മേയ് 28, 2026
ആണ്ടുവട്ടത്തിലെ എട്ടാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ
യേശു ശിഷ്യന്മാരോടും വലിയൊരു ജനക്കൂട്ടത്തോടുംകൂടെ ജറീക്കോ വിട്ടുപോകുമ്പോൾ, തിമേയൂസിന്റെ മകനായ ബർത്തിമേയൂസ് എന്ന അന്ധൻ വഴിയരികിൽ ഭിക്ഷ യാചിച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു. കടന്നുപോകുന്നത് നസറായനായ യേശുവാണെന്നു കേട്ടപ്പോൾ അവൻ, “ദാവീദിന്റെ പുത്രനായ യേശുവേ, എന്നിൽ കനിവുണ്ടാകണമേ” എന്നു വിളിച്ചുപറയാൻ തുടങ്ങി. നിശ്ശബ്ദനായിരിക്കാൻ പറഞ്ഞ് പലരും അവനെ ശകാരിച്ചു. എന്നാൽ അവൻ കൂടുതൽ ഉച്ചത്തിൽ, “ദാവീദിന്റെ പുത്രാ, എന്നിൽ കനിവുണ്ടാകണമേ” എന്നു വിളിച്ചുകൊണ്ടിരുന്നു. മർക്കോസ് 10:46–48
അന്ധരോട് ദയയും നീതിയും പുലർത്തണമെന്ന് തോറ കൽപിച്ചിരുന്നെങ്കിലും, സമൂഹത്തിൽ അവർ പലപ്പോഴും മോശമായ പെരുമാറ്റത്തിന് ഇരയായിരുന്നു. ജോലി ചെയ്യാനോ സ്വന്തം ഉപജീവനം കണ്ടെത്താനോ കഴിയാതിരുന്നതിനാൽ, അന്ധർ സാധാരണയായി ഭിക്ഷാടനത്തിലേക്കു തള്ളപ്പെടുകയായിരുന്നു. സ്വന്തം പാപങ്ങൾക്കോ മാതാപിതാക്കളുടെ പാപങ്ങൾക്കോ ഉള്ള ദൈവവിധി അനുഭവിക്കുന്നവരായി കണക്കാക്കപ്പെട്ടതിന്റെ അപമാനവും അവർ പേറിയിരുന്നു. ബർത്തിമേയൂസിനെക്കുറിച്ചുള്ള ഇന്നത്തെ വിവരണം അക്കാലത്തെ അന്ധരുടെ ദയനീയമായ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ വ്യക്തമായി ചിത്രീകരിക്കുന്നുണ്ടെങ്കിലും, അതിലും ശക്തമായി അത് അവനെ അനുകരിക്കാവുന്ന ഒരു ഉത്തമ മാതൃകയായി അവതരിപ്പിക്കുന്നു.
ഒന്നാമതായി, നാം താഴ്മയോടെ ബർത്തിമേയൂസിൽ നമ്മെത്തന്നെ കാണണം. ആത്മീയതലത്തിൽ നാമെല്ലാവരും അന്ധരും ദൈവകരുണ ആവശ്യമുള്ളവരുമാണ്. ബർത്തിമേയൂസിനെപ്പോലെ, ദരിദ്രരും പുറന്തള്ളപ്പെട്ടവരും ദൈവം നമുക്കു വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നതെല്ലാം കാണാൻ കഴിവില്ലാത്തവരുമാണ് നാമെന്നു തിരിച്ചറിയണം. അഹങ്കാരം നമ്മെക്കുറിച്ച് തെറ്റായൊരു ധാരണ നൽകുകയും നമ്മുടെ ആത്മീയദാരിദ്ര്യമെന്ന സത്യത്തിനു നേരെ നമ്മുടെ കണ്ണുകളെ അന്ധമാക്കുകയും ചെയ്യുന്നു. താഴ്മയാകട്ടെ, വിശ്വാസത്തിന്റെ കണ്ണുകൾ തുറക്കുന്നു. ദൈവം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നതുപോലെ ജീവിതത്തെ കാണാനും മനസ്സിലാക്കാനും കഴിയേണ്ടതിന്, അവിടുത്തെ കരുണയും സൗഖ്യദായകമായ കൃപയും നമുക്ക് ആവശ്യമാണെന്നു തിരിച്ചറിയാൻ അത് നമ്മെ പ്രാപ്തരാക്കുന്നു.
നമുക്ക് ആവശ്യമായ താഴ്മയുടെ മാതൃക മാത്രമല്ല ബർത്തിമേയൂസ്; വിശ്വാസത്തിന്റെയും പ്രാർഥനയുടെയും മാതൃകകൂടിയാണ് അവൻ. നസറായനായ യേശു കടന്നുപോകുന്നുവെന്നു കേട്ടയുടൻ, താഴ്മയോടെ അവൻ രണ്ടു കാര്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു നിലവിളി ഉയർത്തി. ആദ്യം, അവൻ യേശുവിനെ “ദാവീദിന്റെ പുത്രൻ” എന്നു വിളിച്ചു. യേശു മിശിഹായാണെന്ന വിശ്വാസത്തിന്റെ ഏറ്റുപറച്ചിലായിരുന്നു അത്. ദാവീദ് രാജാവിന്റെ സന്തതി നിത്യമായ ഒരു രാജ്യം സ്ഥാപിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്ത നാഥാന്റെ പ്രവചനത്തിൽ വേരൂന്നിയ മിശിഹാസംബന്ധിയായ ഒരു വിശേഷണമായിരുന്നു “ദാവീദിന്റെ പുത്രൻ” എന്നത് (കാണുക: 2 സാമുവൽ 7:12–16). യേശുവിനെ “ദാവീദിന്റെ പുത്രൻ” എന്നു വിളിച്ചുകൊണ്ട്, ആ പ്രവചനത്തിന്റെ പൂർത്തീകരണം യേശുവാണെന്ന തന്റെ വിശ്വാസം ബർത്തിമേയൂസ് ഏറ്റുപറഞ്ഞു.
വിശ്വാസം ഏറ്റുപറഞ്ഞതോടൊപ്പം ബർത്തിമേയൂസ് ഏറ്റവും ഉചിതമായ പ്രാർഥനയും അർപ്പിച്ചു: “എന്നിൽ കനിവുണ്ടാകണമേ.” “കനിവുണ്ടാകണമേ” എന്നത് ഗ്രീക്കു പദമായ എലെയ്സോൻ എന്നതിന്റെ പരിഭാഷയാണ്. “കരുണയുണ്ടാകണമേ” എന്നും ഇത് പരിഭാഷപ്പെടുത്താറുണ്ട്. ഉദാഹരണത്തിന്, വിശുദ്ധ കുർബാനയിൽ നാം ഗ്രീക്കിൽ “കിറിയേ എലെയ്സോൻ,” അഥവാ “കർത്താവേ, കരുണയുണ്ടാകണമേ” എന്നു പ്രാർഥിക്കുന്നു. ദൈവത്തിൽനിന്നുള്ള ഓരോ ദാനവും അവിടുത്തെ കരുണയുടെ പ്രവൃത്തിയായതിനാൽ ഈ പ്രാർഥന ഏറ്റവും ഉചിതമാണ്. അവിടുത്തെ കൃപ നാം നേടിയെടുക്കുന്നതോ നമുക്ക് അർഹതപ്പെട്ടതോ അല്ല; സൗജന്യമായി നൽകപ്പെടുന്ന ദാനമാണത്. നമ്മുടെ പ്രാർഥന ഈ അഗാധമായ സത്യത്തെ പ്രതിഫലിപ്പിക്കണം.
ബർത്തിമേയൂസ് പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ, നിശ്ശബ്ദനായിരിക്കാൻ പലരും അവനോടു പറഞ്ഞു. അവരുടെ ശകാരങ്ങൾക്കിടയിലും, “കൂടുതൽ ഉച്ചത്തിൽ വിളിച്ചുകൊണ്ട്” ബർത്തിമേയൂസ് തന്റെ പ്രാർഥന കൂടുതൽ തീവ്രമാക്കി. പ്രാർഥന എങ്ങനെയായിരിക്കണം എന്നതിന് ഈ സ്ഥിരോത്സാഹം മറ്റൊരു മാതൃകയാണ്. അവനെ ശകാരിക്കുകയും നിശ്ശബ്ദനാക്കാൻ ശ്രമിക്കുകയും ചെയ്ത ആ “പലരും”, ദൈവകരുണ തേടുമ്പോൾ നാം നേരിടുന്ന അനേകം തടസ്സങ്ങളെ പ്രതിനിധീകരിക്കുന്നു.
പ്രാർഥനയിൽ ദൈവത്തെ സമീപിക്കുന്നതിൽനിന്നു നമ്മെ നിരുത്സാഹപ്പെടുത്തുന്ന നമ്മുടെ സ്വന്തം പാപങ്ങളാണ് നാം നേരിടുന്ന ഏറ്റവും വലിയ തടസ്സങ്ങളെങ്കിലും, പ്രലോഭനങ്ങളുടെ രൂപത്തിലും നാം വെല്ലുവിളികൾ നേരിടുന്നു. ബർത്തിമേയൂസിനെ നിശ്ശബ്ദനാക്കാൻ ശ്രമിച്ച ആ “പലരെയും” പോലെ, ഈ പ്രലോഭനങ്ങളും പ്രാർഥനയിൽനിന്നു നമ്മെ അകറ്റാൻ ശ്രമിക്കുന്നു. ശ്രമം ഉപേക്ഷിക്കാനോ, ദൈവത്തിനു നമ്മോടുള്ള കരുതലിനെ സംശയിക്കാനോ, നമ്മുടെ ആത്മീയജീവിതത്തിൽ ഉള്ളതുകൊണ്ടു തൃപ്തിപ്പെട്ടു കഴിയാനോ അവ നമ്മെ പ്രേരിപ്പിക്കുന്നു. കൂടുതൽ ഉച്ചത്തിലും തീക്ഷ്ണമായും പ്രാർഥിച്ചുകൊണ്ടുള്ള ബർത്തിമേയൂസിന്റെ പ്രതികരണം, നിരുത്സാഹമോ എതിർപ്പോ നേരിടുമ്പോഴും പ്രാർഥനയിൽ സ്ഥിരോത്സാഹത്തോടെ തുടരേണ്ടതിന്റെ പ്രാധാന്യം നമ്മെ പഠിപ്പിക്കുന്നു.
വഴിയരികിൽ ഇരിക്കുന്ന ദരിദ്രനായ ഈ അന്ധനെ, ബർത്തിമേയൂസിനെ, കുറിച്ച് ഇന്ന് ചിന്തിക്കുക. അവനോടൊപ്പം യേശു മിശിഹായാണെന്ന നിങ്ങളുടെ വിശ്വാസം ഏറ്റുപറയുകയും കരുണയ്ക്കായി നിലവിളിക്കുകയും ചെയ്യുക. പാപം നിങ്ങളെ തടസ്സപ്പെടുത്തുമ്പോൾ, അത് സമ്മതിക്കാനും കുമ്പസാരിക്കാനും ക്ഷമയ്ക്കായി യാചിക്കാനും ധൈര്യം കാണിക്കുക. പ്രലോഭനങ്ങൾ നിങ്ങളെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുമ്പോൾ, അവയെ ചെറുത്തുനിന്ന് കൂടുതൽ ഉച്ചത്തിൽ നിലവിളിക്കുക. ഒടുവിൽ യേശു ബർത്തിമേയൂസിനെ തന്റെ അടുക്കലേക്കു വിളിക്കുകയും അവനെ സുഖപ്പെടുത്തുകയും ചെയ്തു. നമുക്കുവേണ്ടിയും അതുതന്നെ ചെയ്യാൻ യേശു ആഗ്രഹിക്കുന്നു. നാം താഴ്മയോടെ ബർത്തിമേയൂസുമായി താദാത്മ്യപ്പെടുകയും അവന്റെ അവസ്ഥയിൽ നമ്മെത്തന്നെ കാണുകയും അവന്റെ അചഞ്ചലമായ വിശ്വാസവും സ്ഥിരോത്സാഹപൂർവമായ പ്രാർഥനയും അനുകരിക്കുകയും ചെയ്താൽ, അവിടുന്ന് അങ്ങനെ ചെയ്യും.
ദാവീദിന്റെ പുത്രനായ ഈശോയേ, എന്നിൽ കരുണയായിരിക്കണമേ! അങ്ങ് ലോകത്തിന്റെ രക്ഷകനായ മിശിഹായാണെന്ന എന്റെ വിശ്വാസം ബർത്തിമേയൂസിനോടൊപ്പം ഞാൻ ഏറ്റുപറയുന്നു. അവനോടൊപ്പം, എന്റെ ജീവിതത്തിലും എനിക്കു ചുറ്റുമുള്ള ലോകത്തിലും അങ്ങയുടെ കരുണയ്ക്കായി ഞാൻ യാചിക്കുകയും ചെയ്യുന്നു. എല്ലാ കൃപയുടെയും കരുണയുടെയും ഉറവിടം അങ്ങ് മാത്രമാണ്. ഞാൻ അയോഗ്യനാണെങ്കിലും, അങ്ങ് അവ വിനീതർക്ക് സൗജന്യമായി നൽകുന്നു. കർത്താവേ, എനിക്കു കാണണം. എന്റെ ഹൃദയത്തിന്റെ കണ്ണുകൾ തുറന്ന് അങ്ങയുടെ കരുണയുടെ പ്രതിഫലം എനിക്കു നൽകണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയ്ക്കുള്ള വായനകളുടെ തിരഞ്ഞെടുപ്പുകൾ






