മലയാളം

ദൈവത്തിന്റെ സർവശക്തി

2025 ഫെബ്രുവരി 19
സാധാരണകാലം ആറാം വാരത്തിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

ആന്ദ്രേ മിറോനോവ്, CC BY-SA 4.0, വിക്കിമീഡിയ കോമൺസ് വഴി

വീഡിയോ

യേശുവും ശിഷ്യന്മാരും ബെത്‌സയ്ദായിൽ എത്തിയപ്പോൾ, ആളുകൾ ഒരു അന്ധനെ അവന്റെ അടുക്കൽ കൊണ്ടുവന്ന് അവനെ സ്പർശിക്കണമെന്ന് യേശുവിനോട് അപേക്ഷിച്ചു. അവൻ അന്ധന്റെ കൈപിടിച്ച് ഗ്രാമത്തിനു പുറത്തേക്കു കൊണ്ടുപോയി. മർക്കോസ് 8:22–23

ഗലീലി കടലിനു തൊട്ടു വടക്കായി സ്ഥിതിചെയ്യുന്ന, യേശു പ്രസംഗിച്ച പട്ടണങ്ങളിൽ ഒന്നായിരുന്നു ബേത്സയ്ദാ. പിന്നീട് തന്റെ പരസ്യശുശ്രൂഷയ്ക്കിടെ, മാനസാന്തരപ്പെടാതിരുന്നതിന്റെ പേരിൽ യേശു ബേത്സയ്ദാ പട്ടണത്തെ കുറ്റംവിധിക്കുന്നു. “ബേത്സയ്ദാ, നിനക്കു ദുരിതം! നിന്റെ മധ്യത്തിൽ നടന്ന മഹത്തായ പ്രവൃത്തികൾ ടയിറിലും സീദോനിലും നടന്നിരുന്നെങ്കിൽ, അവർ പണ്ടേ ചാക്കുടുത്തും ചാരം പൂശിയും അനുതപിക്കുമായിരുന്നു” (മത്തായി 11:21).

അവരുടെ വിശ്വാസക്കുറവും അധാർമ്മിക ജീവിതവും കാരണമായിരിക്കാം, അന്ധനെ സുഖപ്പെടുത്തുന്നതിനുമുമ്പ് യേശു അവനെ പട്ടണത്തിനു പുറത്തേക്കു കൊണ്ടുപോയത്. അന്ധനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നവർ അങ്ങനെ ചെയ്തത് തങ്ങളുടെ ആഴമായ വിശ്വാസം കൊണ്ടല്ല, മറിച്ച് ജിജ്ഞാസ കൊണ്ടാണെന്നും തോന്നുന്നു. അവനെ സുഖപ്പെടുത്തിയശേഷം, “ഗ്രാമത്തിലേക്കുപോലും പോകരുത്” എന്നു പറഞ്ഞുകൊണ്ട് യേശു അവനെ വീട്ടിലേക്ക് അയച്ചതിനും ഇതുതന്നെയായിരിക്കാം കാരണം. ഈ അത്ഭുതം ബേത്സയ്ദായിൽ വസിക്കുന്നവരുടെ ഹൃദയങ്ങളിൽ വിശ്വാസം ഉളവാക്കുകയില്ലെന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട് അവിടേക്കു മടങ്ങിപ്പോകരുതെന്ന് യേശു അവനു നിർദേശം നൽകി.

ദൈവം സർവശക്തനാണ്; താൻ ഇച്ഛിക്കുന്നതെന്തും, താൻ ഇച്ഛിക്കുന്ന ഏതു സമയത്തും ചെയ്യാൻ അവിടുത്തേക്കു കഴിയുമെന്നത് വ്യക്തമാണ്. എന്നാൽ, ഇതിനകം വിശ്വസിക്കുന്നവരുടെ സാന്നിധ്യത്തിൽ മാത്രമോ, കുറഞ്ഞപക്ഷം തന്നെ ഇനിയും നിരസിച്ചിട്ടില്ലാത്തവരുടെ സാന്നിധ്യത്തിലോ തന്റെ സർവശക്തി പ്രയോഗിക്കാനാണ് അവിടുന്ന് പലപ്പോഴും തിരുമനസ്സാകുന്നത്. തന്റെ പ്രസംഗം കേട്ടിട്ടും വിശ്വാസത്തിലേക്കു വരാത്തവരെ കണ്ടുമുട്ടുമ്പോൾ, അവരുടെ സാന്നിധ്യത്തിൽ അത്ഭുതങ്ങളൊന്നും പ്രവർത്തിക്കാൻ യേശു വിസമ്മതിക്കുന്നു.

വിശ്വാസമാണ് ആദ്യം ഉണ്ടാകേണ്ടത് എന്നാണ് ഇത് നമ്മോടു പറയുന്നത്; അപ്പോൾ ദൈവത്തിന്റെ സർവശക്തി നിർബാധം ഒഴുകും. തീർച്ചയായും, ദൈവവചനത്തിന്റെ കൃപ എപ്പോഴും എല്ലാവർക്കും നൽകപ്പെടുന്നുണ്ട്. ദൈവത്തിന്റെ വിശുദ്ധ വചനത്തിന്റെ വിത്ത് എല്ലാവർക്കും എപ്പോഴും ലഭ്യമാണ്. എന്നാൽ തന്റെ വിശുദ്ധ സുവിശേഷവചനം അയയ്ക്കുന്നതും, രൂപാന്തരപ്പെടുത്തുന്ന തന്റെ സർവശക്തി അയയ്ക്കുന്നതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത് പ്രധാനമാണ്. രണ്ടാമത്തേത് സ്വീകരിക്കാനുള്ള ഏക മാർഗം ആദ്യത്തേത് ആദ്യം സ്വീകരിക്കുക എന്നതാണ്. നാം അവിടുത്തെ വചനം കേൾക്കുകയും സ്വീകരിക്കുകയും അതിൽ വിശ്വസിക്കുകയും ചെയ്യുന്നില്ലെങ്കിൽ, രൂപാന്തരപ്പെടുത്തുന്ന അവിടുത്തെ ശക്തിയുടെ കൃപ നമുക്കു ലഭിക്കുകയില്ല.

ഇതോടൊപ്പം, ദൈവത്തിന്റെ “സർവശക്തി”യെ അത്ഭുതങ്ങളിൽ മാത്രമായി ഒതുക്കാനാവില്ലെന്നും മനസ്സിലാക്കണം. യേശു ഭൂമിയിൽ നടന്നിരുന്ന കാലത്തുണ്ടായിരുന്നതുപോലെ ശാരീരിക അത്ഭുതങ്ങൾ ഇന്ന് അത്ര വ്യാപകമല്ലെന്ന് നമുക്കെല്ലാം അറിയാം. എന്നാൽ അവിടുത്തെ സർവശക്തി ഇന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു; യേശു ഭൂമിയിൽ നടന്നിരുന്ന കാലത്തേക്കാൾ മഹത്തായ രീതിയിൽത്തന്നെ. ഇന്ന്, കൃപയുടെ പൂർണതയാലും പരിശുദ്ധാത്മാവിനെ നൽകുന്നതിലൂടെയും നമ്മെ ആന്തരികമായി രൂപാന്തരപ്പെടുത്തുന്ന ശക്തിയാണ് അവിടുത്തേത്. ദൈവവചനം കേട്ട് യഥാർഥ വിശ്വാസത്തോടെ പ്രതികരിച്ചുകഴിയുമ്പോൾ, നാം എപ്പോഴും തേടുകയും പ്രതീക്ഷിക്കുകയും ചെയ്യേണ്ട യഥാർഥ അത്ഭുതം അതാണ്.

ഇന്ന്, നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചും നിങ്ങളുടെ ജീവിതത്തിൽ രൂപാന്തരപ്പെടുത്തുന്ന ദൈവശക്തിയുടെ ആവശ്യകതയെക്കുറിച്ചും വിചിന്തനം ചെയ്യുക. നിങ്ങളുടെ ഉള്ളിൽ വിശ്വാസം സജീവമായി നിലനിൽക്കുന്നതായി നിങ്ങൾ കാണുന്നുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ ശക്തിയും പരിശുദ്ധാത്മാവ് നൽകുന്ന രൂപാന്തരവും നിങ്ങൾ തീർച്ചയായും അനുഭവിക്കും. കൃപയുടെ ഈ ശക്തിയും ആന്തരിക രൂപാന്തരവും പ്രവർത്തിക്കുന്നതായി നിങ്ങൾ കാണുന്നില്ലെങ്കിൽ, തന്റെ ശക്തി പ്രയോഗിക്കാനായി അന്ധനെ പട്ടണത്തിനു പുറത്തേക്കു നയിക്കുന്ന യേശുവിന്റെ ദൃശ്യം ധ്യാനിക്കുക. ആദ്യം വിശ്വാസം നേടാൻ പരിശ്രമിക്കുക. കാരണം, അങ്ങനെ ചെയ്താൽ നമ്മുടെ കർത്താവിനു നിങ്ങളുടെ അരികിൽ നിലകൊള്ളാൻ കഴിയും; അവിടുന്ന് നിങ്ങളുടെ ആത്മാവിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്യും.

സർവശക്തനായ കർത്താവേ, അങ്ങ് അയച്ച സുവിശേഷം സ്വീകരിച്ച് അങ്ങിൽ വിശ്വാസത്തിലേക്കു വന്നവരുടെമേൽ അങ്ങയുടെ സർവശക്തി അയയ്ക്കാൻ അങ്ങ് തിരുമനസ്സാകുന്നുവല്ലോ. മാനസാന്തരപ്പെടാനും വിശ്വസിക്കാനും ഞാൻ തീരുമാനിക്കുകയും, അങ്ങനെ അങ്ങയുടെ സമൃദ്ധമായ കൃപയാൽ രൂപാന്തരപ്പെടാൻ സന്നദ്ധനാകുകയും ചെയ്യേണ്ടതിന്, കേൾക്കാനായി എന്റെ കാതുകൾ തുറക്കണമേ. ഈശോയെ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.