽ എനിക്ക് ആവശ്യം. അങ്ങയെയും അങ്ങയുടെ കാരുണ്യത്തെയും നേടുന്നതിലൂടെ, ജീവിതത്തിൽ നിറവു നൽകുന്ന ഏക ഉറവിടമാണ് ഞാൻ നേടുന്നത്. ഭൗമികമായ അത്യാഗ്രഹത്തിൽനിന്ന് എന്നെ മോചിപ്പിക്കണമേ. ഈ ലോകത്തിലെ വസ്തുക്കളെ അങ്ങ് കാണുന്നതുപോലെ കാണാൻ എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വിശുദ്ധ യൂദാശ്ലീഹായോടുള്ള നൊവേന
നിരാശാജനകമായ സാഹചര്യങ്ങൾക്കും പ്രതീക്ഷയറ്റ കാര്യങ്ങൾക്കും വേണ്ടി
വർഷത്തിൽ എപ്പോൾ വേണമെങ്കിലും പ്രാർത്ഥിക്കാം, പ്രത്യേകിച്ച് ഒക്ടോബർ 19–27

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – കുരിശിന്റെ വിശുദ്ധ പൗലോസ്, വൈദികൻ—അമേരിക്കൻ ഐക്യനാടുകളിൽ: ഐച്ഛിക അനുസ്മരണം – അമേരിക്കൻ ഐക്യനാടുകൾക്കു പുറത്ത് ഒക്ടോബർ 19

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.