മലയാളം

യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുക

2026 മേയ് 2

മെത്രാനും വേദപാരംഗതനുമായ വിശുദ്ധ അത്തനേഷ്യസിന്റെ ഓർമ്മ

ഇന്നത്തെ വായനകൾ
ഉയിർപ്പുകാലം നാലാം വാരത്തിലെ ശനിയാഴ്ച

പരിശുദ്ധ ത്രിത്വം, ജൊവാന്നി മരിയ കോന്തി ദെല്ല കാമെരയുടെ രചന

വീഡിയോ

“സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്നിൽ വിശ്വസിക്കുന്നവൻ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യും; ഇവയെക്കാൾ വലിയവയും ചെയ്യും. കാരണം, ഞാൻ പിതാവിന്റെ അടുത്തേക്കു പോകുന്നു. പിതാവ് പുത്രനിൽ മഹത്ത്വപ്പെടേണ്ടതിന്, നിങ്ങൾ എന്റെ നാമത്തിൽ ചോദിക്കുന്നതെന്തും ഞാൻ ചെയ്തുതരും. നിങ്ങൾ എന്റെ നാമത്തിൽ എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാൻ അതു ചെയ്തുതരും.” യോഹന്നാൻ 14:12–14

എന്തെങ്കിലും ഒരു കാര്യത്തിനായി ആവർത്തിച്ചു പ്രാർത്ഥിച്ചിട്ടും നിങ്ങളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചില്ലെന്നു തോന്നിയിട്ടുണ്ടോ? തന്റെ നാമത്തിൽ നാം എന്തു ചോദിച്ചാലും താൻ അതു ചെയ്തുതരുമെന്ന് ഇന്നത്തെ സുവിശേഷത്തിൽ യേശു വാഗ്ദാനം ചെയ്യുന്നു. ഉത്തരം ലഭിക്കാത്ത പ്രാർത്ഥനകളെ യേശുവിന്റെ ഈ വാഗ്ദാനവുമായി നാം എങ്ങനെ പൊരുത്തപ്പെടുത്തും?

പ്രാർത്ഥനകൾക്ക് മാന്ത്രികശക്തിയുണ്ടെന്നപോലെ, ഉടനടി ഫലം ഉറപ്പുനൽകുന്ന ഒരു സൂത്രവാക്യമല്ല യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുക എന്നത്. പ്രാർത്ഥനയുടെ അവസാനം ആത്മവിശ്വാസത്തോടെ “യേശുവിന്റെ നാമത്തിൽ, ആമ്മേൻ” എന്നു പറയുന്നത് നമ്മുടെ അപേക്ഷകൾ സാധിച്ചുതരാൻ ദൈവത്തെ നിർബന്ധിക്കുന്നില്ല. ദൈവം നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റിത്തരുമെന്ന് നമ്മെത്തന്നെ ബോധ്യപ്പെടുത്തുന്നതല്ല വിശ്വാസം; മറിച്ച്, അവിടുത്തെ ദൈവിക ഹിതത്തിൽ ശരണപ്പെടുന്നതാണ്. “എന്റെ നാമത്തിൽ നിങ്ങൾ എന്തു ചോദിച്ചാലും ഞാൻ അതു ചെയ്തുതരും” (യോഹന്നാൻ 14:13) എന്ന യേശുവിന്റെ വാഗ്ദാനം മനസ്സിലാക്കാൻ, പിതാവുമായുള്ള അവിടുത്തെ പരിപൂർണ്ണ ഐക്യം നാം ആദ്യം തിരിച്ചറിയണം. യേശുവിന്റെ വാക്കുകളും പ്രവൃത്തികളും പൂർണ്ണമായും ഈ ഐക്യത്തിൽനിന്നാണ് ഉദ്ഭവിക്കുന്നത്. നമ്മുടെ ഇച്ഛയെ തന്റെയും പിതാവിന്റെയും ഹിതത്തോടു ചേർത്തുകൊണ്ട് ഈ ബന്ധത്തിൽ പങ്കുചേരാൻ അവിടുന്ന് നമ്മെ ക്ഷണിക്കുന്നു.

യോഹന്നാന്റെ സുവിശേഷത്തിൽ, സാബത്തുദിവസം അംഗവൈകല്യമുള്ള ഒരുവനെ സുഖപ്പെടുത്തിയതിനുശേഷമാണ് യേശു പിതാവുമായുള്ള തന്റെ ഐക്യത്തെക്കുറിച്ചു സംസാരിക്കാൻ തുടങ്ങിയത്. ഫരിസേയർ ഇതേക്കുറിച്ച് അവിടുത്തെ ചോദ്യം ചെയ്തപ്പോൾ യേശു മറുപടി പറഞ്ഞു: “എന്റെ പിതാവ് ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു; അതിനാൽ ഞാനും പ്രവർത്തിക്കുന്നു” (യോഹന്നാൻ 5:17). ഇത് യഹൂദരെ രോഷാകുലരാക്കി. അവിടുന്ന് “ദൈവത്തെ സ്വന്തം പിതാവെന്നു വിളിച്ച്, തന്നെത്തന്നെ ദൈവത്തോടു തുല്യനാക്കിയതുകൊണ്ട്” (യോഹന്നാൻ 5:18) അവർ അവിടുത്തെ കൊല്ലാൻ ശ്രമിച്ചു. അന്നുമുതൽ, തന്റെ ദൈവിക സ്വത്വത്തെയും പിതാവുമായുള്ള ഐക്യത്തെയും കുറിച്ച് യേശു കൂടുതൽ കൂടുതൽ വ്യക്തമായി വെളിപ്പെടുത്തി. പിതാവാണ് തന്നെ അയച്ചതെന്നും താനും പിതാവും ഒന്നാണെന്നും താൻ പറഞ്ഞതും ചെയ്തതുമെല്ലാം ഈ ഐക്യത്തിൽനിന്നാണ് ഉദ്ഭവിച്ചതെന്നും അവിടുന്ന് ഊന്നിപ്പറഞ്ഞു. യേശു ആരെയെങ്കിലും സുഖപ്പെടുത്തിയെങ്കിൽ, അത് തന്റെ പിതാവിന്റെ ഹിതമായിരുന്നതുകൊണ്ടാണ്. അവിടുന്ന് ആരെയെങ്കിലും സുഖപ്പെടുത്തിയില്ലെങ്കിൽ, അത് അവിടുത്തേക്ക് ദൈവിക ശക്തി ഇല്ലാതിരുന്നതുകൊണ്ടല്ല; മറിച്ച്, ത്രിത്വത്തിന്റെ പരിപൂർണ്ണ ജ്ഞാനത്തിന്റെ രഹസ്യത്തിൽ, അത് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ഹിതമല്ലാതിരുന്നതുകൊണ്ടാണ്. ദൈവഹിതം എല്ലായ്പ്പോഴും പരിപൂർണ്ണമാണ്; അത് ഏറ്റവും വലിയ നന്മ ഉളവാക്കുന്നു—ആ നന്മ നമുക്കു മനസ്സിലാകാത്തപ്പോഴും.

പുത്രൻ പിതാവിൽനിന്നു വ്യത്യസ്തനാണ്; എങ്കിലും സത്തയിലും ഇച്ഛയിലും പ്രവർത്തനത്തിലും പരിപൂർണ്ണമായ കൂട്ടായ്മയുണ്ട്. നാം ദൈവമല്ലെങ്കിലും, “എന്റെ നാമത്തിൽ നിങ്ങൾ എന്നോട് എന്തു ചോദിച്ചാലും ഞാൻ അതു ചെയ്തുതരും” എന്നു യേശു ശിഷ്യന്മാരോടും നമ്മോടും പറയുമ്പോൾ, ത്രിത്വത്തിന്റെ ഇച്ഛയിലും പ്രവർത്തനത്തിലും പങ്കുചേരാനാണ് അവിടുന്ന് നമ്മെ ക്ഷണിക്കുന്നത്. പിതാവും പുത്രനും ദൈവമായിരിക്കുന്നതുപോലെ നാം ദൈവമാകുന്നില്ല. എന്നാൽ അവരുടെ ഇച്ഛയുടെയും പ്രവർത്തനത്തിന്റെയും ഐക്യത്തിലേക്ക് നാം ക്ഷണിക്കപ്പെടുന്നു; അങ്ങനെ നാം സംസാരിക്കുമ്പോൾ, നമ്മിലും നമ്മിലൂടെയും സംസാരിക്കുന്നത് ക്രിസ്തുവായിരിക്കും. നാം പ്രവർത്തിക്കുമ്പോൾ, പ്രവർത്തിക്കുന്നത് യേശുവായിരിക്കും. യേശു നമ്മിൽ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ, പിതാവും സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. ഈ അർത്ഥത്തിലാണ്, നാം തന്റെ നാമത്തിൽ ചോദിക്കുമ്പോൾ ചോദിക്കുന്നതെന്തും നൽകാമെന്ന് യേശു വാഗ്ദാനം ചെയ്യുന്നത്.

യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നതിന് വലിയ എളിമയും സമർപ്പണവും ആവശ്യമാണ്. ദൈവഹിതം സ്വീകരിക്കുന്നതിന് പലപ്പോഴും വലിയ വിശ്വാസം ആവശ്യമാണ്, പ്രത്യേകിച്ച് അതിൽ സഹനം ഉൾപ്പെടുമ്പോൾ. ഉദാഹരണത്തിന്, നിങ്ങൾ സ്നേഹിക്കുന്ന ഒരാൾ ദീർഘവും കഠിനവുമായ ഒരു രോഗത്തിലൂടെ കടന്നുപോകുകയും തന്റെ സഹനം ദൈവമഹത്ത്വത്തിനായി ഒരു ത്യാഗമായി അർപ്പിക്കുകയും ചെയ്യുന്നത് ദൈവം അനുവദിക്കുന്ന ഹിതമാണെങ്കിൽ, അങ്ങനെയൊരു പരിണതിക്കായി നിങ്ങൾ മനസ്സോടെ പ്രാർത്ഥിക്കുമോ? അങ്ങനെ ചെയ്യുന്നത് പ്രയാസമായിരിക്കും. എന്നാൽ നമ്മുടെ പ്രാർത്ഥന ദൈവഹിതത്തോട് ഐക്യപ്പെട്ടതാണെങ്കിൽ, ത്യാഗപൂർവ്വം സ്വീകരിക്കുന്ന അത്തരം സഹനം ശാരീരിക സൗഖ്യത്തേക്കാൾ വലിയ നന്മ ഉളവാക്കുമെന്ന് നാം തിരിച്ചറിയും. പിതാവിന്റെ ഹിതത്തിനു കീഴടങ്ങി, “എന്റെ ഹിതമല്ല, അങ്ങയുടെ ഹിതം നിറവേറട്ടെ” (ലൂക്കാ 22:42) എന്നു പറഞ്ഞ യേശുവിന്റെ പീഡാനുഭവമാണ് ഇതിന്റെ പരമമായ മാതൃക.

നിങ്ങൾ എങ്ങനെയാണ് പ്രാർത്ഥിക്കുന്നതെന്നും എന്തിനുവേണ്ടിയാണ് പ്രാർത്ഥിക്കുന്നതെന്നും ഇന്ന് വിചിന്തനം ചെയ്യുക. കുറഞ്ഞപക്ഷം, നമ്മുടെ ഓരോ പ്രാർത്ഥനയും “അങ്ങയുടെ ഹിതം നിറവേറട്ടെ” എന്നു പറഞ്ഞ് അവസാനിക്കണം. ഒരു സാഹചര്യത്തിന്റെ പരിണതി എങ്ങനെയായിരിക്കണമെന്ന നമ്മുടെ താത്പര്യങ്ങൾ സമർപ്പിച്ച്, ദൈവമഹത്ത്വവും ആത്മാക്കളുടെ രക്ഷയും മാത്രം തേടി, നമ്മെത്തന്നെയും നമ്മുടെ പ്രാർത്ഥനകളെയും ദൈവഹിതത്തിനു ഭരമേൽപ്പിക്കുന്നതാണ് യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നതിന്റെ കൂടുതൽ ആഴമുള്ള രീതി. അങ്ങനെ, നാം യഥാർത്ഥത്തിൽ യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുമ്പോൾ, ആ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കും.

പരിശുദ്ധനായ പിതാവേ, പുത്രാ, പരിശുദ്ധാത്മാവേ, അങ്ങ് മൂന്നു ദൈവിക വ്യക്തികളിൽ ഏകദൈവമാണ്. അങ്ങയുടെ ഐക്യം പരിപൂർണ്ണമാണ്; സകലവും അത് ഒരുമയോടെ നിറവേറ്റുന്നു. ഞാൻ ചെയ്യുന്നതെല്ലാം, ഞാൻ പ്രാർത്ഥിക്കുന്നതെല്ലാം, അങ്ങയുടെ പരിപൂർണ്ണ ഹിതത്തിൽനിന്ന് ഉദ്ഭവിക്കുകയും അങ്ങേക്ക് മഹത്ത്വം നൽകുകയും ആത്മാക്കളുടെ രക്ഷയ്ക്കു കാരണമാകുകയും ചെയ്യേണ്ടതിന്, എന്നെ അങ്ങയോടുള്ള ഐക്യത്തിലേക്കു ചേർക്കണമേ. പരിശുദ്ധ ത്രിത്വമേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

മെത്രാനും വേദപാരംഗതനുമായ വിശുദ്ധ അത്തനേഷ്യസിന്റെ ഓർമ്മ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ഉയിർപ്പുകാല പ്രാർഥനകൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.