മലയാളം

ഒരു വാക്ക് അരുളിച്ചെയ്താൽ മതി

ആഗമനകാലം ഒന്നാം വാരത്തിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ

ചിത്രം Adobe Stock വഴി

വീഡിയോ

ഇതു കേട്ടപ്പോൾ യേശു അത്ഭുതപ്പെട്ട് തന്നെ അനുഗമിച്ചിരുന്നവരോടു പറഞ്ഞു: “ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു, ഇസ്രായേലിൽ ആരിലും ഇത്ര വലിയ വിശ്വാസം ഞാൻ കണ്ടിട്ടില്ല. ഞാൻ നിങ്ങളോടു പറയുന്നു, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്ന് സ്വർഗരാജ്യത്തിലെ വിരുന്നിൽ അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ പന്തിയിലിരിക്കും.” മത്തായി 8:10–11

യേശു ഒരാളുടെ ബാഹ്യരൂപം മാത്രമല്ല, ഹൃദയവും കാണുന്നു. വിജാതീയനും അന്യദേവാരാധകനുമായ ഒരു റോമൻ ശതാധിപന്റെ ആഴമായ വിശ്വാസമാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നത്. യഹൂദവിശ്വാസത്തിൽപ്പെട്ടവനല്ലായിരുന്നിട്ടും, സൗഖ്യം നൽകാനുള്ള യേശുവിന്റെ ആത്മീയ അധികാരം ഈ ശതാധിപൻ തിരിച്ചറിഞ്ഞു. ഒരുപക്ഷേ, യേശു മുമ്പ് സൗഖ്യം നൽകുന്നത് അദ്ദേഹം കണ്ടിട്ടുണ്ടാകാം, അല്ലെങ്കിൽ അനേകം അത്ഭുതങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ കേട്ടിട്ടുണ്ടാകാം. അതുമല്ലെങ്കിൽ, യേശുവിൽ ആശ്രയിക്കാൻ പരിശുദ്ധാത്മാവ് അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. ഗുരുതരമായ രോഗം ബാധിച്ച തന്റെ ഭൃത്യന്മാരിൽ ഒരാളെ സുഖപ്പെടുത്തണമെന്നു ആ റോമൻ സൈനികൻ യേശുവിനോട് അപേക്ഷിച്ചു. എന്നാൽ അദ്ദേഹം ചെയ്തതു മാത്രമല്ല അത്. ഭൃത്യന്റെ അടുത്തേക്കു പോകാമെന്ന് യേശു പറഞ്ഞപ്പോൾ, ആ റോമൻ ശതാധിപൻ തന്റെ എളിമയും വിശ്വാസവും ഇപ്രകാരം പ്രകടിപ്പിച്ചു: “കർത്താവേ, അങ്ങ് എന്റെ ഭവനത്തിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല; ഒരു വാക്ക് അരുളിച്ചെയ്താൽ മതി, എന്റെ ഭൃത്യൻ സുഖം പ്രാപിക്കും.” ഇന്ന് കത്തോലിക്കർ വിശുദ്ധ കുർബാന സ്വീകരിക്കുന്നതിനു തൊട്ടുമുമ്പ് ഇതിനു സമാനമായ വാക്കുകൾ പ്രാർഥിക്കുന്നു.

വിശ്വാസത്തിന്റെ ഈ ഏറ്റുപറച്ചിൽ കേട്ടപ്പോൾ യേശു “അത്ഭുതപ്പെട്ടു”; കാരണം അബ്രാഹത്തിന്റെ സന്തതികളിൽ ഇത്ര വലിയ വിശ്വാസം അവിടുന്ന് കണ്ടിരുന്നില്ല. സാംസ്കാരികവും മതപരവുമായ തടസ്സങ്ങളെ ശതാധിപന്റെ വിശ്വാസം മറികടന്നു. വിജാതീയനും റോമൻ സൈനികനുമായ അദ്ദേഹത്തിൽ ഇത്ര ആഴമായ വിശ്വാസം ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുമായിരുന്നില്ല. എന്നിട്ടും, അദ്ദേഹത്തിന്റെ എളിമയും യേശുവിലുള്ള ആശ്രയവും തിരഞ്ഞെടുക്കപ്പെട്ട ജനത്തിലെ പലരുടേതിനെയും അതിശയിച്ചു.

ഈ സംഭവത്തിലെ രണ്ടു കാര്യങ്ങൾ നമുക്കു പരിചിന്തിക്കാം. ഒന്നാമതായി, വിശുദ്ധ കുർബാനയിൽ, ദിവ്യകാരുണ്യസ്വീകരണത്തിനു തൊട്ടുമുമ്പ് ശതാധിപന്റെ വാക്കുകൾ പ്രാർഥിക്കുമ്പോൾ, നിങ്ങളുടെ വിശ്വാസത്തിന്റെയും ബോധ്യത്തിന്റെയും ആഴം യേശുവിനെയും “അത്ഭുതപ്പെടുത്തുന്നുണ്ടോ”? നിങ്ങളുടെ അയോഗ്യത നിങ്ങൾ തിരിച്ചറിയുകയും ഏറ്റുപറയുകയും ചെയ്യുന്നുണ്ടോ? എന്നിട്ടും നിങ്ങളുടെ ആത്മാവിലേക്കു കടന്നുവരണമെന്നു നമ്മുടെ കർത്താവിനോട് അപേക്ഷിക്കുന്നുണ്ടോ? ശതാധിപന്റെ എളിമ നമുക്കൊരു ശക്തമായ പാഠമാണ്. അധികാരവും പദവിയും ഉണ്ടായിരുന്നിട്ടും, യേശുവിന്റെ മുമ്പിൽ തന്റെ അയോഗ്യത അദ്ദേഹം തിരിച്ചറിഞ്ഞു. ദിവ്യകാരുണ്യത്തെ സമീപിക്കുമ്പോൾ ഈ എളിമ അത്യന്താപേക്ഷിതമാണ്; അവിടുത്തെ നമ്മുടെ ആത്മാവിൽ സ്വീകരിക്കുന്നതിനുമുമ്പ് ദൈവകൃപയും കരുണയും നമുക്ക് ആവശ്യമാണെന്നു നാം അംഗീകരിക്കണം. ആ വാക്കുകൾ പ്രാർഥിക്കുമ്പോഴെല്ലാം അവ ഹൃദയപൂർവമാണോ നിങ്ങൾ പറയുന്നത്, അതോ ശ്രദ്ധയില്ലാതെ ഉരുവിടുന്ന ഒരു ശീലമായി അവ മാറിയിട്ടുണ്ടോ എന്നു ചിന്തിക്കുക.

രണ്ടാമതായി, ഈ വിജാതീയന്റെ ഭൃത്യനെ സുഖപ്പെടുത്താമെന്ന യേശുവിന്റെ വാഗ്ദാനം, അവിടുന്ന് നൽകുന്ന രക്ഷ എന്ന ദാനം എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു വ്യക്തമാക്കുന്നു. നമ്മുടെ കത്തോലിക്കാ വിശ്വാസം കത്തോലിക്കരായി ജനിച്ചുവളർന്നവർക്കു മാത്രമുള്ളതല്ല; അത് എല്ലാവർക്കും വേണ്ടിയുള്ളതാണ്. പ്രാർഥനയിലൂടെയും സാക്ഷ്യത്തിലൂടെയും ആ ക്ഷണം എല്ലാവരിലേക്കും എത്തിക്കാൻ നാം നമ്മുടെ പങ്കു നിർവഹിക്കണം. നമ്മുടെ കർത്താവിലേക്കു തിരിഞ്ഞ് മറ്റുള്ളവർക്കു കൃപയും സൗഖ്യവും നൽകണമെന്നു നാം അപേക്ഷിക്കണം. സകലതും ചെയ്യാൻ ദൈവത്തിനു ശക്തിയുണ്ട്. ശതാധിപനെപ്പോലെ നാമും മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കണം; ദൈവം നമ്മുടെ യാചനകൾ കേൾക്കുന്നുവെന്നും അവിടുത്തെ ഏറ്റവും ഉചിതമായ സമയത്ത് പ്രവർത്തിക്കുമെന്നും നാം വിശ്വസിക്കണം. ഈ വിശ്വാസത്തോടെ, നമുക്കു ചുറ്റുമുള്ളവരുടെ ആവശ്യങ്ങൾ അവിടുത്തെ മുമ്പിൽ സമർപ്പിക്കുകയും അവരെ തന്നിലേക്കു ആകർഷിക്കണമെന്നു അപേക്ഷിക്കുകയും വേണം. നാം ഇപ്രകാരം പ്രാർഥിക്കണം: “കർത്താവേ, ഒരു വാക്ക് അരുളിച്ചെയ്താൽ മതി! സൗഖ്യത്തിന്റെയും ശുദ്ധീകരണത്തിന്റെയും മാനസാന്തരത്തിന്റെയും രൂപാന്തരത്തിന്റെയും വാക്ക് അരുളിച്ചെയ്യണമേ; അങ്ങയുടെ ഹിതം നിറവേറ്റുന്ന ഓരോ വാക്കും അരുളിച്ചെയ്യണമേ!”

ഈ റോമൻ ശതാധിപന്റെ വിശ്വാസത്തെയും പ്രാർഥനാനിർഭരമായ വാക്കുകളെയും കുറിച്ച് ഇന്ന് ധ്യാനിക്കുകയും അവ കൂടുതൽ പൂർണമായി ഹൃദയത്തിൽ ഉൾക്കൊള്ളാൻ ശ്രമിക്കുകയും ചെയ്യുക. വിശുദ്ധ കുർബാനയുടെ സമയത്തിനു പുറത്തും ആ വാക്കുകൾ ധ്യാനിക്കുക. അങ്ങനെ, അടുത്ത തവണ നിങ്ങൾ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോൾ, ദിവ്യകാരുണ്യസ്വീകരണത്തിനു തൊട്ടുമുമ്പുള്ള ആ പ്രാർഥന, ക്രിസ്തുയേശു തന്നെത്തന്നെ ദാനമായി നൽകുന്നത് സ്വീകരിക്കാൻ നിങ്ങളുടെ ആത്മാവിനെ കൂടുതൽ പൂർണമായി ഒരുക്കും.

അത്ഭുതം കൊണ്ട എന്റെ കർത്താവേ, റോമൻ ശതാധിപന്റെ വിശ്വാസം അങ്ങയുടെ മാനുഷിക ആത്മാവിനെ സ്പർശിച്ചു. അതേ ആഴമുള്ള വിശ്വാസം എനിക്കും ഉണ്ടാകാനും, വിശുദ്ധ കുർബാനയിൽ അങ്ങയെ സ്വീകരിക്കാൻ ഒരുങ്ങുമ്പോഴെല്ലാം ആ വിശ്വാസം കൂടുതൽ പൂർണമായി പ്രകടിപ്പിക്കാനും ആവശ്യമായ കൃപ എനിക്കു നൽകണമേ. ഈശോയെ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

അമലോത്ഭവ നൊവേന
നവംബർ 29 – ഡിസംബർ 7

വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന
പാരമ്പര്യമായി നവംബർ 30 മുതൽ ക്രിസ്മസ് തലേന്നു വരെ ദിവസവും 15 തവണ ചൊല്ലുന്ന പ്രാർഥന.

‘ഗിവിങ് ട്യൂസ്ഡേ’ ദിനത്തിൽ ഒരു സംഭാവന നൽകുന്നതിനെക്കുറിച്ച് ആലോചിക്കാമോ?

ഞങ്ങളുടെ ആഗമനകാല വിഭവങ്ങൾ കാണുക!

തിരുവചന ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.