മലയാളം

ദൈവത്തിലുള്ള നമ്മുടെ സ്വത്വം

മേയ് 20, 2026
ഉയിർപ്പുകാലം ഏഴാം വാരത്തിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

സിയേനയിലെ വിശുദ്ധ ബെർണാർദിൻ, പുരോഹിതൻ—ഐച്ഛിക അനുസ്മരണം

ചിത്രം: Adobe Stock വഴി

വീഡിയോ

“സ്വർഗത്തിലേക്കു കണ്ണുകളുയർത്തി യേശു ഇപ്രകാരം പ്രാർഥിച്ചു: “പരിശുദ്ധ പിതാവേ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കേണ്ടതിന്, അങ്ങ് എനിക്കു നൽകിയ അങ്ങയുടെ നാമത്തിൽ അവരെ കാത്തുകൊള്ളണമേ.”  യോഹന്നാൻ 17:11

പുരാതന ലോകത്തിൽ, പേര് ഒരാളെ തിരിച്ചറിയാനുള്ള ഉപാധി മാത്രമായിരുന്നില്ല; ആ വ്യക്തിക്കുണ്ടായിരുന്ന അധികാരത്തിന്റെയും ശക്തിയുടെയും പ്രകടനംകൂടിയായിരുന്നു. ഉദാഹരണത്തിന്, ഒരു രാജാവോ ഭരണാധികാരിയോ കൽപ്പന പുറപ്പെടുവിക്കുമ്പോൾ, അത് രാജാവിന്റെ “നാമത്തിൽ” ആയിരുന്നു നൽകിയിരുന്നത്. അതായത്, അദ്ദേഹത്തിന്റെ പൂർണമായ അധികാരവും ശക്തിയും ആ കൽപ്പനയ്ക്കു പിന്നിലുണ്ടായിരുന്നു.

ബൈബിളിൽ ദൈവത്തിന്റെ “നാമം” ഒരു സാധാരണ പേരോ വിശേഷണമോ എന്നതിലേറെ അർഥമുള്ളതാണ്; അത് ദൈവത്തിന്റെ സ്വത്വത്തിന്റെയും സ്വഭാവത്തിന്റെയും ശക്തിയുടെയും പൂർണമായ വെളിപ്പെടുത്തലിനെ സൂചിപ്പിക്കുന്നു. ദൈവനാമം എന്ന ആശയം അവിടുത്തെ പ്രകൃതിയോടും ലോകത്തിലുള്ള അവിടുത്തെ പ്രവൃത്തികളോടും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ദൈവം ആരാണെന്നും തന്റെ ജനവുമായുള്ള അവിടുത്തെ ബന്ധം എന്താണെന്നും അവിടുത്തെ നാമം വ്യക്തമാക്കുന്നു.

പഴയനിയമത്തിൽ, ജ്വലിക്കുന്ന മുൾപ്പടർപ്പിൽ ദൈവം മോശയ്ക്കു പ്രത്യക്ഷനായി. തന്റെ ജനമായ ഇസ്രായേൽക്കാരെ ഈജിപ്തിൽനിന്നു പുറത്തുകൊണ്ടുവരാൻ ഫറവോയുടെ അടുക്കലേക്കു പോകണമെന്ന് അവിടുന്ന് മോശയോടു നിർദേശിച്ചു. മോശ ചോദിച്ചു: “എന്നാൽ… ഞാൻ ഇസ്രായേൽക്കാരുടെ അടുക്കൽ ചെന്ന്, ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു’ എന്നു പറയുമ്പോൾ, അവർ എന്നോട്, ‘അവിടുത്തെ പേരെന്താണ്?’ എന്നു ചോദിച്ചാൽ ഞാൻ അവരോട് എന്തു പറയണം?” ദൈവം മോശയോട് മറുപടി പറഞ്ഞു: “ഞാൻ ആകുന്നവൻ തന്നെ.” തുടർന്ന് അവിടുന്ന് അരുളിച്ചെയ്തു: “നീ ഇസ്രായേൽക്കാരോട് ഇങ്ങനെ പറയണം: ‘ഞാൻ ആകുന്നു’ എന്നവൻ എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു” (പുറപ്പാട് 3:13–14).

ദൈവത്തിന്റെ രഹസ്യാത്മകമായ നാമം—“ഞാൻ ആകുന്നവൻ തന്നെ” അഥവാ ചുരുക്കത്തിൽ “ഞാൻ ആകുന്നു”—അവിടുത്തെ സ്വത്വംകൂടിയാണ്. അത് ദൈവത്തിന്റെ നിത്യമായ അസ്തിത്വത്തെയും സ്വയംപര്യാപ്തതയെയും പ്രകടമാക്കുന്നു. ആരംഭമോ അവസാനമോ ഇല്ലാതെ, സ്വന്തം പ്രകൃതിയാൽത്തന്നെ നിലനിൽക്കുന്നവനും സർവസൃഷ്ടിയുടെയും മേൽ പരമാധികാരമുള്ളവനുമാണ് അവിടുന്ന്.

യോഹന്നാന്റെ സുവിശേഷത്തിൽ യേശു പലവട്ടം ദൈവനാമവുമായി തന്നെത്തന്നെ താദാത്മ്യപ്പെടുത്തുന്നു: “അതു ഞാനാണ്;” “ഞാനാണ് ജീവന്റെ അപ്പം;” “ഞാനാണ് ലോകത്തിന്റെ പ്രകാശം;” “അബ്രാഹം ഉണ്ടാകുന്നതിനുമുമ്പേ ഞാൻ ആകുന്നു;” “ഞാനാണ് വാതിൽ;” “ഞാനാണ് നല്ല ഇടയൻ;” “ഞാനാണ് വഴിയും സത്യവും ജീവനും;” “ഞാനാണ് യഥാർഥ മുന്തിരിച്ചെടി;” “ഞാൻ ആകുന്നു എന്നു ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ.” അതിനാൽ, “പരിശുദ്ധ പിതാവേ, അങ്ങ് എനിക്കു നൽകിയ അങ്ങയുടെ നാമത്തിൽ അവരെ കാത്തുകൊള്ളണമേ…” എന്നു യേശു പിതാവിനോടു പ്രാർഥിച്ചപ്പോൾ, ആ പ്രാർഥന അധികാരപൂർണമായിരുന്നു; അതിലൂടെ പിതാവിന്റെ തിരുഹിതം നടപ്പിലാകുന്നു. കാരണം, യേശു ‘ഞാൻ ആകുന്നു’ എന്നവനാണ്; ആ നാമത്തിലാണ് അവിടുന്ന് പ്രാർഥിക്കുന്നത്.

“നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കേണ്ടതിന്” എന്നായിരുന്നു യേശുവിന്റെ പ്രാർഥന. ഈ പ്രാർഥന നമുക്കു വലിയ പ്രത്യാശ നൽകേണ്ടതാണ്. പിതാവും പുത്രനും ഒന്നായിരിക്കുന്നതുപോലെ ദൈവവുമായി “ഒന്നായിരിക്കുക” എന്നത്, ദൈവത്തിന്റെ ജീവൻതന്നെ പങ്കുവയ്ക്കാനും ബൗദ്ധികമായ യോജിപ്പിനോ സൗഹൃദത്തിനോ അപ്പുറത്തേക്കു പോകുന്ന വിധത്തിൽ അവിടുത്തോട് ഐക്യപ്പെടാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് എന്നു വെളിപ്പെടുത്തുന്നു. അവിടുത്തിൽ നമ്മുടെ സ്വത്വം കണ്ടെത്തിക്കൊണ്ടും അവിടുത്തെ സത്തയിലും ജീവനിലും പങ്കുചേർന്നുകൊണ്ടും ദൈവത്തിന്റെ ഐക്യത്തിലേക്കു പ്രവേശിക്കാൻ നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്റെ ശരീരമായ സഭയുടെ അംഗങ്ങളായി നാം മാറുകയും അവിടുത്തിലും അവിടുത്തോടുകൂടെയും അവിടുത്തിലൂടെയും പ്രവർത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്, തന്റെ നാമത്തിൽ നാം പിതാവിനോട് എന്തു ചോദിച്ചാലും അവിടുന്ന് നമുക്കു നൽകുമെന്ന് അന്ത്യത്താഴവേളയിൽ യേശു മൂന്നു പ്രാവശ്യം പറഞ്ഞത്.

ദൈവത്തിന്റെ ശക്തി നമുക്കു ജീർണതയിൽനിന്നും ദുഷിച്ച മോഹത്തിൽനിന്നും രക്ഷപ്പെടാൻ കഴിവു നൽകിയെന്നും, “അവയിലൂടെ നിങ്ങൾ ദൈവിക സ്വഭാവത്തിൽ പങ്കാളികളാകേണ്ടതിന് അമൂല്യവും അതിമഹത്തരവുമായ വാഗ്ദാനങ്ങൾ” നമുക്കു നൽകിയെന്നും 2 പത്രോസ് 1:4-ൽ നാം വായിക്കുന്നു. അടിസ്ഥാനപ്രാധാന്യമുള്ള ഈ തിരുവചനമാണ്, “ദൈവികവൽക്കരണം” എന്ന നമ്മുടെ ഉന്നതമായ വിളിയെക്കുറിച്ചു സംസാരിക്കാൻ അനേകം സഭാപിതാക്കന്മാരെ പ്രേരിപ്പിച്ചത്. അലക്സാണ്ട്രിയായിലെ വിശുദ്ധ അത്തനാസിയോസിന്റെ പ്രസിദ്ധമായ വാക്കുകളിൽ: “നാം ദൈവമാക്കപ്പെടേണ്ടതിനാണ് അവിടുന്ന് മനുഷ്യനായത്; അദൃശ്യനായ പിതാവിനെക്കുറിച്ചുള്ള അറിവ് നമുക്കു ലഭിക്കേണ്ടതിന് അവിടുന്ന് ഒരു ശരീരത്തിലൂടെ തന്നെത്തന്നെ വെളിപ്പെടുത്തി; നാം അമർത്യത അവകാശമാക്കേണ്ടതിന് അവിടുന്ന് മനുഷ്യരുടെ ധിക്കാരം സഹിച്ചു” (മനുഷ്യാവതാരത്തെക്കുറിച്ച്, 54:3).

നിങ്ങൾക്കു ലഭിച്ചിരിക്കുന്ന ഉന്നതമായ വിളിയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ദൈവത്തിന്റെ ജീവനിൽ പങ്കുചേരാനും അവിടുത്തിൽ നിങ്ങളുടെ സ്വത്വം കണ്ടെത്താനും ദൈവത്തിന്റെ ദിവ്യനാമത്തിൽ ജീവിക്കാനും പ്രവർത്തിക്കാനും നിങ്ങൾ ക്ഷണിക്കപ്പെട്ടിരിക്കുന്നു; അങ്ങനെ അവിടുത്തെ അധികാരം പ്രയോഗിക്കുകയും അവിടുത്തെ ത്യാഗപൂർണമായ സ്നേഹം വെളിപ്പെടുത്തുകയും ചെയ്യാനാണ് ഈ ക്ഷണം. ക്രിസ്തു പിതാവുമായി ഐക്യപ്പെട്ടിരിക്കുന്നതുപോലെ നാം ക്രിസ്തുവുമായി ഐക്യപ്പെട്ടിരിക്കുമ്പോൾ മാത്രമേ ഇതു സാധ്യമാകൂ. ദൈവത്തിന്റെ തിരുഹിതപ്രകാരം, അവിടുത്തെ അധികാരത്താലും കൃപയാലും നാം ദൈവവുമായി ഒന്നാകുന്നു. അവിടുത്തെ നാമത്തിലും അവിടുത്തെ അധികാരത്തോടെയും പ്രവർത്തിക്കാൻ എത്ര ഉന്നതമായ മഹത്ത്വമാണ് നമുക്കു ലഭിച്ചിരിക്കുന്നത്! ഈ പുതിയ സ്വത്വം സ്വീകരിച്ചുകൊണ്ട്, ഈ ഉന്നതമായ വിളിയിലേക്കു കൂടുതൽ അടുക്കാൻ കഴിയുമെന്ന പ്രത്യാശ പുലർത്തുക. അങ്ങനെ അന്ത്യത്താഴവേളയിലെ യേശുവിന്റെ പ്രാർഥന നിങ്ങളുടെ ജീവിതത്തിൽ യാഥാർഥ്യമാകട്ടെ.

മഹാനായ ‘ഞാൻ ആകുന്നു’ ആയ എന്റെ ദിവ്യനാഥാ, അങ്ങ് ഏകവും നിത്യനുമായ ദൈവമായി അനാദിമുതൽ നിലനിൽക്കുന്നു. ക്രിസ്തുവിന്റെ മനുഷ്യത്വത്തിലൂടെ എന്നെ അവിടുന്നിൽ അങ്ങയോടു ചേർത്തുകൊണ്ട്, അങ്ങയുടെ ജീവനിൽ പങ്കുചേരാൻ അങ്ങ് എന്നെ ക്ഷണിക്കുന്നു. ഈ ഉന്നതമായ വിളി ഞാൻ സ്വീകരിക്കുന്നു. അന്ത്യത്താഴവേളയിൽ അങ്ങ് പ്രാർഥിച്ചതുപോലെ, ഞാൻ അങ്ങയുമായി ഒന്നായിരിക്കാനും—പിതാവും പുത്രനും പരിശുദ്ധാത്മാവുമായ അങ്ങയുമായി—അങ്ങയുടെ നാമത്തിൽ ജീവിക്കാനും പ്രവർത്തിക്കാനും വേണ്ടി ഞാൻ പ്രാർഥിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

പരിശുദ്ധാത്മാവിനോടുള്ള നൊവേന
പെന്തക്കുസ്തായ്ക്കുള്ള ഒരുക്കമായി പ്രാർത്ഥിക്കുന്നത്
മേയ് 15, വെള്ളിയാഴ്ച – മേയ് 23, ശനിയാഴ്ച

സിയെന്നായിലെ വിശുദ്ധ ബെർണാർദിൻ, പുരോഹിതൻ

ഉയിർപ്പുതിരുനാൾ പ്രാർത്ഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.