മലയാളം

യോഹന്നാൻ, സ്നേഹത്തിന്റെ പ്രതിരൂപം

2025 ഡിസംബർ 27, ശനിയാഴ്ച
അപ്പസ്തോലനും സുവിശേഷകനുമായ വിശുദ്ധ യോഹന്നാൻ—തിരുനാൾ

ഇന്നത്തെ വായനകൾ

തിരഞ്ഞെടുത്ത ചിത്രത്തിന്റെ ഉറവിടം: Adobe Stock
പ്രധാന ചിത്രം: അന്ത്യത്താഴവേളയിലെ വിശുദ്ധ യോഹന്നാൻ ചിത്രം: Lawrence OP, അനുമതി CC BY-NC-ND 2.0.

വീഡിയോ

അങ്ങനെ പത്രോസും മറ്റേ ശിഷ്യനും പുറപ്പെട്ട് കല്ലറയിലേക്കു ചെന്നു. ഇരുവരും ഓടി; എന്നാൽ മറ്റേ ശിഷ്യൻ പത്രോസിനെക്കാൾ വേഗത്തിൽ ഓടി ആദ്യം കല്ലറയിലെത്തി. അവൻ കുനിഞ്ഞുനോക്കി, മൃതശരീരം പൊതിഞ്ഞിരുന്ന തുണികൾ അവിടെ കിടക്കുന്നതു കണ്ടു; എന്നാൽ അകത്തു കടന്നില്ല. അവന്റെ പിന്നാലെ എത്തിയ ശിമയോൻ പത്രോസ് കല്ലറയ്ക്കുള്ളിൽ കടന്നു. മൃതശരീരം പൊതിഞ്ഞിരുന്ന തുണികൾ അവിടെ കിടക്കുന്നതും, അവിടുത്തെ തലയിൽ ചുറ്റിയിരുന്ന തുണി മറ്റു തുണികളോടൊപ്പമല്ലാതെ വേറൊരിടത്ത് ചുരുട്ടിവച്ചിരിക്കുന്നതും അവൻ കണ്ടു. അപ്പോൾ കല്ലറയിൽ ആദ്യം എത്തിയ മറ്റേ ശിഷ്യനും അകത്തു കടന്നു; അവൻ കണ്ടു വിശ്വസിച്ചു. യോഹന്നാൻ 20:3–8

“കണ്ടു വിശ്വസിച്ച” ആ “മറ്റേ ശിഷ്യൻ” ഇന്ന് നാം ആദരിക്കുന്ന അപ്പസ്തോലനായ യോഹന്നാനായിരുന്നു. തന്റെ സുവിശേഷത്തിൽ യോഹന്നാൻ പലപ്പോഴും സ്വയം വിശേഷിപ്പിക്കുന്നത് “യേശു സ്നേഹിച്ചവൻ” എന്നാണ്. യേശു മറ്റുള്ളവരെക്കാൾ കൂടുതൽ യോഹന്നാനെ സ്നേഹിച്ചു എന്നല്ല ഈ വിശേഷണം സൂചിപ്പിക്കുന്നത്. മറിച്ച്, യേശുവിന്റെ സ്നേഹം സ്വീകരിക്കാൻ ഒരുപക്ഷേ ഏറ്റവുമധികം തുറവുള്ള ഹൃദയം യോഹന്നാന്റേതായിരുന്നു എന്നും, അതുവഴി നമ്മുടെ കർത്താവിന്റെ സ്നേഹം അദ്ദേഹത്തെ കൂടുതൽ പൂർണമായി നിറയ്ക്കാൻ കഴിഞ്ഞു എന്നുമാണ്.

യേശുവിന്റെ ജനനത്തിന്റെ അഷ്ടദിനാഘോഷത്തിനുള്ളിൽ വിശുദ്ധ യോഹന്നാന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ, യോഹന്നാനെക്കുറിച്ചു മാത്രമല്ല, അദ്ദേഹവും യേശുവും പങ്കുവച്ച ആഴമേറിയതും ഉറ്റതുമായ സ്നേഹത്തെക്കുറിച്ചും വിചിന്തനം ചെയ്യാൻ നാം ക്ഷണിക്കപ്പെടുന്നു. നമ്മിൽ ഓരോരുത്തർക്കും പകർന്നുനൽകാൻ യേശു ആഗ്രഹിക്കുന്ന സ്നേഹത്തിന്റെ പ്രതിരൂപമാണ് ആ സ്നേഹം.

യോഹന്നാന്റെ മൂന്നു പുണ്യങ്ങൾ ഇന്നത്തെ സുവിശേഷം മനോഹരമായി എടുത്തുകാട്ടുന്നു. ഒന്നാമതായി, കല്ലറ ശൂന്യമാണെന്ന മഗ്ദലന മറിയത്തിന്റെ വാർത്തയോട് അദ്ദേഹം ഉടനടി പ്രതികരിച്ചതിൽ യേശുവിനോടുള്ള അദ്ദേഹത്തിന്റെ ഹൃദയം മുഴുവൻ നിറഞ്ഞ സ്നേഹം തെളിയുന്നു. പത്രോസിനൊപ്പം കല്ലറയിലേക്ക് ഓടാൻ യോഹന്നാനെ പ്രേരിപ്പിച്ചത് ആ സ്നേഹമാണ്. കർത്താവുമായുള്ള ബന്ധത്തെ അദ്ദേഹം എത്ര ആഴത്തിൽ വിലമതിച്ചിരുന്നു എന്ന് ഇതു കാണിക്കുന്നു.

രണ്ടാമതായി, കല്ലറയിൽ ആദ്യം എത്തിയിട്ടും, അപ്പസ്തോലന്മാരിൽ പ്രായത്തിൽ മുതിർന്നവനും നേതാവുമായ പത്രോസ് തനിക്കുമുമ്പേ അകത്തു കടക്കാൻ കാത്തുനിൽക്കുമ്പോൾ യോഹന്നാന്റെ ആദരവുള്ള മനോഭാവം വെളിപ്പെടുന്നു. ആദരപൂർവം വഴിമാറിക്കൊടുക്കുന്ന ഈ പ്രവൃത്തി, യോഹന്നാന്റെ എളിമയെയും അധികാരത്തോടുള്ള ബഹുമാനത്തെയും കുറിച്ച് ഏറെ പറയുന്നു.

അവസാനമായി, കല്ലറയിൽ പ്രവേശിച്ചശേഷം യോഹന്നാൻ “കണ്ടു വിശ്വസിച്ചു.” അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ ആഴം ഈ നിമിഷം വെളിപ്പെടുത്തുന്നു. ഭൗതികമായ തെളിവ് ആവശ്യപ്പെടാതെ, യേശുവിലുള്ള അഗാധമായ ആശ്രയത്തിൽ വേരൂന്നിയ വിശ്വാസമായിരുന്നു അത്. ദൈവം ആത്മാവിൽ പകർന്നുനൽകിയ വിശ്വാസമെന്ന ദാനത്തോടുള്ള പ്രതികരണമായിരുന്നു യോഹന്നാന്റെ വിശ്വാസം. ഉത്ഥിതനായ കർത്താവിനെ കാണുന്നതിനുമുമ്പുതന്നെ ഉത്ഥാനത്തിന്റെ സത്യം തിരിച്ചറിയാൻ ഈ പുണ്യം അദ്ദേഹത്തെ പ്രാപ്തനാക്കി.

നമ്മുടെ സ്വന്തം ആത്മീയജീവിതം പരിശോധിക്കാൻ യോഹന്നാന്റെ മാതൃക നമ്മെ വെല്ലുവിളിക്കുന്നു. കല്ലറയിലേക്ക് ഓടാൻ യോഹന്നാനെ പ്രേരിപ്പിച്ച അതേ തിടുക്കത്തോടെ കർത്താവിന്റെ അടുക്കലേക്ക് നമ്മെ ആകർഷിക്കാൻ തക്കവണ്ണം അവിടുത്തോടുള്ള നമ്മുടെ സ്നേഹം ശക്തമാണോ? ദൈവത്തോടുള്ള നമ്മുടെ സ്നേഹം മറ്റുള്ളവരോടുള്ള യഥാർഥ ബഹുമാനമായി പ്രകടമാകുന്നുണ്ടോ? ദൃശ്യമായ തെളിവുകൾ ആവശ്യമില്ലാതെ ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ ആശ്രയിക്കാൻ തക്കവണ്ണം നമ്മുടെ വിശ്വാസം ആഴമുള്ളതാണോ?

വിശുദ്ധ യോഹന്നാനെ നാം ആദരിക്കുമ്പോൾ, “യേശു സ്നേഹിച്ചവൻ” എന്ന അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. യേശുവിന്റെ സ്നേഹം സ്വീകരിക്കാനുള്ള അദ്ദേഹത്തിന്റെ തുറവ് അദ്ദേഹത്തെ ഒരു മാതൃകാശിഷ്യനായി വേറിട്ടുനിർത്തി. ദൈവത്തിന്റെ സ്നേഹം കൂടുതൽ സ്വീകരിക്കാൻ നിങ്ങളുടെ ഹൃദയത്തെ വിശാലമാക്കിക്കൊണ്ട് യോഹന്നാനെ അനുകരിക്കാൻ പരിശ്രമിക്കുക. അങ്ങനെ നിങ്ങളിലുള്ള ദൈവസാന്നിധ്യം മറ്റുള്ളവർക്ക് വ്യക്തമാകട്ടെ.

എന്റെ സ്നേഹനാഥാ, അങ്ങയുടെ തിരുഹൃദയം എല്ലാ മനുഷ്യരോടുമുള്ള സ്നേഹത്താൽ നിറഞ്ഞൊഴുകി. ആ സ്നേഹം സ്വീകരിക്കാൻ വിശുദ്ധ യോഹന്നാൻ വിശേഷമാംവിധം തുറവുള്ളവനായിരുന്നു; അതുവഴി അങ്ങയെ കൂടുതൽ സ്നേഹിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഞാനും അങ്ങയുടെ പ്രിയശിഷ്യനായിത്തീരേണ്ടതിന് വിശുദ്ധ യോഹന്നാന്റേതുപോലുള്ള ഒരു ഹൃദയം എനിക്കു നൽകണമേ. വിശുദ്ധ യോഹന്നാനേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വർഷാവസാനത്തിൽ ഒരു സംഭാവന നൽകുന്ന കാര്യം പരിഗണിക്കാമോ?

ഇന്നത്തെ വിശുദ്ധൻ – അപ്പസ്തോലനും സുവിശേഷകനുമായ വിശുദ്ധ യോഹന്നാൻ—തിരുനാൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ


കൂടുതൽ ക്രിസ്മസ് ധ്യാനചിന്തകൾ:

സമ്പൂർണ്ണ സമർപ്പണം

ആനന്ദത്താൽ കുതിച്ചുചാടിയതിന്റെ ഓർമ

കർത്താവിന്റെ എളിയ ദാസി

എല്ലാ കാര്യങ്ങളിലും വിശ്വസ്തത

ലോകം സ്വാഗതം ചെയ്യാത്തവൻ

വ്യാകുലതയുടെ വാൾ

പ്രവാസജീവിതം

പങ്കുവയ്ക്കപ്പെട്ട സഹനം

ഒരു അമ്മയുടെ ധ്യാനചിന്തകൾ


  Subscribe to our YouTube channel  
  to be notified about new content.