മലയാളം

ദൈവിക യുക്തി

2026 ഓഗസ്റ്റ് 11

കന്യകയായ വിശുദ്ധ ക്ലാരയുടെ ഓർമ്മത്തിരുനാൾ

ഇന്നത്തെ വായനകൾ
ആണ്ടുവട്ടത്തിലെ പത്തൊൻപതാം ആഴ്ചയിലെ ചൊവ്വാഴ്ചത്തെ വായനകൾ

കുട്ടികളുടെ ഇടയിൽ യേശു, വിർജീനിയോ മോന്തിയുടെ രചന

വീഡിയോ

ശിഷ്യന്മാർ യേശുവിനെ സമീപിച്ച് ചോദിച്ചു: “സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആരാണ്?” അവൻ ഒരു ശിശുവിനെ വിളിച്ച് അവരുടെ നടുവിൽ നിർത്തിയിട്ട് പറഞ്ഞു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ മനസ്സുതിരിഞ്ഞ് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. ഈ ശിശുവിനെപ്പോലെ തന്നെത്തന്നെ എളിമപ്പെടുത്തുന്നവനാണ് സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ. ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു.” മത്തായി 18:1–5

ദൈവിക യുക്തി ലൗകിക ധാരണകളെ കീഴ്മേൽ മറിക്കുകയും ദൈവത്തിന്റെ വഴികളിലെ സൗമ്യമായ മഹിമ വെളിപ്പെടുത്തുകയും ചെയ്യുന്നു. ഇന്നത്തെ സുവിശേഷം ഇതു വ്യക്തമാക്കുന്നു. ദൈവം നൽകാൻ ആഗ്രഹിക്കുന്ന സ്വർഗീയ മഹത്ത്വത്തിന് ലൗകിക ജ്ഞാനവും വലിയവരാകാനുള്ള മോഹങ്ങളും വഴിമാറിക്കൊടുക്കണം.

വലിയവരാകാനുള്ള മോഹത്തിൽനിന്ന് ശിഷ്യന്മാരും മുക്തരായിരുന്നില്ല. “സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആരാണ്?” എന്ന അവരുടെ ചോദ്യം, ബഹുമാനത്തിന്റെയും പദവിയുടെയും അടിസ്ഥാനത്തിലുള്ള ഒരു സ്ഥാനക്രമം സങ്കൽപ്പിച്ചുകൊണ്ട് അവർ അപ്പോഴും ലൗകികമായ രീതിയിലാണ് ചിന്തിച്ചിരുന്നതെന്ന് വെളിപ്പെടുത്തുന്നു. അവരുടെ ചോദ്യത്തിൽ പിഴവുണ്ടായിരുന്നെങ്കിലും യേശു അവരെ കഠിനമായി ശാസിക്കുന്നില്ല. പകരം, ഒരു പ്രവൃത്തിയിലൂടെ അവൻ പഠിപ്പിക്കുന്നു: ഒരു ശിശുവിനെ വിളിച്ച് അവരുടെ നടുവിൽ നിർത്തുന്നു.

കണ്ണുകൾക്കുമുമ്പിൽ അവതരിപ്പിച്ച ഈ പാഠം അവരെ അമ്പരപ്പിച്ചിരിക്കണം. അക്കാലത്തെ സാംസ്കാരിക പശ്ചാത്തലത്തിൽ കുട്ടികൾക്ക് പ്രാധാന്യം കൽപ്പിച്ചിരുന്നില്ല. അവർക്ക് നിയമപരമായ പദവിയോ അധികാരമോ ഉണ്ടായിരുന്നില്ല; സമൂഹത്തിൽ ലഭിച്ചിരുന്ന അംഗീകാരവും വളരെ കുറവായിരുന്നു. ശിശുമരണനിരക്ക് ഉയർന്നിരുന്നതിനാൽ, കുറേക്കൂടി പക്വതയുള്ള പ്രായം—സാധാരണയായി ഏകദേശം പന്ത്രണ്ടു വയസ്സ്—എത്തുന്നതുവരെ ഒരു കുട്ടിക്ക് പലപ്പോഴും പൂർണമായ അന്തസ്സ് കൽപ്പിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ട്, വീണ്ടും “ശിശുക്കളെപ്പോലെ ആകാൻ” മുതിർന്നവരാരും ആഗ്രഹിക്കുമായിരുന്നില്ല.

തന്റെ ശിഷ്യന്മാർ അപക്വതയിലേക്കു മടങ്ങണമെന്നല്ല യേശു പറഞ്ഞത്. മറിച്ച്, അവർ “മനസ്സുതിരിഞ്ഞ് ശിശുക്കളെപ്പോലെ ആകണം” എന്നായിരുന്നു. ഈ ഭാഗത്ത് “മനസ്സുതിരിയുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന വാക്ക് ദിശയുടെ സമ്പൂർണമായ മാറ്റത്തെ—ഹൃദയത്തിന്റെയും മനസ്സിന്റെയും മാനസാന്തരത്തെ—സൂചിപ്പിക്കുന്നു. എളിമയും ആശ്രയബോധവും വിശ്വാസവും ലാളിത്യവും നിറഞ്ഞ ഒരു രൂപാന്തരമാണിത്. ഒരു ശിശു സ്വയംപര്യാപ്തനാണെന്നു ഭാവിക്കുന്നില്ല. ശിശു സ്വീകരിക്കുന്നു, പഠിക്കുന്നു, വിശ്വസിക്കുന്നു, സ്വതന്ത്രമായി സ്നേഹിക്കുന്നു. അഹങ്കാരികൾക്ക് സ്വർഗരാജ്യത്തിൽ പ്രവേശിക്കാൻ കഴിയില്ല. കാരണം, അഹങ്കാരം ആത്മാവിനെ കൃപയിൽനിന്ന് അകറ്റിനിർത്തുന്നു; എളിമയാകട്ടെ, ദൈവിക ജീവനിലേക്കു തുറക്കുന്നു.

തുടർന്ന്, വലിയവരാകാനുള്ള ആഗ്രഹവുമായി ശിഷ്യന്മാർ നടത്തുന്ന പോരാട്ടത്തെത്തന്നെ ഉപയോഗിച്ച്, താൻ പറഞ്ഞതു കേൾക്കാനും അതിനോടു പ്രതികരിക്കാനും യേശു അവരെ വീണ്ടും ക്ഷണിക്കുന്നു: “ഈ ശിശുവിനെപ്പോലെ തന്നെത്തന്നെ എളിമപ്പെടുത്തുന്നവനാണ് സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ.” സ്വർഗീയ മഹത്ത്വം എങ്ങനെയായിരിക്കുമെന്നോ, യേശു ആലിംഗനം ചെയ്ത ശിശുവിനെപ്പോലെ എളിമയുള്ളവരാകുക എന്നതിന്റെ അർഥമെന്തെന്നോ ശിഷ്യന്മാർക്ക് അപ്പോഴും മനസ്സിലായിരുന്നിരിക്കില്ല. എങ്കിലും, വലിയവരാകാൻ അവർ ആഗ്രഹിച്ചിരുന്നു. തെറ്റായ ദിശയിലേക്കു തിരിഞ്ഞതായിരുന്നെങ്കിലും, ആ ആഗ്രഹത്തെ വളർത്തിക്കൊണ്ട് തന്റെ ഉപദേശം കേൾക്കാനും അനുസരിക്കാനുമുള്ള പ്രചോദനം യേശു അവരുടെ ഉള്ളിൽ ഉണർത്തുന്നു. പെട്ടെന്ന് എളിമ അവർക്ക് ആകർഷകമായി മാറിയിരിക്കണം—ചിന്തിക്കാനും അന്വേഷിക്കാനും ആഗ്രഹിക്കാനുമുള്ള ഒന്നായി.

അതുപോലെ, നമുക്ക് ഓരോരുത്തർക്കും അനേകം അഭിലാഷങ്ങളുണ്ട്—ചിലത് നല്ലത്, ചിലത് മോശം, മറ്റു ചിലത് നല്ലതോ മോശമോ അല്ലാത്തത്. “സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ” ആകുന്നതിനെക്കുറിച്ച് യേശു പറയുന്നതിനാൽ, ആ ആഗ്രഹം നമ്മുടെ ഹൃദയങ്ങളിൽ നട്ടുവളർത്താൻ നാം മടിക്കേണ്ടതില്ല. ഏറ്റവും മഹാന്മാരായ അനേകം വിശുദ്ധരും മിസ്റ്റിക്കുകളും സ്വർഗത്തിൽ ഒരു ശ്രേണീക്രമമുണ്ടെന്നു പഠിപ്പിച്ചിട്ടുണ്ട്. അതായത്, വിശുദ്ധരും മാലാഖമാരും ദൈവത്തോടുള്ള സാമീപ്യം വ്യത്യസ്ത അളവുകളിൽ അനുഭവിക്കുന്നു. ഓരോ വിശുദ്ധനും മാലാഖയും സായൂജ്യദർശനം നേടുകയും നിത്യം പൂർണമായ സന്തോഷം അനുഭവിക്കുകയും ചെയ്യുന്നുവെങ്കിലും, ഈ ജീവിതത്തിൽ എളിമയുടെ ഏറ്റവും ഉയർന്ന നില കൈവരിച്ചവർ ദൈവസത്തയുടെ രഹസ്യത്തിലേക്ക് കൂടുതൽ ആഴത്തിൽ ആകർഷിക്കപ്പെടുന്നു; അവർ അറിവിൽ കൂടുതൽ വ്യക്തതയും സ്നേഹത്തിൽ കൂടുതൽ തീവ്രതയും അനുഭവിക്കുന്നു. അതുകൊണ്ടാണ് “സ്വർഗത്തിൽ നിക്ഷേപങ്ങൾ സംഭരിച്ചുവയ്ക്കുക” എന്ന് യേശു ഗിരിപ്രഭാഷണത്തിൽ പഠിപ്പിച്ചത് (കാണുക. മത്തായി 6:19–21). ആ നിക്ഷേപം നേടുന്നത് സർവോപരി എളിമയിലൂടെയാണ്—അഹങ്കാരത്തിൽനിന്നും പാപത്തിൽനിന്നും പിന്തിരിഞ്ഞ്, ചെറിയവരും ആശ്രയബോധമുള്ളവരും വിശ്വാസമുള്ളവരും ലളിതരുമായിത്തീരുന്നതിലൂടെ.

നിങ്ങളുടെ ഹൃദയത്തിലെ ഏറ്റവും ആഴമായ അഭിലാഷങ്ങളെക്കുറിച്ച് ഇന്ന് ചിന്തിക്കുക. ദൈവത്തിന്റെ ദൃഷ്ടിയിൽ വലിയവരാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ, ദൈവിക യുക്തിയിലെ ഈ വിരോധാഭാസം സ്വീകരിക്കുക. സ്വർഗീയ മഹിമയുടെ ഔന്നത്യങ്ങളിലേക്കുള്ള വഴി എളിമയുടെ താഴ്മയിലാണ് കണ്ടെത്തുന്നത്. ലോകത്തിന്റെ മാനദണ്ഡങ്ങളനുസരിച്ചല്ല, ദൈവത്തിന്റെ മാനദണ്ഡങ്ങളനുസരിച്ച് വലിയവരാകാൻ ആഗ്രഹിക്കുക. ചെറിയവരായിരിക്കുക; ദൈവം നിങ്ങളെ ഉയർത്തും.

എല്ലാ മഹത്ത്വത്തിന്റെയും നാഥാ, അങ്ങയുടെ മഹിമയും ശക്തിയും വിശുദ്ധിയും ഞങ്ങൾക്ക് ഒരിക്കലും ഗ്രഹിക്കാനാവുന്നതിനെല്ലാം അതീതമാണ്. എന്നിട്ടും അങ്ങയുടെ ദൈവിക ജീവനിൽ പങ്കുചേരാൻ അങ്ങ് ഞങ്ങളെ ക്ഷണിക്കുന്നു. ലോകം കാണുന്ന വിധത്തിലല്ല, അങ്ങ് നിർവചിക്കുന്ന വിധത്തിൽ വലിയവനാകാനുള്ള ആഗ്രഹത്താൽ എന്റെ ഹൃദയം നിറയ്ക്കണമേ എന്ന് ഞാൻ പ്രാർഥിക്കുന്നു. ഒരു ശിശുവിനെപ്പോലെ എളിമയുള്ളവനാകാൻ—ആശ്രയബോധവും വിശ്വാസവുമുള്ളവനും ചെറിയവനും ലളിതനുമാകാൻ—എന്നെ സഹായിച്ചുകൊണ്ട് അങ്ങയുടെ ദൃഷ്ടിയിൽ എന്നെ വലിയവനാക്കണമേ. എന്റെ സ്നേഹം സ്വർഗത്തിൽ സമൃദ്ധമായ നിക്ഷേപം സംഭരിച്ചുവയ്ക്കേണ്ടതിന്, അങ്ങയെയും മറ്റുള്ളവരെയും സ്വതന്ത്രമായും ഉപാധികളില്ലാതെയും സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഇന്നത്തെ വിശുദ്ധ – കന്യകയായ വിശുദ്ധ ക്ലാര

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.