2025 ഒക്ടോബർ 17
മെത്രാനും രക്തസാക്ഷിയുമായ അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസിന്റെ അനുസ്മരണം
ഇന്നത്തെ വായനകൾ
വായനകൾ: സാധാരണകാലം ഇരുപത്തിയെട്ടാം ആഴ്ചയിലെ വെള്ളിയാഴ്ച
ലോറൻസ് ഡബ്ല്യു. ലാഡ്, പൊതുസഞ്ചയത്തിൽ, Wikimedia Commons വഴി
“വെളിപ്പെടാത്തതായി മറഞ്ഞിരിക്കുന്നതൊന്നുമില്ല; അറിയപ്പെടാത്തതായി രഹസ്യമായിരിക്കുന്നതുമില്ല. അതിനാൽ നിങ്ങൾ ഇരുട്ടിൽ പറഞ്ഞതെല്ലാം വെളിച്ചത്തിൽ കേൾക്കപ്പെടും; അടച്ചിട്ട വാതിലുകൾക്കു പിന്നിൽ നിങ്ങൾ മന്ത്രിച്ചത് പുരമുകളിൽനിന്ന് പ്രഘോഷിക്കപ്പെടും.” ലൂക്കാ 12:2–3
മുകളിൽ ഉദ്ധരിച്ച ഭാഗത്തിനു തൊട്ടുമുമ്പ് യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “ഫരിസേയരുടെ പുളിമാവിനെ—അതായത്, കാപട്യത്തെ—സൂക്ഷിച്ചുകൊള്ളുവിൻ.” ഇതിനു മുൻപുള്ള അധ്യായത്തിൽ ഈ നേതാക്കന്മാരെ ദീർഘമായും വളരെ തുറന്നും പലവിധത്തിൽ കുറ്റപ്പെടുത്തിയതിനുശേഷമാണ് യേശു ഇതു പറയുന്നത്. അവരുടെ വിനാശകരമായ പ്രവൃത്തികളെ യേശു അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അതിനാൽ, അവരെ നേരിട്ടു ചോദ്യം ചെയ്തശേഷം, കപടനാട്യക്കാരായ ഈ നേതാക്കന്മാർമൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകാൻ അവിടുന്ന് തന്റെ ശിഷ്യന്മാരിലേക്കു തിരിയുന്നു.
ചില ധാർമ്മികസദ്ഗുണങ്ങൾ തനിക്കുണ്ടെന്നു നടിക്കുകയും എന്നാൽ യഥാർത്ഥത്തിൽ തന്നെത്തന്നെ വഞ്ചിക്കുകയും മറ്റുള്ളവരെ വഞ്ചിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവനാണ് കപടനാട്യക്കാരൻ. അതുകൊണ്ടാണ് എല്ലാ സത്യവും ഒടുവിൽ വെളിച്ചത്തു വരുമെന്ന വസ്തുത പങ്കുവച്ചുകൊണ്ട് യേശു തന്റെ ശിഷ്യന്മാരെ സഹായിക്കുന്നത്. അങ്ങനെ, ഓരോ സത്പ്രവൃത്തിയും അതിന്റെ നന്മയോടെ ഒടുവിൽ എല്ലാവർക്കും ദൃശ്യമാകും; ഓരോ ദുഷ്ടലക്ഷ്യവും, എത്ര മറഞ്ഞിരിക്കുന്നതായാലും, ഒടുവിൽ വെളിച്ചത്തു വരും.
ഈ വചനഭാഗം കേൾക്കുമ്പോൾ, കാപട്യമെന്ന പാപത്തിൽ വീണുപോകുന്നവരായി തങ്ങൾ കരുതുന്ന മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാനായിരിക്കും പലർക്കും ആദ്യം പ്രലോഭനം തോന്നുക. എന്നാൽ ഈ സത്യങ്ങൾ സ്വന്തം ജീവിതത്തോടു ബന്ധപ്പെടുത്തി ധ്യാനിക്കുന്നതായിരിക്കും ഏറെ പ്രയോജനകരം. എല്ലാ വിധത്തിലും സത്യസന്ധരായിരിക്കണം എന്ന ലളിതമായ സന്ദേശമാണ് യേശു പ്രസംഗിക്കുന്നത്. നമ്മോടുതന്നെ സത്യസന്ധരായിരിക്കണം; ദൈവം നമ്മെ കാണുന്ന വിധത്തിൽ മാത്രം നമ്മെത്തന്നെ കണ്ടുകൊണ്ട്, നമ്മുടെ ആന്തരികജീവിതത്തെക്കുറിച്ച് നമുക്ക് പൂർണ്ണമായ ബോധ്യമുണ്ടെന്ന് ഉറപ്പുവരുത്തണം. സത്യസന്ധതയും ആർജവവും നിറഞ്ഞ ഈ പ്രവൃത്തി, നിത്യജീവിതത്തിനായി നമ്മെത്തന്നെ ഒരുക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ്. നാം യഥാർത്ഥത്തിൽ അല്ലാത്ത ഒരാളായി പുറമേ നടിച്ചുകൊണ്ട് ജീവിതത്തിലൂടെ കടന്നുപോകുകയും, മാറ്റം വരുത്താൻ വൈകിപ്പോയ നമ്മുടെ അന്തിമവിധിവേളയിൽ മാത്രം മുഴുവൻ സത്യവും വെളിപ്പെടുകയും ചെയ്താൽ അത് എത്ര ദുഃഖകരമായിരിക്കും!
നമ്മോടുതന്നെ സത്യസന്ധരായിരിക്കുക പ്രയാസമായേക്കാം. നല്ലവരായിരിക്കാനും വിശുദ്ധരായിരിക്കാനും മറ്റുള്ളവർ നമ്മെക്കുറിച്ച് അങ്ങനെ കരുതാനും നാം ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ, നമുക്കു ലജ്ജയും അപമാനവും പോലും വരുത്തിയേക്കാവുന്ന മറ്റു പല കാര്യങ്ങളും മറച്ചുവച്ച്, നമ്മുടെ ഏറ്റവും നല്ലൊരു ചിത്രം മാത്രം അവതരിപ്പിക്കുന്നത് വളരെ സാധാരണമാണ്. ഉള്ളിൽ നാം പോരാടിക്കൊണ്ടിരിക്കുന്ന ഓരോ പാപത്തെക്കുറിച്ചും എല്ലാവരോടും പറയാൻ നമുക്ക് ധാർമ്മികമായ ബാധ്യതയില്ലെങ്കിലും, നാംതന്നെ അതിനെ അഭിമുഖീകരിക്കേണ്ടതും ദൈവകൃപയോടെ അങ്ങനെ ചെയ്യേണ്ടതും ധാർമ്മികമായി അനിവാര്യമാണ്.
ഇതിനുള്ള ഒരു പ്രായോഗിക മാർഗം മുകളിലുള്ള തിരുവചനഭാഗം ധ്യാനിക്കുകയാണ്. ഏതെങ്കിലും സമയത്ത്, ഏതെങ്കിലും വിധത്തിൽ, നമ്മുടെ ഉള്ളിൽ ഹൃദയത്തിലും മനസ്സിലുമുള്ളതെല്ലാം വെളിച്ചത്തു വരുമെന്ന് യേശു വ്യക്തമാക്കുന്നു. ചിലർക്ക്, മാറ്റം വരുത്താനുള്ള ഒരു മാർഗമായി ദൈവകൃപയാൽ ഈ ജീവിതത്തിൽത്തന്നെ അതു സംഭവിക്കും. മറ്റുചിലർക്കാകട്ടെ, അവരുടെ അന്തിമവിധിവേളയിൽ മാത്രമേ ഈ രഹസ്യങ്ങൾ വെളിച്ചത്തു വരുകയുള്ളൂ. എന്നാൽ, നാം ആരാണെന്നതും നാം ചിന്തിക്കുന്നതെല്ലാമും രഹസ്യമായി ചെയ്യുന്നതെല്ലാമും വെളിച്ചത്തു വരും എന്നതാണ് സത്യം. അത് ഏതെങ്കിലും വിധത്തിൽ നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടെങ്കിൽ അതു നല്ലതാണ്. ഉള്ളിലേക്കു നോക്കാനും മറ്റുള്ളവരിൽനിന്ന് മറച്ചുവയ്ക്കുന്നതെല്ലാം കൈകാര്യം ചെയ്യാനും നമ്മെ പ്രേരിപ്പിക്കുന്ന വിശുദ്ധമായ ഒരു ഭയം ചിലപ്പോൾ നമുക്ക് ആവശ്യമാണ്.
യഥാർത്ഥ സുതാര്യതയും ആർജവവും നിറഞ്ഞ ഒരു ജീവിതത്തിനായി പരിശ്രമിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങളുടെ ഹൃദയത്തിലുള്ളതെല്ലാം എല്ലാവർക്കും കാണാൻ കഴിയുന്നുവെന്നതുപോലെ ഓരോ ദിവസവും ജീവിക്കുന്നതാണ് ഇതിനുള്ള ഏറ്റവും നല്ല മാർഗം. ഒടുവിൽ വെളിച്ചത്തു വരാനിരിക്കുന്നവയെക്കുറിച്ച് മനസ്സമാധാനത്തോടെ ആയിരിക്കണമെങ്കിൽ ഏതെങ്കിലും വിധത്തിൽ നിങ്ങൾ മാറേണ്ടതുണ്ടെങ്കിൽ, ആ മാറ്റം ഇവിടെ, ഇപ്പോൾത്തന്നെ വരുത്താൻ ഉത്സാഹത്തോടെ പരിശ്രമിക്കുക. ഫരിസേയർ കഠിനമായി കുറ്റപ്പെടുത്തപ്പെട്ടത് അവരുടെ കാപട്യത്തിന്റെ പേരിലാണ്; ആ കാപട്യത്തിന്റെ വിപരീതമാണ് സത്യസന്ധതയും ആത്മാർത്ഥതയും. ഈ മനോഹരമായ സദ്ഗുണങ്ങളെക്കുറിച്ച് ധ്യാനിക്കാൻ സമയം ചെലവഴിക്കുക. എല്ലാം “അറിയപ്പെടുകയും” “പുരമുകളിൽനിന്ന് പ്രഘോഷിക്കപ്പെടുകയും” ചെയ്യുന്ന ആ മഹത്വപൂർണ്ണമായ വിധിദിനത്തിനുള്ള ഒരുക്കമായി, ഇവിടെ, ഇപ്പോൾത്തന്നെ യഥാർത്ഥ ആർജവമുള്ള ഒരു ജീവിതം നയിക്കാൻ കഴിയേണ്ടതിന്, കർത്താവ് ഈ സദ്ഗുണങ്ങൾ നിങ്ങൾക്കു ദാനമായി നൽകണമെന്ന് പ്രാർത്ഥിക്കുക.
സത്യങ്ങൾ വെളിപ്പെടുത്തുന്ന എന്റെ കർത്താവേ, അങ്ങ് എല്ലാം കാണുന്നു. എന്റെ ഹൃദയത്തെ അങ്ങ് പൂർണ്ണമായി അറിയുന്നു. അങ്ങ് എന്നെ കാണുന്നതുപോലെ എന്നെത്തന്നെ കാണാനും അങ്ങ് എന്നെ അറിയുന്നതുപോലെ എന്റെ ഹൃദയാന്തരാളത്തെ അറിയാനുമുള്ള കഴിവ് എനിക്ക് കൃപയാൽ നൽകണമേ. ഞാൻ ആരാണെന്നതിനെക്കുറിച്ചുള്ള ഏറ്റവും ആഴമേറിയ സത്യങ്ങൾ എനിക്ക് കാണാനാകുംവിധം വെളിച്ചത്തുവരുമ്പോൾ, ആത്മാർഥമായി മാറ്റം വരുത്താനുള്ള കൃപയും എനിക്കുണ്ടാകണമേ എന്ന് ഞാൻ പ്രാർഥിക്കുന്നു. അങ്ങനെ എന്റെ പ്രവൃത്തികളിലൂടെ അങ്ങയെ യഥാർഥമായി മഹത്വപ്പെടുത്താനും എല്ലാവർക്കും യഥാർഥ പ്രചോദനത്തിന്റെ ഉറവിടമായിത്തീരാനും എനിക്ക് കഴിയുമാറാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഇന്നത്തെ വിശുദ്ധൻ – മെത്രാനും രക്തസാക്ഷിയുമായ അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ്
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ





