2026 മാർച്ച് 1
നോമ്പുകാലത്തിലെ രണ്ടാം ഞായർ (വർഷം A)
ഇന്നത്തെ വായനകൾ
ഹൊസേ ലൂയിസ് ബെർണാർദെസ് റിബെയ്‌റോയുടെ യേശുക്രിസ്തുവിന്റെ രൂപാന്തരീകരണം, CC BY-SA 3.0
“കർത്താവേ, നാം ഇവിടെ ആയിരിക്കുന്നത് നല്ലതാണ്. അങ്ങ് ആഗ്രഹിക്കുന്നുവെങ്കിൽ, ഞാൻ ഇവിടെ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം: ഒന്ന് അങ്ങേക്കും, ഒന്ന് മോശയ്ക്കും, ഒന്ന് ഏലിയായ്ക്കും.” മത്തായി 17:4
യേശുവിന്റെ യഥാർഥ മഹത്ത്വത്തിന്റെ ഒരു ദർശനം നേരിട്ട് അനുഭവിച്ചപ്പോൾ പത്രോസ് അപ്പോസ്തലൻ വിസ്മയഭരിതനായെന്ന് രൂപാന്തരീകരണത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം വെളിപ്പെടുത്തുന്നു. ഈ സംഭവത്തിന് അധികം മുമ്പല്ലാതെ, നമ്മുടെ കർത്താവ് തന്റെ ശിഷ്യന്മാരെ വടക്കുള്ള കേസറിയാ ഫിലിപ്പിയിലേക്കു കൊണ്ടുപോയി, താൻ ആരാണെന്നാണ് അവർ കരുതുന്നതെന്ന് സ്വകാര്യമായി അവരോടു ചോദിച്ചു. പത്രോസ് ധൈര്യപൂർവം പ്രഖ്യാപിച്ചു: “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായാണ്” (മത്തായി 16:16). മറുപടിയായി, പത്രോസിന്മേൽ തന്റെ സഭ പണിയുമെന്നും സ്വർഗരാജ്യത്തിന്റെ താക്കോലുകൾ പത്രോസിനെത്തന്നെ ഏൽപ്പിക്കുമെന്നും യേശു വാഗ്ദാനം ചെയ്തു. പത്രോസിന് അതൊരു നല്ല ദിവസമായിരുന്നു.
എന്നാൽ, ഇതിനു തൊട്ടുപിന്നാലെ, താൻ “ജറുസലെമിലേക്കു പോകുകയും ശ്രേഷ്ഠന്മാരിൽനിന്നും പുരോഹിതപ്രമുഖന്മാരിൽനിന്നും നിയമജ്ഞരിൽനിന്നും വളരെയേറെ പീഡകൾ സഹിക്കുകയും കൊല്ലപ്പെടുകയും മൂന്നാം ദിവസം ഉയിർപ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു” എന്ന് യേശു ശിഷ്യന്മാർക്കു വെളിപ്പെടുത്താൻ തുടങ്ങി (മത്തായി 16:21). അപ്പോൾ പത്രോസ് യേശുവിനെ മാറ്റിനിർത്തി പറഞ്ഞു: “ദൈവം അത് അനുവദിക്കാതിരിക്കട്ടെ, കർത്താവേ! അങ്ങേക്ക് അങ്ങനെയൊന്നും ഒരിക്കലും സംഭവിക്കരുത്” (മത്തായി 16:22). പത്രോസിന്റെ ശാസനയ്ക്ക് യേശു കർശനമായി മറുപടി നൽകി: “സാത്താനേ, എന്റെ പിന്നിലേക്കു മാറുക! നീ എനിക്ക് ഒരു തടസ്സമാണ്. നീ ചിന്തിക്കുന്നത് ദൈവത്തെപ്പോലെയല്ല, മനുഷ്യരെപ്പോലെയാണ്” (മത്തായി 16:23). പത്രോസിന് അതൊരു മോശം ദിവസമായിരുന്നു.
പിന്നീട് യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു: “എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ സ്വയം പരിത്യജിച്ച്, തന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ. എന്തെന്നാൽ, സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവന് അത് നഷ്ടപ്പെടും; എന്നാൽ എനിക്കുവേണ്ടി സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവൻ അത് കണ്ടെത്തും” (മത്തായി 16:24–25). യേശു ഉടൻതന്നെ വളരെയേറെ പീഡകൾ സഹിക്കേണ്ടിയിരുന്നു എന്നു മാത്രമല്ല, പന്ത്രണ്ടുപേർ ഉൾപ്പെടെയുള്ള അവിടുത്തെ അനുയായികളും ഈ ദുഷ്കരമായ പാതയിൽ അവിടുത്തെ അനുഗമിക്കാൻ വിളിക്കപ്പെട്ടിരുന്നു. അവർക്ക് അംഗീകരിക്കാൻ പ്രയാസമുള്ള ഒരു സന്ദേശമായിരുന്നു ഇത്.
ഇന്നത്തെ സുവിശേഷത്തിൽ നാം രൂപാന്തരീകരണത്തിന്റെ വിവരണം കേൾക്കുന്നു. ശ്രദ്ധേയമായ കാര്യമെന്തെന്നാൽ, പ്രാർഥനയ്ക്കും ഏകാന്തതയ്ക്കുമായി പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും ഒരു മലയിലേക്കു കൂട്ടിക്കൊണ്ടുപോകുന്നതിനുമുമ്പ്, തന്റെ പീഡാനുഭവത്തെക്കുറിച്ചുള്ള പ്രവചനത്തെപ്പറ്റി ചിന്തിക്കാൻ യേശു ശിഷ്യന്മാർക്ക് ആറു ദിവസം നൽകി. അവരുടെ ആശയക്കുഴപ്പങ്ങളും പോരാട്ടങ്ങളും അറിഞ്ഞിരുന്ന യേശു അവരുടെ കൺമുമ്പിൽ രൂപാന്തരപ്പെട്ടു. “അവിടുത്തെ മുഖം സൂര്യനെപ്പോലെ പ്രകാശിച്ചു; അവിടുത്തെ വസ്ത്രങ്ങൾ പ്രകാശംപോലെ വെളുത്തതായി. ഇതാ, മോശയും ഏലിയായും അവിടുത്തോട് സംസാരിച്ചുകൊണ്ട് അവർക്കു പ്രത്യക്ഷപ്പെട്ടു” (മത്തായി 17:2–3). മഹത്ത്വത്തിന്റെ ഈ നിമിഷത്തിൽ പത്രോസ് ഉദ്ഘോഷിച്ചു: “കർത്താവേ, നാം ഇവിടെ ആയിരിക്കുന്നത് നല്ലതാണ്.” പത്രോസിന് അതു മറ്റൊരു നല്ല ദിവസമായിരുന്നു.
നമുക്കെല്ലാവർക്കും നല്ല ദിവസങ്ങളും മോശം ദിവസങ്ങളുമുണ്ട്. എന്നാൽ ഒരു ദിവസത്തെ നല്ലതെന്നോ മോശമെന്നോ നിർണയിക്കുന്നത് എന്താണ്? യേശുവിന്റെ കുരിശുമരണത്തിന്റെ ദിവസം അവിടുത്തേക്ക് ഒരു മോശം ദിവസമായിരുന്നോ? തീർച്ചയായും അല്ല. അതിതീവ്രമായ സഹനങ്ങൾ നിറഞ്ഞതായിരുന്നെങ്കിലും, പിതാവിന്റെ തിരുഹിതത്തോടുള്ള അവിടുത്തെ പരിപൂർണമായ അനുസരണം പൂർത്തിയായതിനാൽ ചരിത്രത്തിലെ ഏറ്റവും മഹത്ത്വപൂർണമായ ദിവസമായിരുന്നു അത്. അതുപോലെ, ക്രിസ്തുവിനെ അനുസരിക്കാനുള്ള പത്രോസിന്റെ സന്നദ്ധതയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ നല്ല ദിവസങ്ങളെയും മോശം ദിവസങ്ങളെയും മനസ്സിലാക്കാം; പ്രത്യേകിച്ച്, ആ അനുസരണം വലിയ ത്യാഗങ്ങൾ ആവശ്യപ്പെട്ടപ്പോൾ.
നമ്മുടെ ജീവിതത്തിലും ദൈവതിരുഹിതത്തോടുള്ള അനുസരണത്തിന്റെ അടിസ്ഥാനത്തിലാണ് നല്ല ദിവസങ്ങളെയും മോശം ദിവസങ്ങളെയും നാം നിർണയിക്കേണ്ടത്; പ്രത്യേകിച്ച്, കുരിശു വഹിക്കാനും ത്യാഗപൂർണമായ സ്നേഹം പ്രാവർത്തികമാക്കാനും അവിടുത്തെ തിരുഹിതം നമ്മെ വിളിക്കുമ്പോൾ. ആശ്വാസം ലഭിക്കുമ്പോൾ ദൈവത്തെ സ്നേഹിക്കുക എളുപ്പമാണ്; എന്നാൽ പരീക്ഷണങ്ങളെ നേരിടുമ്പോൾ അത് ഏറെ പ്രയാസകരമാകുന്നു. “കർത്താവേ, നാം ഇവിടെ ആയിരിക്കുന്നത് നല്ലതാണ്” എന്ന പത്രോസിന്റെ പ്രഖ്യാപനം എല്ലാ സാഹചര്യങ്ങളിലും നമുക്ക് ആവർത്തിക്കാവുന്ന ഉത്തമമായ പ്രാർഥനയാണ്. രൂപാന്തരീകരണവേളയിൽ പത്രോസിനെന്നപോലെ നമുക്കും ആശ്വാസം ലഭിക്കുമ്പോൾ ഈ പ്രാർഥന നാം ചൊല്ലണം. എന്നാൽ പത്രോസ് നേരത്തേ വരുത്തിയ പിഴവുകളിൽനിന്നു വ്യത്യസ്തമായി, ത്യാഗപൂർണമായി സ്നേഹിക്കാനുള്ള അവസരങ്ങൾ ലഭിക്കുമ്പോഴും, അവ ദുഷ്കരമാണെങ്കിൽപ്പോലും, “ഇതു നല്ലതാണ്” എന്നു നാം പറയണം.
ഇന്ന് നിങ്ങളുടെ സ്വന്തം നല്ല ദിവസങ്ങളെയും മോശം ദിവസങ്ങളെയും കുറിച്ചു വിചിന്തനം ചെയ്യുക. വിശുദ്ധമായ അനുസരണത്തിന്റെയും ത്യാഗപൂർണമായ സ്നേഹജീവിതം നയിക്കാനുള്ള നിങ്ങളുടെ വിളിയുടെയും വെളിച്ചത്തിൽ അവയെ കാണുക. “ഇതു നല്ലതാണ്!” എന്നു കർത്താവിനോടു വിളിച്ചുപറയാൻ മടിക്കരുത്. ഓരോ കുരിശിനെയും ത്യാഗപൂർണമായി സ്നേഹിക്കാനുള്ള ഓരോ ക്ഷണത്തെയും നിങ്ങൾ നല്ലതായി കാണുന്നുണ്ടോ എന്നു ചിന്തിക്കുക. ഇതാണ് ദൈവം നിങ്ങളിൽനിന്ന് ആഗ്രഹിക്കുന്നത്; അവിടുത്തെ ആഗ്രഹം ദൃഢനിശ്ചയത്തോടും സന്തോഷത്തോടുംകൂടെ സ്വീകരിക്കുക.
സ്വയം ബലിയർപ്പിച്ച എന്റെ കർത്താവേ, അങ്ങ് കുരിശിനെ ആശ്ലേഷിക്കുകയും അതിനെ യഥാർഥത്തിൽ നല്ലതായി കാണുകയും ചെയ്തു. സഹനങ്ങൾക്കപ്പുറത്തേക്ക് നോക്കി അങ്ങയുടെ ബലിയുടെ ഫലങ്ങൾ അങ്ങ് കണ്ടു. ത്യാഗപൂർണമായ സ്നേഹത്തിന്റെ ഓരോ പ്രവൃത്തിയെയും ഞാൻ ആഗ്രഹിക്കുന്ന നന്മയായി കണ്ടുകൊണ്ട് അങ്ങയെ അനുകരിക്കാൻ എന്നെ സഹായിക്കണമേ. കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെയും മറ്റുള്ളവരെയും പൂർണഹൃദയത്തോടെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
നോമ്പുകാലത്തിലെ രണ്ടാം ഞായറിനുള്ള ധ്യാനം:
മരുഭൂമിയിൽ 40 ദിനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ





