2025 ഓഗസ്റ്റ് 11
കന്യകയായ വിശുദ്ധ ക്ലാരയുടെ ഓർമ്മത്തിരുനാൾ
ഇന്നത്തെ വായനകൾ
ആണ്ടുവട്ടത്തിലെ പത്തൊൻപതാം ആഴ്ചയിലെ തിങ്കളാഴ്ചയുടെ വായനകൾ

ജോർജ് ഹെയ്റ്റർ, പൊതുസഞ്ചയം, ലഭിച്ചത്: വിക്കിമീഡിയ കോമൺസ്
ഭൂമിയിലെ രാജാക്കന്മാർ ആരിൽനിന്നാണ് ചുങ്കമോ ശിരോനികുതിയോ ഈടാക്കുന്നത്? സ്വന്തം പ്രജകളിൽനിന്നോ വിദേശികളിൽനിന്നോ?” “വിദേശികളിൽനിന്ന്” എന്ന് അവൻ മറുപടി പറഞ്ഞപ്പോൾ യേശു അവനോടു പറഞ്ഞു: “അപ്പോൾ പ്രജകൾ നികുതിയിൽനിന്ന് ഒഴിവുള്ളവരാണ്. എങ്കിലും നാം അവരെ ഇടറിക്കാതിരിക്കാൻ നീ കടലിൽ ചെന്ന് ചൂണ്ടയിടുക. ആദ്യം കിട്ടുന്ന മീനിനെ എടുക്കുക. അതിന്റെ വായ് തുറക്കുമ്പോൾ ദേവാലയനികുതിയുടെ ഇരട്ടി മൂല്യമുള്ള ഒരു നാണയം നീ കണ്ടെത്തും. എനിക്കും നിനക്കും വേണ്ടി അത് അവർക്കു കൊടുക്കുക.” മത്തായി 17:25–27
ഈ ചെറിയ അത്ഭുതത്തിനു തൊട്ടുമുമ്പാണ്, വരാനിരിക്കുന്ന തന്റെ പീഡാനുഭവത്തെക്കുറിച്ച് യേശു ശിഷ്യന്മാരോട് രണ്ടാമതും പറഞ്ഞത്. ഇത്തവണയും അതു കേൾക്കുക അവർക്ക് പ്രയാസമായിരുന്നു. തന്റെ വരാനിരിക്കുന്ന പീഡാനുഭവത്തെയും മരണത്തെയും കുറിച്ചുള്ള ആദ്യ പ്രവചനത്തിനുശേഷം, യേശു പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട് മലമുകളിലേക്കു പോയതും അവരുടെ മുമ്പിൽ രൂപാന്തരപ്പെട്ടതും ഓർക്കുക. ശിഷ്യന്മാരുടെ ഭയം അകറ്റുകയും വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവർക്കു പ്രത്യാശ നൽകുകയും ചെയ്യുക എന്നതും രൂപാന്തരീകരണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. ഇപ്പോഴാകട്ടെ, തന്റെ പീഡാനുഭവത്തെക്കുറിച്ചുള്ള യേശുവിന്റെ രണ്ടാമത്തെ പ്രവചനത്തിനുശേഷം, പത്രോസിനെ ധൈര്യപ്പെടുത്താനും പ്രത്യാശ നൽകാനുമായി അവനുവേണ്ടി വ്യക്തിപരമായി മറ്റൊരു അത്ഭുതം നടന്നു.
നിങ്ങളാണ് പത്രോസ് എന്നു സങ്കല്പിക്കുക. യേശുവിന്റെ നിർദേശമനുസരിച്ച് കടലിൽ ചെന്ന് ചൂണ്ടയിട്ട് ഒരു മീനിനെ പിടിച്ചുകയറ്റി അതിന്റെ വായ് തുറക്കുന്നത് സങ്കല്പിക്കുക. യേശുവിന്റെ വാക്കുകൾ സത്യമാകുമോ എന്ന് ചിന്തിച്ചുകൊണ്ട് ആ മീനിനെ പിടിച്ചുകയറ്റുമ്പോൾ പത്രോസിന്റെ ഹൃദയം പ്രത്യാശയും ആവേശവുംകൊണ്ട് നിറഞ്ഞിട്ടുണ്ടാകണം. യേശു പറഞ്ഞതുപോലെതന്നെ ആ നാണയം കണ്ടയുടൻ അവൻ വിസ്മയഭരിതനായിട്ടുണ്ടാകണം. തന്റെ കർത്താവിൽനിന്നുള്ള അവിശ്വസനീയമായ മറ്റൊരു അടയാളത്തിനു സാക്ഷിയായപ്പോൾ, യേശുവിന്റെ പീഡാനുഭവത്തെയും മരണത്തെയും കുറിച്ചുള്ള ഈ രണ്ടാമത്തെ പ്രവചനംമൂലം പത്രോസ് അനുഭവിച്ചിരുന്ന ഭയവും ഉത്കണ്ഠയും പതുക്കെ ശമിക്കാൻ തുടങ്ങിയിട്ടുണ്ടാകും.
ദൈവം നമ്മുടെ ജീവിതത്തിൽ എല്ലാ ദിവസവും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. പലപ്പോഴും നാം അവ തിരിച്ചറിയുന്നില്ല എന്നതാണ് പ്രശ്നം. നമ്മെ ശക്തിപ്പെടുത്താൻ അവിടുത്തെ മഹത്ത്വപൂർണമായ ശക്തി നമ്മുടെ ഉള്ളിൽ പ്രവർത്തിക്കുമ്പോഴെല്ലാം, അല്ലെങ്കിൽ ധൈര്യവും പ്രത്യാശയും ഉപവിയും മറ്റെല്ലാ സദ്ഗുണങ്ങളുംകൊണ്ട് നമ്മെ നിറയ്ക്കുമ്പോഴെല്ലാം, അത് നമ്മെ രൂപാന്തരപ്പെടുത്തുന്ന കൃപയുടെ അത്ഭുതമാണ്. ജീവിതത്തിൽ നമുക്ക് എന്താണ് വേണ്ടതെന്ന് ദൈവത്തിന് എപ്പോഴും അറിയാം. നമ്മുടെ പോരാട്ടങ്ങളും സംശയങ്ങളും അവിടുന്ന് അറിയുന്നു. ചിലപ്പോൾ, ബോധപൂർവമായ പ്രാർഥനയിലൂടെയും വിശ്വാസപ്രവൃത്തികളിലൂടെയും നമ്മെ കൂടുതൽ ആഴത്തിലേക്ക് നയിക്കാൻ അവിടുന്ന് മൗനം പാലിക്കുന്നു. മറ്റു ചിലപ്പോൾ, അവിടുത്തെ കൃപയുടെ പ്രവർത്തനഫലമായി ജീവിതത്തെക്കുറിച്ച് ഒരു പുതിയ വ്യക്തത നമുക്കു ലഭിച്ചിരിക്കുന്നതായി നാം പെട്ടെന്ന് തിരിച്ചറിയുന്നു.
തന്റെ ഭയങ്ങളെയും പോരാട്ടങ്ങളെയും അതിജീവിച്ച് തന്നിൽ പൂർണമായി ആശ്രയിക്കാൻ പത്രോസിന്, അവനുവേണ്ടി വ്യക്തിപരമായി ചെയ്ത ഈ അത്ഭുതത്തിലൂടെ ലഭിക്കുന്ന അധിക കൃപ ആവശ്യമാണെന്ന് യേശുവിന് അറിയാമായിരുന്നു. യേശു വിശ്വസിക്കാവുന്നവനായിരുന്നു. പത്രോസ് എത്തിച്ചേർന്നിരിക്കാവുന്ന നിഗമനം ഇതാണ്. അവിടുന്ന് വിശ്വസിക്കാവുന്നവനായിരുന്നു. അതിനാൽ അവിടുന്ന് പറഞ്ഞതെല്ലാം വിശ്വസിക്കണം. നാമെല്ലാവരും എത്തിച്ചേരേണ്ട എത്ര മനോഹരമായ നിഗമനമാണിത്!
നിങ്ങളുടെ ജീവിതത്തിലെ തന്റെ ദിവ്യസാന്നിധ്യത്തെയും പ്രവർത്തനത്തെയും കുറിച്ച് ദൈവം നിങ്ങൾക്ക് ഉറപ്പു നൽകിയ വഴികളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങൾക്ക് ഉറപ്പു നൽകാനായി ദൈവം നിങ്ങളുടെ ജീവിതത്തിൽ പ്രവർത്തിച്ച അത്ഭുതങ്ങൾ ഭൗതികമായി പ്രകടമായവയല്ലെങ്കിലും, അവിടുത്തെ പ്രവർത്തനങ്ങൾ വ്യക്തമായി തിരിച്ചറിഞ്ഞാൽ അവയ്ക്കും അത്രതന്നെ ബോധ്യം നൽകാൻ കഴിയും. നിങ്ങളുടെ ജീവിതത്തിൽ എന്തിനെക്കുറിച്ചാണ് ദൈവം നിങ്ങൾക്ക് ഉറപ്പു നൽകാൻ ആഗ്രഹിക്കുന്നത്? ഏതു പോരാട്ടമോ സംശയമോ ആണ് നിങ്ങളെ അലട്ടുന്നത്? നിങ്ങൾ പോരാടുകയാണെങ്കിൽ, നിങ്ങളുടെ ജീവിതത്തിൽ ദൈവം സന്നിഹിതനായിരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത വഴികളിലേക്ക് മനസ്സു തിരിക്കുക. അവിടുത്തെ ഇടപെടലിനെക്കുറിച്ചും അവിടുന്ന് നിങ്ങളെ കരുതുകയും നയിക്കുകയും ചെയ്ത വഴികളെക്കുറിച്ചും ധ്യാനിക്കുക. നന്ദിയുള്ളവരായിരിക്കുക. ദൈവം ചെയ്ത കാര്യങ്ങളുടെ ഓർമ ഇന്ന് നിങ്ങളുടെ ശക്തിയും, നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ പ്രത്യാശയുടെ ഉറവിടവുമാകാൻ അനുവദിക്കുക.
അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന എന്റെ കർത്താവേ, എന്റെ ജീവിതത്തിലെ അങ്ങയുടെ പ്രവർത്തനം സത്യമായും മഹത്ത്വപൂർണവും വിസ്മയകരവുമാണ്. എനിക്ക് ആവശ്യമുള്ളപ്പോൾ എനിക്കായി കരുതുന്നതിൽ അങ്ങ് ഒരിക്കലും വീഴ്ച വരുത്തുന്നില്ല. ഞാൻ പോരാടുമ്പോഴെല്ലാം അങ്ങയിലേക്കു തിരിയാൻ എന്നെ സഹായിക്കണമേ; അങ്ങനെ അങ്ങയിലുള്ള പുതിയ പ്രത്യാശയാൽ ഞാൻ നിറയട്ടെ. പ്രിയ കർത്താവേ, അങ്ങ് എപ്പോഴും വിശ്വസ്തനാണ്. എന്റെ പ്രത്യാശ മുഴുവനും ഞാൻ അങ്ങയിൽ അർപ്പിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഇന്നത്തെ വിശുദ്ധ – കന്യകയായ വിശുദ്ധ ക്ലാര
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ





