മലയാളം

പുതുക്കപ്പെട്ട നിയമവും പ്രവാചകന്മാരും

2026 ജൂൺ 10
ആണ്ടുവട്ടക്കാലം പത്താം ആഴ്ചയിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ


അവിടുത്തെ ശ്രവിക്കുവിൻ രചന: Lawrence OP, അനുമതി CC BY-NC-ND 2.0.

വീഡിയോ

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണ് ഞാൻ വന്നതെന്നു നിങ്ങൾ വിചാരിക്കരുത്. അസാധുവാക്കാനല്ല, പൂർത്തിയാക്കാനാണ് ഞാൻ വന്നത്. ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, എല്ലാം സംഭവിച്ചുതീരുന്നതുവരെ, നിയമത്തിലെ ഏറ്റവും ചെറിയ അക്ഷരമോ അക്ഷരത്തിന്റെ ഏറ്റവും ചെറിയ ഭാഗമോ പോലും നീങ്ങിപ്പോകുകയില്ല.” മത്തായി 5:17–18

പഴയനിയമവും പുതിയനിയമവും തമ്മിൽ പൊരുത്തപ്പെടുത്തുക ചിലപ്പോൾ പ്രയാസകരമായേക്കാം. പത്തു കല്പനകൾക്കു പുറമേ, എണ്ണമറ്റ മറ്റു കല്പനകളും പഴയനിയമത്തിലുണ്ട്. മോശയുടെ നിയമം സംരക്ഷിക്കാനും വ്യാഖ്യാനിക്കാനുമുള്ള ശ്രമത്തിൽ ഫരിസേയർ 613 പ്രത്യേക കല്പനകൾ കണ്ടെത്തി. വിശദമായ കല്പനകളിലൂടെ നിയമം സംരക്ഷിക്കാൻ ഫരിസേയർ ശ്രമിച്ചപ്പോൾ, ഉടമ്പടിയോടുള്ള കൂടുതൽ ആഴമായ വിശ്വസ്തതയിലേക്ക് മടങ്ങിവരാൻ പ്രവാചകന്മാർ ഇസ്രായേലിനെ നിരന്തരം ആഹ്വാനം ചെയ്തു. പ്രവാചകന്മാരിൽ പലരും മിശിഹായുടെ ആഗമനത്തെക്കുറിച്ചു സംസാരിക്കുകയും ഹൃദയത്തിൽ എഴുതപ്പെടുന്ന ഒരു പുതിയ ആത്മീയനിയമത്തെക്കുറിച്ചു പ്രവചിക്കുകയും ചെയ്തു.

നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനല്ല, പൂർത്തിയാക്കാനാണ് താൻ വന്നിരിക്കുന്നതെന്ന് ഇന്നത്തെ സുവിശേഷത്തിൽ യേശു പ്രഖ്യാപിക്കുന്നു. “പൂർത്തിയാക്കുക” എന്നതിന്റെ അർഥം, നിയമത്തെയും പ്രവാചകന്മാരെയും പരിപൂർണമാക്കുകയും കൃപയുടെ പുതിയ ഉടമ്പടിയിലേക്ക് ഉയർത്തുകയും ചെയ്തുകൊണ്ട് യേശു അവയെ പൂർണതയിലെത്തിക്കുന്നു എന്നതാണ്. ഈ പൂർത്തീകരണം ബാഹ്യമായ അനുഷ്ഠാനത്തിനപ്പുറം ഹൃദയത്തിന്റെ ആന്തരിക രൂപാന്തരത്തിലേക്കു നയിച്ചുകൊണ്ട് നിയമത്തിന്റെ യഥാർഥ അർഥം സാക്ഷാത്കരിക്കുന്നു. ബാഹ്യപ്രവൃത്തികളെ മാത്രമല്ല, ഹൃദയത്തിന്റെ ആന്തരിക മനോഭാവങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ടാണ് യേശു നിയമത്തിന്റെ ധാർമിക ആവശ്യങ്ങൾ പൂർത്തീകരിക്കുന്നത്. ഉദാഹരണത്തിന്, ഇതേ ഗിരിപ്രഭാഷണത്തിൽ, “നീ കൊല്ലരുത്” എന്ന കല്പനയെ കോപമോ വിദ്വേഷമോ പോലും ഒഴിവാക്കാനുള്ള ആഹ്വാനമായി യേശു രൂപാന്തരപ്പെടുത്തുന്നു (cf. മത്തായി 5:21–22). ഇങ്ങനെ ചെയ്യുന്നതിലൂടെ, ബാഹ്യമായ അനുസരണം മാത്രമല്ല, സ്നേഹത്തിൽ വേരൂന്നിയ ആന്തരിക വിശുദ്ധിയും ആവശ്യപ്പെടുന്ന ദൈവനീതിയുടെ പൂർണത അവിടുന്ന് വെളിപ്പെടുത്തുന്നു.

പഴയ ഉടമ്പടിയിലെ ബലിവ്യവസ്ഥ ദൈവാലയത്തിലെ ആരാധനയെ കേന്ദ്രീകരിച്ചായിരുന്നു. അവിടെ പാപപരിഹാരത്തിനായി ആചാരപ്രകാരം മൃഗബലികൾ അർപ്പിച്ചിരുന്നു. പഴയനിയമത്തിലെ ആ ബലികൾ യേശുവിന്റെ കുരിശിലെ പരിപൂർണ ബലിയിൽ പൂർണത കണ്ടെത്തുന്നു. അവിടുന്ന് പുതിയ മഹാപുരോഹിതനായിത്തീരുകയും കുരിശിന്റെ ബലിപീഠത്തിൽ ദൈവത്തിന്റെ കുഞ്ഞാടായി തന്നെത്തന്നെ അർപ്പിക്കുകയും ചെയ്തു. ഈ ബലിയാണ് വിശുദ്ധ കുർബാനയിൽ നിരന്തരം തുടരുന്നത്. ക്രിസ്തു കുരിശിൽ തന്നെത്തന്നെ അർപ്പിച്ചതോടെ മൃഗബലികളും മറ്റു ആചാരാനുഷ്ഠാനങ്ങളും അവയുടെ പൂർത്തീകരണത്തിലെത്തി; അവ ഇനി ആവശ്യമില്ല. കാരണം, നിരന്തരം അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനബലിയിലെ പുതിയതും പരിപൂർണവുമായ ആരാധനയ്ക്ക് അവ വഴിമാറിക്കൊടുത്തിരിക്കുന്നു.

നിയമവും പ്രവാചകന്മാരും മിശിഹായുടെ ആഗമനത്തിലേക്കും പുതിയ ഉടമ്പടിയുടെ സ്ഥാപനത്തിലേക്കും വിരൽചൂണ്ടി. മിശിഹായായ യേശു ഈ പ്രവചനങ്ങൾ പൂർത്തീകരിക്കുന്നു. അബ്രാഹത്തിനു നൽകുകയും പ്രവാചകന്മാർ പ്രഖ്യാപിക്കുകയും ചെയ്ത വാഗ്ദാനങ്ങൾ പൂർത്തീകരിച്ചുകൊണ്ട്, എല്ലാ ജനതകളെയും തന്റെ കുടുംബത്തിലേക്ക് ഒരുമിച്ചുകൂട്ടാനുള്ള ദൈവത്തിന്റെ പദ്ധതി അവിടുന്നിൽ സാക്ഷാത്കരിക്കപ്പെടുന്നു. പെസഹാക്കുഞ്ഞാടുപോലുള്ള പഴയനിയമത്തിലെ പ്രതീകങ്ങളും മുൻനിഴലുകളും ക്രിസ്തുവിൽ അവയുടെ അന്തിമമായ അർഥം കണ്ടെത്തുന്നു. അവിടുന്നിലൂടെ രക്ഷയുടെ വാഗ്ദാനങ്ങൾ ഇനി ഭാവിയെക്കുറിച്ചുള്ള പ്രത്യാശകളല്ല, വർത്തമാനകാല യാഥാർഥ്യങ്ങളാണ്.

നമ്മുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്ന ധാർമിക പൂർത്തീകരണം, ആരാധനയെ പരിപൂർണമാക്കുന്ന ആരാധനാക്രമപരമായ പൂർത്തീകരണം, ദൈവത്തിന്റെ വാഗ്ദാനങ്ങൾ സാക്ഷാത്കരിക്കുന്ന പ്രവചനപരമായ പൂർത്തീകരണം—ഇങ്ങനെ ത്രിവിധമായ ഈ പൂർത്തീകരണത്തിലൂടെ യേശു പഴയ ഉടമ്പടിയെ പൂർണമാക്കുക മാത്രമല്ല, അതിനെ ഏറെ ശ്രേഷ്ഠമായ ഒന്നിലേക്ക് ഉയർത്തുകയും ചെയ്യുന്നു. സ്നേഹം, കൃപ, സത്യം എന്നിവയിലൂടെ ദൈവവുമായി കൂടുതൽ ആഴമായ ബന്ധത്തിലേക്ക് മനുഷ്യകുലത്തെ നയിക്കുക എന്ന അതിന്റെ യഥാർഥ ലക്ഷ്യം അവിടുന്ന് വെളിപ്പെടുത്തുന്നു.

ലോകസ്ഥാപനം മുതൽ ദൈവം വെളിപ്പെടുത്തിയ എല്ലാറ്റിന്റെയും പൂർത്തീകരണമായ യേശുവിനെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. പഴയനിയമം ക്രിസ്തുവിൽ പൂർത്തീകരിക്കപ്പെടുന്നതിനാൽ, പിതാവിന്റെ പൂർണമായ വെളിപാടും രക്ഷയിലേക്കുള്ള ഏകമാർഗവുമായ അവിടുത്തിലേക്കു നാം ദൃഷ്ടി തിരിക്കുന്നു. പഴയനിയമപഠനം രക്ഷാചരിത്രം ക്രമേണ വെളിപ്പെടുന്നതു കാണിച്ചുതരുന്നു; എന്നാൽ വിശുദ്ധ കുർബാനയിൽ നാം അതിന്റെ പൂർത്തീകരണവും പൂർണതയും നേരിൽ അനുഭവിക്കുന്നു. വിശുദ്ധ കുർബാനബലിയിൽ അവിടുത്തിലേക്കു തിരിയുക. അവിടെ, രക്ഷാചരിത്രത്തിലുടനീളം നൽകപ്പെട്ട ഓരോ വാഗ്ദാനവും പൂർത്തീകരിക്കപ്പെടുകയും ക്രിസ്തുതന്നെയാകുന്ന അത്യന്തം അമൂല്യമായ ദാനത്തിൽ നിങ്ങൾക്കു സന്നിഹിതമാക്കപ്പെടുകയും ചെയ്യുന്നു. നിരന്തരം അർപ്പിക്കപ്പെടുന്ന ഈ വിശുദ്ധ കുർബാനബലിയിൽ, ദൈവികസ്നേഹത്തിന്റെ രഹസ്യത്തിലേക്ക് നാം ആകർഷിക്കപ്പെടുകയും സ്വർഗീയവിരുന്നിന്റെ മുന്നാസ്വാദനം സ്വീകരിക്കുകയും ചെയ്യുന്നു. അവിടെ ദൈവത്തിന്റെ വാഗ്ദാനങ്ങൾ ഒരുനാൾ പൂർണമായി സാക്ഷാത്കരിക്കപ്പെടും.

വിശുദ്ധ കുർബാനയിൽ സന്നിഹിതനായ എന്റെ കർത്താവേ, രക്ഷാചരിത്രത്തിലുടനീളം നൽകപ്പെട്ട ഓരോ വാഗ്ദാനത്തിന്റെയും പൂർത്തീകരണം അങ്ങാണ്. പാപങ്ങൾക്കുള്ള അന്തിമവും പരിപൂർണവുമായ പരിഹാരബലിയായ വിശുദ്ധ കുർബാനബലിയിൽ, ആ വാഗ്ദാനങ്ങൾ ഇന്ന് ഞങ്ങൾക്കു സന്നിഹിതമാക്കപ്പെടുന്നു. വിശുദ്ധ കുർബാനയിലുള്ള അങ്ങയോടുള്ള അഗാധമായ സ്നേഹത്താൽ എന്റെ ഹൃദയം നിറച്ചുകൊണ്ട്, ആരാധനയിൽ കൂടുതൽ ആഴത്തിലേക്ക് എന്നെ ആകർഷിക്കണമേ. കൃപയുടെ ഈ പുതിയ ഉടമ്പടിയിലൂടെ എന്നെ രൂപാന്തരപ്പെടുത്തണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

തിരുഹൃദയ നൊവേന
നൊവേനയ്ക്കായി നിർദേശിക്കുന്ന തീയതികൾ: ജൂൺ 3 – 11, 2026
ഈശോയുടെ തിരുഹൃദയത്തിന്റെ മഹോത്സവം ജൂൺ 12, 2026-നാണ്

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.