മലയാളം

ധ്യാനാത്മക പ്രാർത്ഥന

2025 ഡിസംബർ 31, ബുധനാഴ്ച
ക്രിസ്തുമസ് അഷ്ടദിനാഘോഷത്തിലെ ഏഴാം ദിവസം
ഇന്നത്തെ വായനകൾ

വിശുദ്ധ സിൽവെസ്റ്റർ ഒന്നാമൻ പാപ്പാ—ഐച്ഛിക അനുസ്മരണം

Milesevac, CC BY-SA 4.0, Wikimedia Commons വഴി

വീഡിയോ

ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു… വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. അവിടുത്തെ മഹത്വം ഞങ്ങൾ ദർശിച്ചു; കൃപയും സത്യവും നിറഞ്ഞ, പിതാവിന്റെ ഏകജാതനായ പുത്രന്റെ മഹത്വം. യോഹന്നാൻ 1:1; 14

യോഹന്നാന്റെ സുവിശേഷത്തിന്റെ ആമുഖമായ യോഹന്നാൻ 1:1-18, വിശുദ്ധഗ്രന്ഥത്തിലെ ഏറ്റവും ഗഹനവും ദൈവശാസ്ത്രസമ്പന്നവുമായ ഭാഗങ്ങളിലൊന്നാണ്. ധ്യാനാത്മകവും നിഗൂഢവുമായ ഈ ഭാഗം, ധ്യാനാത്മക പ്രാർത്ഥനയുടെ ആഴങ്ങളിലൂടെ ദൈവത്തെ അവിടുത്തെ സത്തയിൽ അറിയാൻ നമ്മെ ക്ഷണിക്കുന്നു.

“ആദിയിൽ…” എന്നാരംഭിക്കുന്ന വാക്കുകൾ ഉൽപത്തി പുസ്തകത്തെ അനുസ്മരിപ്പിക്കുകയും ദൈവപുത്രന്റെ നിത്യവും സകലത്തിനും മുമ്പേയുള്ളതുമായ സ്വഭാവം വെളിപ്പെടുത്തുകയും ചെയ്യുന്നു. ദൈവം പകർന്നുനൽകുന്ന ധ്യാനാത്മക ജ്ഞാനത്തിന്റെ സവിശേഷ കൃപയിലൂടെ, പിതാവ് നിത്യതയിൽ ഉച്ചരിക്കുന്നതും നിത്യത മുഴുവൻ അവിടുത്തോടൊപ്പം നിലനിൽക്കുന്നതുമായ വചനമാണ് യേശുവെന്ന് സുവിശേഷകനായ വിശുദ്ധ യോഹന്നാൻ മനസ്സിലാക്കി. വചനം മനുഷ്യസ്വഭാവം സ്വീകരിച്ച് മാംസമായി നമ്മുടെയിടയിൽ വസിച്ചുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

ഈ വാക്കുകൾ ആദ്യമായി എഴുതിയപ്പോൾ വിശുദ്ധ യോഹന്നാന്റെ മനസ്സിലുണ്ടായിരുന്ന ചിന്തകളെക്കുറിച്ച് ആലോചിക്കുക. മാംസമായ നിത്യവചനത്തോടൊപ്പം അദ്ദേഹം ഏകദേശം മൂന്നു വർഷം ചെലവഴിച്ചിരുന്നു—അവിടുത്തോടൊപ്പം നടന്നു, അവിടുത്തെ പ്രബോധനങ്ങൾ കേട്ടു, അവിടുത്തെ അത്ഭുതങ്ങൾക്കും അവിടുന്ന് നേരിട്ട തിരസ്കരണത്തിനും അവിടുത്തെ പീഡാനുഭവത്തിനും മരണത്തിനും ഉത്ഥാനത്തിനും സാക്ഷ്യം വഹിച്ചു. യേശു സ്വർഗാരോഹണം ചെയ്തപ്പോൾ മറ്റുള്ളവരോടൊപ്പം അദ്ദേഹവും അവിടെ ഉണ്ടായിരുന്നു; പന്തക്കുസ്താദിനത്തിൽ പരിശുദ്ധാത്മാവിന്റെ വർഷണം അദ്ദേഹം അനുഭവിക്കുകയും ചെയ്തു.

പന്തക്കുസ്തായ്ക്കുശേഷം, യേശുവിനെക്കുറിച്ചുള്ള യോഹന്നാന്റെ അറിവ് കൂടുതൽ ആഴപ്പെട്ടു. പ്രാർത്ഥനയിലൂടെയും വിശുദ്ധ കുർബാനയുടെ അർപ്പണത്തിലൂടെയും, കൂടുതൽ ഉറ്റബന്ധത്തിലേക്കും ആന്തരിക പരിവർത്തനത്തിലേക്കും നയിക്കുന്ന വിധത്തിൽ യോഹന്നാൻ തന്റെ കർത്താവിനെ കണ്ടെത്തി. നിത്യവചനം അപ്പോൾ ഭൂമിയിൽ നടക്കുന്നുണ്ടായിരുന്നില്ലെങ്കിലും, കൃപയാൽ അദ്ദേഹത്തിന്റെ ഉള്ളിൽ സന്നിഹിതനായിരുന്നു. നിലനിൽക്കുന്ന ഈ സാന്നിധ്യം മുമ്പെന്നത്തേക്കാളും അദ്ദേഹത്തിന് യാഥാർഥ്യമായി അനുഭവപ്പെട്ടു.

കൂദാശകളിലൂടെയും പ്രാർത്ഥനയിലും വിശുദ്ധഗ്രന്ഥത്തിലും നമ്മുടെ ആത്മാക്കളുടെ ഉള്ളിലും നമ്മുടെയിടയിൽ തുടർന്നും വസിക്കുന്ന നിത്യവചനത്തെ അറിയാൻ, യോഹന്നാനെപ്പോലെ നാമും വിളിക്കപ്പെട്ടിരിക്കുന്നു. സഭയിൽ അവിടുത്തെ സജീവ അംഗങ്ങളായിത്തീരേണ്ടതിന്, അവിടുത്തെ സാന്നിധ്യത്താൽ രൂപാന്തരപ്പെടാൻ നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു.

മനുഷ്യാവതാരത്തിന്റെയും വീണ്ടെടുപ്പിന്റെയും രഹസ്യങ്ങളിലേക്ക് നമ്മെ ആകർഷിക്കാൻ നാം അനുവദിക്കുമ്പോൾ മാത്രമേ ക്രിസ്തുവുമായുള്ള ഈ ഗാഢമായ ഐക്യം സാധ്യമാകൂ. നമ്മുടെ മനസ്സിന് ഈ രഹസ്യങ്ങളെ ഒരു പരിധിവരെ ഗ്രഹിക്കാൻ കഴിയുമെങ്കിലും, യഥാർഥമായ തിരിച്ചറിവ് ലഭിക്കുന്നത് ദൈവം പകർന്നുനൽകുന്ന ധ്യാനാത്മക ജ്ഞാനത്തിലൂടെയാണ്. നമ്മുടെ ഉള്ളിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ദാനമാണത്.

തന്റെ സുവിശേഷത്തിന്റെ ആമുഖം എഴുതിക്കൊണ്ടിരുന്ന സുവിശേഷകനായ വിശുദ്ധ യോഹന്നാനെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. അദ്ദേഹത്തിനു ലഭിച്ച ധ്യാനാത്മകമായ തിരിച്ചറിവിന്റെ ദാനത്തെക്കുറിച്ചും, അദ്ദേഹത്തിന്റെ ആത്മാവിൽ സംഭവിച്ച രൂപാന്തരത്തെക്കുറിച്ചും, ദൈവവുമായി അദ്ദേഹം പങ്കുവെച്ച ഉറ്റബന്ധത്തെക്കുറിച്ചും ചിന്തിക്കുക. ആന്തരിക ഐക്യത്തിന്റെയും ധ്യാനത്തിന്റെയും ഇതേ ജീവിതത്തിലേക്ക് നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു. മനോഹരവും നിഗൂഢവുമായ ഈ ആമുഖം പ്രാർത്ഥനയിലേക്കും മാംസമായ വചനത്തിന്റെ രഹസ്യത്തിലേക്കും നിങ്ങളെ കൂടുതൽ ആഴത്തിൽ നയിക്കട്ടെ.

ദൈവത്തിന്റെ നിത്യവചനമായ എന്റെ നാഥാ, കാലം ആരംഭിക്കുന്നതിനുമുമ്പേ പിതാവിനോടും പരിശുദ്ധാത്മാവിനോടും പരിപൂർണ ഐക്യത്തിൽ അങ്ങ് നിലനിന്നിരുന്നു. ഈ ക്രിസ്തുമസ് അഷ്ടദിനാഘോഷത്തിൽ, അങ്ങയുടെ മനുഷ്യാവതാരത്തെക്കുറിച്ച്—ഞങ്ങളുടെ ഇടയിലും കൃപയാൽ ഞങ്ങളുടെ ഉള്ളിലും വസിക്കാൻ അങ്ങ് മാംസമായതിനെക്കുറിച്ച്—ഞങ്ങൾ ധ്യാനിക്കുന്നു. അങ്ങയുടെ പ്രിയശിഷ്യനായ വിശുദ്ധ യോഹന്നാന്റെ അതേ വിശ്വാസത്തോടെ എനിക്കും വിശ്വസിക്കാൻ കഴിയേണ്ടതിന്, ഈ മഹത്തായ രഹസ്യം എനിക്കു വെളിപ്പെടുത്തിത്തരണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വർഷാവസാനത്തിൽ ഒരു സംഭാവന നൽകുന്ന കാര്യം പരിഗണിക്കാമോ?

ഞങ്ങളുടെ ക്രിസ്മസ് വിഭവങ്ങൾ കാണുക!

തിരുവചന ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ക്രിസ്മസ് പ്രാർഥന

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ

ദൈവകരുണയോടൊപ്പമുള്ള 365 ദിവസത്തെ യാത്രയിൽ ഞങ്ങളോടു ചേരൂ!

ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന വിചിന്തനങ്ങൾ: വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം 365 ദിനങ്ങൾ ജനുവരി 1-ന് ഒന്നാം വിചിന്തനത്തോടെ ആരംഭിക്കുന്നു. ഈ പുതുവർഷത്തിനായി ഒരുങ്ങുമ്പോൾ, വരാനിരിക്കുന്ന വർഷം മുഴുവനും ദൈവത്തിന്റെ സമൃദ്ധമായ കരുണയെക്കുറിച്ച് ദിവസവും ധ്യാനിക്കാൻ ഞങ്ങളോടു ചേരുവാൻ നിങ്ങളെ ക്ഷണിക്കുന്നു. ഈ യാത്രയിൽ ഞങ്ങളോടു ചേരാൻ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ക്ഷണിക്കാനും ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു! താഴെപ്പറയുന്ന മാർഗങ്ങളിലൂടെ ഞങ്ങളോടു ചേരാൻ അവരെ ക്ഷണിക്കുക:

  1. ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന ഇമെയിലുകൾക്കായി പേരുചേർക്കുക
  2. ഞങ്ങളുടെ കത്തോലിക്കാ ദൈനംദിന വിചിന്തനങ്ങൾ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
  3. ഞങ്ങളുടെ വെബ്സൈറ്റ് ദിവസവും സന്ദർശിക്കുക
  4. ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന വിചിന്തനങ്ങൾ മൃദുപുറം പതിപ്പായോ ഇ-പുസ്തകമായോ വാങ്ങുക

ഈ പുതുവർഷത്തിൽ ദൈവത്തിന്റെ സമൃദ്ധമായ കരുണ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവയ്ക്കൂ!


  Subscribe to our YouTube channel  
  to be notified about new content.