മലയാളം

മറ്റുള്ളവരുടെ നന്മയിൽ ആനന്ദിക്കുക

ജൂലൈ 2, 2025
ആണ്ടുവട്ടക്കാലം പതിമൂന്നാം ആഴ്ചയിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

ജെയിംസ് ടിസ്സോട്ട്, പൊതുസഞ്ചയം, വഴി: വിക്കിമീഡിയ കോമൺസ്

വീഡിയോ

പന്നികളെ മേയിച്ചിരുന്നവർ ഓടിപ്പോയി പട്ടണത്തിലെത്തി, പിശാചുബാധിതർക്കു സംഭവിച്ചതടക്കം എല്ലാം അറിയിച്ചു. അപ്പോൾ പട്ടണം മുഴുവൻ യേശുവിനെ കാണാൻ പുറപ്പെട്ടു. അവനെ കണ്ടപ്പോൾ തങ്ങളുടെ പ്രദേശം വിട്ടുപോകണമെന്ന് അവർ അപേക്ഷിച്ചു. മത്തായി 8:33–34

തങ്ങളുടെ പട്ടണത്തിലെ രണ്ടുപേരെ യേശു പിശാചുക്കളിൽനിന്നു മോചിപ്പിച്ചതിന്റെ ഫലമായി, തങ്ങളുടെ പ്രദേശം വിട്ടുപോകണമെന്ന് “പട്ടണം മുഴുവൻ” യേശുവിനോട് അപേക്ഷിച്ചത് എന്തുകൊണ്ടായിരിക്കും? ഗലീലി കടലിന്റെ വടക്കുകിഴക്കൻ തീരത്ത്, യഹൂദപശ്ചാത്തലമില്ലാത്ത ഗദറേനരുടെ ഒരു പട്ടണത്തിനു സമീപമാണ് ഈ സംഭവം നടന്നത്. അതുകൊണ്ടാണ് അവിടെ അത്ര വലിയൊരു പന്നിക്കൂട്ടം ഉണ്ടായിരുന്നത് (യഹൂദർ പന്നിയിറച്ചി കഴിച്ചിരുന്നില്ല). ഗദറേനരിൽ രണ്ടുപേർ പിശാചുബാധിതരായിരുന്നു. “ആ വഴിയിലൂടെ ആർക്കും യാത്ര ചെയ്യാനാവാത്തവിധം അവർ അത്ര ഉഗ്രസ്വഭാവികളായിരുന്നു” എന്ന് വിശുദ്ധ ഗ്രന്ഥം പറയുന്നു. യേശു അവരെ ഈ ഭയാനകമായ ദുരവസ്ഥയിൽനിന്നു മോചിപ്പിച്ചപ്പോൾ, നന്ദിയോടെ ആനന്ദിക്കുന്നതിനുപകരം, അവിടം വിട്ടുപോകണമെന്ന് പട്ടണവാസികൾ യേശുവിനോട് അപേക്ഷിച്ചു.

യേശുവിനെപ്പോലെ മഹാനായ ഒരാളുടെ സാന്നിധ്യത്തിലായിരിക്കാൻ തങ്ങൾ യോഗ്യരല്ലെന്നു കരുതിയതിനാൽ, ആ ജനങ്ങൾ യഥാർഥത്തിൽ എളിമയോടെയായിരിക്കാം പെരുമാറിയതെന്ന് വിശുദ്ധ ജെറോം പറയുന്നു. യേശുവിന്റെ കാൽക്കൽ വീണ്, “കർത്താവേ, എന്നെ വിട്ടുപോകണമേ; ഞാൻ പാപിയായ മനുഷ്യനാണ്” (ലൂക്കാ 5:8) എന്നു നിലവിളിച്ച വിശുദ്ധ പത്രോസിനെപ്പോലെ, യേശു തങ്ങൾക്കുവേണ്ടി ചെയ്ത കാര്യത്തിൽ ഈ പട്ടണവാസികൾ അത്രയധികം വിസ്മയഭരിതരായതിനാൽ അവിടുത്തെ സാന്നിധ്യത്തിന് തങ്ങൾ യോഗ്യരല്ലെന്ന് കരുതിയിരിക്കാം. എന്നാൽ, മറ്റു സഭാപിതാക്കന്മാർ ചൂണ്ടിക്കാണിക്കുന്നത്, പാപജീവിതത്തിൽ കുടുങ്ങിക്കിടക്കുകയും സുവിശേഷത്തെയോ യേശുവിനെത്തന്നെയോ മുഖാമുഖം നേരിടാൻ ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നവരെയാണ് ഈ പട്ടണവാസികൾ സൂചിപ്പിക്കുന്നത് എന്നതാണ് കൂടുതൽ സാധ്യതയെന്നാണ്. സത്യത്തിനു ചെവികൊടുക്കാതെ അജ്ഞതയുടെയും പാപത്തിന്റെയും ജീവിതത്തിൽ തുടരാനാണ് അവർ ഇഷ്ടപ്പെടുന്നത്.

പട്ടണവാസികളും ഈ രണ്ടു പിശാചുബാധിതരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ധ്യാനിക്കുന്നതും സഹായകരമാണ്. തങ്ങളെ പീഡിപ്പിച്ചിരുന്ന പിശാചുക്കളിൽനിന്ന് ഈ രണ്ടുപേരും പൂർണമായി മോചിതരായതു കണ്ടപ്പോൾ, ധൂർത്തപുത്രൻ മടങ്ങിവന്നപ്പോൾ അവന്റെ പിതാവ് ആനന്ദിച്ചതുപോലെ പട്ടണവാസികളും ആനന്ദിക്കേണ്ടതായിരുന്നു. എന്നാൽ ദുഃഖകരമെന്നു പറയട്ടെ, ഇവിടെ ഈ രണ്ടു പിശാചുബാധിതർ അനുഭവിച്ച സ്വാതന്ത്ര്യത്തിൽ അവരുടെ സഹപട്ടണവാസികൾക്ക് സന്തോഷം തീരെ കുറവായിരുന്നതുപോലെ തോന്നുന്നു. ആ പട്ടണത്തിൽ ഈ രണ്ടുപേരോടും സ്നേഹത്തിന്റെ വ്യക്തമായ കുറവുണ്ടായിരുന്നുവെന്ന് ഇതു കാണിക്കുന്നു. ഒരുപക്ഷേ, വർഷങ്ങളോളം ഈ രണ്ടുപേരെ പരിഹസിക്കുന്നതിൽ പട്ടണവാസികളിൽ പലരും വികലമായ ഒരാനന്ദം കണ്ടെത്തിയിരിക്കാം. അവർ എത്രമാത്രം ഭ്രാന്തന്മാരായിരുന്നു എന്നതിനെക്കുറിച്ചു കഥകൾ പറയുന്നതും അവർ ആസ്വദിച്ചിരിക്കാം. ഇപ്പോഴാകട്ടെ, പൂർണമായി മാറിയ ഈ രണ്ടുപേരെയാണ് അവർ അഭിമുഖീകരിച്ചത്. തങ്ങളുടെ അഹങ്കാരം നിമിത്തം അവരെക്കുറിച്ചു നല്ലതു പറയാൻ അവർക്കു ബുദ്ധിമുട്ടു തോന്നിയിരിക്കാം.

ഈ പട്ടണവാസികൾ നൽകിയ മോശമായ മാതൃക, തങ്ങളുടെ വഴികൾ മാറ്റി തിന്മയിൽനിന്നു നന്മയിലേക്കു തിരിഞ്ഞവരെക്കുറിച്ചു നാം എങ്ങനെ ചിന്തിക്കുന്നുവെന്നും അവരോട് എങ്ങനെ പെരുമാറുന്നുവെന്നും ധ്യാനിക്കാൻ നമുക്ക് അവസരം നൽകുന്നു. ഒരുപക്ഷേ, ആത്മാർഥമായി മാറാൻ ശ്രമിച്ച ഒരു കുടുംബാംഗം നിങ്ങൾക്കുണ്ടായിരിക്കാം. അല്ലെങ്കിൽ, ജോലിസ്ഥലത്തുള്ള ഒരാളോ അയൽക്കാരനോ മറ്റേതെങ്കിലും പരിചയക്കാരനോ പാപജീവിതത്തിൽനിന്നു പുണ്യം തേടുന്ന ജീവിതത്തിലേക്കു കടന്നുവന്നിരിക്കാം. നിങ്ങൾ മറ്റുള്ളവരുടെ നന്മയിലും, അവർ തുടർന്നുകൊണ്ടിരിക്കുന്ന മാനസാന്തരത്തിലും വിശുദ്ധിക്കായുള്ള പരിശ്രമത്തിലും ആനന്ദിക്കുന്നുണ്ടോ, അതോ നിങ്ങൾക്കു പരിചയമുള്ളവർ നന്മയിലേക്കു മാറുന്നതു കാണുമ്പോൾ യഥാർഥ സന്തോഷം പ്രകടിപ്പിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകുന്നുണ്ടോ എന്നതാണ് ചിന്തിക്കേണ്ട യഥാർഥ ചോദ്യം. പലപ്പോഴും വിമർശിക്കുക വളരെ എളുപ്പമാണ്; എന്നാൽ മറ്റൊരാളുടെ വിശുദ്ധിയിലേക്കുള്ള രൂപാന്തരത്തിൽ ആനന്ദിക്കുക ഏറെ പ്രയാസകരമാണ്.

നമ്മുടെ കർത്താവ് ഏതെങ്കിലും വിധത്തിൽ സ്വതന്ത്രരാക്കുകയും പാപജീവിതത്തിൽനിന്ന് പുണ്യജീവിതത്തിലേക്ക് നീങ്ങുകയും ചെയ്തിട്ടുള്ളവരെക്കുറിച്ച് ഇന്ന് ചിന്തിക്കുക—നിങ്ങളുടെ ജീവിതത്തിൽ നിങ്ങളോട് അടുപ്പമുള്ളവരും വെറും പരിചയക്കാർ മാത്രമായുള്ളവരുമായ ആളുകളെക്കുറിച്ച്. അവരോടുള്ള നിങ്ങളുടെ പ്രതികരണം എങ്ങനെയാണ്? മറ്റുള്ളവരുടെ നന്മയിൽ ആത്മാർഥമായി സന്തോഷിക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ? അതോ അസൂയ, കോപം, ഈർഷ്യ തുടങ്ങിയവയുമായി നിങ്ങൾ മല്ലിടുന്നതായി തോന്നുന്നുണ്ടോ? മറ്റുള്ളവരിൽ ദൈവത്തിന്റെ നന്മ പ്രവർത്തിക്കുന്നതു കാണുമ്പോൾ, മുകളിൽ വിശുദ്ധ ജെറോം നിർദേശിച്ച മനോഭാവം സ്വീകരിക്കാൻ ശ്രമിക്കുക. അവരുടെ ജീവിതത്തിലെ ദൈവത്തിന്റെ പ്രവൃത്തിയിൽ വിസ്മയഭരിതരാകാൻ നിങ്ങളെത്തന്നെ അനുവദിക്കുക. അങ്ങനെ ചെയ്യുമ്പോൾ, ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്ന ദൈവശക്തിയുടെ മുമ്പിൽ നിങ്ങളെത്തന്നെ താഴ്ത്തുക. ആ ശക്തിയുടെ പ്രവർത്തനത്തിനു സാക്ഷ്യം വഹിക്കാൻ നിങ്ങൾ യോഗ്യരല്ലെന്ന് സമ്മതിക്കുമ്പോഴും കൃതജ്ഞതയോടെ ആനന്ദിക്കുക.

എന്റെ സർവശക്തനായ കർത്താവേ, അങ്ങ് ദുഷ്ടന്റെ ശക്തിയെ കീഴടക്കുകയും അനേകവർഷങ്ങളായി ഈ പീഡനം അനുഭവിച്ചിരുന്ന രണ്ടുപേരിൽനിന്നു പിശാചുക്കളെ പുറത്താക്കുകയും ചെയ്തു. നമ്മുടെ ലോകത്തിൽ അങ്ങ് പ്രവർത്തിക്കുന്നതു കാണാനും മറ്റുള്ളവരുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്ന അങ്ങയുടെ പ്രവൃത്തിക്ക് സന്തോഷത്തോടെ സാക്ഷ്യം വഹിക്കാനും ആവശ്യമായ കണ്ണുകൾ എനിക്കു നൽകണമേ. അങ്ങയുടെ രക്ഷാകരമായ പ്രവൃത്തികൾക്കുമുമ്പിൽ ഞാൻ എപ്പോഴും എന്നെത്തന്നെ എളിമപ്പെടുത്തുകയും അങ്ങ് ചെയ്യുന്ന എല്ലാറ്റിനും യഥാർഥ നന്ദി പ്രകടിപ്പിക്കാൻ പഠിക്കുകയും ചെയ്യട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.