മലയാളം

ഒരു പുതിയ കുടുംബവംശപരമ്പര

2026 ജനുവരി 27
ആണ്ടുവട്ടത്തിലെ മൂന്നാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

വിശുദ്ധ ആഞ്ചല മെരീച്ചി, കന്യക—ഐച്ഛിക അനുസ്മരണം

ചിത്രം Adobe Stock വഴി

വീഡിയോ

യേശുവിന്റെ അമ്മയും സഹോദരന്മാരും ആ വീട്ടിലെത്തി. അവർ പുറത്തുനിന്നുകൊണ്ട് യേശുവിനെ വിളിക്കാൻ ആളയച്ചു. അവന്റെ ചുറ്റും ഇരുന്നിരുന്ന ജനക്കൂട്ടം അവനോടു പറഞ്ഞു: “നിന്റെ അമ്മയും സഹോദരന്മാരും സഹോദരിമാരും നിന്നെ അന്വേഷിച്ച് പുറത്ത് നിൽക്കുന്നു.” മർക്കോസ് 3:31–32

യേശുവിന്റെ കാലത്ത് കുടുംബവംശപരമ്പരകൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. അബ്രാഹത്തിന്റെ സന്തതികളായ ഇസ്രായേലെന്ന തിരഞ്ഞെടുക്കപ്പെട്ട ജനതയിൽ ഒരാളുടെ സ്ഥാനം നിർണയിച്ചിരുന്നത് അവയായിരുന്നു. ദൈവത്തിന്റെ ഉടമ്പടിയുടെ കുടുംബത്തിൽ അംഗമായിരിക്കുക എന്നത് പ്രധാനമായും ശാരീരിക വംശപരമ്പരയുടെ അടിസ്ഥാനത്തിലാണ് മനസ്സിലാക്കപ്പെട്ടിരുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശങ്ങൾ നിർണയിക്കുന്നതിലും വംശപരമ്പരകൾ നിർണായക പങ്കുവഹിച്ചു; ഈ അവകാശങ്ങൾ ഒരാളുടെ കുടുംബവംശവുമായി ബന്ധപ്പെട്ടിരുന്നു. വംശപരമ്പരയും ഭൂമിയും തമ്മിലുള്ള ഈ ബന്ധത്തിന് പ്രധാനപ്പെട്ട ദൈവശാസ്ത്രപരമായ അർഥമുണ്ടായിരുന്നു. കാരണം, വാഗ്ദത്തഭൂമി ഇസ്രായേലുമായുള്ള ദൈവത്തിന്റെ ഉടമ്പടിയുടെ ദൃശ്യമായ അടയാളമായിരുന്നു.

ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളിൽ രണ്ടെണ്ണത്തിന്റെ വംശപരമ്പരയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. ദേവാലയത്തിൽ പുരോഹിതന്മാരായി സേവനം ചെയ്യാൻ ലേവി ഗോത്രത്തിലെ അംഗങ്ങൾ സവിശേഷമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ, മിശിഹാ യൂദാ ഗോത്രത്തിൽനിന്ന്, പ്രത്യേകിച്ച് ദാവീദ് രാജാവിന്റെ വംശത്തിൽനിന്ന് വരുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. ഇത് ദാവീദിന്റെ വംശപരമ്പരയ്ക്ക് ഉന്നതമായ സ്ഥാനം നൽകി. മത്തായിയുടെയും ലൂക്കായുടെയും വംശാവലികളിൽ ഈ പ്രാധാന്യം പ്രതിഫലിക്കുന്നു. വാഗ്ദാനം ചെയ്യപ്പെട്ട മിശിഹാ എന്ന നിലയിൽ യേശുവിനുള്ള നിയമപരവും ആത്മീയവുമായ അവകാശം ഈ വംശാവലികൾ സ്ഥാപിക്കുന്നു.

ഈ കാരണങ്ങളാലാണ് ഇന്നത്തെ സുവിശേഷത്തിലെ യേശുവിന്റെ വാക്കുകൾ പലരെയും ആശ്ചര്യപ്പെടുത്തിയത്. യേശുവിന്റെ അമ്മയും അവന്റെ സഹോദരന്മാരും—അതായത്, അവന്റെ അടുത്ത ബന്ധുക്കളോ കുടുംബത്തിലെ മറ്റു ബന്ധുക്കളോ—അവൻ പഠിപ്പിച്ചുകൊണ്ടിരുന്ന വീട്ടിലെത്തിയപ്പോൾ അവനെ കാണാൻ ആഗ്രഹിച്ചു. യഹൂദ സംസ്കാരത്തിൽ ഇത്തരം അടുത്ത ബന്ധുക്കളെയോ വിപുലമായ കുടുംബത്തിലെ അംഗങ്ങളെയോ സൂചിപ്പിക്കാൻ പ്രത്യേക പദങ്ങൾ ഇല്ലാതിരുന്നതിനാൽ, “സഹോദരന്മാർ”, “സഹോദരിമാർ” എന്നീ പദങ്ങൾ കൂടുതൽ വിശാലമായ അർഥത്തിൽ ഉപയോഗിച്ചിരുന്നു എന്നത് ആദ്യം ശ്രദ്ധിക്കണം. കുടുംബബന്ധങ്ങളെ മാനിച്ച് അവൻ ഉടനെ പുറത്തുചെന്ന് അവരെ കാണുമെന്ന് അവിടെയുണ്ടായിരുന്നവർ സ്വാഭാവികമായും പ്രതീക്ഷിച്ചിരിക്കാം. എന്നാൽ, “ആരാണ് എന്റെ അമ്മയും എന്റെ സഹോദരന്മാരും?” എന്ന് ജനക്കൂട്ടത്തോടു ചോദിച്ചുകൊണ്ട് ഒരു പുതിയ പ്രബോധനം നൽകാൻ അവൻ ആ അവസരം ഉപയോഗിക്കുന്നു. സ്വന്തം ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട്, ചുറ്റുമുള്ളവരെ ചൂണ്ടിക്കാട്ടി അവൻ പറഞ്ഞു: “ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും” (മർക്കോസ് 3:34–35).

യേശു തന്റെ രക്തബന്ധുക്കളുടെ മൂല്യം ഒരു തരത്തിലും കുറച്ചുകാണിക്കുകയായിരുന്നില്ല. വാസ്തവത്തിൽ, അമ്മയുമായുള്ള അവന്റെ ബന്ധം ഡിഎൻഎയെക്കാൾ ഏറെ ആഴമുള്ളതായിരുന്നു. മറിച്ച്, ആത്മീയമായി ഒന്നായിരിക്കുന്ന എല്ലാവരെയും ഉൾക്കൊള്ളത്തക്കവിധം ജനങ്ങളുടെ സ്വാഭാവിക കുടുംബബന്ധങ്ങളെ വിപുലമാക്കാൻ അവൻ ആ അവസരം ഉപയോഗിച്ചു. ദൈവത്തിന്റെ കുടുംബത്തിലെ ബന്ധുത്വം ശാരീരിക വംശപരമ്പരയിലല്ല, അവിടുത്തെ ഇഷ്ടത്തോടുള്ള അനുസരണത്തിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്ന് അവൻ പഠിപ്പിച്ചു. ഈ പുതിയ നിർവചനം, ദൈവജനത്തിൽ ഉൾപ്പെടുക എന്നതിനെക്കുറിച്ചുള്ള അവരുടെ ധാരണയെ മാറ്റിമറിച്ചു; വിശ്വാസത്തിലും കൃപയിലും അധിഷ്ഠിതമായ പുതിയ ഐക്യബന്ധങ്ങൾക്ക് വഴിതുറന്നു.

ഇന്നും ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിത്തറയായി കുടുംബങ്ങൾ നിലകൊള്ളുന്നു. “കുടുംബം, ഒരർഥത്തിൽ, ഗാർഹികസഭയാണ്” (ജനതകളുടെ പ്രകാശം, 11). സ്നേഹവും സദ്ഗുണവും വിശ്വാസവും പിറവിയെടുക്കുന്ന പ്രാഥമിക സമൂഹമായി ദൈവം കുടുംബത്തെ തിരഞ്ഞെടുത്തിരിക്കുന്നു. അങ്ങനെ കുടുംബം പരിശുദ്ധ ത്രിത്വത്തിന്റെ ഐക്യത്തിൽ പങ്കുചേരുന്ന സ്നേഹസമൂഹമായിത്തീരുന്നു. എന്നാൽ, നമ്മെയെല്ലാം കൂടുതൽ ആഴത്തിൽ ഒന്നിപ്പിക്കുന്ന ക്രിസ്തുവിന്റെ രക്തത്തിലൂടെ നാം പങ്കിടുന്ന അതിസ്വാഭാവിക ബന്ധങ്ങളാൽ സ്വാഭാവിക കുടുംബബന്ധങ്ങൾ ഇപ്പോൾ വിപുലീകരിക്കപ്പെട്ടിരിക്കുന്നു. ഈ അതിസ്വാഭാവിക ബന്ധങ്ങൾ ആദ്യം അനുഭവിക്കേണ്ടത് സ്വാഭാവിക കുടുംബങ്ങൾക്കുള്ളിലാണ്. എന്നാൽ അങ്ങനെ സംഭവിക്കാതിരിക്കുമ്പോഴും, ക്രിസ്തുവിന്റെ രക്തത്തിലൂടെ നാം പങ്കിടുന്ന അതിസ്വാഭാവിക ബന്ധങ്ങൾ ഭൗമിക ബന്ധങ്ങളെ അതിലംഘിക്കുന്ന ഒരു ആത്മീയ കുടുംബം രൂപപ്പെടുത്തുന്നു. ക്രൈസ്തവരെന്ന നിലയിൽ, ഈ കുടുംബസ്നേഹം നമ്മുടെ ഭവനങ്ങൾക്കപ്പുറത്തേക്കു വ്യാപിപ്പിക്കാനും ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്ന എല്ലാവരെയും വിശ്വാസത്തിൽ സഹോദരീസഹോദരന്മാരായി സ്വീകരിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു.

സ്വന്തം കുടുംബത്തിൽ നിങ്ങൾക്കുള്ള അനുഗ്രഹങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ആ സ്വാഭാവിക ബന്ധങ്ങൾക്കുള്ളിൽ കൂടുതൽ ആഴത്തിലേക്കു കടന്ന്, നിത്യമായി നിലനിൽക്കുന്ന ആത്മീയ ബന്ധങ്ങൾ രൂപപ്പെടുത്താൻ നാം പരിശ്രമിക്കുക എന്നതാണ് പരമപ്രധാനം. നിങ്ങളുടെ വിശാലമായ ക്രൈസ്തവ സമൂഹത്തെക്കുറിച്ചും വിചിന്തനം ചെയ്യുക. മറ്റുള്ളവരുമായി വിശ്വാസത്തിന്റെയും ഉപവിയുടെയും ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ നിങ്ങൾ പരിശ്രമിക്കുന്നുണ്ടോ? ഇന്ന് യേശുവിന്റെ വാക്കുകൾ ധ്യാനിക്കുമ്പോൾ, നിങ്ങളുടെ സ്വാഭാവിക കുടുംബത്തിലേക്കും അതിനപ്പുറത്തേക്കും നോക്കുക. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവരെപ്രതി നന്ദി പറയുകയും ക്രിസ്തുവിന്റെ കൃപയുടെ പുതിയ രക്തബന്ധപരമ്പരയിൽ വേരൂന്നിയ ആഴമുള്ള ബന്ധങ്ങൾ വളർത്താൻ പരിശ്രമിക്കുകയും ചെയ്യുക.

പരിശുദ്ധ ത്രിത്വമേ, എല്ലാ ഗ്രാഹ്യത്തിനും അതീതമായ സ്നേഹം പങ്കുവയ്ക്കുന്ന അങ്ങാണ് പൂർണമായ യോജിപ്പിന്റെയും ഐക്യത്തിന്റെയും ഉറവിടം. എന്നെയും എല്ലാ മനുഷ്യരെയും ആ സ്നേഹൈക്യത്തിലേക്ക് ആകർഷിക്കണമേ. ഭൂമിയിലെ എന്റെ സ്വാഭാവിക കുടുംബത്തെ അനുഗ്രഹിക്കുകയും അങ്ങയുടെ കൃപയാൽ ഞങ്ങളെ കൂടുതൽ ആഴത്തിൽ ഒന്നിപ്പിക്കുകയും ചെയ്യണമേ. അങ്ങയുടെ തിരുവിഷ്ടം നിറവേറ്റുന്നതിൽ ഞങ്ങൾ പങ്കിടുന്ന ബന്ധങ്ങളാൽ ഒന്നായിരിക്കുന്ന എന്റെ ആത്മീയ കുടുംബത്തെ, വിശ്വാസത്തിലുള്ള എന്റെ സഹോദരീസഹോദരന്മാരെയും, അനുഗ്രഹിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഇന്നത്തെ വിശുദ്ധ – കന്യകയായ വിശുദ്ധ ആഞ്ചല മെരീച്ചി

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും


  Subscribe to our YouTube channel  
  to be notified about new content.