ഫെബ്രുവരി 21, 2026
വിഭൂതി ബുധനുശേഷമുള്ള ശനിയാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ പീറ്റർ ഡാമിയൻ, മെത്രാനും വേദപാരംഗതനും—ഐച്ഛിക അനുസ്മരണം
© ജോസെ ലൂയിസ് ബെർണാർഡെസ് റിബെയ്റോ
ചുങ്കസ്ഥലത്ത് ഇരിക്കുന്ന ലേവി എന്ന ചുങ്കക്കാരനെ യേശു കണ്ടു. അവൻ അയാളോടു പറഞ്ഞു: “എന്നെ അനുഗമിക്കുക.” അയാൾ എല്ലാം ഉപേക്ഷിച്ച് എഴുന്നേറ്റ് അവനെ അനുഗമിച്ചു. തുടർന്ന് ലേവി തന്റെ വീട്ടിൽ അവനുവേണ്ടി ഒരു വലിയ വിരുന്നൊരുക്കി. ചുങ്കക്കാരും മറ്റുള്ളവരുമടങ്ങിയ ഒരു വലിയ ജനക്കൂട്ടം അവരോടൊപ്പം ഭക്ഷണത്തിനിരുന്നു. ലൂക്കാ 5:27–29
ഒരൊറ്റ നിമിഷംകൊണ്ട് ലേവിയുടെ ജീവിതം മാറിമറിഞ്ഞു. മിശിഹായും ദൈവപുത്രനും ലോകരക്ഷകനുമായവനെ അവൻ കണ്ടുമുട്ടി. “എന്നെ അനുഗമിക്കുക” എന്ന യേശുവിന്റെ ലളിതവും എന്നാൽ അഗാധവുമായ ക്ഷണത്തിനു മറുപടിയായി ലേവി എല്ലാം ഉപേക്ഷിച്ച് അവനെ അനുഗമിച്ചു. ജീവിതത്തെ അടിമുടി മാറ്റിയ ഈ തീരുമാനം, നമ്മുടെ നോമ്പുകാലയാത്രകൾ ആരംഭിക്കുമ്പോൾ നമുക്ക് പ്രചോദനമേകുന്ന ഒരു സാക്ഷ്യമാണ്.
ക്രിസ്തുവിന്റെ വിളിക്ക് പലപ്പോഴും രണ്ടു തലങ്ങളുണ്ട്. ശിശുക്കളായിരിക്കുമ്പോൾ മാമ്മോദീസ സ്വീകരിച്ചവരും കാലക്രമത്തിൽ ആ വിളി സ്വയം കേൾക്കുകയും അതിനോടു പ്രതികരിക്കുകയും വേണം. വിവേകപ്രായമെത്തിയശേഷം, വിശ്വാസത്തിൽ വളർത്തപ്പെട്ടവർ യേശുവിനെ അനുഗമിക്കാനുള്ള വിളി സ്വീകരിക്കണമോ എന്ന് തീരുമാനിക്കേണ്ട ഒരു നിമിഷം വരുന്നു. ചെറുപ്പത്തിൽ ക്രിസ്തുവിനെ കണ്ടുമുട്ടാത്തവർക്കും അവനിൽനിന്ന് അകന്നുപോയിരിക്കാവുന്നവർക്കും ആ വിളി എപ്പോഴും നിലനിൽക്കുന്നു; ദൈവം അത് നിരന്തരം നൽകിക്കൊണ്ടിരിക്കുന്നു. ലേവിയെപ്പോലെ, ഒരിക്കൽ ആ ക്ഷണം കേട്ട് ഹൃദയത്തിൽ സ്വീകരിച്ചുകഴിഞ്ഞാൽ, അത് ഒരു മറുപടി ആവശ്യപ്പെടുന്നു—അവനെ അനുഗമിക്കാനുള്ള സമൂലമായ ഒരു തീരുമാനം. ആ തീരുമാനത്തോടെ ജീവിതം ഒരിക്കലും പഴയതുപോലെയായിരിക്കില്ല.
ലേവി യേശുവിന്റെ ക്ഷണം സ്വീകരിച്ചപ്പോൾ അവന്റെ ജീവിതം പൂർണമായി രൂപാന്തരപ്പെട്ടു. അവൻ “എല്ലാം ഉപേക്ഷിച്ചു.” ചുങ്കക്കാരനെന്ന നിലയിലുള്ള അവന്റെ തൊഴിൽ സാമ്പത്തികമായി ഏറെ ലാഭകരമായിരുന്നെങ്കിലും, അത് അവനെ ആത്മീയമായി ശൂന്യനാക്കിയിരിക്കാം. റോമൻ മർദകർക്കുവേണ്ടി ജോലി ചെയ്യുകയും പലപ്പോഴും സ്വന്തം ലാഭത്തിനായി ഈടാക്കേണ്ടതിനെക്കാൾ കൂടുതൽ പണം ഈടാക്കുകയും ചെയ്തിരുന്നതിനാൽ സഹയഹൂദർ ചുങ്കക്കാരെ അവജ്ഞയോടെയാണ് കണ്ടിരുന്നത്. സമ്പത്ത് നൽകിയിരുന്നെങ്കിലും, ഈ സ്ഥാനം ധാർമികതയിൽ വിട്ടുവീഴ്ചയും കുറ്റബോധവും ഒറ്റപ്പെടലും നിറഞ്ഞ ഒരു ജീവിതത്തിനു കാരണമായി. ഈ ആന്തരിക ശൂന്യതയിലേക്കാണ് യേശു കടന്നുവന്നത്. ഉൾക്കാഴ്ച നൽകുന്ന കൃപയുടെ സ്പർശമേറ്റ ലേവി, എല്ലാം ഉപേക്ഷിച്ച് ക്രിസ്തുവിനെ അനുഗമിക്കുന്നതാണ് തന്റെ ഏറ്റവും ആഴമായ അഭിലാഷങ്ങൾക്കുള്ള ഉത്തരമെന്ന് തിരിച്ചറിഞ്ഞു.
നിങ്ങളുടെ സ്വന്തം ജീവിതത്തിൽ ക്രിസ്തുവിന്റെ വിളി കേട്ടിട്ടുണ്ടോ? അവനെ പൂർണമായി അനുഗമിക്കുന്നതിനു തടസ്സമായതെല്ലാം നിങ്ങൾ ഉപേക്ഷിച്ചിട്ടുണ്ടോ? വിശ്വാസത്തിൽ വളർത്തപ്പെട്ടവരെ സംബന്ധിച്ചിടത്തോളം ഈ ചോദ്യം ഏറെ പ്രസക്തമാണ്. കുട്ടിയായിരിക്കുമ്പോൾ മാമ്മോദീസ സ്വീകരിക്കുന്നതും സഭയിൽ വളരുന്നതും വലിയൊരു ദാനമാണെങ്കിലും, അതുകൊണ്ടുമാത്രം നാം വിശ്വാസം ഹൃദയത്തിൽ സ്വീകരിച്ചുവെന്നോ യേശുവിന്റെ ക്ഷണത്തോടു വ്യക്തിപരമായി പ്രതികരിച്ചുവെന്നോ അർഥമാകുന്നില്ല. യേശു നിങ്ങളെ വിളിക്കുന്നത് നിങ്ങൾ യഥാർഥത്തിൽ കേട്ടിട്ടുണ്ടോ? അവനോടു പൂർണഹൃദയത്തോടെ “അതെ” എന്നു പറയുന്നതിനു തടസ്സമായതെല്ലാം നിങ്ങൾ ഉപേക്ഷിച്ചിട്ടുണ്ടോ?
ലേവിയുടെ രൂപാന്തരം അവൻ പറഞ്ഞ “അതെ” എന്ന മറുപടിയിൽ അവസാനിച്ചില്ല. താൻ പുതുതായി കണ്ടെത്തിയ സന്തോഷവും വിശ്വാസവും മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ അവൻ ആഗ്രഹിച്ചു. തന്റെ ജീവിതം മാറ്റിമറിച്ചവനെ കണ്ടുമുട്ടാൻ ചുങ്കക്കാരും മറ്റുള്ളവരുമടങ്ങിയ ഒരു വലിയ കൂട്ടത്തെ ക്ഷണിച്ചുകൊണ്ട്, ലേവി തന്റെ വീട്ടിൽ യേശുവിനുവേണ്ടി ഒരു “മഹാവിരുന്ന്” ഒരുക്കി. ക്രിസ്തുവുമായുള്ള അവന്റെ കണ്ടുമുട്ടൽ അത്രമേൽ അഗാധവും ജീവദായകവുമായിരുന്നതിനാൽ അത് തനിക്കുമാത്രമായി സൂക്ഷിക്കാൻ അവനു കഴിഞ്ഞില്ല—മറ്റുള്ളവരും, പ്രത്യേകിച്ച് ആത്മീയമായി ശൂന്യരാണെന്ന് തനിക്കറിയാമായിരുന്നവരും, രൂപാന്തരപ്പെടുത്തുന്ന അതേ സ്നേഹം അനുഭവിക്കണമെന്ന് അവൻ ആഗ്രഹിച്ചു.
യേശുവിന്റെ വിളിയോടു പ്രതികരിച്ച് നിങ്ങളുടെ ജീവിതം അവനു സമർപ്പിച്ചിട്ടുണ്ടെങ്കിൽ, ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള ആഗ്രഹത്താൽ നിങ്ങളുടെ ഹൃദയം സ്വാഭാവികമായും ജ്വലിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പരിചയക്കാരെയും നോക്കുമ്പോൾ, ഒരിക്കൽ നിങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞിരുന്ന അതേ അസ്വസ്ഥതയോ ശൂന്യതയോ അവരിലും കാണുന്നുണ്ടോ? ക്രിസ്തുവിനെ കണ്ടുമുട്ടാൻ അവരെ ക്ഷണിക്കുന്നതിനായി ദൈവം നിങ്ങളെ എങ്ങനെയായിരിക്കാം വിളിക്കുന്നത്? ഒരുപക്ഷേ, ലേവിയെപ്പോലെ നിങ്ങളും നിങ്ങളുടേതായ രീതിയിൽ ഒരു “വിരുന്നൊരുക്കാൻ” വിളിക്കപ്പെട്ടിരിക്കാം—സുവിശേഷം ഏറ്റവും ആവശ്യമുള്ളവരുമായി അതു പങ്കുവയ്ക്കാൻ.
ഇന്ന് ലേവിയുടെ മാനസാന്തരത്തെക്കുറിച്ച് വിചിന്തനം ചെയ്യുക; അവന്റെ ജീവിതകഥയിൽ നിങ്ങളുടെ സ്വന്തം ജീവിതം കാണുക. നിങ്ങളുടെ ഹൃദയത്തിലുള്ള അസ്വസ്ഥത തിരിച്ചറിയുകയും യേശുവിന്റെ വിളിക്കു കാതോർക്കുകയും ചെയ്യുക. നിങ്ങളുടെ ഏറ്റവും ആഴമായ ആഗ്രഹങ്ങൾക്കുള്ള ഉത്തരം അവനാണെന്നു തിരിച്ചറിയുക. അവന്റെ തിരുഹിതത്തോടു മത്സരിക്കുന്നതെല്ലാം ഉപേക്ഷിച്ചുകൊണ്ട് അവന്റെ ക്ഷണത്തിന് “അതെ” എന്നു മറുപടി നൽകുക; നിങ്ങളുടെ വിശ്വാസമെന്ന നിധി മറ്റുള്ളവരുമായി പങ്കുവയ്ക്കുക. ഈ രണ്ടു തലങ്ങളുള്ള പാത സ്വീകരിക്കുന്നത്, യഥാർഥത്തിൽ ഫലദായകമായ ഒരു നോമ്പുകാലം ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ്.
എന്നെ ക്ഷണിക്കുന്ന എന്റെ കർത്താവേ, അങ്ങ് ഓരോ ദിവസവും എന്നെ വിളിക്കുന്നു; എങ്കിലും പലപ്പോഴും ഞാൻ അതിനു ചെവികൊടുക്കുന്നില്ല. ഈ നോമ്പുകാലത്ത് അങ്ങയുടെ സ്വരം കൂടുതൽ വ്യക്തമായി കേൾക്കാനും പൂർണഹൃദയത്തോടെ പ്രതികരിക്കാനും എന്നെ സഹായിക്കണമേ. അങ്ങയെ അനുഗമിക്കുന്നതിനു തടസ്സമായതെല്ലാം ഉപേക്ഷിക്കാൻ ഞാൻ തീരുമാനിക്കുന്നു. അങ്ങയുടെ സ്വർഗീയ വിരുന്നിലേക്ക് മറ്റുള്ളവരെ ക്ഷണിക്കാൻ അങ്ങ് എന്നെ ഉപകരണമാക്കണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
നാലാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – മെത്രാനും വേദപാരംഗതനുമായ വിശുദ്ധ പീറ്റർ ഡാമിയൻ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ





