മലയാളം

ആത്മീയ സമ്പത്ത്

2025 സെപ്റ്റംബർ 28
ആണ്ടുവട്ടത്തിലെ ഇരുപത്തിയാറാം ഞായർ (വർഷം C)
ഇന്നത്തെ വായനകൾ

ലാസറിന്റെയും ധനവാന്റെയും ഉപമ, കടപ്പാട്: നാഷണൽ ഗാലറി ഓഫ് ആർട്ട്

വീഡിയോ

യേശു ഫരിസേയരോടു പറഞ്ഞു: “ധൂമ്രവസ്ത്രങ്ങളും നേർത്ത ചണവസ്ത്രങ്ങളും ധരിച്ച് ദിവസവും സമൃദ്ധമായി വിരുന്നുണ്ടിരുന്ന ഒരു ധനവാനുണ്ടായിരുന്നു. അവന്റെ പടിവാതിൽക്കൽ ലാസർ എന്നു പേരുള്ള ഒരു ദരിദ്രൻ ദേഹം മുഴുവൻ വ്രണങ്ങളുമായി കിടന്നിരുന്നു. ധനവാന്റെ മേശയിൽനിന്നു വീഴുന്ന ഭക്ഷണാവശിഷ്ടങ്ങൾകൊണ്ട് വയറുനിറയ്ക്കാൻ അവൻ ആഗ്രഹിച്ചിരുന്നു. നായ്ക്കൾപോലും വന്ന് അവന്റെ വ്രണങ്ങൾ നക്കുമായിരുന്നു. ആ ദരിദ്രൻ മരിച്ചപ്പോൾ മാലാഖമാർ അവനെ അബ്രാഹത്തിന്റെ മടിയിലേക്കു കൊണ്ടുപോയി.” ലൂക്കാ 16:19–22

വിവേകമുള്ള ആരും നരകത്തിൽ പോകാൻ ആഗ്രഹിക്കുകയില്ല. ഈ ഉപമയിലെ ധനവാനും തീർച്ചയായും നരകം ആഗ്രഹിച്ചിരുന്നില്ല; എന്നാൽ അവന്റെ പ്രവൃത്തികൾ അവനെ അവിടെ എത്തിച്ചു. എന്നിരുന്നാലും, മിക്കവരും ഈ ലോകത്തിൽ ധനികരാകാൻ ആഗ്രഹിക്കുന്നു. വാസ്തവത്തിൽ, സമ്പത്തിനായി ആഗ്രഹം ഇല്ലാതിരിക്കുന്നത് യുക്തിക്കു നിരക്കാത്തതാണെന്നു പലരും കരുതും. കൂടുതൽ ആഴമായ ആത്മീയ സംതൃപ്തി നേടാനുള്ള മാർഗമായും സ്വർഗത്തിലെ സമ്പത്തിനായുള്ള ഒരുക്കമായും ലളിതജീവിതം തിരഞ്ഞെടുക്കുന്ന ഒരാളെ കണ്ടെത്തുക വളരെ അപൂർവമാണ്. എന്നാൽ ഇന്നത്തെ സുവിശേഷകഥ നൽകുന്ന വ്യക്തമായ ഒരു സന്ദേശം ഇതാണ്: ലാസർ ഭൂമിയിൽ നയിച്ച ജീവിതം ധനവാന്റേതിനെക്കാൾ ഏറെ മെച്ചമായിരുന്നു. അപ്പോൾ, ഇവിടെ ഇപ്പോൾ ഏതു ജീവിതമാണ് നിങ്ങൾ ഇഷ്ടപ്പെടുന്നത്? ധനവാന്റെ സമ്പത്തു മാത്രമായിരുന്നില്ല അവന്റെ നിത്യശിക്ഷാവിധിക്കു കാരണമെന്നതു ശരിയാണ്. എന്നാൽ സ്വാർഥതയിലേക്കും മറ്റുള്ളവരുടെ ആവശ്യങ്ങളോടുള്ള നിസ്സംഗതയിലേക്കും അവന്റെ സമ്പത്ത് അവനെ പ്രലോഭിപ്പിച്ചുവെന്നതും, അത് അവന്റെ നിത്യനാശത്തിൽ കലാശിച്ചുവെന്നതും സത്യമാണ്.

നിങ്ങൾക്ക് അനേകം ദശലക്ഷം ഡോളർ സമ്മാനമായി ലഭിച്ചുവെന്നു സങ്കൽപ്പിക്കുക. ആ പണംകൊണ്ട് നിങ്ങൾ എന്തു ചെയ്യും? ഒരു നല്ല ക്രൈസ്തവനെന്ന നിലയിൽ, ദരിദ്രരെ സഹായിക്കാനും മറ്റുള്ളവരുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാനും ആ പണം നന്മയ്ക്കായി ഉപയോഗിക്കുമെന്ന് നിങ്ങൾ ഉടൻ പ്രഖ്യാപിച്ചേക്കാം. അനേകം ദശലക്ഷം ഡോളർ സമ്മാനമായി ലഭിക്കുമ്പോൾ ഏറ്റവും ഉചിതമായ പ്രതികരണം എന്തായിരിക്കും? പത്തു ശതമാനം ദാനം ചെയ്തിട്ട് ബാക്കിയുള്ളത് നിങ്ങൾക്കുവേണ്ടി ഉപയോഗിച്ചാൽ മതിയാകുമോ? ഒരുപക്ഷേ മതിയാകില്ല.

ഈ ഉപമ പഠിപ്പിക്കുന്ന ഒരു കാര്യം ഇതാണ്: ഭൗതികസമ്പത്ത് നമ്മുടെ നിത്യപ്രതിഫലത്തിലേക്ക് മൂല്യവത്തായ ഒന്നും കൂട്ടിച്ചേർക്കുന്നില്ലെന്നു മാത്രമല്ല, നമ്മുടെ ജീവിതത്തിൽ അനേകം പ്രലോഭനങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് ധാരാളം പണം ലഭിക്കുകയും പിന്നീട് ദൈവഹിതത്തിന് അനുസൃതമായി അത് പൂർണമായും നന്മയ്ക്കായി ഉപയോഗിക്കുകയും ചെയ്താൽ, അതു നിങ്ങളുടെ ഭാഗത്തുനിന്നുള്ള വിശുദ്ധമായ ഒരു പരസ്നേഹപ്രവൃത്തിയും നിത്യമായി നിലനിൽക്കുന്ന നിങ്ങളുടെ ആത്മാവിനു നന്മയുമാകുമെന്നതു ശരിയാണ്. എന്നാൽ അങ്ങനെ ചെയ്യുന്നത് വളരെ പ്രയാസമായിരിക്കും. ഭൗതികസമ്പത്തിൽനിന്ന് ഉണ്ടാകുന്ന പ്രലോഭനങ്ങളെ ചെറുക്കുക വളരെ പ്രയാസമായിരിക്കും.

ധനികനായിരിക്കുന്നത് നല്ലതാണോ? ജീവിതത്തിൽ നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നത് തീർച്ചയായും നല്ലതാണ്. പണമുണ്ടെങ്കിൽ അതിനു സഹായകമാകും. എന്നാൽ നമ്മുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റിക്കഴിഞ്ഞാൽ, ശേഷിക്കുന്ന പണം ഒരു അനുഗ്രഹം എന്നതിനെക്കാൾ വളരെയേറെ ഒരു പ്രലോഭനമാണ്. നാം അതു വിശ്വസിക്കണം. മറ്റുള്ളവരെ സഹായിക്കാനായി ധനികരാകാൻ ആഗ്രഹിക്കുന്നവരിൽ ഒരാളാണ് നിങ്ങളെങ്കിൽ, ഈ സാഹചര്യം പരിഗണിക്കുക. അതാണ് നിങ്ങളുടെ പ്രേരണയെങ്കിൽ, നിങ്ങൾക്ക് ഒരു വലിയ തുക സമ്മാനമായി ലഭിച്ചാൽ, ഇപ്പോൾ ജീവിക്കുന്നതുപോലെതന്നെ തുടർന്നും ജീവിക്കാൻ നിങ്ങൾക്കു കഴിയുമോ? അതേ വീട്ടിൽ താമസിക്കുന്നതും അതേ കാർ ഓടിക്കുന്നതും അതേ ജീവിതശൈലി തുടരുന്നതും നിങ്ങൾക്കു ലഭിച്ച പണം മുഴുവനും 100% ദൈവമഹത്വത്തിനും മറ്റുള്ളവരുടെ നന്മയ്ക്കുമായി ഉപയോഗിക്കുന്നതും സങ്കൽപ്പിക്കുക. അതു ചെയ്യാൻ പ്രയാസമായിരിക്കും. എന്നാൽ നിങ്ങൾക്ക് അതു ചെയ്യാൻ കഴിഞ്ഞാൽ, അതു മറ്റുള്ളവർക്കു നന്മയാകുമെന്നു മാത്രമല്ല, നിങ്ങളുടെ സ്വന്തം ആത്മാവിന് അസാധാരണമാംവിധം നന്മയാകുകയും ചെയ്യും. ഈ സുവിശേഷകഥയിൽ വിലപ്പെട്ട അനേകം പാഠങ്ങളുണ്ടെങ്കിലും, ഏറ്റവും വ്യക്തമായ സന്ദേശങ്ങളിലൊന്ന് ഇതാണ്: ഭൗമികസമ്പത്തിനെക്കാൾ ഭൗമികദാരിദ്ര്യം ആത്മാവിന് ഏറെ ഉപകാരപ്പെടുന്നു. അതു സ്വീകരിക്കാൻ പലർക്കും പ്രയാസമായിരിക്കും.

ലാസറും ധനവാനും തമ്മിലുള്ള പ്രകടമായ അന്തരത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ഒരാൾ ദിവസവും സമൃദ്ധമായി വിരുന്നുണ്ടു, നേർത്ത ചണവസ്ത്രങ്ങളും ധൂമ്രവസ്ത്രങ്ങളും ധരിച്ചു; പിന്നീടോ പാതാളത്തിൽ പീഡനമനുഭവിച്ചുകൊണ്ട് നിത്യത ചെലവഴിച്ചു. മറ്റെയാൾ അന്യന്റെ മേശയിൽനിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കാൻ കൊതിച്ചു, വീടില്ലാതെ ദേഹം മുഴുവൻ വ്രണങ്ങളുമായി കഴിഞ്ഞു; എന്നാൽ മാലാഖമാർ അവനെ അബ്രാഹത്തിന്റെ മടിയിലേക്കു കൊണ്ടുപോയതിനുശേഷം അവൻ സ്വർഗത്തിൽ നിത്യത ചെലവഴിച്ചു. ധനവാനെയല്ല, ലാസറിനെ അനുകരിക്കാൻ തീരുമാനിക്കുക. നിങ്ങൾക്ക് ധാരാളം ഭൗതികസ്വത്തുക്കൾ ഉണ്ടെങ്കിൽ, അവയോടുള്ള ആസക്തിയിൽനിന്നു മുക്തരാകാൻ കഠിനമായി പരിശ്രമിക്കുക. ലളിതമായി ജീവിക്കുക, ഉദാരമനസ്കരായിരിക്കുക, ആവശ്യത്തിലായിരിക്കുന്നവരെ ഒരിക്കലും അവഗണിക്കരുത്. നിങ്ങൾക്ക് വളരെ കുറച്ചേ ഉള്ളൂവെങ്കിൽ, കൂടുതൽ സ്വന്തമാക്കാൻ മോഹിക്കരുത്. അസൂയ അകറ്റുക, നിരാശപ്പെടരുത്, ദൈവപരിപാലനത്തിൽ ആശ്രയിക്കുക. ലാസറിനെപ്പോലെ, എന്നേക്കും നിങ്ങളോടൊപ്പം നിലനിൽക്കുന്ന നിത്യസമ്പത്ത് നിങ്ങളുടെ ആത്മാവിൽ സമാഹരിക്കാൻ നിങ്ങൾക്കു കഴിയുന്നതിൽ ആനന്ദിക്കുക.

യഥാർഥ സമ്പത്തിന്റെ നാഥാ, യഥാർഥ പുണ്യം, ഉപവി, വിശ്വാസം, പ്രത്യാശ എന്നീ ആത്മീയ സമ്പത്തുകൾ മാത്രമാണ് ജീവിതത്തിൽ പ്രാധാന്യമുള്ളത്. ഭൗതികസ്വത്തുക്കൾക്ക് ഈ ജീവിതത്തിൽ കാര്യമായ മൂല്യമില്ല; അവ അനേകം പ്രലോഭനങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. സമ്പത്തിനോടുള്ള മോഹത്തിൽനിന്ന് എന്നെ മോചിപ്പിക്കണമേ. അത്യാഗ്രഹം, സ്വാർഥത, അസൂയ എന്നിവയിൽനിന്ന് എന്നെ മോചിപ്പിക്കണമേ. അനാസക്തിയുടെയും ഔദാര്യത്തിന്റെയും മനോഭാവംകൊണ്ട് എന്നെ നിറയ്ക്കണമേ; സ്വർഗത്തിൽ യഥാർഥ നിക്ഷേപം സ്വരൂപിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഞായറാഴ്ചത്തെ വീഡിയോ ധ്യാനചിന്തകൾ

ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയ്ക്ക് നൊവേന – ചെറുപുഷ്പം
ഏഴാം ദിവസം- സെപ്റ്റംബർ 28

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയ്ക്കായി തിരഞ്ഞെടുക്കാവുന്ന വായനകൾ


  Subscribe to our YouTube channel  
  to be notified about new content.