മലയാളം

സുവിശേഷഭാഗ്യങ്ങളും ദുരിതവചനങ്ങളും

ഫെബ്രുവരി 16, 2025
സാധാരണകാലത്തിലെ ആറാം ഞായർ (വർഷം C)
ഇന്നത്തെ വായനകൾ

ഇംഗ്ലീഷ് വിക്കിപീഡിയയിലെ Boston & ജോൺ സ്റ്റീഫൻ ഡ്വയർ, CC BY-SA 3.0

വീഡിയോ

“എന്നാൽ സമ്പന്നരായ നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുകഴിഞ്ഞു. ഇപ്പോൾ തൃപ്തരായിരിക്കുന്ന നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്ന നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, നിങ്ങൾ ദുഃഖിക്കുകയും കരയുകയും ചെയ്യും. എല്ലാവരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, അവരുടെ പൂർവികർ വ്യാജപ്രവാചകരോട് ഇങ്ങനെയാണ് പെരുമാറിയത്.” ലൂക്കാ 6:24–26

മത്തായിയുടെ സുവിശേഷത്തിൽ കാണുന്ന ഗിരിപ്രഭാഷണത്തിന്റെ ഒരു സംക്ഷിപ്തരൂപമാണ് ലൂക്കാ 6:20–49 നമുക്കു നൽകുന്നത്. ലൂക്കായുടെ സുവിശേഷത്തിൽ ഈ പ്രഭാഷണം നടക്കുന്നത് ഒരു സമതലത്തിൽ, “നിരപ്പായ ഒരു സ്ഥലത്താണ്.” ദൈർഘ്യത്തിൽ വ്യത്യാസമുണ്ടെങ്കിലും, ഈ രണ്ടു സുവിശേഷങ്ങളിലെയും പ്രബോധനങ്ങൾ വളരെ സമാനമാണ്. സുവിശേഷഭാഗ്യങ്ങളെക്കുറിച്ചുള്ള ലൂക്കായുടെ പ്രബോധനത്തിൽ, മുകളിൽ ഉദ്ധരിച്ച “നിങ്ങൾക്കു ദുരിതം” എന്ന വചനങ്ങൾകൂടി ചേർത്തിരിക്കുന്നു. മത്തായിയുടെ വിവരണത്തിൽ ഇവ കാണുന്നില്ല.

ലൂക്കായുടെ സുവിശേഷത്തിലെ “ദുരിതവചനങ്ങൾ” “പ്രബോധനം ലഭിച്ചിട്ടില്ലാത്ത ശ്രോതാക്കളെ” ഉദ്ദേശിച്ചുള്ളവയാണെന്ന് ആദിമസഭാപിതാവായ വിശുദ്ധ ബീഡ് അഭിപ്രായപ്പെടുന്നു. കാരണം, “ആദ്യം ഭയം ഉണർത്തി അവരെ സൽപ്രവൃത്തികളിലേക്കു നയിക്കേണ്ടതുണ്ട്.” സുവിശേഷഭാഗ്യങ്ങളുടെ ആദ്യഭാഗമായ “അനുഗ്രഹവചനങ്ങൾ” “പൂർണത പ്രാപിച്ചവരെ” ഉദ്ദേശിച്ചുള്ളവയാണെന്നും അദ്ദേഹം തുടർന്നു പറയുന്നു. കാരണം, ശിക്ഷയെക്കുറിച്ചുള്ള ഭയത്തിനു പകരം “പ്രതിഫലങ്ങൾ വാഗ്ദാനം ചെയ്ത് അവരെ ക്ഷണിച്ചാൽ മാത്രം മതി.” പാപിക്കും വിശുദ്ധനും വേണ്ടിയുള്ള പ്രബോധനം വിശുദ്ധ ലൂക്കാ ഉൾപ്പെടുത്തിയിരിക്കുന്നു എന്ന വസ്തുത, നമ്മുടെ ആത്മീയജീവിതത്തിൽ ഈ രണ്ടു സമീപനങ്ങളിൽനിന്നും പ്രയോജനം നേടാമെന്ന നിഗമനത്തിലേക്കു നമ്മെ നയിക്കണം.

നിങ്ങളുടെ ആത്മീയജീവിതം ശക്തമായിരിക്കുകയും നിങ്ങൾ ഗൗരവമുള്ള പാപം സ്ഥിരമായി ഒഴിവാക്കുകയും ചെയ്യുന്നുവെങ്കിൽ, സുവിശേഷഭാഗ്യങ്ങളിലെ അനുഗ്രഹങ്ങളെക്കുറിച്ച് പതിവായി ധ്യാനിക്കുന്നത് കൂടുതൽ സഹായകരമായിരിക്കാം. വിശുദ്ധിയുടെ പ്രതിഫലത്തിനായുള്ള ആഗ്രഹം നിങ്ങളുടെ പ്രത്യാശയുടെ ലക്ഷ്യമായിത്തീരുമ്പോൾ, ഈ ധ്യാനം നിങ്ങളെ കൂടുതൽ പൂർണതയിലേക്കു നയിക്കും.

നിങ്ങളുടെ ആത്മീയജീവിതം കൂടുതൽ ദുർബലമായിരിക്കുകയും കൂടുതൽ ഗൗരവമുള്ള പാപവുമായി നിങ്ങൾ പതിവായി പോരാടുകയും ചെയ്യുന്നുവെങ്കിൽ, സുവിശേഷഭാഗ്യങ്ങളിലെ ദുരിതവചനങ്ങളെക്കുറിച്ചു ധ്യാനിക്കുന്നത് കൂടുതൽ സഹായകരമായിരിക്കാം. ആ പാപങ്ങളുടെ പരിണതഫലങ്ങളെക്കുറിച്ചുള്ള ഭയംമൂലം, നിങ്ങൾ പോരാടിക്കൊണ്ടിരിക്കുന്ന പാപചക്രത്തിൽനിന്നു വിട്ടുനിൽക്കാൻ ഈ ധ്യാനം നിങ്ങളെ പ്രേരിപ്പിക്കും.

ആത്യന്തികമായി, സുവിശേഷഭാഗ്യങ്ങളും അവയെ തുടർന്നുള്ള ദുരിതവചനങ്ങളും നമ്മുടെ ഹൃദയങ്ങളിലെ ആഗ്രഹങ്ങളിലേക്കു നമ്മുടെ ആന്തരികദൃഷ്ടി തിരിക്കാനുള്ളവയാണ്. നമ്മുടെ ചിന്തകളിലും ആഗ്രഹങ്ങളിലും എന്താണു നിറഞ്ഞുനിൽക്കുന്നതെന്ന് നാം കൂടുതൽ കൂടുതൽ ബോധവാന്മാരാകണം. അവസാനം, സമ്പത്തോ ദാരിദ്ര്യമോ, വിശപ്പോ തൃപ്തിയോ, ലോകത്തിന്റെ പ്രശംസയോ പീഡനമോ അല്ല പ്രധാനം. ജീവിതത്തിൽ നാം ഏതു സാഹചര്യത്തിലായിരുന്നാലും, ദൈവത്തെയും അവിടുത്തെ വിശുദ്ധമായ തിരുഹിതത്തെയും മാത്രം കൂടുതൽ പൂർണമായി ആഗ്രഹിക്കത്തക്കവിധം, ഈ പ്രഭാഷണത്തിൽ ചൂണ്ടിക്കാണിക്കുന്ന ആഗ്രഹങ്ങളിൽനിന്ന് നമ്മുടെ ഹൃദയങ്ങൾ അനാസക്തമായിരിക്കണം എന്നതാണ് പ്രധാനം.

ഇന്ന് നിങ്ങളുടെ സ്വന്തം ആത്മീയവും ധാർമ്മികവുമായ ജീവിതത്തെക്കുറിച്ചു വിചിന്തനം ചെയ്യുക. വിശുദ്ധരെ കൂടുതൽ അനുകരിക്കുന്ന ഒരു ജീവിതം നയിക്കാനുള്ള അനുഗ്രഹം നിങ്ങൾക്കു ലഭിച്ചിട്ടുണ്ടോ, അതോ പാപിയുടെ കഠിനമായ പോരാട്ടങ്ങളാണോ നിങ്ങളിൽ കൂടുതലായി പ്രതിഫലിക്കുന്നത് എന്നു ആദ്യം പരിഗണിക്കുക. അതിന്റെ അടിസ്ഥാനത്തിൽ, ഏതു തരത്തിലുള്ള പ്രബോധനമാണ് നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളതെന്നു തിരഞ്ഞെടുക്കാൻ ശ്രമിക്കുക. വിശുദ്ധിയിൽ കൂടുതൽ ആഴപ്പെടുന്നതിനായി, ജീവിതത്തിൽ കൂടുതൽ വലിയ സുവിശേഷസൗഭാഗ്യം തേടുന്നതിന്റെ പ്രതിഫലങ്ങളെക്കുറിച്ചു നിങ്ങൾ ധ്യാനിക്കേണ്ടതുണ്ടോ? അതോ നിങ്ങൾ പോരാടിക്കൊണ്ടിരിക്കുന്ന പാപചക്രത്തിൽനിന്നു മോചനം നേടാൻ യേശുവിന്റെ വ്യക്തമായ ശാസനകളാണോ നിങ്ങൾക്ക് ആവശ്യം? നിങ്ങളുടെ ആത്മീയജീവിതത്തിൽ ഇപ്പോൾ ഏറ്റവും സഹായകരമായത് എന്താണെന്നു വിനയപൂർവം തിരിച്ചറിയുക. സ്വർഗരാജ്യത്തിലേക്കുള്ള നിങ്ങളുടെ യാത്രയിൽ നിങ്ങളെ സഹായിക്കാൻ യേശുവിന്റെ ഈ പ്രഭാഷണത്തെ മുഴുവനായും അനുവദിക്കുക.

വിശുദ്ധിയുടെ നാഥാ, അങ്ങയെ അനുഗമിക്കാനും യഥാർഥത്തിൽ വിശുദ്ധനാകാനും ഞാൻ ആഗ്രഹിക്കുന്നു. എന്റെ പാപങ്ങളുടെ പരിണതഫലങ്ങൾ ഒഴിവാക്കാൻ എനിക്കു കഴിയേണ്ടതിന് അവയിൽനിന്ന് എന്നെ മോചിപ്പിക്കണമേ. സ്വർഗത്തിലെ വിശുദ്ധർക്ക് അങ്ങ് വാഗ്ദാനം ചെയ്ത മഹത്തായ പ്രതിഫലങ്ങൾ എനിക്കും ലഭിക്കേണ്ടതിന്, വിശുദ്ധിയുടെ ഉന്നതികൾ ആഗ്രഹിക്കാനും എന്നെ സഹായിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയ്ക്കായി തിരഞ്ഞെടുക്കാവുന്ന വായനകൾ


  Subscribe to our YouTube channel  
  to be notified about new content.