2026 ഫെബ്രുവരി 3
ആണ്ടുവട്ടത്തിലെ നാലാം വാരത്തിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ ബ്ലാസിയൂസ്, മെത്രാനും രക്തസാക്ഷിയും—ഐച്ഛിക അനുസ്മരണം
വിശുദ്ധ അൻസ്ഗാർ, മെത്രാൻ—ഐച്ഛിക അനുസ്മരണം
ചിത്രം picryl വഴി
പന്ത്രണ്ടു വർഷമായി രക്തസ്രാവം മൂലം കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. അനേകം വൈദ്യന്മാരുടെ ചികിത്സയിൽ അവൾ വളരെയധികം കഷ്ടപ്പെടുകയും തനിക്കുണ്ടായിരുന്നതെല്ലാം ചെലവഴിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അവൾക്ക് ആശ്വാസമൊന്നും ലഭിച്ചില്ല; രോഗം കൂടുതൽ വഷളാവുകയാണുണ്ടായത്. അവൾ യേശുവിനെക്കുറിച്ച് കേട്ടിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ അവന്റെ പിന്നിൽ വന്ന് അവന്റെ മേലങ്കിയിൽ സ്പർശിച്ചു. “അവന്റെ വസ്ത്രത്തിൽ ഒന്നു തൊട്ടാൽ മാത്രം മതി, ഞാൻ സുഖം പ്രാപിക്കും” എന്ന് അവൾ പറഞ്ഞു. ഉടനെ അവളുടെ രക്തസ്രാവം നിലച്ചു. മർക്കോസ് 5:25–29
യഹൂദനിയമമനുസരിച്ച്, ഈ സ്ത്രീ അനുഭവിച്ചിരുന്ന രോഗാവസ്ഥ അവളെ ആചാരപരമായി അശുദ്ധയാക്കിയിരുന്നു. അതിനാൽ മതജീവിതത്തിൽനിന്നും സാമൂഹികജീവിതത്തിൽനിന്നും അവൾ ഒഴിവാക്കപ്പെട്ടു. ശാരീരികവേദന മാത്രമല്ല, മാനസികവും വൈകാരികവുമായ ഒറ്റപ്പെടലും അവൾക്ക് സഹിക്കേണ്ടിവന്നു (കാണുക ലേവ്യർ 15:25–27). ഈ ഒറ്റപ്പെടൽ ദുഷ്കരമായിരുന്നെങ്കിലും, ദൈവത്തിന്റെ പരിശുദ്ധിയെക്കുറിച്ചും അവിടുത്തെ സമീപിക്കാൻ ശുദ്ധീകരണം ആവശ്യമാണെന്നതിനെക്കുറിച്ചും ഇസ്രായേലിനെ പഠിപ്പിക്കുക എന്ന മോശയുടെ നിയമത്തിന്റെ ഉദ്ദേശ്യമാണ് അതിൽ പ്രതിഫലിച്ചിരുന്നത്.
അവളുടെ അവസ്ഥ പാപമെന്ന ആത്മീയവ്യാധിയെ പ്രതീകാത്മകമായി പ്രതിഫലിപ്പിക്കുന്നു—മനുഷ്യരെ ദൈവത്തിൽനിന്നും മറ്റുള്ളവരിൽനിന്നും വേർപെടുത്തുന്ന, സുഖപ്പെടുത്താനാവാത്ത ഒരവസ്ഥ. അവളുടെ സഹനം അനുവദിച്ചുകൊണ്ട്, അവളുടെ രോഗശാന്തിയിലൂടെ തന്റെ മഹത്ത്വം വെളിപ്പെടാൻ ദൈവം വഴിയൊരുക്കി. ക്രിസ്തുവിന്റെ മേലങ്കിയിൽ സ്പർശിക്കാൻ കൈനീട്ടിയ അവളുടെ എളിമയുള്ളതും എന്നാൽ ധീരവുമായ വിശ്വാസപ്രവൃത്തി, ദൈവത്തിന്റെ ശക്തിയിലും കരുണയിലും ആശ്രയിക്കാൻ നമ്മെ പഠിപ്പിക്കുന്നു. ശിക്ഷയായിട്ടല്ല, തന്റെ രക്ഷാകരശക്തി പ്രകടമാക്കാനുള്ള അവസരമായിട്ടാണ് ദൈവം അവളുടെ സഹനം അനുവദിച്ചത്. വിശ്വാസത്തിലൂടെ അവൾ ശാരീരികസൗഖ്യം പ്രാപിക്കുക മാത്രമല്ല, തന്റെ സമൂഹത്തിലേക്ക് തിരികെ സ്വീകരിക്കപ്പെടുകയും ദൈവമഹത്ത്വത്തിൽ പങ്കു ലഭിക്കുകയും ചെയ്തു.
ഈ സ്ത്രീയിൽ നമ്മെത്തന്നെ കാണാൻ ഈ സുവിശേഷം നമ്മെ ക്ഷണിക്കുന്നു. ആത്മീയമായി നോക്കുമ്പോൾ, പാപഭാരത്താൽ വലയുന്ന നമ്മുടെ അവസ്ഥയെയാണ് അവളുടെ രോഗാവസ്ഥ പ്രതിഫലിപ്പിക്കുന്നത്. പാപം ആന്തരികമായ ഒറ്റപ്പെടലുണ്ടാക്കുകയും ദൈവത്തിന്റെ കുടുംബത്തിൽനിന്ന് നമ്മെ വേർപെടുത്തുകയും ചെയ്യുന്നു. ആത്യന്തികമായി പാപം നമ്മെ അസംതൃപ്തരും അന്യപ്പെട്ടവരുമാക്കുന്നു. ആ സ്ത്രീയുടെ രോഗശാന്തിപോലെ, നമ്മുടെ പുനഃസ്ഥാപനത്തിനും എളിമയോടെയുള്ള ഒരു വിശ്വാസപ്രവൃത്തി ആവശ്യമാണ്: കൂദാശകളിൽ ക്രിസ്തുവിന്റെ പക്കലേക്കു കൈനീട്ടുക. അവിടെ അവിടുത്തെ കൃപ നമ്മെ സുഖപ്പെടുത്തുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്നു.
പാപത്തിനു പുറമേ, നമ്മെ തളർത്തിയേക്കാവുന്ന പലതരം ക്ലേശങ്ങൾ നാമെല്ലാവരും നേരിടുന്നു—ശാരീരികമോ വൈകാരികമോ ബന്ധങ്ങളുമായി ബന്ധപ്പെട്ടതോ ആയ ക്ലേശങ്ങൾ. അത്തരം നിമിഷങ്ങളിൽ ഉടനടി ആശ്വാസം തേടുക സ്വാഭാവികമാണ്. എന്നാൽ, കൂടുതൽ വലിയൊരു നന്മ കൈവരുത്താനായി കുറച്ചുകാലത്തേക്ക് സഹനം അനുവദിക്കുന്നതും പലപ്പോഴും നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുന്നുവെന്ന് ഈ സുവിശേഷം നമ്മെ ഓർമിപ്പിക്കുന്നു. ആ സ്ത്രീയുടെ പന്ത്രണ്ടു വർഷത്തെ ക്ലേശങ്ങൾ വ്യർഥമായിരുന്നില്ല; അവയിലൂടെ ദൈവം തന്റെ മഹത്ത്വം വെളിപ്പെടുത്തുകയും അവളെ തന്നോടുള്ള കൂടുതൽ ആഴമായ കൂട്ടായ്മയിലേക്കു നയിക്കുകയും ചെയ്തു. അതുപോലെ, പാപമോ ശാരീരികരോഗങ്ങളോ തിരസ്കരണമോ മൂലമുള്ള നമ്മുടെ സഹനങ്ങളും, വിശ്വാസപൂർവമായ ആശ്രയത്തോടും എളിമയോടുംകൂടെ നാം ദൈവത്തെ സമീപിക്കുന്നെങ്കിൽ, അവിടുത്തെ രക്ഷാകരശക്തി പ്രകടമാക്കാനുള്ള അവസരങ്ങളാണ്.
ഈ സത്യങ്ങളിൽ വിശ്വസിക്കുക തീർച്ചയായും ദുഷ്കരമായേക്കാം, പ്രത്യേകിച്ച് സഹനത്തിന്റെ നടുവിലായിരിക്കുമ്പോൾ. അത്തരം നിമിഷങ്ങളിൽ, കൃപയിൽനിന്നു ജനിക്കുകയും മാനുഷികശക്തി ക്ഷയിക്കുമ്പോൾ നമ്മെ താങ്ങിനിർത്തുകയും ചെയ്യുന്ന അതിസ്വാഭാവിക പ്രത്യാശയെന്ന ദാനത്തിൽ നാം ആശ്രയിക്കണം. പ്രത്യാശ വിശ്വാസത്തിന്റെ ഉറപ്പിൽ വേരൂന്നിയിരിക്കുന്നു; മനുഷ്യബുദ്ധിയുടെ പരിമിതികൾക്കതീതമായ സത്യങ്ങളിലേക്ക് വിശ്വാസം നമ്മുടെ ഹൃദയങ്ങളെ തുറക്കുന്നു (കാണുക ഹെബ്രായർ 11:1). എളിമയുള്ള ഈ സ്ത്രീ, സഹനത്തിന്റെ നടുവിൽ വിശ്വാസത്തിനും പ്രത്യാശയ്ക്കും മാതൃകയാണ്. സുഖപ്പെടുത്താനുള്ള യേശുവിന്റെ ശക്തിയിലുള്ള അവളുടെ അചഞ്ചലമായ വിശ്വാസം പ്രത്യാശിക്കാൻ പ്രചോദിപ്പിക്കുക മാത്രമല്ല, പ്രവർത്തിക്കാൻ അവളെ പ്രേരിപ്പിക്കുകയും ചെയ്തു. ക്രിസ്തുവുമായുള്ള ഏറ്റവും ചെറിയൊരു സമ്പർക്കംപോലും തനിക്ക് സൗഖ്യം നൽകുമെന്ന വിശ്വാസത്തോടെ കൈനീട്ടി അവിടുത്തെ വസ്ത്രത്തിൽ സ്പർശിക്കാൻ അവളുടെ പ്രത്യാശ അവളെ പ്രേരിപ്പിച്ചു. ലളിതവും എന്നാൽ ആഴമേറിയതുമായ ഈ വിശ്വാസപ്രവൃത്തിയിലൂടെ ശാരീരികസൗഖ്യത്തെക്കാൾ വളരെ വലിയൊരു ദാനമാണ് അവൾക്കു ലഭിച്ചത്—ദൈവത്തിന്റെ കരുണയുടെയും സ്നേഹത്തിന്റെയും പരിവർത്തനശക്തി അവൾ അനുഭവിച്ചു. അത് അവളെ പൂർണമായി പുനഃസ്ഥാപിക്കുകയും ദൈവവുമായുള്ള കൂടുതൽ ആഴമായ കൂട്ടായ്മയിലേക്ക് അവളെ നയിക്കുകയും ചെയ്തു.
വിശുദ്ധയും എളിമയുള്ളവളുമായ ഈ സ്ത്രീയുടെ മാതൃകയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. പ്രത്യേകിച്ച് സഹനത്തിന്റെയും ആവശ്യങ്ങളുടെയും നിമിഷങ്ങളിൽ, എളിമയോടും ആത്മവിശ്വാസത്തോടുംകൂടെ ക്രിസ്തുവിനെ സമീപിക്കാൻ അവളുടെ വിശ്വാസപ്രവൃത്തി നമ്മെ പ്രചോദിപ്പിക്കുന്നു. അവളെപ്പോലെ, നമ്മെത്തന്നെ എളിമപ്പെടുത്താനും പ്രാർഥനയിൽ യേശുവിന്റെ പക്കലേക്കു കൈനീട്ടാനും ആത്മീയസൗഖ്യവും പുനഃസ്ഥാപനവും നൽകാനുള്ള അവിടുത്തെ ശക്തിയിൽ ആശ്രയിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. കൂദാശകളിൽ, പ്രത്യേകിച്ച് അനുരഞ്ജന കൂദാശയിലും വിശുദ്ധ കുർബാനയിലും, നാം ക്രിസ്തുവിന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ സ്പർശിക്കുകയും അവിടുത്തെ കരുണയുടെ പരിവർത്തനശക്തി അനുഭവിക്കുകയും ചെയ്യുന്നു. തന്നോടുള്ള കൂടുതൽ ആഴമായ കൂട്ടായ്മയിലേക്കു നമ്മെ നയിക്കാനും നമ്മുടെ ജീവിതത്തിൽ തന്റെ മഹത്ത്വം വെളിപ്പെടുത്താനും വേണ്ടിയാണ് നമ്മുടെ പരീക്ഷണങ്ങൾപോലും ദൈവം സ്നേഹപൂർവം അനുവദിക്കുന്നതെന്ന് അറിഞ്ഞുകൊണ്ട്, അവിടുത്തെ പരിപാലനയിൽ ആശ്രയിക്കാനുള്ള കൃപയ്ക്കായി പ്രാർഥിക്കുക.
കരുണാമയനായ എന്റെ കർത്താവേ, പാപത്തിന്റെ ഫലങ്ങളും പതിതമായ എന്റെ മനുഷ്യസ്വഭാവത്തിന്റെ ദുർബലതയും സഹിക്കാൻ അങ്ങ് എന്നെ അനുവദിക്കുന്നത് ശിക്ഷയായിട്ടല്ല, മറിച്ച് അങ്ങയിലുള്ള എന്റെ വിശ്വാസവും പ്രത്യാശയും കൂടുതൽ ആഴപ്പെടുത്താനുള്ള ഒരു ക്ഷണമായിട്ടാണ്. ക്ലേശത്തിന്റെ നിമിഷങ്ങളിൽ, സകലതും നന്മയായി മാറ്റാനും അങ്ങയുടെ നിത്യമായ മഹത്വം വെളിപ്പെടുത്താനുമുള്ള അങ്ങയുടെ ശക്തിയിൽ വിശ്വസിച്ചുകൊണ്ട്, ആശ്രയബോധത്തോടെ അങ്ങയിലേക്കു തിരിയാൻ എനിക്കു കൃപ നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഇന്നത്തെ വിശുദ്ധർ –
വിശുദ്ധ ബ്ലാസിയൂസ്, മെത്രാനും രക്തസാക്ഷിയും
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ





