മാർച്ച് 1, 2025
ആണ്ടുവട്ടത്തിലെ ഏഴാം വാരത്തിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ
ചാൾസ് ലോക്ക് ഈസ്റ്റ്‌ലേക്ക്, പൊതുസഞ്ചയത്തിൽ, വിക്കിമീഡിയ കോമൺസ് വഴി
യേശു സ്പർശിക്കേണ്ടതിന് ആളുകൾ കുട്ടികളെ അവന്റെ അടുത്തേക്കു കൊണ്ടുവന്നു. എന്നാൽ ശിഷ്യന്മാർ അവരെ ശകാരിച്ചു. ഇതു കണ്ടപ്പോൾ യേശു രോഷാകുലനായി അവരോടു പറഞ്ഞു: “കുട്ടികൾ എന്റെ അടുത്തു വരട്ടെ; അവരെ തടയരുത്. എന്തെന്നാൽ ദൈവരാജ്യം ഇവരെപ്പോലെയുള്ളവരുടേതാണ്.” മർക്കോസ് 10:13–14
ലാളിത്യം, വിശ്വാസം, ഉദ്ദേശ്യശുദ്ധി, തുറന്ന മനസ്സ്, പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവ് എന്നിവയെല്ലാം കുട്ടികളിൽ പലപ്പോഴും സ്വാഭാവികമായി കാണുന്ന ഗുണങ്ങളാണ്. ദുഷ്ടലക്ഷ്യങ്ങൾ മനസ്സിൽ സൂക്ഷിക്കാനുള്ള പ്രാപ്തി അവർക്ക് ഇനിയും വന്നിട്ടില്ല. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ ക്ഷമിക്കാനും അനുരഞ്ജനപ്പെടാനും അവർ വേഗം തയ്യാറാകുന്നു. മാതാപിതാക്കളുടെ കരുതലിൽ അവർക്ക് അചഞ്ചലമായ വിശ്വാസവുമുണ്ട്. ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ നാം അനുകരിക്കേണ്ട ഗുണങ്ങളിൽ ചിലതാണ് ഇവ.
പ്രായം കൂടുകയും നമ്മുടെ യുക്തിചിന്ത വളരുകയും ചെയ്യുമ്പോൾ, കുട്ടികളായിരുന്നപ്പോൾ നമുക്കുണ്ടായിരുന്ന പ്രധാനപ്പെട്ട ചില ഗുണങ്ങൾ നഷ്ടപ്പെടാൻ ഇടയുണ്ടെന്നു തോന്നുന്നു. എന്നാൽ നമ്മെ സ്നേഹിക്കുന്ന ദൈവവുമായുള്ള ബന്ധത്തിൽ, ദൈവപരിപാലനത്തിലും കരുതലിലും പൂർണമായി വിശ്വസിക്കാനും ആശ്രയിക്കാനും നമ്മെ നയിക്കുന്ന ബാലസഹജമായ പ്രധാന ഗുണങ്ങൾ ഒരിക്കലും നഷ്ടപ്പെടുത്തരുത്.
സ്വയം പരിപാലിക്കാൻ കഴിയുന്നില്ല എന്ന അർഥത്തിൽ കുട്ടികൾ ദുർബലരുമാണ്. മറ്റുള്ളവരുടെ, പ്രത്യേകിച്ച് മാതാപിതാക്കളുടെ, കരുതലിനെ അവർ പൂർണമായി ആശ്രയിക്കുന്നു. അതുകൊണ്ട്, നാം ദൈവത്തെ എങ്ങനെ സമീപിക്കണം എന്നതിന്റെ ഉത്തമ മാതൃകയാണ് ഒരു കുട്ടി. നമ്മുടെ ബലഹീനതയും ആശ്രയത്തിന്റെ ആവശ്യകതയും നാം തിരിച്ചറിയണം. സ്വയം പരിപാലിക്കാൻ നമുക്കു കഴിവില്ലെന്ന് ആഴമായ ബോധ്യത്തോടെ നാം അറിയണം. പ്രായം കൂടുമ്പോൾ ഭൗതികമായ ആവശ്യങ്ങൾ സ്വയം നിറവേറ്റാൻ കഴിവുനേടി ഒരു പരിധിവരെ സ്വാശ്രയത്വം കൈവരിച്ചേക്കാമെങ്കിലും, നമ്മുടെ ആന്തരികമായ ആത്മീയ ആവശ്യങ്ങൾ സ്വയം നിറവേറ്റാൻ നമുക്കൊരിക്കലും കഴിയുകയില്ല. ആത്മീയ ആവശ്യങ്ങൾക്കായി നാം പൂർണമായും ദൈവത്തിന്റെ കരുണയെ ആശ്രയിക്കുന്നവരായി തുടരുന്നു. അടിസ്ഥാനപരമായി നാം യഥാർഥ ആത്മീയ സംതൃപ്തിക്കായി കൊതിക്കുന്ന ആത്മീയ സത്തകളാണെന്ന കാര്യം ഒരിക്കലും മറക്കരുത്. സ്വന്തം പരിശ്രമത്താൽ നമുക്കു നേടാനാകുന്ന ഭൗതികമോ ജഡികമോ ആയ സംതൃപ്തികൾക്ക് നമ്മുടെ അസ്തിത്വത്തിന്റെ ഏറ്റവും ആഴമായ തലത്തിൽ പൂർണത നൽകാൻ ഒരിക്കലും കഴിയുകയില്ല. ദൈവത്തിനു മാത്രമേ ഈ വിധത്തിലുള്ള പൂർണത നൽകാൻ കഴിയൂ.
ജീവിതത്തോടുള്ള നിങ്ങളുടെ സ്വന്തം സമീപനത്തെക്കുറിച്ചു ചിന്തിക്കുക. സ്വന്തം പരിശ്രമങ്ങളിലൂടെ ജീവിതത്തിൽ പൂർണതയും സംതൃപ്തിയും കണ്ടെത്താനാണോ നിങ്ങൾ ശ്രമിക്കുന്നത്? നിങ്ങളുടെ ഇപ്പോഴത്തെയും ഭാവിയിലെയും സന്തോഷത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ? ജീവിതത്തിൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ടത് അനിവാര്യമാണെങ്കിലും, നമുക്കു പ്രവർത്തിക്കാനാകുന്ന ഏറ്റവും ഉത്തരവാദിത്വപൂർണമായ രീതി നമ്മുടെ ജീവിതത്തിന്റെ പൂർണ നിയന്ത്രണം മനഃപൂർവം ദൈവത്തിന്റെ പരിപാലനത്തിനും കരുതലിനും വിട്ടുകൊടുക്കുകയാണെന്നു മനസ്സിലാക്കണം. ഒരു കുട്ടി തന്റെ മാതാവിനെയോ പിതാവിനെയോ ആശ്രയിക്കുന്നതുപോലെ, നാം ദൈവകൃപയെ ആശ്രയിക്കണം.
ഇന്ന് ഒരു കുട്ടിയെക്കുറിച്ചു വിചിന്തനം ചെയ്യുക. പ്രത്യേകിച്ച്, ഒരു കുട്ടി മറ്റുള്ളവരെ എങ്ങനെ ആശ്രയിക്കുന്നു എന്നു ചിന്തിക്കുക. അങ്ങനെ ചെയ്യുമ്പോൾ, ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാറ്റിനും, ആത്യന്തികമായി നിങ്ങളുടെ അസ്തിത്വത്തിനു പൂർണത നൽകുന്ന എല്ലാറ്റിനും, ദൈവത്തെ പൂർണമായി ആശ്രയിക്കേണ്ട ഒരാളായി നിങ്ങളെത്തന്നെയും കാണുക. ദൈവത്തിന്റെ പരിപാലനത്തിലും കരുണയിലും വിശ്വസിക്കുക. ബാലസഹജമായ ആ വിശ്വാസം നിങ്ങളെ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിന്റെ കരങ്ങളിൽ ഉറപ്പോടെ ചേർത്തുനിർത്താൻ അനുവദിക്കുക.
സ്നേഹനിധിയായ പിതാവേ, ഒരു കൊച്ചുകുട്ടി സ്നേഹമുള്ള മാതാപിതാവിന്റെ അടുത്തേക്കു തിരിയുന്നതുപോലെ, പൂർണമായ വിശ്വാസത്തോടെ ഞാൻ അങ്ങിലേക്കു തിരിയുന്നു. സ്വന്തം ജീവിതപൂർണത കണ്ടെത്താൻ എനിക്കുതന്നെ കഴിയുമെന്ന് എന്നെത്തന്നെ വഞ്ചിക്കുന്നത്ര സ്വയംപര്യാപ്തനായി ഞാൻ ഒരിക്കലും മാറാതിരിക്കട്ടെ. പകരം, യഥാർഥ ജീവിതപൂർണതയുടെ ഏക ഉറവിടമായി ഞാൻ എപ്പോഴും അങ്ങയെ കാണുകയും അങ്ങയിൽ മാത്രം എന്നും ആശ്രയിക്കുകയും ചെയ്യട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ





