മലയാളം

ക്രിസ്തുവിന്റെ സമാധാനം

2025 മേയ് 20
ഉയിർപ്പുകാലം അഞ്ചാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

സിയേനയിലെ വിശുദ്ധ ബെർണാർദിൻ, പുരോഹിതൻ—ഐച്ഛിക അനുസ്മരണം

ഹൈൻറിച്ച് ഹോഫ്മാൻ, പൊതുസഞ്ചയം, വിക്കിമീഡിയ കോമൺസ് വഴി

വീഡിയോ

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “ഞാൻ നിങ്ങൾക്കു സമാധാനം വിട്ടുതരുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു നൽകുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നിങ്ങൾക്കു നൽകുന്നത്.” യോഹന്നാൻ 14:27

യേശു നിങ്ങൾക്കു നൽകുന്ന സമാധാനം, ലോകം നൽകുന്ന പുറമേയുള്ള സമാധാനത്തിൽനിന്ന് എങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നത്? നാമെല്ലാവരും ജീവിതത്തിൽ സമാധാനം ആഗ്രഹിക്കുന്നു. ആന്തരിക സമാധാനത്തിനായുള്ള ആഗ്രഹം നമ്മുടെ പ്രകൃതിയിൽത്തന്നെ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ആന്തരികമായ ക്രമക്കേടിലേക്കും അരാജകത്വത്തിലേക്കുപോലും നയിക്കുന്ന തീരുമാനങ്ങൾ പലരും എടുക്കുന്നുണ്ടെങ്കിലും, യഥാർഥത്തിൽ സംതൃപ്തി നൽകുന്നത് എന്താണെന്നതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണയിൽനിന്നാണ് പലപ്പോഴും അത്തരം തീരുമാനങ്ങൾ ഉണ്ടാകുന്നത്.

ഉദാഹരണത്തിന്, മയക്കുമരുന്നിനോടോ മദ്യത്തോടോ ഉള്ള ആസക്തിയെ വളർത്താൻ തീരുമാനിക്കുന്നവർ പലപ്പോഴും ആ ആസക്തിയിലേക്കു കടന്നത് സന്തോഷത്തിനായുള്ള വഴിതെറ്റിയ ആഗ്രഹംകൊണ്ടായിരിക്കും. അതിലൂടെ അനുഭവപ്പെടുന്ന താൽക്കാലിക ആശ്വാസം, എല്ലാം നന്നായിരിക്കുന്നു എന്ന ഒരു താൽക്കാലിക തോന്നൽ നൽകുന്നു. എന്നാൽ വസ്തുനിഷ്ഠമായി നോക്കുമ്പോൾ, ഈ പ്രവൃത്തികളിൽനിന്നു ലഭിക്കുന്ന താൽക്കാലിക “സമാധാനം” ഒടുവിൽ അവർ ആഗ്രഹിക്കുന്ന കാര്യംതന്നെ നഷ്ടപ്പെടുന്നതിലേക്കു നയിക്കുന്നു എന്നത് വളരെ വ്യക്തമാണ്. ഇത്തരം തിരഞ്ഞെടുപ്പുകൾ ആസക്തികളായി മാറുമ്പോൾ, വ്യക്തി പലപ്പോഴും കൂടുതൽ തകർച്ചയിലേക്കു വലിച്ചിഴയ്ക്കുന്ന ഒരു ചുഴിയിൽ അകപ്പെട്ടുപോകുന്നു.

ജീവിതത്തിൽ തൃപ്തിയും നിറവും തേടി ആളുകൾ പോകുന്ന മറ്റു വഴികളും എണ്ണമറ്റതാണ്. പണം, നിയന്ത്രണമില്ലാത്ത ലൈംഗികബന്ധങ്ങൾ, ചതി, സ്വാർഥത, കോപം, വഞ്ചന തുടങ്ങിയവയെല്ലാം ഏതെങ്കിലും തരത്തിലുള്ള സംതൃപ്തി നേടുക എന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തികളാണ്. വഞ്ചനാപരമായ ഇത്തരം പ്രവൃത്തികളുടെ മുഖംമൂടി നീക്കുക എന്നതായിരിക്കണം നമ്മുടെ ദൈനംദിന ലക്ഷ്യം. അപ്പോൾ അവയുടെ യഥാർഥ സ്വഭാവവും അവ ഉളവാക്കുന്ന ഫലങ്ങളും നമുക്കു കാണാൻ കഴിയും. “ലോകം” നമുക്കു സമാധാനം വാഗ്ദാനം ചെയ്യുന്ന അനേകം വഴികളിൽ ചിലതാണ് ഇവ എന്നതു വ്യക്തമാണ്.

ജീവിതത്തിലെ യഥാർഥ സന്തോഷത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, നാം ശരിയായ പാതയിലാണെന്നും ശരിയായ തീരുമാനങ്ങളാണ് എടുക്കുന്നതെന്നും വ്യക്തമാക്കുന്ന അടയാളങ്ങളിൽ ഒന്നാണ് യഥാർഥ ആന്തരിക സമാധാനമെന്ന ദാനം. ഓരോ ദിവസവും നാം ദൈവഹിതം തിരഞ്ഞെടുക്കുമ്പോൾ, ആ തിരഞ്ഞെടുപ്പുകൾ പ്രയാസമുള്ളവയായിരിക്കാം; തുടക്കത്തിൽ ഏറെ ത്യാഗവും ആവശ്യമായി വന്നേക്കാം. സ്നേഹിക്കുക പ്രയാസമായിരിക്കാം. ദൈവത്തിന്റെ ധാർമികനിയമത്തോടു വിശ്വസ്തത പുലർത്തുന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കാം. പാപം ചെയ്യാൻ വിസമ്മതിക്കുന്നതും പ്രയാസമാണ്. എന്നാൽ ഓരോ ദിവസവും, ദിവസം മുഴുവനും ദൈവഹിതം തിരഞ്ഞെടുക്കുന്നത്, നമുക്ക് ആശ്വാസവും താങ്ങും നൽകുന്ന ക്രിസ്തുവിന്റെ സമാധാനമെന്ന ദാനം നമ്മിൽ ഉളവാക്കാൻ തുടങ്ങും.

യഥാർഥ സമാധാനം ശക്തി പകരുന്നു. അത് ആന്തരികമായ സത്യനിഷ്ഠയിലേക്കും സമഗ്രതയിലേക്കും നയിക്കുന്നു. അത് ചിന്തകൾക്കു വ്യക്തതയും ബോധ്യങ്ങൾക്കു ദൃഢതയും നൽകുന്നു. ദൈവത്തിന്റെ സമാധാനം കൂടുതൽ സമാധാനത്തിലേക്കു നയിക്കുന്നു. നന്നായി ചിന്തിച്ചുറപ്പിച്ച സ്നേഹപ്രവൃത്തികളെ അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പുകളിലേക്ക് അതു നയിക്കുന്നു. സമാധാനം നമ്മെ ദൈവഹിതത്തിലേക്കു നയിക്കുന്നു; ദൈവഹിതം സമാധാനത്തിലേക്കും നയിക്കുന്നു. ഈ ചാക്രികപ്രക്രിയയുടെ ഫലം അതിവേഗം പെരുകിക്കൊണ്ടിരിക്കുന്നു; ജീവിതത്തിലെ സന്തോഷത്തിലേക്കുള്ള ഏറ്റവും വ്യക്തമായ വഴികാട്ടികളിൽ ഒന്നാണിത്.

നിങ്ങളുടെ ഹൃദയത്തിൽ യഥാർഥത്തിൽ സമാധാനമുണ്ടോ എന്ന് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങളുടെ ആത്മാവിനുള്ളിൽ ശാന്തവും ശക്തവും നിങ്ങൾക്കു താങ്ങുമായ ദൈവസാന്നിധ്യം നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? നിങ്ങളുടെ ദൈനംദിന തിരഞ്ഞെടുപ്പുകൾ ഹൃദയത്തിൽ കൂടുതൽ സത്യനിഷ്ഠയും മനസ്സിൽ കൂടുതൽ വ്യക്തതയും ഉളവാക്കുന്നുണ്ടോ? ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികൾക്കിടയിലും നിങ്ങൾക്ക് ആനന്ദവും ശാന്തതയും ഉണ്ടെന്ന് അനുഭവപ്പെടുന്നുണ്ടോ? ഈ സമാധാനം തേടുക. കാരണം, അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ഹൃദയത്തിൽ ഈ മഹത്തായ ദാനം ഉളവാക്കുന്ന നല്ലവനായ ദൈവത്തെത്തന്നെയായിരിക്കും നിങ്ങൾ തേടുന്നത്.

യഥാർഥ സമാധാനത്തിന്റെ നാഥനായ എന്റെ കർത്താവേ, എന്റെ ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളുടെയും ഏറ്റവും ആഴമായ സാക്ഷാത്കാരത്തിലേക്കുള്ള ഏകമാർഗം അങ്ങും അങ്ങയുടെ വിശുദ്ധ ഹിതവുമാണ്. ക്രമക്കേടിലേക്കും ആശയക്കുഴപ്പത്തിലേക്കും നയിക്കുന്ന തെറ്റായ തിരഞ്ഞെടുപ്പുകൾ ഞാൻ നടത്തുമ്പോൾ, പൂർണഹൃദയത്തോടെ അങ്ങയിലേക്കു തിരിയാൻ എന്നെ സഹായിക്കണമേ. ഞാൻ പോരാടുന്ന ഏതൊരു വഞ്ചനയുടെയും മുഖംമൂടി നീക്കണമേ; അങ്ങയെയും അങ്ങയുടെ സമാധാനത്തെയും മാത്രം തേടാൻ എനിക്കാവശ്യമായ ശക്തി നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ലിയോ XIV മാർപാപ്പയ്ക്കുവേണ്ടി ഒരു പ്രാർത്ഥന

സിയെന്നായിലെ വിശുദ്ധ ബെർണാർദിൻ, പുരോഹിതൻ

ഉയിർപ്പുതിരുനാൾ പ്രാർത്ഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.