മാർച്ച് 2, 2026
നോമ്പുകാലത്തിലെ രണ്ടാം ആഴ്ചയിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ
യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ.” ലൂക്കാ 6:36
എന്താണ് കരുണ? സ്വർഗസ്ഥനായ പിതാവ് എങ്ങനെയാണ് കരുണയുള്ളവനായിരിക്കുന്നത്? ഒരാൾ ദൈവഹിതത്തിനു വിരുദ്ധമായി ജീവിച്ചുവെന്നു കരുതുക. ആ വ്യക്തി മരിച്ച് ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പിൽ നിൽക്കുമ്പോൾ, ദൈവം തന്റെ കരുണയാൽ ഇങ്ങനെ പറയുമോ: “അതു സാരമില്ല, നിനക്ക് അർഹതയില്ലെങ്കിലും സ്വർഗത്തിൽ പ്രവേശിക്കാം”? അല്ലെങ്കിൽ, നമ്മുടെ ജീവിതത്തിൽ ആരെങ്കിലും ദൈവത്തിന്റെ ധാർമ്മികനിയമത്തിനു വസ്തുനിഷ്ഠമായി വിരുദ്ധമായ, പരസ്യമായ പാപജീവിതം നയിക്കുകയാണെങ്കിൽ, “അങ്ങനെ ജീവിക്കുന്നത് നിന്നെ സന്തോഷിപ്പിക്കുന്നുവെങ്കിൽ, എനിക്കും നിന്നെക്കുറിച്ച് സന്തോഷമാണ്” എന്നു നാം പറയണമോ? ഇവയിലൊന്നും യഥാർഥ കരുണ പ്രതിഫലിക്കുന്നില്ല.
“നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ” എന്നു പറഞ്ഞശേഷം, താൻ ഉദ്ദേശിക്കുന്നതെന്തെന്ന് യേശു വ്യക്തമാക്കുന്നു. ആദ്യം, നാം ചെയ്യരുതാത്തത് എന്താണെന്ന് അവിടുന്ന് പറയുന്നു: “വിധിക്കാതിരിക്കുവിൻ…ശിക്ഷയ്ക്കു വിധിക്കാതിരിക്കുവിൻ.” വിധിക്കാനും ശിക്ഷയ്ക്കു വിധിക്കാനുമുള്ള അധികാരം ദൈവത്തിന്, ദൈവത്തിനു മാത്രമേയുള്ളൂ. നമുക്കതില്ല. അതിനാൽ, മറ്റൊരാളെ വിധിക്കുകയും ശിക്ഷയ്ക്കു വിധിക്കുകയും ചെയ്യുമ്പോൾ നാം ദൈവത്തിന്റെ അധികാരം കവർന്നെടുക്കുകയാണ്. ദൈവം മാത്രമേ ഹൃദയം കാണുന്നുള്ളൂ; അതിനാൽ, ഒരു വ്യക്തിയെ വിധിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ.
എന്നാൽ, “വിധിക്കാതിരിക്കുവിൻ”, “ശിക്ഷയ്ക്കു വിധിക്കാതിരിക്കുവിൻ” എന്നീ കല്പനകൾ രണ്ടു കാഴ്ചപ്പാടുകളിൽനിന്ന് പ്രാവർത്തികമാക്കണം. ഒരു വശത്ത്, ശിക്ഷാവിധിക്ക് അർഹനായ പാപിയായി ഒരു വ്യക്തിയെ നാം വിധിക്കരുത്. മറുവശത്ത്, ഒരു വ്യക്തിയെ ധാർമ്മികമായി നീതിമാനെന്നു പ്രഖ്യാപിക്കാനും പാടില്ല, പ്രത്യേകിച്ചും ആ വ്യക്തിയുടെ പ്രവൃത്തികൾ ദൈവം വെളിപ്പെടുത്തിയ നിയമത്തിനു വിരുദ്ധമായിരിക്കുമ്പോൾ. അപ്പോൾ നാം എന്തു ചെയ്യണം? ഹൃദയത്തെ ശിക്ഷയ്ക്കു വിധിക്കുന്നതോ കുറ്റവിമുക്തമാക്കുന്നതോ ദൈവത്തിനു വിട്ടുകൊടുത്തുകൊണ്ട്, ദൈവം വെളിപ്പെടുത്തിയ വസ്തുനിഷ്ഠമായ ധാർമ്മികമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പ്രവൃത്തികളെ വിലയിരുത്തുന്നതിൽ മാത്രം നാം ഒതുങ്ങണം. ഇത് നമ്മെ കോപത്തിൽനിന്നു സ്വതന്ത്രരാക്കുകയും യഥാർഥ സ്നേഹം പ്രകടിപ്പിക്കാൻ പ്രാപ്തരാക്കുകയും ചെയ്യും.
ഉദാഹരണത്തിന്, വിവാഹിതരല്ലാത്ത രണ്ടു പേർ ഭാര്യാഭർത്താക്കന്മാരെപ്പോലെ ജീവിക്കുകയാണെങ്കിൽ, വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നതു തുടരുന്നതിനു പകരം അവർ വിവാഹിതരാകണമെന്ന നമ്മുടെ പ്രത്യാശ പ്രകടിപ്പിക്കാൻ ഒരു അവസരം തേടണം. ഇത് അവരുടെ ആത്മാക്കളെ ശിക്ഷയ്ക്കു വിധിക്കലല്ല, മറിച്ച് ദൈവത്തിന്റെ വസ്തുനിഷ്ഠമായ ധാർമ്മികനിയമത്തിന്റെ പ്രഖ്യാപനമാണ്. അതു സുവിശേഷമാണ്; ദയയോടും ക്ഷമയോടും വ്യക്തതയോടുംകൂടെ നാം അതു പറയണം. മാത്രമല്ല, ഏതെങ്കിലും വിധത്തിൽ നമുക്ക് അവരെക്കുറിച്ച് സന്തോഷമാണെന്നും അവരുടെ ഒരുമിച്ചുള്ള ജീവിതത്തെ നാം പിന്തുണയ്ക്കുന്നുവെന്നും ഇതേ വ്യക്തികളോടു പറയുകയാണെങ്കിൽ, അവർ ദൈവപ്രീതിയിലാണെന്നു നാം തെറ്റായി വിധിക്കുകയും ചെയ്യുന്നു. നമ്മുടെ ഭാഗത്തുനിന്ന് അതും അത്രതന്നെ പാപകരമാണ്. അതിനാൽ, വിധിക്കാതിരിക്കുക, ശിക്ഷയ്ക്കു വിധിക്കാതിരിക്കുക എന്നതിന്റെ അർഥം, ഹൃദയത്തിലല്ല, വസ്തുനിഷ്ഠമായ പ്രവൃത്തിയിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ്. ഇതു പ്രയാസമായിരിക്കാം, പ്രത്യേകിച്ച് നമ്മോട് ഏറ്റവും അടുപ്പമുള്ളവരുടെ കാര്യത്തിൽ. എങ്കിലും യഥാർഥ കരുണ പ്രാവർത്തികമാക്കുന്നതിൽ ഇത് അനിവാര്യമാണ്.
യേശു അടുത്തതായി പറയുന്നത് അതിലും വെല്ലുവിളി നിറഞ്ഞതാണ്: “ക്ഷമിക്കുവിൻ”, “കൊടുക്കുവിൻ.” കൂടുതൽ പ്രചോദനം നൽകിക്കൊണ്ട് യേശു വിശദീകരിക്കുന്നു: നാം മറ്റുള്ളവരോടു ക്ഷമിക്കുമ്പോൾ മാത്രമേ നമുക്കു ക്ഷമ ലഭിക്കുകയുള്ളൂ; നാം കൊടുക്കുമ്പോൾ മാത്രമേ നമുക്കു നല്ല ദാനങ്ങൾ നൽകപ്പെടുകയുള്ളൂ. ക്ഷമയും ഔദാര്യവും വലിയ കാരുണ്യപ്രവൃത്തികളാണ്. നമ്മോടു പാപം ചെയ്ത ഒരാൾക്കു മാപ്പു നൽകുന്നതാണ് ക്ഷമിക്കുക എന്നത്. ഒരു വ്യക്തിയുടെ ഹൃദയം നമുക്ക് ഒരിക്കലും അറിയാനാവില്ല; അതിനാൽ ഒരു പ്രവൃത്തിയുടെ പേരിൽ ആ വ്യക്തിക്കുള്ള കുറ്റബാധ്യതയും നമുക്കറിയില്ല. എങ്കിലും നമുക്കെതിരെ തെറ്റുകൾ ചെയ്യപ്പെടുന്ന അനേകം അവസരങ്ങളുണ്ട്. അത്തരം സാഹചര്യത്തിൽ ഉചിതമായ ഒരേയൊരു പ്രതികരണമേയുള്ളൂ: ക്ഷമിക്കുക; ദയയും അനുകമ്പയും കരുണയും നൽകുക. നാം ഒരിക്കലും പക വച്ചുപുലർത്തുകയോ കോപത്തിൽ തുടരുകയോ ഏറ്റ മുറിവിനെച്ചൊല്ലി മുഖം വീർപ്പിച്ചിരിക്കുകയോ മറ്റൊരാളുടെ പാപം അയാൾക്കെതിരെ മനസ്സിൽ സൂക്ഷിക്കുകയോ ചെയ്യരുത്. ഒരിക്കലും.
മനുഷ്യബുദ്ധികൊണ്ടു മാത്രം ഇത് പൂർണമായി ഗ്രഹിക്കാനാവില്ല എന്നതാണ് വെല്ലുവിളി. ഇതാണ് ചെയ്യേണ്ട ശരിയായ കാര്യമെന്നു നമ്മുടെ മനസ്സിനെയും ഹൃദയത്തെയും ബോധ്യപ്പെടുത്താൻ ദൈവിക വെളിപാടും ദൈവകൃപയും നമുക്ക് ആവശ്യമാണ്. പ്രാർഥനയിലൂടെയും കൂദാശകളിലൂടെയും ക്രിസ്തുവിനോട് കൂടുതൽ അടുത്തുകൊണ്ട്, അവിടുത്തെ കൃപ നമ്മുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്താൻ അനുവദിക്കുമ്പോൾ, പ്രകൃത്യാതീതമായ ഈ കരുണയിൽ നമുക്കു വളരാൻ കഴിയും.
കരുണയുടെ ഈ യഥാർഥ അർഥത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങളുടെ ജീവിതത്തിൽ അതിസമൃദ്ധമായി ദൈവകരുണ ലഭിക്കാൻ യാചിക്കുക. അങ്ങനെ ചെയ്യുമ്പോൾ, ദൈവത്തിൽനിന്നു നിങ്ങൾ കരുണ യാചിക്കുന്ന അതേ അളവിൽ മറ്റുള്ളവർക്കും കരുണ നൽകാൻ തീരുമാനിക്കുക. നിങ്ങളുടെ മനുഷ്യബുദ്ധിക്കു മാത്രം ഗ്രഹിക്കാനാവുന്നതിനെ അതിലംഘിച്ചുകൊണ്ട് ഉദാരമായി നൽകുക. അപ്പോൾ, അതുപോലെതന്നെ ഗ്രഹിക്കാനാവാത്ത വിധത്തിൽ ദൈവം തന്റെ കരുണ നിങ്ങളുടെമേൽ വർഷിക്കും.
എന്റെ കരുണാമയനായ കർത്താവേ, ഞാൻ മറ്റുള്ളവരെ വിധിക്കുകയും പക വച്ചുപുലർത്തുകയും കരുണ കാണിക്കാൻ മടിക്കുകയും ചെയ്യുന്ന അനേകം അവസരങ്ങളുണ്ട്. എന്റെ വീഴ്ചകളെ അതിജീവിക്കാനും പ്രകൃത്യാതീതമായ പുണ്യത്തോടെ എന്നെത്തന്നെ നൽകാനും കഴിയേണ്ടതിന് അങ്ങയുടെ ഹൃദയം എനിക്കു നൽകണമേ. എന്റെ ദൈവമേ, അങ്ങയെപ്പോലെയാകാൻ ഞാൻ ആഗ്രഹിക്കുന്നു. അതിസമൃദ്ധമായി കരുണ കാണിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
പതിനൊന്നാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിവസങ്ങൾ & കുരിശിൻചുവട്ടിൽ 40 ദിവസങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ






