2025 ഓഗസ്റ്റ് 21
വിശുദ്ധ പത്താം പീയൂസ് മാർപാപ്പയുടെ അനുസ്മരണം
ഇന്നത്തെ വായനകൾ
ആണ്ടുവട്ടത്തിലെ ഇരുപതാം ആഴ്ചയിലെ വ്യാഴാഴ്ചത്തെ വായനകൾ
ബ്രൺസ്വിക് മോണോഗ്രാമിസ്റ്റ്, പൊതുസഞ്ചയത്തിൽ, വിക്കിമീഡിയ കോമൺസ് വഴി
“സ്വർഗരാജ്യം തന്റെ പുത്രനുവേണ്ടി വിവാഹവിരുന്നൊരുക്കിയ ഒരു രാജാവിനോടു സദൃശമാണ്. ക്ഷണിക്കപ്പെട്ടവരെ വിരുന്നിലേക്കു വിളിക്കാൻ അദ്ദേഹം തന്റെ ദാസന്മാരെ അയച്ചു. എന്നാൽ അവർ വരാൻ വിസമ്മതിച്ചു.” മത്തായി 22:2–3
ഈ ഉപമയിലെ രാജാവ് പിതാവായ ദൈവമാണ്; വിവാഹമാകട്ടെ, ക്രിസ്തുവും സഭയും തമ്മിലുള്ള വിവാഹവും. സഭയിലെ അംഗമാകാനും തന്റെ പുത്രനായ യേശുവുമായി ദൈവിക ഐക്യത്തിലേക്കു പ്രവേശിക്കാനും അങ്ങനെ പരിശുദ്ധ ത്രിത്വത്തിന്റെ ജീവനിൽ പങ്കുചേരാനും പിതാവ് നമ്മിൽ ഓരോരുത്തരെയും ക്ഷണിക്കുന്നു. എന്നാൽ ക്ഷണിക്കപ്പെട്ടവർ “വരാൻ വിസമ്മതിച്ചു” എന്ന് ഉപമയുടെ തുടക്കത്തിൽത്തന്നെ നാം കാണുന്നു. ഉപമ തുടരുമ്പോൾ, അതിഥികളെ ക്ഷണിക്കാൻ രാജാവ് കൂടുതൽ ശ്രമിച്ചു. എന്നാൽ അവരെല്ലാം രണ്ടു രീതികളിലൊന്നിലാണ് പ്രതികരിച്ചത്. “ചിലർ ക്ഷണം അവഗണിച്ച് പോയി…”; “മറ്റുള്ളവർ അദ്ദേഹത്തിന്റെ ദാസന്മാരെ പിടികൂടി, ഉപദ്രവിക്കുകയും കൊന്നുകളയുകയും ചെയ്തു.” ഉദാരമനസ്കനായ ആ രാജാവ് പ്രതീക്ഷിച്ച പ്രതികരണം ഇതായിരുന്നില്ല എന്നതു വ്യക്തമാണ്.
യേശുവിന്റെ കാലത്തെന്നപോലെ ഇന്നത്തെ നമ്മുടെ ലോകത്തിലും നിലനിൽക്കുന്ന സുവിശേഷനിരാകരണത്തിന്റെ രണ്ടു തലങ്ങളാണ് ഈ രണ്ടു പ്രതികരണങ്ങളിൽ നാം കാണുന്നത്. നിരാകരണത്തിന്റെ ആദ്യതലം നിസ്സംഗതയാണ്. ഇന്ന് അനേകർ വളരെ തിരക്കിലാണ്. ഒടുവിൽ കാര്യമായ പ്രാധാന്യമൊന്നുമില്ലാത്ത പല കാര്യങ്ങളിലും നാം എളുപ്പത്തിൽ മുഴുകിപ്പോകുന്നു. പലരും തങ്ങളുടെ സ്മാർട്ട്ഫോണുകളിലും കമ്പ്യൂട്ടറുകളിലും ടാബ്ലെറ്റുകളിലും പൂർണമായി ആമഗ്നരാണ്. അനേകർ എണ്ണമറ്റ മണിക്കൂറുകൾ ടെലിവിഷൻ കണ്ടു ചെലവഴിക്കുന്നു. മറ്റു ചിലർ ജോലിയിൽ അതിരുകടന്ന് മുഴുകി, തങ്ങളുടെ സമയത്തിന്റെ ഭൂരിഭാഗവും തൊഴിലിനായി ചെലവഴിക്കുന്നു; കുടുംബം, പ്രാർഥന, സേവനം തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്കായി വളരെക്കുറച്ചു സമയം മാത്രം മാറ്റിവയ്ക്കുന്നു. തൽഫലമായി, വിശ്വാസകാര്യങ്ങളിൽ നിസ്സംഗരാകാനും ദൈവഹിതം അന്വേഷിച്ച് നിറവേറ്റുന്നതിനായി ദിവസവും പ്രാർഥിക്കുന്നതിൽ വീഴ്ച വരുത്താനും വളരെ എളുപ്പമാണ്. ഈ നിസ്സംഗത ഏറെ ഗൗരവമുള്ളതാണ്.
സഭയോടും ധാർമ്മികതയോടും വർധിച്ചുവരുന്ന ശത്രുതയിലൂടെയും നമ്മുടെ ലോകത്തിൽ വിശ്വാസം നിരാകരിക്കപ്പെടുന്നുണ്ട്. സുവിശേഷത്തിനു വിരുദ്ധമായ ഒരു സംസ്കാരത്തെ ലൗകികലോകം പലവിധത്തിൽ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. ക്രൈസ്തവർ ഈ പുതിയ സാംസ്കാരിക പ്രവണതകൾക്കെതിരെ ശബ്ദമുയർത്തുകയും അവയെ എതിർക്കുകയും ചെയ്യുമ്പോൾ, അവർ കുറ്റപ്പെടുത്തപ്പെടുന്നു; പലപ്പോഴും മുൻവിധിയുള്ളവരെന്നും മറ്റുള്ളവരെ വിധിക്കുന്നവരെന്നും ചിത്രീകരിക്കപ്പെടുന്നു. “അദ്ദേഹത്തിന്റെ ദാസന്മാരെ പിടികൂടി, ഉപദ്രവിക്കുകയും കൊന്നുകളയുകയും ചെയ്തു” എന്നു പറയപ്പെടുന്ന ഈ ഉപമയിലെ അതിഥികൾ പ്രകടിപ്പിച്ചത് അത്തരം ദുഷ്ടതയാണ്. സഭയോടും വിശ്വാസത്തോടും ദൈവം നൽകിയ വ്യക്തമായ ധാർമ്മികതത്ത്വങ്ങളോടുമുള്ള ശത്രുത ഓരോ വർഷവും വർധിച്ചുവരുന്നതായി കാണപ്പെടുന്നു. സുവിശേഷത്തെ നിരാകരിക്കുന്ന ഈ രീതി, മുകളിൽ പറഞ്ഞ കേവല നിസ്സംഗതയെക്കാൾ കൂടുതൽ ദോഷകരമാണ്. നിസ്സംഗരും ശത്രുതയുള്ളവരുമായിരുന്നവരോടുള്ള പ്രതികരണമായി രാജാവ് “തന്റെ സൈന്യത്തെ അയച്ച് ആ കൊലപാതകികളെ നശിപ്പിക്കുകയും അവരുടെ നഗരം ചുട്ടെരിക്കുകയും ചെയ്തു” എന്ന് ഇന്നത്തെ ഈ ഉപമയിൽ യേശു പറയുന്നു.
നാം രാജാവാണെന്നും മറ്റുള്ളവരെ വിധിക്കാൻ നമുക്ക് അവകാശമുണ്ടെന്നും കരുതി അവരെ നോക്കി കുറ്റംവിധിക്കുന്ന രീതിയിൽ ഈ ഉപമ വായിക്കരുത്. നമുക്ക് ആ അവകാശമില്ല. ദൈവത്തിനു മാത്രമേ അതുള്ളൂ. പകരം, സ്വന്തം ജീവിതത്തിന്റെ വെളിച്ചത്തിലാണ് നിങ്ങൾ ഈ ഉപമ വായിക്കേണ്ടത്. സുവിശേഷത്തോട് ശത്രുത പുലർത്തുന്നവരിൽ ഒരാളല്ല നിങ്ങൾ എന്നു പ്രത്യാശിക്കാം. എന്നാൽ ഒരുപക്ഷേ നിങ്ങളും മറ്റു പല ക്രൈസ്തവരും നിരാകരണത്തിന്റെ ആദ്യരൂപമായ നിസ്സംഗതയുമായി പോരാടുന്നുണ്ടാകാം. പലവിധത്തിലും പല തലങ്ങളിലും നാം എളുപ്പത്തിൽ നിസ്സംഗരായിത്തീരാം. ക്ഷണിക്കപ്പെടുമ്പോൾ വിവാഹവിരുന്നിനു പോകുന്നതിൽ താത്പര്യം കാണിക്കുക, അതിനെ ആഴമായി വിലമതിക്കുക—ഇതാണ് നിസ്സംഗതയുടെ വിപരീതം.
നിങ്ങൾ ക്ഷണിക്കപ്പെട്ടിരിക്കുന്ന വിവാഹവിരുന്നിനെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ലോകത്തിന്റെ രക്ഷകനുമായി ഒന്നായിത്തീരുന്നതിന്റെ മഹിമയേറിയ ആഘോഷത്തിലേക്കാണ് നിങ്ങൾ ക്ഷണിക്കപ്പെട്ടിരിക്കുന്നത്. യാതൊരു കരുതിവയ്പുമില്ലാതെ നിങ്ങളുടെ ജീവിതം അവിടുത്തേക്കു സമർപ്പിക്കാൻ നിങ്ങൾ ക്ഷണിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധി, ധാർമ്മിക സത്യനിഷ്ഠ, ദൈവത്തോടുള്ള അചഞ്ചലമായ വിശ്വസ്തത, പരസേവനം, അതിരുകളില്ലാത്ത ഉപവി എന്നിവയിലേക്കും അതിലേറെ കാര്യങ്ങളിലേക്കും നിങ്ങൾ ക്ഷണിക്കപ്പെട്ടിരിക്കുന്നു. കുഞ്ഞാടിന്റെ വിവാഹവിരുന്നിലേക്കു പ്രവേശിക്കുക എന്നത് നിങ്ങളുടെ ശേഷിക്കുന്ന ജീവിതത്തിലെ ഓരോ ദിവസവും ഓരോ നിമിഷവും നടക്കേണ്ട കാര്യമാണ്. ദൈവം നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങളുടെ സത്ത മുഴുവനാലും നിങ്ങൾ “അതെ” എന്നു പറയുമോ?
എന്നെ ക്ഷണിക്കുന്ന എന്റെ കർത്താവേ, ആത്മീയവിവാഹത്തിലൂടെ അങ്ങയുമായി ഒന്നായിത്തീരാൻ അങ്ങ് നൽകിയ ക്ഷണം സകല മനുഷ്യരും പൂർണമായി സ്വീകരിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്നു. മഹിമയേറിയ വിവാഹവിരുന്നിലേക്കും നിത്യമായ ആനന്ദത്തിലേക്കും അങ്ങ് ഞങ്ങളെ വിളിക്കുന്നു. അങ്ങയുടെ ക്ഷണത്തോട് ഞാൻ ഒരിക്കലും നിസ്സംഗനാകാതിരിക്കട്ടെ; എന്നും പൂർണഹൃദയത്തോടെ ഞാൻ പ്രത്യുത്തരം നൽകട്ടെ. പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ കൂടുതൽ കൂടുതൽ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
വിശുദ്ധ മോനിക്കയോടുള്ള നൊവേന
(പ്രത്യേകിച്ച് വഴിതെറ്റിപ്പോയ മക്കൾക്കുവേണ്ടി ചൊല്ലുന്ന പ്രാർഥന)
ഓഗസ്റ്റ് 18-26
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ പത്താം പീയൂസ് മാർപാപ്പ—അനുസ്മരണം
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ





