2025 മാർച്ച് 2
സാധാരണകാലത്തിലെ എട്ടാം ഞായർ (വർഷം C)
ഇന്നത്തെ വായനകൾ
യേശു ഫലം കായ്ക്കാത്ത വൃക്ഷത്തിന്റെ ഉപമ പറയുന്നു — ആവിഷ്കാരം: Lawrence OP, അനുമതിപത്രം: CC BY-NC-ND 2.0.
യേശു തന്റെ ശിഷ്യന്മാരോട് ഒരു ഉപമ പറഞ്ഞു: “അന്ധന് അന്ധനെ നയിക്കാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലേ? ഒരു ശിഷ്യനും ഗുരുവിനെക്കാൾ ശ്രേഷ്ഠനല്ല; എന്നാൽ പൂർണമായി പരിശീലനം നേടുമ്പോൾ ഓരോ ശിഷ്യനും തന്റെ ഗുരുവിനെപ്പോലെയാകും.” ലൂക്കാ 6:39–40
നിങ്ങൾ “പൂർണമായി പരിശീലനം നേടിയവരാണോ?” പൂർണമായി പരിശീലനം നേടുക എന്നതിന്റെ അർഥമെന്താണ്? പൂർണമായി പരിശീലനം നേടിയവർ തങ്ങളുടെ ഗുരുവിനെപ്പോലെയാകുമെന്ന് യേശു വ്യക്തമാക്കുന്നു. തീർച്ചയായും, ഏകഗുരുവായ നമ്മുടെ കർത്താവിനെപ്പോലെയാകണം നാം. അപ്പോൾ, നിങ്ങൾ എല്ലാ കാര്യത്തിലും അവിടുത്തെപ്പോലെയാണോ?
ഒരു ക്രൈസ്തവനെന്ന നിലയിൽ പൂർണമായി പരിശീലനം നേടുന്നത് ഒരു തൊഴിൽമേഖലയിൽ പൂർണമായി പരിശീലനം നേടുന്നതിൽനിന്ന് വ്യത്യസ്തമാണ്. ഉദാഹരണത്തിന്, ആവശ്യമായ പാഠങ്ങളെല്ലാം പഠിക്കുകയും വൈദ്യശാസ്ത്രത്തിന്റെ പ്രായോഗിക വശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുമ്പോൾ ഒരു ഡോക്ടർ പൂർണമായി പരിശീലനം നേടിയ വ്യക്തിയാകുന്നു. അങ്ങനെയാണ് ആ വ്യക്തി, തന്റെ ഗുരുക്കന്മാരായിരുന്ന ഡോക്ടർമാരെപ്പോലെ, ഒരു ഡോക്ടറാകുന്നത്. എന്നാൽ വിശ്വാസത്തിന്റെ അനേകം പ്രബോധനങ്ങൾ പഠിച്ചശേഷം, നമ്മുടെ പ്രാവീണ്യംകൊണ്ട് അവയെ നമ്മുടെ സ്വാഭാവിക കഴിവുകൾ ഉപയോഗിച്ച് പ്രാവർത്തികമാക്കാൻ കഴിയുന്നവിധം നാം സ്വായത്തമാക്കുന്ന ഒന്നല്ല ക്രൈസ്തവജീവിതം. ഒരു ക്രൈസ്തവൻ പൂർണമായി പരിശീലനം നേടണമെങ്കിൽ, ദിവ്യവൈദ്യൻ അയാളെ പൂർണമായി സ്വന്തമാക്കുകയും അയാളിൽ വസിക്കുകയും അയാളിലൂടെ പ്രവർത്തിക്കുകയും വേണം. അതിനാൽ, ദൈവം നിങ്ങളിൽ വസിച്ച് നിങ്ങളിലൂടെ പ്രവർത്തിക്കേണ്ടതിന്, അവിടുത്തെ നിങ്ങളുമായി ഒന്നാകാൻ അനുവദിക്കുന്ന അഭ്യാസമാണ് ക്രൈസ്തവ പരിശീലനം.
ഈ രീതിയിലുള്ള “പരിശീലനം” ആദ്യം ലക്ഷ്യമാക്കുന്നത് ആത്മീയ അന്ധതയിൽനിന്ന് നമ്മെ മോചിപ്പിക്കാനാണ്. നാം ക്രിസ്തുവിനെ കാണുകയും അവിടുത്തെ അറിയുകയും വേണം. വീണ്ടും പറയട്ടെ, ദൈവത്തെക്കുറിച്ചുള്ള വിവിധ സത്യങ്ങൾ ബൗദ്ധികമായി പഠിക്കുക എന്നതുമാത്രമല്ല ഇത്. സത്യം തന്നെയായവനെ അറിയുക എന്നതാണ് ഇത്. യേശുക്രിസ്തു എന്ന വ്യക്തിയെ നാം കാണുകയും അറിയുകയും വേണം. ഇതാണ് യഥാർഥ കാഴ്ച. എന്നാൽ നമ്മുടെ ആത്മാവിന്റെ ദൃഷ്ടി രക്ഷകനിൽനിന്ന് മാറ്റുമ്പോഴെല്ലാം അന്ധത വീണ്ടും നമ്മെ ബാധിക്കാം.
എന്നാൽ ക്രിസ്തുവിനെ കണ്ടാൽ മാത്രം പോരാ. കാഴ്ചയെ തുടർന്ന് പ്രവൃത്തിയും ഉണ്ടാകണം. അതുകൊണ്ടാണ് ഇന്നത്തെ സുവിശേഷത്തിൽ നമ്മുടെ കർത്താവ് തുടർന്ന് ഇങ്ങനെ പറയുന്നത്: “ഓരോ വൃക്ഷവും അതിന്റെ ഫലംകൊണ്ട് തിരിച്ചറിയപ്പെടുന്നു.” അതുപോലെ, “നല്ല മനുഷ്യൻ തന്റെ ഹൃദയത്തിലെ നന്മയുടെ നിക്ഷേപത്തിൽനിന്ന് നന്മ പുറപ്പെടുവിക്കുന്നു.” നിങ്ങളുടെ ആത്മാവിനുള്ളിൽ ക്രിസ്തുവിനെത്തന്നെ കാണുന്നത് ആ “നന്മയുടെ നിക്ഷേപം” ഉളവാക്കും; ഇത് നിങ്ങളെ കൂടുതൽ “പൂർണമായി പരിശീലനം നേടിയവരാക്കും.” അപ്പോൾ മാത്രമേ നിങ്ങൾക്ക് നല്ല ഫലം പുറപ്പെടുവിക്കാൻ കഴിയൂ. കാരണം, നിങ്ങളിലും നിങ്ങളിലൂടെയും നല്ല ഫലം പുറപ്പെടുവിക്കുന്നത് ക്രിസ്തുതന്നെയായിരിക്കും.
അതിനാൽ നമുക്ക് ആദ്യത്തെ ചോദ്യത്തിലേക്കു മടങ്ങാം: “നിങ്ങൾ പൂർണമായി പരിശീലനം നേടിയവരാണോ?” യേശു എന്ന വ്യക്തിയിൽത്തന്നെ നിങ്ങൾ അനുദിനം ദൃഷ്ടി ഉറപ്പിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങളുടെ ജീവിതത്തിലും നിങ്ങളിലൂടെ മറ്റുള്ളവരുടെ ജീവിതത്തിലും പ്രവർത്തിക്കാൻ നിങ്ങൾ അവിടുത്തെ അനുവദിക്കുന്നുണ്ടോ? ഈ ചോദ്യങ്ങൾക്ക് ആത്മവിശ്വാസത്തോടെ “ഉവ്വ്” എന്ന് ഉത്തരം പറയാൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിൽ, നിങ്ങൾ തിരിച്ചറിയുന്നതിനെക്കാൾ കൂടുതൽ അന്ധത നിങ്ങളുടെ ആത്മീയജീവിതത്തിൽ ഉണ്ടായിരിക്കാം.
പൂർണമായി പരിശീലനം നേടിയ ക്രിസ്തുവിന്റെ പടയാളിയായിത്തീരാനുള്ള നിങ്ങളുടെ ദൗത്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങളെ ഉപയോഗിക്കാനും നിങ്ങളിൽ വസിക്കാനും നിങ്ങളിലൂടെ പ്രവർത്തിക്കാനും ദൈവം ആഗ്രഹിക്കുന്നു. നിങ്ങൾ എല്ലാ കാര്യത്തിലും അവിടുത്തെപ്പോലെയാകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. നിങ്ങൾ പോരാടിക്കൊണ്ടിരിക്കുന്ന അന്ധതയെ അംഗീകരിക്കുകയും അവിടുത്തേക്കു ദൃഷ്ടി തിരിക്കുകയും നിങ്ങളുമായി ഒന്നാകാൻ അവിടുത്തെ അനുവദിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഇത് സാധ്യമാകൂ. നിങ്ങളിൽ വസിക്കുന്ന അവിടുത്തിലേക്കു തിരിഞ്ഞുകൊണ്ട് ആരംഭിക്കുക. അവിടുത്തെ അന്വേഷിക്കുക, അവിടുത്തെ തേടുക, അവിടുത്തെ സ്നേഹിക്കുക. അവിടുത്തിൽ ദൃഷ്ടി ഉറപ്പിച്ചാൽ, ശേഷിക്കുന്നതെല്ലാം അവിടുന്ന് കരുതലോടെ നിർവഹിച്ച്, പൂർണമായി പരിശീലനം നേടിയതും ഫലസമൃദ്ധവുമായ ഒരു ജീവിതത്തിലേക്ക് നിങ്ങളെ നയിക്കും.
എന്റെ ദിവ്യഗുരുവേ, സകലത്തിന്റെയും കർത്താവായ അങ്ങയിലേക്കു ഞാൻ തിരിയുകയും അങ്ങയിൽ എന്റെ ദൃഷ്ടി ഉറപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അങ്ങയെ കാണുമ്പോൾ, എന്റെ അന്ധതയും ആശയക്കുഴപ്പവും നീക്കണമേ. അവയ്ക്കു പകരം എനിക്കു ജ്ഞാനം നൽകണമേ. അങ്ങനെ, സമൃദ്ധമായി നല്ല ഫലം പുറപ്പെടുവിച്ചുകൊണ്ട്, എന്നിൽ വസിക്കാനും എന്നിലൂടെ പ്രവർത്തിക്കാനും ഞാൻ എപ്പോഴും അങ്ങയെ അനുവദിക്കട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
നോമ്പുകാലത്തിനായുള്ള സഹായവിഭവങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ





